Image

നമ്മുടെ തെറ്റായ തീരുമാനങ്ങൾക്ക് പിന്നിൽ (ശിവകുമാർ)

Published on 06 August, 2020
നമ്മുടെ തെറ്റായ തീരുമാനങ്ങൾക്ക് പിന്നിൽ (ശിവകുമാർ)
ചെറുതും വലുതുമായി ധാരാളം തീരുമാനങ്ങൾ ജീവിതത്തിൽ നാം എടുക്കാറുണ്ട്. പക്ഷേ പല തീരുമാനങ്ങളും തെറ്റാറുണ്ട് എന്ന് മാത്രമല്ല,  എങ്ങിനെ ഇത്തരത്തിൽ ഒരു തീരുമാനം  എടുത്തു എന്നതോർത്ത് നമ്മുക്ക്  തന്നെ പിന്നീട് അത്ഭുതമോ നിരാശയോ തോന്നാറുമുണ്ട്.

സത്യത്തിൽ നമ്മൾ എടുക്കുന്ന തീരുമാനം നമ്മുടേത് തന്നെയാണോ? അതോ മറ്റാരെങ്കിലുമോ, ഏതെങ്കിലും ഘടകങ്ങളൊ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കാറുണ്ടോ?

തീർച്ചയായും, അതെ എന്നാണുത്തരം. നമ്മളറിയാതെ നമ്മുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്ന ഒരു പാട് കാര്യങ്ങളുണ്ട്. ജീവിതത്തിൽ ശരിയായ രീതിയിൽ തീരുമാനങ്ങളെടുക്കണമെങ്കിൽ,  ഇവയെക്കുറിച്ച്  അറിഞ്ഞിരിക്കേണ്ടതുണ്ട്.
നമ്മെ ചതിക്കുന്ന, കുഴപ്പത്തിലാക്കുന്ന,  നമ്മുടെ ചിന്താ വൈകല്യങ്ങളെക്കുറിച്ച് ആദ്യം മനസ്സിലാക്കാം.

പരീക്ഷഫലം വരുമ്പോഴേക്കും, കുട്ടികളും മാതാപിതാക്കളുമൊക്കെ എത് കോഴ്സ് പഠിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുത്തിരിക്കും. മാത്രമല്ല പലപ്പോഴും പലരിൽ നിന്നും അതിനായി ഉപദേശവും തേടിയിട്ടുണ്ടാവും. പക്ഷേ ആരൊക്കെ എത്ര  നല്ല ഉപദേശങ്ങൾ നൽകിയാലും,  കുട്ടിയോ, രക്ഷകർത്താക്കളൊ, മനസ്സിൽ തീരുമാനിച്ച കോഴ്സ് തന്നെയാവും അവർ തിരഞ്ഞെടുക്കുക.
സയൻസിൽ നല്ല മാർക്കുള്ള കൂട്ടി, കൊമേർസ് എടുക്കാൻ മനസ്സിൽ തീരുമാനിച്ചിട്ടാണ്, അഭിപ്രായമോ, ഉപദേശമോ തേടുന്നതെങ്കിൽ ഒരിക്കലും ആ തീരുമാനം മാറ്റുകയില്ല. കാരണം കൊമേർസ് എടുക്കുന്നതിന് അനുകൂലമായ, ഒരു പാട്  കാര്യങ്ങൾ,  അവർ കണ്ടു പിടിച്ച് വച്ചിട്ടുണ്ടാവും. വാസ്തവത്തിൽ അവർ തേടുന്നത് ഉപഭേശമല്ല, മറിച്ച് തങ്ങളുടെ തീരുമാനം ശരിയാണ് എന്ന് മറ്റൊരോളിൽ നിന്ന് കേൾക്കാൻ വേണ്ടി മാത്രമാണ്.

അവരുടെ തീരുമാനത്തെ സാധൂകരിക്കുന്ന, അഭിപ്രായം ലഭിക്കുന്നത് വരെ, പലരോടും അവർ ഉപദേശം തേടിക്കൊണ്ടേയിരിക്കും. ഒപ്പം സ്വന്തം തീരുമാനത്തിനനുകൂലമായ കാര്യങ്ങളെക്കുറിച്ച്, നിരന്തരം അന്വേഷിക്കുകയും ചെയ്യും. രാജ്യത്ത് അക്കൗണ്ടൻറ്മാരുടെ കുറവ് മുതൽ, സിവിൽ സർവ്വീസിൽ കൂടുതൽ മാർക്ക് കിട്ടുന്നത്, എൻജിനീയറിംഗ് കഴിഞ്ഞവരുടെ തൊഴിലില്ലായ്മ തുടങ്ങിയവ  ഒക്കെ കണക്കുകൾ നിരത്തി അവർ  സ്ഥാപിക്കുന്നതും കാണാം.
എന്താണിതിന് കാരണം?

നമ്മുടെ മനസ്സിൽ ശരിയെന്നു തോന്നുന്ന, (യഥാർത്ഥത്തിൽ ശരിയാവണമെന്നില്ല) കാര്യത്തിനനുകൂലമായ തെളിവുകൾ കണ്ടെത്തി, സ്വന്തം തീരുമാനം ശരിയാണെന്ന്, തന്നെയും ഒപ്പം മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ ശ്രമിക്കുന്ന, ചിന്താ വൈകല്യത്തിന് പറയുന്ന പേരാണ് കൺഫർമേഷൻ ബയാസ് അല്ലെങ്കിൽ കൺഫർമേഷൻ എവിഡൻസ് ബയാസ്.

ഇങ്ങിനെ എടുക്കുന്ന തീരുമാനങ്ങൾ ശരിയാവുന്നതിലും കൂടുതൽ, അബദ്ധമായിത്തീരാറാണ് പതിവ്. വീട് കെട്ടണോ അതോ  വാങ്ങണോ , ഏത് മോഡൽ / ബ്രാൻഡ് കാറ് വാങ്ങണം, പുതിയ കാർ വാങ്ങണോ പഴയത് വാങ്ങണോ, ഏത് മൊബൈൽ വാങ്ങണം തുടങ്ങി, വിവാഹക്കാര്യത്തിൽ  തീരുമാനമെടുക്കുന്നത് വരെ, കൺഫർമേഷൻ ബയാസ് നമ്മെ സുന്ദരമായി ചതിക്കാറുണ്ട്.
ഭൂരിഭാഗം പേരും അബദ്ധം പറ്റി എന്ന്  മനസ്സിലായാലും, വീണ്ടും വീണ്ടും തങ്ങളുടെ തീരുമാനത്തെ ന്യായീകരിക്കുന്നത് പതിവാണ്. പലപ്പോഴും ഏതെങ്കിലും ചെറിയ ഒരു ഇഷ്ടം, അല്ലെങ്കിൽ താൽപ്പര്യം ആവും വളരെ വലിയ തീരുമാനങ്ങളെ സൃഷ്ടിക്കുന്നത്. ബന്ധുക്കളിലോ, സുഹൃത്തുക്കളിലോ, ഓഫീസിലോ, കൊമേഴ്സ് പഠിച്ച് നല്ല നിലയിൽ എത്തിയ ആരോടെങ്കിലും തോന്നിയ താൽപര്യമാവാം, അവർ  പോലുമറിയാതെ അവരുടെ തീരുമാനത്തെ   സ്വാധീനിച്ചിട്ടുണ്ടാവുക.
ആദ്യമായി വാങ്ങുന്ന കാർ, പ്രത്യേക നിറത്തിലുള്ളത്  വേണമെന്നാഗ്രഹിച്ച് കേരളത്തിലും തമിഴ് നാട്ടിലും അന്വേഷിച്ചെങ്കിലും കിട്ടിയില്ല. കാരണം കമ്പനി തന്നെ ആ നിറത്തിലുള്ള കാറുകൾ നിർത്തലാക്കിയിരുന്നു. ഏറെ ബുദ്ധിമുട്ടിയെങ്കിലും, അവസാനം ഇഷ്ടപ്പെട്ട നിറത്തിലുള്ള കാർ, ഒരു ഡീലർ ഹൈദരാബാദിൽ നിന്നും എത്തിച്ച് നൽകുകയായിരുന്നു. പിന്നീട്  ബയാസുകളെക്കുറിച്ച് പഠിക്കുമ്പോഴാണ്, മുൻപ്  മേലുദ്യോഗസ്ഥനുപയോഗിച്ചിരുന്ന കാറിന്റെ  നിറമായിരുന്നു   എന്നെ സ്വാധീനിച്ചത്  എന്ന് മനസ്സിലായത്.
ഏത് കോഴ്സ് തിരഞ്ഞെടുക്കുമ്പോഴും, ഏത് തീരുമാനങ്ങൾ എടുക്കുമ്പോഴും, ഇത്തരത്തിൽ ചിന്താ വൈകല്യം ഉണ്ടോ എന്ന് പരിശോധിക്കുന്നത്, ശരിയായ തീരുമാനങ്ങളെടുക്കാൻ തീർച്ചയായും സഹായകമാവും.

ഭൂരിഭാഗം മനുഷ്യരിലും, ഈയൊരു ചിന്താ വൈകല്യമുണ്ടെന്നത് സത്യമാണ്. നമ്മുക്ക് ഇഷ്ടമാവുന്ന, ശരിയെന്ന് തോന്നുന്ന, ആരാധിക്കുന്ന കാര്യങ്ങൾ തികച്ചും ശരിയാണെന്ന് അവനവനെ തന്നെയും, മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ, ഏതറ്റം വരെയും മനുഷ്യർ പോവുന്നതായി കാണാം. സത്യം മറിച്ചാണെന്ന് ബോധ്യപ്പെടുത്താൻ ആരെങ്കിലും ശ്രമിച്ചാൽ, അവരെ എതിർക്കുക മാത്രമല്ല, ആക്രമിക്കാനും മടിക്കുകയില്ല.

ജാതി, മതം, രാഷ്ട്രീയം, വസ്ത്രധാരണം, ഭക്ഷണം, സംസ്കാരം, പാരമ്പര്യം തുടങ്ങി സിനിമയിലും സ്പോർട്ട്സിലും  ഉള്ള താരാരാധന വരെ, എല്ലാ കാര്യങ്ങളിലും തങ്ങൾ പറയുന്നതാണ് ശരി എന്ന മനോഭാവം ആളുകളിൽ ഉണ്ടാവുന്നത്, ഇക്കാരണത്താലാണ്.

യുക്തിപരമായി തീരുമാനമെടുക്കാൻ കൺഫർമേഷൻ ബയാസിനെ പുറത്ത് നിറുത്തുക തന്നെ വേണം.

ഇതുപോലെ തന്നെ, പ്രത്യേകിച്ച്  സാമ്പത്തിക തീരുമാനങ്ങളിൽ നമ്മെ വഴി തെറ്റിക്കുന്ന മറ്റൊരു  ചിന്താകുഴപ്പമാണ്  കംപാരിസൺ ബയാസ്.  ഉദാഹരണമായി, നമ്മൾ ഒരു മൊബൈൽ കവർ വാങ്ങാൻ ഒരു ഷോപ്പിൽ ചെന്ന് വില നോക്കുമ്പോൾ 100 രൂപയാണെന്ന് അറിയുന്നു. പക്ഷേ  ഒരു സുഹൃത്ത് പറയുന്നു, ഇതേ ബ്രാൻഡ് മൊബൈൽ കവർ  പത്തു ഷോപ്പ് അപ്പുറത്ത് 70 രൂപക്ക് കിട്ടുമെന്ന്.തീർച്ചയായും നമ്മൾ 30 രൂപ ലാഭിക്കാനായി അടുത്ത ഷോപ്പിൽ ചെല്ലും. 

മറ്റൊരു സാഹചര്യം നോക്കാം. 7470 രൂപ കൊടുത്ത് ഒരു മൊബൈൽ വാങ്ങുന്ന സമയത്ത്, പത്ത് ഷോപ്പ് അപ്പുറത്ത് ഇതേ  മൊബൈൽ 7420 രൂപക്ക് കിട്ടുമെന്ന് അറിഞ്ഞാൽ നമ്മൾ അങ്ങോട്ട് പോകുമോ? ഇവിടെ കൂടിയ തുകയായ 50 രൂപയാണ് ലാഭം. പക്ഷേ 30 രൂപക്ക് വേണ്ടി പുതിയ ഷോപ്പിൽ എത്തിയ നമ്മൾ, ഇവിടെ 50 രൂപയുണ്ടായിട്ടും പോവാത്തതിന് കാരണം,  കംപാരിസൺ ബയാസ് ആണ്.

രൂപയുടെ മൂല്യമല്ല, മറിച്ച് ചിലവഴിക്കുന്ന തുകയുമായാണ്, നമ്മുടെ മനസ്സ് ലാഭം താരതമ്യം ചെയ്തത്. വലിയ തുകയുള്ള സാമ്പത്തിക ഇടപാടുകളിലും ഇത്തരത്തിൽ ധാരാളം പേർക്ക് അബദ്ധം പറ്റാറുണ്ട്, പണം നഷ്ടമാവാറുമുണ്ട്.
മറ്റൊരബദ്ധം നോക്കാം.  20 ലക്ഷം രൂപ കയ്യിലുള്ള ഒരാൾ 30 ലക്ഷം വായ്പയും ചേർത്ത് 50 ലക്ഷത്തിന്റെ വീട് വാങ്ങാനായി, ബ്രോക്കറെ സമീപിക്കുന്നു. ബ്രോക്കറാവട്ടെ, 80 ലക്ഷത്തിന്റെയും 75 ലക്ഷത്തിന്റെയും വീടുകൾ ആദ്യം കാണിക്കുകയും, അവസാനം മാത്രം 50 ലക്ഷത്തിന്റെ വീട്‌ കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. സ്വാഭാവികമായും അയാളുടെ  മനസ്സ് 80 ലക്ഷത്തിന്റെയും 75 ലക്ഷത്തിന്റെയും  വീടുകൾ തമ്മിൽ മാത്രം താരതമ്യം ചെയ്യുന്നു. ഈ സമയം കൂടുതൽ കമ്മീഷന് വേണ്ടിയുള്ള, ബ്രോക്കറുടെ ഉത്സാഹം കൂടിയാവുമ്പോൾ 50 ലക്ഷം ബഡ്ജറ്റുള്ളയാൾ 75 അല്ലെങ്കിൽ 80 ലക്ഷം കൊടുത്ത് വീട് വാങ്ങി, കടബാദ്ധ്യതയിൽ അകപ്പെടുകയും ചെയ്യുന്നു.
ബന്ധുക്കൾ, സുഹൃത്തുക്കൾ, സഹപ്രവർത്തകർ, അയൽക്കാർ എന്നിവരുടെ വീടുകളുമായി താരതമ്യം ചെയ്ത് വീട് വയ്ക്കുന്നതും, പിന്നീട് മുകൾ നില ഉപയോഗ ശൂന്യമായി കിടക്കുന്നതും, ഒപ്പം ജീവിതം മുഴുവൻ ലോണടച്ച് തീർക്കുന്നതും   ഇതിനോട് കൂട്ടി വായിക്കാം.

പെണ്ണ് കാണിക്കാൻ കൊണ്ടു പോകുന്ന ബ്രോക്കർമാരും ഇത്തരത്തിലുള്ള പരിപാടികൾ മിക്കവാറും  ചെയ്യാറുണ്ട്. ബയാസിനെക്കുറിച്ചുള്ള അറിവായിരിക്കില്ല, പക്ഷേ അനുഭവത്തിൽ നിന്നും പഠിച്ചതാവാം.
അതുപോലെ, ഉൽപന്നങ്ങൾ വാങ്ങുന്ന സമയത്തും ധാരാളം പണം കംപാരിസൺ ബയാസ് മൂലം ആളുകൾക്ക്  നഷ്ടപ്പെടാറുണ്ട്.

1200 രൂപ വിലയുള്ള ഉൽപന്നം, 899 രൂപയ്ക്ക് ലഭിക്കും എന്നറിയുമ്പോൾ  ആവശ്യമില്ലെങ്കിൽ കൂടെ  അത് വാങ്ങാൻ തോന്നുന്നത് സ്വാഭാവികമാണ്. 4500 രൂപയുടെ ഗ്രൈൻഡറും, 2500 രൂപയുടെ മിക്സിയും,  ചേർത്ത് 4999 രൂപക്ക് കിട്ടുമെന്നറിയുമ്പോൾ, മിക്സി ആവശ്യമില്ലെങ്കിലും നമ്മൾ വാങ്ങിപ്പോവും.  മിക്കവാറും അവയുടെ യഥാർത്ഥ വിൽപ്പന  വില 1500 + 3500 ആയിരിക്കാം. മറിച്ചായാലും ആവശ്യമില്ലാത്തവയ്ക്കായി 500 രൂപ നൽകേണ്ടതില്ലല്ലോ?
ഇത് പോലെ,  നമ്മുടെ മനസ്സിനെയും തീരുമാനങ്ങളെയും  സ്വാധീനിച്ച് നമ്മെ കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ വേറെയുമുണ്ട്.

ഒരൽപം ശ്രദ്ധിച്ചാൽ, തീരുമാനമെടുക്കുന്നതിന് മുൻപായി ബയാസ്ഡ് ആണോ എന്ന് ചിന്തിച്ചാൽ യുക്തിഭദ്രമായ തീരുമാനങ്ങളെടുക്കാൻ നമുക്ക് സാധിക്കും. അതിലൂടെ ധാരാളം പണവും സമയവും ലഭിക്കാനുമാവും.
ധാരാളം പണം ഒറ്റയടിക്ക് നഷ്ടപ്പെടുത്തുന്ന മറ്റൊരു ബയാസിനെക്കുറിച്ച് അടുത്ത ഭാഗത്തിൽ.
നമ്മുടെ തെറ്റായ തീരുമാനങ്ങൾക്ക് പിന്നിൽ (ശിവകുമാർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക