Image

ഡാറ്റ അനലിറ്റിക്ക (ചെറുകഥ::ജോസഫ്‌ എബ്രഹാം)

Published on 06 August, 2020
ഡാറ്റ അനലിറ്റിക്ക (ചെറുകഥ::ജോസഫ്‌ എബ്രഹാം)
ജനങ്ങള്‍ക്ക്  പൊടുന്നനെ സൌന്ദര്യബോധം നഷ്ട്ടപ്പെടുന്നതിന്റെ  പൊരുളറിയാതെ  ‘ഇന്ത്യാ ലിവര്‍’ എന്ന അന്താരാഷ്ട്ര ഭീമന്‍  കമ്പനിയുടെ സെയില്‍സ് മാനേജര്‍ അരുണ്‍സഖറിയ വല്ലാതെ  കുഴങ്ങി.
 “ഓരോ  ബ്യൂട്ടി  &  ഫെയര്‍നെസ്   ക്രീമിനൊപ്പം    അരക്കിലോ  ആട്ട   സൌജന്യം  ”  എന്നു കടകള്‍തോറും പോസ്റ്റര്‍ പരസ്യം നടത്തി.  കൂടാതെ പ്രാദേശിക ടെലിവിഷന്‍ ചാനലിലൂടെയും  എഫ്. എം റേഡിയോവിലൂടെയും വിളംബരം. എന്നിട്ടും നഗരപ്രാന്തങ്ങളിലെ മാര്‍ക്കറ്റുകളില്‍ ‘ബ്യൂട്ടി & ഫെയര്‍നെസ് ’  ക്രീമിന്‍റെ വില്‍പ്പനയില്‍  കാര്യമായ വര്‍ദ്ധനവൊന്നും  ഉണ്ടായില്ലെന്നു മാത്രമല്ല   വില്‍പ്പന കുതിച്ചത്  താപ്പോട്ടും!.

കറുത്ത ചര്‍മ്മത്തിന്മേല്‍  ഉരുവപ്പെട്ട അപകര്‍ഷതയെ വെളുപ്പിന്‍റെ ആത്മവിശ്വാസത്താല്‍ അലിയിച്ചുകളയുന്നതിനുള്ള ഔഷധമായ  ‘ബ്യൂട്ടി & ഫെയര്‍നെസ്’  ക്രീമിന്‍റെ ഉപയോഗത്താല്‍ ആഴ്ചകള്‍കൊണ്ട് വെളുമ്പിയായിമാറിയ സുന്ദരി, കറുപ്പിന്റെ അപകര്‍ഷത വിട്ടൊഴിഞ്ഞ ആത്മവിശ്വാസത്തോടെ ടെലിവിഷനിലിരുന്നു  വെളുക്കെ ചിരിച്ചു.   അടുക്കളയുടെ ഇരുളില്‍ നിന്നും വിയര്‍പ്പൊലിച്ചു കരിമഷി പടര്‍ന്ന കണ്ണുകള്‍   ടി.വി.യിലേക്കെത്തി നോക്കിക്കൊണ്ട്   വെയില്‍തിന്നു വെന്തുപോയ  കരിപിടിച്ച  മുഖത്തിനുനേരെപിടിച്ച  സ്റ്റീല്‍കിണ്ണത്തില്‍  നോക്കി   മുഷിഞ്ഞ സാരിയുടെ കോന്തലകൊണ്ടു മുഖത്തെ വിയര്‍പ്പു തുടച്ചുനീക്കി. പിന്നെ മടിശീലയില്‍ അവശേഷിച്ച  ഏതാനും   തുട്ടുകളിലൂടെ  വിരലുകളോടിച്ചുകൊണ്ട്   ‘അച്ചാ ദിന്‍ ആയേഗ’ എന്ന നെടുവീര്‍പ്പോടെ  അടുപ്പിലെ തിളയ്ക്കുന്ന കലത്തിനടുത്തേക്കു തിരികെ  മടങ്ങി.  

മാസാവസാന  സെയില്‍സ്  ഡാറ്റകള്‍ ചേര്‍ത്തുള്ള റിപ്പോര്‍ട്ട്  റീജിയണല്‍ ഓഫീസിലേക്ക് അയക്കുന്ന തിരക്കിലായിരുന്നു സെയില്‍സ് മാനേജര്‍ അരുണ്‍സഖറിയ. സെല്‍ഫോണ്‍ മണിയടിച്ചുകൊണ്ടിരിക്കയാണ്.  റിപ്പോര്‍ട്ടു വൈകുന്നതു ചോദിച്ചുകൊണ്ടുള്ള  റീജിയണല്‍ മാനേജരുടെ വിളിയായിരിക്കണമത്. ഒന്നു സ്വസ്ഥമായിരുന്നു ജോലി ചെയ്യനാരും  സമ്മതിക്കില്ല.  ഓരോ അഞ്ചുമിനിട്ടിലും വിളിച്ചിങ്ങനെ സ്വൈര്യം കെടുത്തിക്കൊണ്ടിരിക്കും. വിതരണക്കാരന്റെയും  റീട്ടൈല്‍  മുതലാളിമാരുടെയും കയ്യുംകാലും പിടിച്ചു കച്ചവടം പിടിക്കുന്നതിനിത്രയുംപാടില്ല.  ഇടയ്ക്കിടക്കിങ്ങിനെ ഫോണില്‍ വിളിച്ചുള്ള  അന്വോഷണവും ശകാരവും മാത്രമാണ്  താങ്ങാന്‍ വയ്യാത്തത്.  നോട്ടു നിരോധനമോ, തൊഴിലില്ലായ്മയോ  ഒന്നും കമ്പനിക്കറിയേണ്ട.  വില്പന കുറയുമ്പോള്‍ അവര്‍ സെയില്‍സ് ടീമിനെ സമ്മര്‍ദ്ദത്തിലാക്കും. നേട്ടങ്ങള്‍ ഒറ്റവാക്കിലെ  അഭിനന്ദനത്തില്‍ ഒതുങ്ങും. വീഴ്ചകളും പോരായ്മകളും ചൊല്ലിയുള്ള  ചീത്തവിളികള്‍ക്ക്  എപ്പോഴും ദൈര്‍ഘ്യമേറും.  സത്യം പറഞ്ഞാല്‍  ഈ പണിയിലിപ്പോള്‍  അരുണിന്  വല്ലാത്ത  മടുപ്പായി.  നാല്‍പ്പതു വയസു കഴിഞ്ഞാല്‍  കാര്യക്ഷമത കുറയും, പിന്നെയവര്‍ കമ്പനിക്കു  ബാധ്യതയാണെന്നു  കരുതുന്ന  കോര്‍പറേറ്റ് ലോകത്തിനി പുതിയൊരു ജോലി കണ്ടെത്തുകയെന്നത്  വലിയ പാടുള്ള കാര്യമാണ്.  ഒരിക്കല്‍  മറ്റൊരു  ജോലിക്കുള്ള   അഭിമുഖത്തിനായി  ചെന്നപ്പോള്‍  ചെറുപ്പക്കാരനായ  എച്ച് . ആര്‍   മാനേജര്‍  പറഞ്ഞു,

 “ You can’t teach the old dog new tricks ”

 അരുണ്‍  കയ്യെത്തിച്ചു  ഫോണെടുത്തുനോക്കി.   ചൌക്കടിയിലെ കുടുസ്സുമുറിയില്‍ ചായക്കട നടത്തുന്ന   രാജനായിരുന്നു  ഫോണില്‍ വിളിക്കുന്നത്‌.   ഇവനായിരുന്നോ..? എന്നാല്‍ അവിടെ കിടന്നടിക്കട്ടെ.  വെറുതെ നേരം കൊല്ലാനാണ് അവന്‍ വിളിക്കാറ്. എന്തിനെക്കുറിച്ചു പറഞ്ഞു തുടങ്ങിയാലും അവസാനം ചായക്കടക്കാരന്‍ നാടുഭരിക്കുന്ന കഥയിലായിരിക്കും അവന്‍ ചെന്നെത്തുക.  അരുണിനാണെങ്കില്‍  അതൊന്നും സംസാരിക്കാന്‍ യാതൊരു മൂഡും ഉണ്ടാവില്ല. ഓരോ  ആഴ്ചയിലെയും  സെയില്‍ ടാര്‍ഗറ്റ് നേടുക, സര്‍വോപരി തന്‍റെ ജോലിനഷ്ടപ്പെടാതെ നിലനിര്‍ത്തുക തുടങ്ങിയ ചിന്തകള്‍ക്കിടയില്‍ നാട്ടുവര്‍ത്തമാനവും  രാഷ്ട്രീയവും പറയാനെവിടെ സമയം.

ഫോണ്‍ പിന്നെയും  അടിക്കാന്‍ തുടങ്ങി.  പരിചയം ഇല്ലാത്ത നമ്പറില്‍ നിന്നായിരുന്നുവിളി. ഒരു സെയില്‍സ് മാനേജര്‍ ആയതുകൊണ്ട്  ഒരു കാളും അവഗണിക്കാന്‍ കഴിയില്ല.  ഏതെങ്കിലും  കസ്റ്റമറായിരിക്കാം  വിളിക്കുന്നത്. 
 ‘ഹലോ’ എന്നു പറഞ്ഞപ്പോഴേക്കും നല്ല സുന്ദരമായ  ശബ്ദം കാതില്‍ മണിനാദം പോലെ  ഉതിര്‍ന്നു വീണു.
 “ ഇത് അരുണ്‍ സഖറിയ  സാറല്ലേ?  മെഡിക്കല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നാണ് ”

സ്വരം കേട്ടാലറിയാം അപ്പുറത്തൊരു  സുന്ദരിയാണെന്ന്.  അതുകൊണ്ടുതന്നെ   ഫോണുടനെ കട്ടുചെയ്യാന്‍  തോന്നീല്ല. അവള്‍ ആദ്യം കുശലങ്ങള്‍ അന്വോഷിച്ചു പിന്നെ മുത്തുകൊഴിയുന്നപോലെ ചിരിച്ചു.  തീരങ്ങളെ ഒതുക്കിയുള്ള പുഴയുടെ തിടുക്കപെട്ട ഒഴുക്കുപോലെ അവളുടെ  മധുരമൊഴി  അങ്ങിനെ കാതില്‍ അലച്ചുകൊണ്ടിരിക്കുകയാണ്.

 “സാറിനു കൊളസ്ട്രോളല്പം   കൂടുതലാണല്ലേ?   ഇച്ചിരെ  ബി. പി യും?”
 
അതു ചോദിച്ചിട്ടവള്‍ വീണ്ടും  ചിരിച്ചു.  ചിലമ്പിച്ച  നാദമായിരുന്നു  അവളുടെ  ചിരിക്കപ്പോള്‍.   

“ പക്ഷെ അതത്ര പേടിക്കാനൊന്നുമില്ല.  വ്യായാമംകൊണ്ടും  ഫുഡ്‌ കണ്‍ട്രോള്‍  കൊണ്ടും  അതൊക്കെ മാറും. അങ്ങിനെ തന്നെയായിരിക്കും സാറിന്റെ ഡോക്ടറും  പറഞ്ഞിരിക്ക  അല്ലെ സാറെ ?  പക്ഷെ ഇപ്പോഴത്തെ കാലമായതുകൊണ്ടും  ലൈഫ് സ്റ്റൈലായതുകൊണ്ടും  റിസ്ക്‌ എടുക്കരുത്  സര്‍.  ഇക്കാലത്ത്   ഒന്നും പറയാന്‍ പറ്റില്ല സര്‍.    മനുഷ്യന്റെ  കാര്യമല്ലേ  സര്‍, എപ്പോഴാണ് ഒരു ആന്‍ജിയോ പ്ലാസ്ടിയോ  ഒരു ബൈ-പാസോ അനിവാര്യമായി  വരികയെന്ന്  പറയാന്‍ പറ്റുക?  അങ്ങിനെ വന്നാല്‍  അതെല്ലാം  വലിയ  ചെലവാണ്‌.  സാറിന്റെ  ഇപ്പോഴത്തെ  വരുമാനം വച്ചതൊക്കെ   താങ്ങാന്‍ സാറിന് കഴിയുമോ ?  അതുമല്ല നിര്‍ഭാഗ്യവശാല്‍ അങ്ങിനെ വല്ലതും സംഭവിച്ചാല്‍  ഒരവിവാഹിതനായ സാറിന്  ഒരു സഹായം ഇല്ലാതെ പറ്റുകേലല്ലോ? പക്ഷെ  സാര്‍ പേടിക്കേണ്ട,  ഞങ്ങളുടെ പോളിസി അതെല്ലാം കവര്‍ ചെയ്യും”

 അവളുടെ ശബ്ദമിപ്പോള്‍  അയാള്‍ക്കൊട്ടും  മധുരതരമല്ലാതായി.  ഒരു  പച്ചകുതിരയുടെ ചിലപ്പു  പോലെ  അവളുടെ സ്വരം കാതില്‍  തുളച്ചുകയറി  അസഹ്യപ്പെടുത്താന്‍  തുടങ്ങിയപ്പോള്‍   അയാള്‍  ഫോണ്‍ കട്ടു ചെയ്തു.
 
 “അവിവാഹിതനു സഹായം ചെയ്തു കൊടുക്കുംപോലും,   അപ്പോള്‍  അതും തുടങ്ങിയോ ഇന്‍ഷുറന്‍സ് കമ്പനിക്കാര്‍?”

അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു. മനസ്സാകെ കലുഷിതമായി. രാവിലെ  ബ്ലഡ്‌  ടെസ്റ്റു  ചെയ്യാന്‍ കൊടുത്തതാണ്.  അതിന്‍റെ  ഫലം   ഇതുവരെ അയാള്‍ അറിഞ്ഞു പോലുമില്ല.  അതിനു മുന്‍പെ വിവരമെല്ലാം   ഇന്‍ഷുറന്‍സ്  കമ്പനിക്കാര്‍ അറിഞ്ഞിരിക്കുന്നു !!

ഫോണ്‍ താഴെവയ്ക്കും മുന്‍പേ വീണ്ടു റിംഗ് ചെയ്യാന്‍ തുടങ്ങി.   രാജനായിരുന്നു വീണ്ടു വിളിക്കുന്നത്‌.   നാശം..  ഇവനെന്താണിപ്പോള്‍ വേണ്ടതെന്ന  ഈര്‍ഷ്യതയോടെയാണ്    ഫോണെടുത്തു  ഹലോ പറഞ്ഞത്

“ഹലോ മാഷെ   നിങ്ങളെവിടെയാണ് ?  ഞാന്‍ കുറെ നേരമായി  നിങ്ങളെ  വിളിക്കുന്നു”

“ഞാനിച്ചിരി തിരക്കിലാണു.  രാജാ....  നീ   കാര്യം പറ”

“അതേ, മാഷെ  ഇവിടെ   മൊത്തം കുഴപ്പമാണ്.  പുറത്തിറങ്ങണ്ട  സൂക്ഷിക്കണം”

“ എന്തു കുഴപ്പം?  നീ    കാര്യം... പറാന്ന്,  ചുമ്മാ ആളെ മെനക്കെടുത്താതെ  ”

“  സംഗതിയാകപ്പാടെ   ഗുലുമാലായി.  ഇവിടെല്ലാം കച്ചിറ തുടങ്ങീട്ടോ.  ഞാന്‍  കടയടച്ചു.  അവമ്മാര്‍  അവിടവിടെ  കൂട്ടം കൂടിട്ടൊണ്ട്.  മെയിന്‍ റോഡുമ്മെന്നു ഉള്ളിലോട്ടുള്ള ഗലികളെല്ലാം ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ചു ബ്ലോക്കാക്കി. അതേ, പറഞ്ഞില്ലാന്നു വേണ്ട  നിങ്ങളൊന്നു കരുതിയിരുന്നോളിന്‍.  എന്തെങ്കിലും വിവരം കിട്ടിയാല്‍ ഞാന്‍ വിളിക്കാം.”

 രാജന്‍ തിടുക്കത്തില്‍ ഫോണ്‍വച്ചു. അരുണെഴുന്നേറ്റു  പുറത്തേക്കുനോക്കി.  രാജന്‍  പറഞ്ഞമാതിരിയുള്ള കുഴപ്പങ്ങളൊന്നും അപ്പോളവിടെ  കണ്ടില്ല.  കുഴപ്പക്കാരിപ്പോള്‍  ‘ലാല്‍ ചൌക്കില്‍’  കൂട്ടമായി നില്‍ക്കുന്നുവെന്നാണ്  രാജന്‍   പറഞ്ഞത്.   അവിടെനിന്നും  വഴികള്‍ നാലായി  പിരിയും. ‘ആനന്ദ മാര്‍ഗി’ലാണ്  അരുണ്‍  താമസിക്കുന്ന  സൊസൈറ്റി.   ‘ബുദ്ധവിഹാര മാര്‍ഗാ’ണ്  അവിടുത്തെ  പ്രധാനതെരുവ്  അവിടെയാണ്  കടകളും സ്ഥാപനങ്ങളും അധികമായുള്ളത്.  

രാജന്‍  വീണ്ടുംവിളിച്ചു.  ഇക്കുറി  ഒന്നാമത്തെ  ബെല്‍   പൂര്‍ത്തിയാവും മുന്‍പേതന്നെ  അരുണ്‍   ഫോണെടുത്തു.
 
“മാഷെ  നിങ്ങള്‍ പേടിക്കേണ്ടെന്നു  തോന്നുന്നു.  ഓര്  മറ്റേ കൂട്ടരേ മാത്രമാണ്  നോട്ടമിട്ടിരിക്കുന്നത്.  എന്നാലും ഒന്നു കരുതി ഇരുന്നോളിന്‍ ”   വീണ്ടും മുന്നറിയിപ്പ്  തന്നുകൊണ്ട്  രാജന്‍ ഫോണ്‍ വച്ചു.

 ‘ആനന്ദമാര്‍ഗ്’,   ഇടത്തരക്കാര്‍ താമസിക്കുന്ന   ചെറിയ  ഇരുനില കെട്ടിടങ്ങളും ഒറ്റനില കെട്ടിടങ്ങളും മാത്രമുള്ള ഇടം.  അരുണിന്റെ വാടകവീടിന്റെ താഴെനിലയില്‍ താമസിക്കുന്നത് കെട്ടിട ഉടമയായ  പഞ്ചാബിയാണ്.  ആ വീട്ടില്‍നിന്നും  ഒരു ബ്ലോക്ക്‌  മാറിയാണ്   നാട്ടുകാരനും  ചങ്ങാതിയുമായ   അഹമ്മദിന്‍റെ വീട്.  ബുദ്ധവിഹാര്‍ മാര്‍ഗില്‍  ബേക്കറിയും ചായക്കടയും   കൂള്‍ബാറും ചേര്‍ന്ന  ഒരുകട നടത്തുന്നുണ്ട് അഹമ്മദ്,   കൂട്ടത്തില്‍  സെല്‍ ഫോണിന്‍റെയും   സ്റ്റേഷനറി സാധനങ്ങളുടെയും  വില്‍പ്പനയുമുണ്ട്.

അരുണ്‍  അഹമ്മദിനെ ഫോണില്‍ വിളിച്ചുനോക്കി.  തെരുവില്‍  കുഴപ്പങ്ങള്‍  ഉണ്ടന്നറിഞ്ഞ അഹമ്മദ് കടയടക്കാനുള്ള തിരക്കിലാണ്. ഷട്ടര്‍താഴ്ത്തി വിലപിടിപ്പുള്ള സാധനങ്ങള്‍ അകത്തെ സ്റ്റോര്‍മുറിയിലേക്ക് മാറ്റുകയാണ്. അക്രമികള്‍ നാലുവഴിക്കു തിരിഞ്ഞുവെന്നും കുറച്ചുപേര്‍ ‘ആനന്ദ മാര്‍ഗി’ ലേക്ക്  തിരിയുന്ന ചൌക്കടിയില്‍  കൂട്ടമായി നില്‍ക്കുന്നുവെന്നും അഹമ്മദ് ധൃതിയില്‍ പറഞ്ഞു.

“അഹമ്മദേ, എന്നാല്‍ നീ ഇങ്ങോട്ടിപ്പോള്‍ വരേണ്ട. കടയില്‍ നിന്നും വേറെ എങ്ങോട്ടെങ്കിലും മാറിക്കോ. റംലയുടെയും  കുഞ്ഞുങ്ങളെയും കാര്യം ഞാന്‍ നോക്കിക്കോളാം”  

കൂടുതലൊന്നും പറഞ്ഞു സമയം കളയാതെ  അരുണ്‍  ഓടിപ്പോയി   റംലയെയും  കുഞ്ഞുങ്ങളെയും    കൂട്ടിവന്നു.  അതല്ലാതെ അവരെ സുരക്ഷിതമായി നിറുത്താന്‍ പറ്റിയ  വേറൊരിടമില്ല. അരുണ്‍  വീട്ടിലെ വിളക്കുകളണച്ചു.  വാതിലും ജനലുമെല്ലാം അടച്ചുകുറ്റിയിട്ടു ഭദ്രമാക്കി. കുളിമുറിയില്‍ കയറി റോഡിലേക്ക് കാഴ്ചകിട്ടുന്ന ചെറിയ വെന്റിലൂടെ  പുറത്തെ തെരുവിലേക്ക്  നോക്കിനിന്നു. ആയുധമേന്തിയ ഒരാള്‍ക്കൂട്ടം ജയ്‌വിളികളും ബഹളവുമായി തെരുവിലൂടെ നടന്നടുക്കുന്നുണ്ട്. വൈദ്യുതി ബന്ധം വിശ്ചേദിക്കപ്പെട്ടു.  ഭീതിയുടെ ഇരുള്‍ തെരുവിലെമ്പാടും നിറഞ്ഞു. തെരുവിന്‍റെ  ഒരറ്റത്തുനിന്നുമുയര്‍ന്ന മുറവിളികള്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രോശത്തില്‍ അലിഞ്ഞില്ലാതായി. തെരുവിലെ ഇരുളില്‍ ഭയത്തിന്റെ   തീനാളങ്ങള്‍ അങ്ങിങ്ങായുയര്‍ന്നു.

റംലയും കുഞ്ഞുങ്ങളും ഭയവിഹ്വലരായി അരുണിനെത്തന്നെ  നോക്കിനിന്നു. ആള്‍ക്കൂട്ടത്തിന്റെ ആരവവും ആക്രോശവും  ഇപ്പോള്‍  വീടിന്റെ തൊട്ടടുത്തു തന്നെയാണ്.  അവരുടെ കൂട്ടത്തില്‍  ചിലര്‍  വീടുകളുടെ ചുവരിലേക്കും  മതിലുകളിലെക്കും  ടോര്‍ച്ചടിച്ചു നോക്കുന്നുണ്ടായിരുന്നു.  ടോര്‍ച്ചിന്റെ  പ്രകാശവൃത്തം   വീടിനു നേരെ തിരിഞ്ഞപ്പോള്‍ അരുണ്‍   വെന്റില്‍ നിന്നും  മുഖംമാറ്റി.  ആള്‍ക്കൂട്ടം  വീടിനു തൊട്ടുതാഴെ നിന്നുകൊണ്ട് എന്തൊക്കയോ  വിളിച്ചുപറഞ്ഞു ബഹളം വയ്ക്കുന്നുണ്ടായിരുന്നു. വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുന്ന ഒച്ചയും ജയ്‌വിളികളും അവരെ  നടുക്കിക്കൊണ്ടുയര്‍ന്നുകേട്ടു.  ഏതുനിമിഷവും തന്‍റെ വീടിന്റെ വാതില്‍ തകര്‍ത്തുകൊണ്ട് ഒരാള്‍ക്കൂട്ടം ഇരച്ചുകയറി വരാം. അരുണിന്റെ മുഖം ഭയത്താല്‍ വിളറിവെളുത്തു.  ആള്‍ക്കൂട്ടം വീടിന്റെ മുന്നില്‍ നിന്നും മുന്നോട്ടു നീങ്ങാന്‍ തുടങ്ങി. അരുണിന്റെ ശ്വാസഗതിക്കാശ്വാസമായി. അരുണിന്റെ വീടിനും  അഹമ്മദിന്റെ  വീടിനും  ഇടയിലായി   ഉയരം കൂടിയ കെട്ടിടങ്ങള്‍   ഇല്ലാത്തതിനാല്‍ ഡൈനിംഗ് ഹാളിലെ ജനാലയ്ക്കല്‍ നിന്നും  നോക്കിയാല്‍  അഹമ്മദിന്റെ വീടു കാണാം.  വീട്ടില്‍ നിന്നും തിരക്കിട്ട്  ഇറങ്ങിയതിനിടയില്‍  റംല അവളുടെ ഫോണെടുക്കാന്‍  വിട്ടുപോയിരുന്നു.  അവള്‍  ശബ്ദം താഴ്ത്തി  അരുണിനോട്  പറഞ്ഞു.

 “ഏട്ടാ,  നിങ്ങള്‍   ഇക്കായെ ഒന്നു  വിളിക്കിന്‍.  മൂപ്പര്‍ എവിടെയെന്നറിയാതെ  ന്‍റെ ചങ്കു പെടയുന്നു”
 
  ആള്‍ക്കൂട്ടം  വഴിയില്‍ കാണുന്ന വാഹനങ്ങളെല്ലാം തല്ലിതകര്‍ത്തുകൊണ്ടു  മുന്നോട്ടു പോവുകുയാണ്.  അഹമ്മദിന്റെ വീടിന്റെ മതിലില്‍ ടോര്‍ച്ചിന്റെ  വട്ടത്തിലുള്ള വെളിച്ചം വീണു.  ഒരുനിമിഷം ആ പ്രകാശവലയം  അവിടെ തങ്ങിനിന്നു.  പിന്നെ, ആ വെളിച്ചം ആള്‍ക്കൂട്ടത്തിന്റെ നേരെ ഒരു അടയാളം പോലെ  മിന്നി.  ഒരുനിമിഷത്തേയ്ക്ക്  ആള്‍ക്കൂട്ടം നിശ്ചലമായി, അടുത്തനിമിഷം   ആക്രോശങ്ങളും ഉച്ചത്തിലുള്ള ജയ് വിളികളും  തെരുവില്‍ മുഴങ്ങി.  അവര്‍ അഹമ്മദിന്റെ വീടിനു നേരെ പാഞ്ഞു.  വീടിന്റെ മുന്‍വശത്തെ  ഇരിമ്പു ഗ്രില്‍വാതില്‍  അടിച്ചുതകര്‍ത്തവര്‍  വീടിനകത്തുകയറി.  വീടിനു പുറത്തിരുന്ന റംലയുടെ  സ്കൂട്ടറിനവര്‍  തീയിട്ടു.  കയ്യില്‍ കിട്ടിയതൊക്കെ എടുത്തുകൊണ്ടു  ആള്‍ക്കൂട്ടം  തിടുക്കപ്പെട്ടു നടന്നുനീങ്ങി.  അഹമ്മദിന്റെ വീടിന്റെ അകത്തുനിന്നും  ഉറക്കെയുള്ള സ്ഫോടനം കേട്ടു.  നടുക്കുന്ന പൊട്ടിത്തെറിശബ്ദത്തില്‍  ചുറ്റും നടുങ്ങിവിറച്ചു.  റംലയും കുഞ്ഞുങ്ങളും നടുക്കത്തോടെ അരുണിന്റെ  മുഖത്തേക്കു  നോക്കി.

“ഏട്ടാ...  ന്‍റെ  വീട് .  ന്‍റെ ഇക്കാ എവിടെ,  ഏട്ടാ ?”

റംല  കുഴഞ്ഞ് അരുണിന്റെ  ചുമലിലേക്കു ചാഞ്ഞു. അവളെ പതിയെ ചായ്ച്ചു സോഫയിലേക്ക് കിടത്തിയിട്ടയാള്‍ ഇരുളില്‍ തപ്പിത്തടഞ്ഞുപോയി അടുക്കളയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളവുമായി   ഓടിയെത്തി.  പുറത്തു നിന്നും അല്‍പ്പാല്പ്പമായി  ജാലക  ചില്ലിലൂടെ അരിച്ചെത്തിയ വെളിച്ചത്തില്‍ റംലയുടെ മുഖത്തേക്ക്  സുക്ഷിച്ചു നോക്കി.  അവളുടെ   ബോധം മറഞ്ഞിരുന്നില്ല.

“ഏട്ടാ....  ഇക്കാക്കെന്തായി ?”   തളര്‍ന്നു കിടക്കുന്നതിനിടയിലും  ദുര്‍ബലമായ  സ്വരത്തില്‍ റംല  ചോദിച്ചു.

“റംല,  നീ ഈ, വെള്ളം കുടിക്ക്.  മക്കളെ, ഉമ്മാനെ പിടിച്ചെണീപ്പിക്ക് ”
 
കുഞ്ഞുങ്ങള്‍ രണ്ടു പേരും ‘ഉമ്മാ’ന്നു വിളിച്ചു കരയാന്‍ തുടങ്ങി.
 
“ മക്കളെ  ഉമ്മാക്കൊന്നൂല്ല.  നിങ്ങള്‍  ഒച്ചയുണ്ടാക്കി  കരയരുത്. പുറത്താരെങ്കിലും കേട്ടാല്‍ കുഴപ്പമാകും. നിങ്ങള്‍ പേടിക്കാതെ.  ഞാന്‍ നിങ്ങടെ ഉപ്പാനെ വിളിച്ചു നോക്കട്ടെ ”

അരുണ്‍  അഹമ്മദിന്റെ ഫോണില്‍ വിളിച്ചു. ഫോണടിക്കുന്ന ശബ്ദം കേള്‍ക്കുന്നുണ്ട് പക്ഷെ  ഫോണെടുക്കുന്നില്ല.  ഒന്നുരണ്ടു പ്രാവശ്യം കൂടി വിളിച്ചു നോക്കിയെങ്കിലും  ഫലമുണ്ടായില്ല.

  “അവനൊന്നു ആവില്ല, നീ ധൈര്യമായിരിക്ക്‌. ചിലപ്പോള്‍ ഫോണ്‍ സൈലന്റാക്കി വച്ചിരിക്കുകയായിരിക്കും.  ഇച്ചിരെ കഴിയുമ്പോള്‍  വിളിക്കാം. അല്ലേ വേണ്ട,  ഇപ്പോള്‍ തന്നെ  പോയി  നോക്കാനായി രാജനോടു വിളിച്ചു പറയാം”    അരുണ്‍  റംലയെ  ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.

                        -2-

ആശുപത്രി കിടക്കയില്‍  ക്ഷീണിതയായി കിടക്കുന്ന റംലയുടെ അരികിലാണ്   അരുണ്‍.  ജനലിനു  പുറത്തുള്ള  തെരുവ്  വന്യമായ വിജനതയില്‍ ഭയചകിതമായി കാണപ്പെട്ടു.  ഭീതിയുടെ  പുകമണം ചുറ്റും പരത്തിക്കൊണ്ട്  ഇടയ്ക്കിടെ  ഉഷ്ണക്കാറ്റുവീശി.  റോഡിലൂടെ  പോലീസ് വാഹനങ്ങള്‍  റോന്തുചുറ്റല്‍  നടത്തുന്നുണ്ട്.  റോഡില്‍ പലയിടത്തായി  പോലീസ്  ബാരിക്കേഡുകള്‍  ഉയര്‍ത്തിയിട്ടുണ്ട്,  അതിനോട് ചേര്‍ന്നു താല്‍ക്കാലിക  പോലീസ് ചൌക്കികളും. കത്തിക്കരിഞ്ഞ വാഹനങ്ങളുടെ ചിതറിയ നിരകളാണു വഴിനീളെ. ഓഫീസുകളും സ്ഥാപനങ്ങളുമെല്ലാം അടച്ചിട്ടിരിക്കുകയാണ്.  അസഹിഷ്ണുതയുടെയും അസൂയയുടെയും ദുര്‍ഗന്ധപൂരിതമായ വിരേചനമാണ് കലാപത്തിലൂടെ നടത്തിയത്.  കൊള്ളയടിക്കപ്പെട്ട സ്ഥാപനങ്ങളുടെ മേല്‍വിലാസപലകകള്‍ അതിന്‍റെ  ദൃഷ്ട്ടാന്തമെന്നവണ്ണം  ചിതറി കിടപ്പുണ്ട്.  കൂടെപ്പിറപ്പുകളെ ശത്രുക്കളായിക്കണ്ടും,  അവരുടെ ജീവനും, സമ്പത്തും, മാനവും കവര്‍ന്നെടുത്തും കലാപകാരികള്‍ നികൃഷ്ടമായി ആനന്ദിച്ചു. മറ്റൊരുകൂട്ടര്‍ വിദൂരത്തിരുന്നു കലാപവൃത്താന്തങ്ങള്‍ കേട്ടു ദുര്‍ഗന്ധവമനം നടത്തി സ്വയം മലീമസമാക്കുന്നതില്‍   തീവ്രമായി അഭിരമിച്ചു.

 തല്ക്കാലം ആശുപത്രി  തന്നെയാണ് സുരക്ഷിത സ്ഥലം.  പുറത്തിറങ്ങി നടന്നാല്‍  പോലീസ്  പിടിച്ചു നിര്‍ത്തി ചോദ്യങ്ങള്‍  ചോദിക്കും.  പറയുന്ന മറുപടിയില്‍ അവര്‍ക്കു തൃപ്തി തോന്നിയില്ലെങ്കില്‍  പിന്നീടുള്ള കാര്യങ്ങളൊന്നും  പ്രവചിക്കാന്‍ കഴിയില്ല.  ദേശദ്രോഹിയായി  ജയിലില്‍ അടയ്ക്കാനിപ്പോള്‍  പ്രത്യേക കാരണങ്ങളൊന്നും വേണ്ടായെന്നായിട്ടുണ്ട്.  ഒരാള്‍ ദേശസ്നേഹിയാണെന്നു തെളിയിക്കാന്‍ എന്തു തെളിവാണു നല്കുക?  തലേന്നു രാത്രിയില്‍ രാജന്‍റെ ഫോണ്‍വന്നപ്പോള്‍ റംല അടുത്തു തന്നെയുണ്ടായിരുന്നു. ആള്‍ക്കൂട്ടം അഹമ്മദിന്റെ കട തല്ലിതകര്‍ത്തു കൊള്ളയടിച്ചുവെന്നും   അഹമ്മദിനെക്കുറിച്ചുള്ള  വിവരമൊന്നും അറിയില്ലാന്നു രാജന്‍ പറഞ്ഞതു കേട്ടപാടെ അവള്‍ കുഴഞ്ഞുവീണു.  തെരുവില്‍  അപ്പോഴും വലിയ കുഴപ്പങ്ങളായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഒരുവഴിയുമില്ലായിരുന്നു. പോലീസില്‍ വിളിച്ചു സഹായം ചോദിച്ചപ്പോള്‍ വാഹനങ്ങളൊന്നും കിട്ടാനില്ലെന്നു പറഞ്ഞു. നിരന്തരമായ വിളികളുടെയും   മണിക്കൂറുകളുടെ കാത്തിരിപ്പിന്‍റെയും  ശേഷം നേരം വെളുക്കാറായപ്പോള്‍ ഒരു പോലീസ്ജീപ്പു വന്നുചേര്‍ന്നു. അതില്‍ കയറി ആശുപത്രിയില്‍ എത്തി. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പും തന്നാണവര്‍ പോയത്.

റംല  നല്ല മയക്കത്തിലാണ്.  മയക്കംവിട്ടുണരുംബോഴൊക്കെ  അരുണിന്റെ   നേരെനോക്കി തളര്‍ന്ന ശബ്ദത്തില്‍ കരഞ്ഞുകൊണ്ട്‌  ചോദിക്കും
 “ ഏട്ടാ,   ഇക്കയെവിടെ ?”

 “നീ പേടിക്കാതെ റംല,  അവനു കുഴപ്പമൊന്നും ഉണ്ടാകില്ല.  എവിടെയെങ്കിലും  ഉണ്ടാകും. ഇപ്പോള്‍ പുറത്തിറങ്ങിയാല്‍  കുഴപ്പമായതിനാല്‍  ഇറങ്ങാത്തതായിരിക്കും” 

അരുണിന്റേതു വെറും സാന്ത്വന വാക്കുകളായിരുന്നില്ല,അതയാളുടെയും കൂടിയുള്ള  പ്രതീക്ഷയായിരുന്നു.

 “എന്നാലും ഏട്ടാ...... ഇക്കാ എന്താ ഒരു ഫോണ്‍ പോലും വിളിക്കാത്തത് ?”

 അതും  ചോദിച്ചവള്‍  വീണ്ടു കരയുമ്പോള്‍  ഉത്തരം പറയാനാവാതെ  അരുണ്‍  വീര്‍പ്പുമുട്ടി.  മയക്കത്തിലായ  റംലയുടെ അടുക്കല്‍  ഇരുന്നുകൊണ്ട്  അരുണ്‍സഖറിയ കരുണയോടെ അവളുടെ മുഖത്തേക്കു  നോക്കി.  കാലമപ്പോള്‍  അയാള്‍ക്കു  പിന്നില്‍ ഒരുപാട്  ദൂരം  വഴുതിമാറി.

തിരുവിതാംകൂറില്‍ നിന്നും പതിമൂന്നാമത്തെ വയസില്‍ മലബാറിലേക്ക് അച്ഛനു ജോലിമാറ്റം കിട്ടിവരുന്നതുവരെ    ഒരു ഉമ്മയെ നേരില്‍ കണ്ടിട്ടില്ലായിരുന്നു. ആദ്യമായി അരുണ്‍  കണ്ട ഉമ്മ  അഹമ്മദിന്റെ ഉമ്മച്ചിയായിരുന്നു. അഹമ്മദിനെ തേടി അവന്‍റെ വീട്ടില്‍ ആദ്യമായി എത്തിയതായിരുന്നു  അരുണപ്പോള്‍.  പലവര്‍ണ്ണ  കല്ലുകള്‍ പിടിപ്പിച്ച വെള്ളി അരപ്പട്ട,  കസവിന്‍റെ മിനുക്കുപണിചെയ്ത  കൈനീണ്ട വെള്ളക്കുപ്പായം, നിറയെ വളകളും,  കാതിമ്മേല്‍ കുമ്മത്തും. മേക്കാതിന്മേല്‍  കുനുകുനെയുള്ള ചിറ്റ്.  തട്ടത്തിനടിയിലൂടെ എത്തിനോക്കുന്ന  വെള്ളികെട്ടിയ മുടിയിഴകള്‍. വെറ്റിലക്കറപിടിച്ച പല്ലുകള്‍കാട്ടി വലിയയൊരു  ചിരിയുമായി അരുണിനോട്  കയറി  കുത്തിയിരിക്കാന്‍  പറഞ്ഞു അഹമ്മദിന്‍റെ ഉമ്മച്ചി.

 “അന്‍റെ പേരെന്താ” ? ഇരിക്കുന്നതിനു മുന്‍പേ  ഉമ്മാ   ചോദിച്ചു.

അഹമ്മദിന്റെ ഇക്കയ്ക്ക്  അന്നു സൈക്കിളുണ്ട്.  കാപ്പി കച്ചവടത്തിന് കൊണ്ടുപോണ, വലിയ കാരിയര്‍ ഉള്ള സൈക്കിള്‍.  സൈക്കിള്‍ ഓടിക്കുന്നതില്‍ ഒരു വമ്പന്‍ തന്നെയായിരുന്നു അഹമ്മദ്.  ഇടത്തൂടേം  വലത്തൂടേം അവന്‍   സൈക്കിളില്‍ ചാടിക്കേറും.  ഇതൊന്നും കൂടാതെ സൈക്കിള്‍ വേഗത്തില്‍ തള്ളിക്കൊണ്ടു പോയി  രണ്ടുകാലും വിടര്‍ത്തി  സീറ്റില്‍ ചാടിക്കേറിയിരുന്നും   സൈക്കിള്‍  പായിക്കും.  അങ്ങാടീല്‍ക്കൂടി  വണ്ടികളെം ആളുകളേം  വെട്ടിച്ചവന്‍  സൈക്കിള്‍ പായിക്കുമ്പോള്‍  പേടിയോടെ അരുണ്‍  പുറകിലെ  കാര്യറില്‍  മുറുകെ പിടിച്ചിരിക്കുമായിരുന്നു.

വേണ്ടാന്നു പറഞ്ഞിട്ടും  ചക്കര കാപ്പിയും ഗോതമ്പ് പുട്ടും  ഉമ്മാ  അവനെക്കൊണ്ടന്നു  തീറ്റിച്ചു,   നന്നായി പഴുത്തു കരിന്തൊലിമൂടിയ നല്ല മധുരമെത്തിയ ഞാലിപ്പൂവന്‍ പഴങ്ങളും ഒരു കിണ്ണത്തില്‍  അവന്റെ മുന്‍പില്‍ കൊണ്ടുവെച്ചു.  പിന്നെ കുറെ പെരുന്നാളുകള്‍  അവര്‍ക്കിടയിലൂടെ  കടന്നുപോയി  അപ്പോഴൊക്കെ ഉമ്മ അവനെ    അഹമ്മദിനൊപ്പമിരുത്തി  പത്തിരിയും നെയ്ച്ചോറും  തീറ്റിച്ചു.

“ ഏട്ടാ,  ഒരു മാങ്ങാ ഞമ്മള്‍ക്കും   തരിന്‍ ” 

പള്ളിപറമ്പിലെ പേരക്കാ മാവില്‍ കയറി   മാങ്ങാപറിച്ചു തിന്നു കൊണ്ടിരിക്കെ  താഴെനിന്നും  തട്ടമിട്ട ഒരു പാവാടക്കാരി വിളിച്ചുപറഞ്ഞു.  അന്നവന്‍ ഒന്നല്ല കുറെയധികം നല്ല മാങ്ങകള്‍ തന്നെ  പൊട്ടിച്ചെടുത്ത്  അവള്‍ക്കും  കൂടെയുള്ളവര്‍ക്കുമായി നല്‍കി.  അടുത്ത വീട്ടിലെ ഷെരീഫ താത്തയുടെ  ഇത്താത്തയുടെ മോളായിരുന്നു റംല.  സ്കൂളില്ലാത്തപ്പോള്‍ അവള്‍  പതിവായവളുടെ  എളാമ്മയുടെ വീട്ടില്‍ വിരുന്നുപാര്‍ക്കാന്‍ വരുമായിരുന്നു. അവിടെ അവളുടെ സമപ്രായക്കാരായി ഷെരിഫ താത്തയുടെ മക്കളായ  സുലുവും, റസിയയും.  അവര്‍ക്കൊപ്പം റംലയും കൂട്ടു ചേരും.  പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ റംല ഫാറൂക്ക് കോളേജില്‍ പഠിക്കാന്‍ പോയി.  പിന്നെ വളരെകുറച്ചു പ്രാവശ്യം മാത്രമേ അവളെ കണ്ടിട്ടുള്ളൂ.  ഇതിനിടയില്‍ ഒരിക്കല്‍

 ‘നിന്നെ ഞാന്‍ കല്യാണം കഴിച്ചോട്ടെ?’   ഒരു പയ്യനായ അരുണ്‍ അവളോടു   ചോദിച്ചു

“ അതേ, ഞമ്മളെ ഇങ്ങക്ക് കല്യാണം കഴിക്കാന്‍ കയ്യൂലാട്ടോ.  ഞമ്മള്‍ മാപ്പളാര്‍ക്ക്   നിക്കാഹാണ്.  ഇങ്ങള്‍ പോയി  ഏതെങ്കിലും ചേടത്തിക്കുട്ടിയെ  കല്യാണം കഴിച്ചോളിന്‍  ”

അതും പറഞ്ഞു ചിരിച്ചുകൊണ്ടവള്‍ മണ്ടിപ്പോയി.  അരുണന്നു പറഞ്ഞതൊരു കളിവാക്കായിട്ടേ അവള്‍ കരുതിയിട്ടുണ്ടാകൂ.  അല്ലെങ്കില്‍ പൊരുളറിഞ്ഞിട്ടും  അവളതിനെ കളിവാക്കാക്കി മാറ്റി.

 കാലം അരുണ്‍സഖറിയ എന്നെ യുവാവിനെ  വിദൂരങ്ങളിലേക്ക്  കശക്കിയെറിഞ്ഞപ്പോള്‍  പരസ്പരമുള്ള  ബന്ധങ്ങളെപ്പളോ മുറിഞ്ഞുപോയി.  പിന്നെ പകല്‍നേരം  മാര്‍ക്കറ്റുകളിലൂടെ തലയില്‍  വില്‍പ്പനയുടെ  ടാര്‍ഗെറ്റും, ചെവിയില്‍ മേലുധ്യോഗസ്തരുടെ ഭര്‍ത്സനങ്ങളും  നിറച്ചുകൊണ്ടുള്ള  നിരന്തരമായ യാത്രകള്‍. രാത്രിയില്‍  നഗരങ്ങളിലെ  ഹോട്ടല്‍ മുറികളിലും  തീവണ്ടി മുറികളിലും ചുരുണ്ടുകൂടിയുള്ള  ഉറക്കം.  ഇതിനിടയില്‍ അഹമ്മദ്  ഗള്‍ഫില്‍ പോയെന്നു കേട്ടിരുന്നു. ഉമ്മായുടെ വിയോഗം പോലും യഥാസമയം അറിയാന്‍ കഴിഞ്ഞില്ല.  ഉമ്മ ഉറങ്ങുന്നിടം  കാണണമെന്ന് പറഞ്ഞപ്പോള്‍, പള്ളിക്കാട്ടിലെ വേലിക്കിപ്പുറം നില്‍ക്കുന്ന അരുണിനെ കാടുമൂടികിടക്കുന്ന ഒരു കബറിന്‍റെ തലയ്ക്കലെ മീസാന്‍കല്ലു ചൂണ്ടിക്കാട്ടി  അഹമ്മദിന്‍റെ അനുജന്‍ സലിം  പറഞ്ഞു കൊടുത്തു.

“ ദാ ആടെയാണ്  ന്റുമ്മ ”

 പിന്നീട് കുറേക്കാലങ്ങള്‍ക്കു ശേഷം തലസ്ഥാന നഗരിയിലെ ഒരു പുരാതന തെരുവില്‍ വച്ച്   അവിചാരിതമായി തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍  അവന്റെയൊപ്പം  റംലയും പറക്കമുറ്റാത്ത രണ്ടു പെണ്‍കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 

മനസ്സില്‍ ഒരു നനുത്ത സ്പര്‍ശമായുണ്ടായിരുന്ന  ഉമ്മച്ചിക്കുട്ടിയെക്കുറിച്ച്  ഒറ്റയ്ക്കുള്ള യാത്രകളില്‍ അയാള്‍ ഓര്‍ക്കുമായിരുന്നു. ഒരുപക്ഷെ അയാളുടെ വിചാരങ്ങളൊന്നും അവളൊരിക്കലും  തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അയാളെ വീണ്ടും കണ്ടുമുട്ടിയതോടെ  അവളതൊക്കെ  മനസ്സിന്‍റെ ഏതോ അറകളില്‍ ആഴത്തില്‍ കുഴിച്ചുമൂടി കളഞ്ഞിട്ടുണ്ടാകും. എങ്കിലും റംലയെ വീണ്ടും കണ്ടുമുട്ടിക്കഴിഞ്ഞപ്പോള്‍  ആ കാലമൊക്കെ അയാളുടെ മനസ്സില്‍ അറിയാതെ ഓടിയെത്തുമായിരുന്നു.   ആശുപത്രിമുറിയില്‍  റംലക്കരികില്‍ ഇരിക്കുമ്പോഴും  ചിന്തകളിങ്ങനെ അലയുന്നതിന്റെ അനൌചിത്യം അയാളെ അലട്ടി. തന്‍റെ മനോവിചാരങ്ങളെക്കുറിച്ച്   അരുണിന്  വല്ലാത്ത  ലജ്ജതോന്നി. കണ്ണുകള്‍ അവളില്‍ നിന്നും പിന്‍വലിച്ചയാള്‍   എഴുന്നേറ്റു ജനലരികിലേക്കു നടന്നു.

അരുണിന്‍റെ  ഫോണ്‍  ശബ്ദിച്ചു.    പരിചയമില്ലാത്ത ഒരു നമ്പര്‍.  അരുണ്‍  റംലയുടെ  മുഖത്തേക്ക് നോക്കി.  അല്പംമുന്‍പ് കൊടുത്ത  ഇഞ്ചക്ഷന്റെ മയക്കത്തിലാണവള്‍.  വാതില്‍ചാരി പുറത്തേക്കിറങ്ങി  ഫോണെടുത്തു. കഴിഞ്ഞ രാത്രിയില്‍  റംലയെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച ഇന്‍സ്പെക്ടര്‍  സഞ്ജയ്‌സിംഗ്  ആയിരുന്നു ഫോണില്‍.  അദ്ധേഹത്തിനു അറിയിക്കാന്‍ ഉണ്ടായിരുന്നത്  അരുണ്‍  ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വിവരമായിരുന്നു.   ഫോണ്‍ വിളികഴിഞ്ഞിട്ടും   അരുണ്‍   കുറച്ചുനേരം  വാതിലിനു പുറത്തു മരവിച്ചുനിന്നു.   ശബ്ദം കേള്‍പ്പിക്കാതെ വാതില്‍   അല്പം തുറന്നുകൊണ്ട്   റംല എന്തു ചെയ്യുന്നെന്നു നോക്കി.  അവള്‍ അപ്പോഴും നല്ല മയക്കത്തിലായിരുന്നു.

-3-

കലാപത്തിനു  രണ്ടാഴ്ച മുന്‍പൊരു വൈകുന്നേരം.
ഒരു ദിവസത്തെ  കഠിനമായ അധ്വാനത്തിന്  ശേഷം  ‘പീലു  മാലാകാര്‍’  എന്ന കുടിയേറ്റ തൊഴിലാളി പഴയ ഡല്‍ഹിയുടെ പ്രാന്തത്തിലുള്ള  അയാളുടെ താമസസ്ഥലത്ത്  വിശ്രമിക്കുകയായിരുന്നു. അയാള്‍ കുറച്ചുനേരമായി  ആരോടോ  ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു.  പിറ്റേദിവസം   പീലു മാലാകാര്‍  പണിക്കു പോയില്ല.  സുഖമില്ലന്നു മേസ്ത്രിയോടു  പറയുവാന്‍ കൂട്ടുകാരെ  ശട്ടംകെട്ടി.  രാവിലെ പത്തു മണി കഴിഞ്ഞപ്പോള്‍   പീലു മാലാകാര്‍  ചൌക്കടിയിലെ  ബസ്‌ സ്റ്റോപ്പിനടുത്തായി   കാത്തുനിന്നു.  അയാള്‍ക്കടുത്തായി   ഒരു കാര്‍ വന്നുനിന്നും.  കാറിലിരുന്ന ഒരാള്‍  അയാളെ   കൈകാട്ടി അടുത്തു വിളിച്ചിട്ട്  ചോദിച്ചു

 “തുമി കി  പീലു മാലാകാര്‍  ?”

“ ജി  ജനാബ് ”

“ഗാരിതെ ഉതോ”

പീലു മാലാകാര്‍  കാറില്‍കയറി അവര്‍ക്കൊപ്പം പോയി.  പിന്നീടയാള്‍  താമസസ്ഥലത്തേക്ക്  തിരികെചെന്നില്ല. ഒന്നു രണ്ടു ദിവസമൊക്കെ  കൂടെയുള്ളവര്‍ അയാളെക്കുറിച്ച്  തിരക്കി. പിന്നെ മറ്റെവിടെക്കെങ്കിലും പോയിട്ടുണ്ടാകുമെന്ന്  കരുതി.  കൂടെയുള്ള ചിലര്‍ക്കറിയാമായിരുന്നു  അയാളൊരു ബംഗ്ലാദേശി പൌരന്‍ ആണെന്നകാര്യം  അതുകൊണ്ടുതന്നെ  അയാളുടെ കാര്യത്തെക്കുറിച്ചവര്‍   കൂടുതലായി  അന്വോഷിച്ചുമില്ല.  ഒരാഴ്ചയ്ക്കു ശേഷം വിജനമായ  ഒരിടത്ത്  ആന്താരാവയവങ്ങള്‍ നീക്കം ചെയ്തനിലയില്‍ തിരിച്ചറിയാത്ത  ഒരു മൃതദേഹം കണ്ടെത്തി.  മൃതദേഹത്തിന്റെ ഇടത്തെ കയ്യില്‍   ‘പീലു മാലാകാര്‍’  എന്നു പച്ച കുത്തിയിട്ടുണ്ടായിരുന്നു.  വിവരമറിഞ്ഞെങ്കിലും  അയാളുടെ കൂട്ടുകാര്‍   മൌനം ഭുജിച്ചു.

-4-
കലാപഭൂമിയിപ്പോള്‍  തല്‍ക്കാലത്തേക്കു ശാന്തമായി.  നഷ്ടങ്ങളെല്ലാം   നഷ്ട്ടപ്പെട്ടവര്‍ക്കു മാത്രമായി. റംലയെയും കുഞ്ഞുങ്ങളെയും  വീട്ടുകാര്‍ നാട്ടിലേക്കു കൂട്ടികൊണ്ടുപോയി. അവരെ യാത്ര അയയ്ക്കാന്‍ അരുണും റെയില്‍വേ സ്റ്റേഷനില്‍ പോയിരുന്നു.  അവള്‍ അയാളോട്  വിശേഷിച്ചൊന്നും  സംസാരിച്ചില്ല. വണ്ടി വരുന്നതും കാത്തു പ്ലാറ്റ്ഫോമിലെ  സിമന്റു ബെഞ്ചില്‍ ഇരിക്കവേ അവളുടെ കലങ്ങിയകണ്ണുകള്‍ ഇടയിക്കിടയ്ക്കു അയാളുടെ  നേരെ നീളുന്നുണ്ടായിരുന്നു. വണ്ടി നീങ്ങിതുടങ്ങി, കാഴ്ചയില്‍നിന്നും മറയുന്നതുവരെ കുഞ്ഞുങ്ങള്‍ അരുണിന് നേരെ കൈവീശിക്കൊണ്ടേയിരുന്നു. അവസാന ബോഗിയും കടന്നുപോയതോടെ അതുവരെ ആള്‍ക്കൂട്ടമായിരുന്ന പ്ലാറ്റ്ഫോമിനെ    വലിയൊരു ശൂന്യത വന്നു പൊതിഞ്ഞു.   ആ ശൂന്യതയില്‍ അരുണിന്  വല്ലാതെ  തിക്കുമുട്ടി.  ആളൊഴിഞ്ഞ സിമന്റുബെഞ്ചില്‍ ചെന്നു കുറച്ചുനേരമയാള്‍ വെറുതെയിരുന്നു.  ഏതോ അഞ്ജാത ശോകത്താല്‍    അയാളുടെ   കണ്ണുകള്‍ ഈറനണിഞ്ഞു.

തെരുവിലെ  ജനജീവിതം  പഴയപോലായില്ല. പുറമേ കാണുന്നില്ലെങ്കിലും  അകമേ  ഉമിത്തീപോലെ പകയും അശാന്തിയും നീറിക്കൊണ്ടിരുന്നു. പരസ്പരം സംശയത്തോടുള്ള നോട്ടങ്ങള്‍.  തെരുവോരങ്ങളില്‍നിന്നും  ഇനിയും നീക്കം ചെയ്യപ്പെടാതെ  കിടക്കുന്ന    കത്തികരിഞ്ഞ വാഹനങ്ങള്‍ കലാപത്തിന്‍റെ കെടാത്ത ഓര്‍മ്മകള്‍  ബാക്കിയാക്കി.  കരിഞ്ഞ വാഹനങ്ങളെയും ചാമ്പലായ വീടുകളെയും കടന്നു പോകുമ്പോള്‍  ഉള്ളം  ഭയത്താല്‍ നിറയും.  മനസ്ഥൈര്യം തകര്‍ക്കുന്ന കിംവദന്തികളാണെങ്ങും.  ഭയപ്പാടുകൊണ്ട്  ചിലര്‍  എല്ലാം ഉപേക്ഷിച്ചു  പലായനം ചെയ്തു. അതിനാവാത്തവര്‍ ഭയം നിറഞ്ഞ കണ്ണുകളോടെ അവിടെത്തന്നെ തുടര്‍ന്നു.

 വീടുമാറി മറ്റൊരിടത്തെയ്ക്ക് പോകണമെന്നു  അരുണ്‍ നിശ്ചയിച്ചു.  ഇനിയും ആ തെരുവില്‍ താമസിക്കാന്‍  അയാള്‍ക്ക് തോന്നുന്നില്ല.  ഉള്ളില്‍ വല്ലാത്ത ഭയവുമുണ്ടിപ്പോള്‍. ഉണങ്ങാത്ത  മുറിവുകള്‍ ചലംനിറഞ്ഞു വിങ്ങുകയാണ്. എപ്പോള്‍ വേണമെങ്കിലും മറ്റൊരു കലാപം പൊട്ടിപ്പുറപ്പെടാം. ഭാരതീയര്‍  അവരുടെ  സ്വന്തമായി കരുതുന്ന തലസ്ഥാനനഗരി  മണ്ണിന്‍റെ മക്കളുടെതാണെന്ന വാദംപോലും  തുടങ്ങിവച്ചുകഴിഞ്ഞു.  താല്‍ക്കാലിക  രാഷ്ട്രീയ നേട്ടങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ ഉന്നംവയ്ക്കുന്നത്  അഭയാര്‍ഥികളായി കഴിഞ്ഞുകൂടുന്ന ഒരു വിഭാഗത്തെയാണ്,  അതിലൂടെ നേടാവുന്ന വോട്ടുബാങ്കുകളും.  എന്തായാലും  ഇനി എത്രകാലം അവിടെ  സ്വസ്ഥമായി കഴിയാം എന്നൊന്നും നിശ്ചയമില്ല.  ജോലികഴിഞ്ഞു  തിരികെ വരുന്നവഴി   രാജന്‍റെ   ചായപീടിക വഴി ചെന്നു.  രാജനു  പരിചയമുള്ള ധാരാളം  ദല്ലാളന്മാരുണ്ട്  അവരില്‍  കൊള്ളാവുന്ന ആരെയെങ്കിലും ഏര്‍പ്പാടാക്കി തരാന്‍  പറയണം.  ചായ കുടിച്ചുകൊണ്ടിരിക്കെ രാജന്‍  പതിവുപോലെ  ഒരു വിഷയം  സംഭാഷണത്തിനായി  എടുത്തിട്ടുകൊണ്ടു  ചോദിച്ചു

 “അല്ല മാഷെ  ഈ കച്ചിറയൊക്കെ ഇപ്പോള്‍ കമ്പ്യൂട്ടര്‍ വഴിയാക്കിയോ ?”

“എന്താണു   ഭായി  നിങ്ങളീ പറയണത്. എന്തു കച്ചിറ ?  ഏതു കംബ്യൂട്ടര്‍ ?”

 “ അല്ല മാഷെ, അപ്പോള്‍   നിങ്ങളൊന്നും അറിഞ്ഞീക്കില്ല ? കഴിഞ്ഞ  ലഹള  ചുവരുമ്മേല്‍ അടയാളം  വച്ച്  നല്ല കൃത്യമായി നടത്തിയതല്ലേ !  അതോണ്ടല്ലേ കൃത്യമായി  ഒരു കൂട്ടരെ മാത്രം  കുടുക്കാന്‍    പറ്റീത് ”

 “ അതൊക്കെ ശരി.    പക്ഷെ അതിനു  കമ്പ്യൂട്ടറുമായി എന്തു ബന്ധം ?”

 “ നിങ്ങക്കറിയോ  മാഷെ, ഓരിക്കീ   വിവരം  കിട്ടീത് കംപ്യൂട്ടറീന്നാണത്രെ.   ന്‍റെ മാഷെ,  ഇപ്പോള്‍  ഡാറ്റകള്‍ വച്ചാണു കളികള്‍. അല്ല മാഷെ, നിങ്ങളീ ലോകത്തൊന്നുമല്ലേ  ജീവിക്കുന്നത് ?  ഇതൊക്കെയിപ്പോള്‍  ഏതു  ചായക്കടക്കാരനും  തിരിയുന്ന  കാര്യമല്ലെ ? ”
   “ നോക്കിക്കോളിന്‍, ഇനിയൊരു കച്ചിറ  വന്നാല്‍   അതിനിമ്മാതിരി   അടയാളം  കൊറേണ്ട  കാര്യമൊന്നുമില്ല.   അതൊക്കെയിനി  ഗൂഗിള്‍ വച്ചു  നടത്തിക്കോളും.  അല്ലേല്‍  ഡ്രോണ്‍വഴി  ബോംബിടും.  അപ്പൊ പിന്നെ ആളും കൂട്ടവും ഒന്നും വേണ്ടിക്കില്ല.”

പതിവുപോലെ   ചായക്കൊപ്പം  രാജന്‍ അയാളുടെ   പൊതുവിഞാനവും    അരുണിന്     പകര്‍ന്നു കൊടുത്തു.  വീടുമാറുന്ന കാര്യം പറഞ്ഞിട്ടവിടെനിന്നും അരുണ്‍  വീട്ടിലേക്കു നടന്നു. വീട്ടിലെത്തി  ബാഗുൊരു  മൂലയിലേക്ക് തള്ളിവച്ചു  സോഫയില്‍ ചാഞ്ഞിരുന്നു ടി. വി. ഓണാക്കി.  കുറച്ചുനേരം  വാര്‍ത്ത കണ്ടേക്കാമെന്നു കരുതി  ചാനലുകള്‍ മാറ്റിനോക്കി.   ഒരു മലയാളം ചാനലില്‍ പ്രധാന  വാര്‍ത്തയായി നിറഞ്ഞത്‌  കൌമാരക്കാരായ രണ്ടു കംബ്യൂട്ടര്‍ഹാക്കര്‍മാരെ അറസ്റ്റുചെയ്തു സംഭവമാണ്.   ലക്ഷക്കണക്കിനാളുകളുടെ വ്യക്തിഗതവിവരങ്ങളും  മെഡിക്കല്‍ വിവരങ്ങളും വിവിധ സ്ഥാപനങ്ങളടെ കമ്പ്യൂട്ടര്‍ ശൃംഖലകളില്‍  നുഴഞ്ഞുകയറുകവഴി  അവര്‍ ചോര്‍ത്തിയെടുത്തു  പോലും.  വിശദവിവരങ്ങള്‍  അടിയിലൂടെ  സ്ക്രോള്‍ ചെയ്തു പോകുന്നുമുണ്ട്.

 “പിന്നെ  ഡാറ്റ വിറ്റാല്‍ എന്നാ  പിണ്ണാക്ക്  കിട്ടാനാ”?.  വാര്‍ത്തയെ അരുണ്‍ ചിരിച്ചുതള്ളി. താന്‍  പത്തിരുപതു വര്‍ഷം എക്സ്പീരിയന്‍സുള്ള   സെയില്‍സ് മാനേജറാണ്.  സിനിമാനടിമാര്‍  കുളിക്കുന്ന പരസ്യം കൊടുത്തിട്ടുപോലും    രണ്ടുപെട്ടി  സോപ്പും ഷാമ്പൂവും വില്‍ക്കാന്‍ പെടുന്നപാട് തനിക്കു  മാത്രമേ  അറിയൂ.  പിന്നെയാണ് രണ്ടു പിള്ളേര്‍  ഡാറ്റ തൂക്കി വില്‍ക്കണത് !!.

  ടി. വി.യില്‍ വാര്‍ത്തകള്‍ വിശദമായി  പറഞ്ഞു തുടങ്ങി.

 “വിവിധ ആശുപത്രികളുടെയും  ലാബുകളുടെയും കംപ്യൂട്ടര്‍ സിസ്റ്റത്തില്‍   നുഴഞ്ഞുകയറി വ്യകതിഗത ആരോഗ്യ വിവരങ്ങള്‍ അടങ്ങിയ ഡാറ്റകള്‍ മോഷ്ട്ടിച്ച   പ്രതികള്‍,  ഈ ഡാറ്റകള്‍  വിവിധ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും, ഔഷധ നിര്‍മ്മാണ കമ്പനികള്‍ക്കും  വില്പന നടത്തിയതായി  പോലീസ്  അറിയിച്ചു. രാജ്യത്തീയിടെ നടന്ന പല ദുരൂഹമരണങ്ങളുടെയും പിന്നില്‍ അന്താരാഷ്ട്ര ബന്ധങ്ങളുള്ള  അവയവമാഫിയകള്‍ക്ക്  ബന്ധമുള്ളതായി പോലീസ് കരുതുന്നു.  പ്രതികള്‍ക്കിത്തരം ഏതെങ്കിലും മാഫിയകളുമായി ബന്ധമുണ്ടോ എന്നകാര്യം പരിശോധിക്കുമെന്നു പോലീസറിയിച്ചു.  ഈയിടെ നടന്ന കലാപത്തില്‍ വ്യക്തിവിവരങ്ങള്‍  ചോര്‍ത്തപ്പെടുകയും  കലാപകാരികള്‍ അവരുടെ ലക്‌ഷ്യം നിറവേറ്റുവാന്‍  ഇത്തരം  ഡാറ്റകള്‍ ഉപയോഗിച്ചെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ഏറെ വിവാദമായിരുന്നു.   ഇതോടെ  സര്‍ക്കാരിന്‍റെയും  സ്വകാര്യ കമ്പനികളുടെയും  പക്കലുള്ള വ്യക്തിഗത ഡാറ്റകള്‍  എത്രമാത്രം ......”

വാര്‍ത്തകള്‍ തുടര്‍ന്നുകൊണ്ടിരുന്നു...

കഴിഞ്ഞ പകലിന്‍റെ അലച്ചിലുകള്‍ ക്ഷീണമായി ശരീരത്തിലൂടെ അരിച്ചുകയറാന്‍ തുടങ്ങിയപ്പോള്‍  അരുണ്‍സഖറിയക്കു    ഉറക്കംവന്നു.    ടി വി നിര്‍ത്തി  അയാള്‍  കിടക്കയിലേക്ക്  ചരിഞ്ഞു.  ദുഃസ്വപ്‌നങ്ങള്‍ പാതിയുറക്കം കെടുത്തുന്ന ഈ നാളുകളില്‍   വെളുക്കുവോളം ഉറങ്ങാന്‍  പറ്റിയ സുന്ദര സ്വപ്നങ്ങള്‍ മനസ്സിന്‍റെ എന്തെകിലും ഡാറ്റാബേസില്‍ ഇനിയും ബാക്കിയുണ്ടോന്നു  ചികഞ്ഞുകൊണ്ടയാള്‍ കണ്ണുകളടച്ചു കിടന്നു.  

ഡാറ്റ അനലിറ്റിക്ക (ചെറുകഥ::ജോസഫ്‌ എബ്രഹാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക