Image

മഴയ്‌ക്കെതിരേ ജനങ്ങള്‍ കരുതിയിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

Published on 05 August, 2020
മഴയ്‌ക്കെതിരേ  ജനങ്ങള്‍ കരുതിയിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പല പ്രദേശങ്ങളിലും കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കരുതിയിരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. 

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഒരു എമര്‍ജന്‍സി കിറ്റ് തയാറാക്കിവയ്ക്കണം. മാറിത്താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ എല്ലാവരും തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എമര്‍ജന്‍സി കിറ്റില്‍ സൂക്ഷിക്കേണ്ട അവശ്യ വസ്തുക്കള്‍ ഇവയൊക്കെയാണ് : ടോര്‍ച്ച്‌- റേഡിയോ- 500 ml വെള്ളം- ORS പാക്കറ്റ്- അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍- മുറിവിന് പുരട്ടാവുന്ന മരുന്ന്- ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍- 100 ഗ്രാം കപ്പലണ്ടി- 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം- ചെറിയ ഒരു കത്തി- 10 ക്ലോറിന് ടാബ്ലെറ്റ്- ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില് ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി- ബാറ്ററിയും, കോള്‍ പ്ലാനും ചാര്ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍- അത്യാവശ്യം കുറച്ച്‌ പണം, ATM കാര്‍ഡ്

പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളില്‍ എളുപ്പം എടുക്കാന്‍ പറ്റുന്ന രീതിയില്‍ വീട്ടില്‍ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക. എമര്‍ജന്‍സി കിറ്റ് തയാറാക്കി വയ്ക്കുകയും അത് വീട്ടില്‍ എല്ലാവര്‍ക്കും എടുക്കാന്‍ പറ്റുന്ന തരത്തില്‍ സുരക്ഷിതമായ ഒരിടത്ത് മാറ്റുകയും വേണം.

വീട്ടിലെ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ എല്ലാവരോടും ഈ വിവരം അറിയിക്കുകയും ഒരു അടിയന്തര സാഹചര്യത്തില്‍ ആരെയും കാത്ത് നില്‍ക്കാതെ എമര്‍ജന്‍സി കിറ്റുമായി സുരക്ഷിത ഇടത്തേക്ക് മാറാന്‍ കഴിയുന്ന തരത്തിലേക്ക് വീട്ടിലുള്ള എല്ലാവരെയും പ്രാപ്തരാക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക