Image

ശ്രീമദ് വാല്മീകി രാമായണം ഇരുപതാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 04 August, 2020
ശ്രീമദ് വാല്മീകി രാമായണം ഇരുപതാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

സുന്ദരകാണ്ഡം
ഒന്നു മുതൽ മുപ്പതു വരെ സർഗം

സമുദ്ര തരണം ചെയ്യാൻ ഹനുമാൻ തയ്യാറായി. സൂര്യനും മഹേന്ദ്രനും, പവനനും, വിരിഞ്ചനും, ഭൂതങ്ങൾക്കും കൈകൂപ്പി പുറപ്പെടാൻ ഒരുങ്ങി. പിന്നെ താതനായ പവനനെ സ്മരിച്ചു തെക്കു ദിക്കിലേക്കു ചാടുവാൻ തയ്യാറായി. മലയോളം വളർന്ന്, ആകാശത്തേക്കുയർന്ന്, നൂറു യോജന ദൂരത്തേക്കായി ആ കപീന്ദ്രൻ യാത്രയായി. വായു മാർഗ്ഗേ സഞ്ചരിക്കുമ്പോൾ ഇക്ഷ്വാകു വംശ സഗരനാൽ വളർത്തപ്പെട്ട സാഗരം, താൻ രാമനു വേണ്ടി സീതയെ അന്വേഷിക്കുന്ന ഹനുമാന് എന്തെങ്കിലും സഹായം ചെയ്യേണ്ടതുണ്ട് എന്നും. അതിനായി സമുദ്രത്തിനടിയിലെ ഗിരി, മൈനാകത്തോട് ഉയർന്നു പൊങ്ങുവാനും ഹനുമാനു യാത്രാവേളയിൽ വിശ്രമിക്കുവാൻ സൗകര്യമൊരുക്കുവാനും ആവശ്യപ്പെട്ടു. എന്നാൽ യാത്രാമധ്യേ കാണപ്പെട്ട പർവ്വതം തൻ്റെ വഴിമുടക്കുകയാണെന്നാണ് ഹനുമാൻ ആദ്യം ധരിച്ചത്.എന്നാൽ തന്നെ സ്വീകരിക്കുവാൻ ഒരുങ്ങി നിൽക്കുകയാണ് മൈനാകം എന്നറിഞ്ഞ്, അങ്ങോട്ടു പോകുമ്പോൾ വിശ്രമിക്കുവാൻ നിവർത്തിയില്ലെന്ന് അറിയിച്ച് മുന്നോട്ടു പ്രയാണം തുടർന്നു.

ഈ സമയം മഹർഷിമാരും സിദ്ധന്മാരും നാഗ മാതാവായ സുരസയോടു പറഞ്ഞു, ഹനുമാൻ എപ്രകാരം തടസങ്ങൾ നേരിടുമെന്നറിയുവാൻ ഞങ്ങൾക്കു താത്പര്യമുണ്ട്. അതിനാൽ വായുപുത്രൻ്റെ വഴി തടയുക എന്ന്. അപ്രകാരം സുരസ ചെയ്തു. അവൾ ഹനുമാൻ്റെ പാതയിൽ തടസം സൃഷടിച്ചു നിന്നു. എന്നാൽ അവളെ സമർത്ഥമായി കബളിപ്പിച്ചു ഹനുമാൻ മുന്നോട്ടു പോയി. പിന്നീടു നേരിടേണ്ടി വന്നത് ഛായയെ പിടികൂടി ആളെ നശിപ്പിക്കുന്ന സിംഹികയെ ആയിരുന്നു. അവളുടെ പെരുത്ത വായിൽ ചെറിയ രൂപമായി പ്രവേശിച്ച് പിന്നെ ആകാശത്തോളം വലുതായി അവളെ പിളർന്നു കൊന്നു കൊണ്ട് ഹനുമാൻ്റെ യാത്ര തുടർന്നു.
ഒടുവിൽ ലങ്കയിൽ എത്തിയ കപിയ്ക്ക് എവിടെ സീതയെ തിരയണമെന്ന് സംശയമായി. ഒടുവിൽ സ്വന്തം വാനര രൂപം മാറി ലങ്കാപുരിയിൽ പ്രവേശിച്ചു. എന്നാലോ ലങ്കാലക്ഷ്മിയുടെ കണ്ണുവെട്ടിക്കുവാൻ ആർക്കു സാധിക്കും? ഒരു കുരങ്ങൻ ലങ്കയിൽ കടന്നിരിക്കുന്നതു കണ്ട് ക്രുദ്ധയായ ലങ്കാലക്ഷ്മി ഹനുമാനെ തല്ലി. തിരികെ ഇടതു കൈ കൊണ്ടു മുഖത്ത് ഹനുമാനും ആഞ്ഞിടിച്ചു.അതേറ്റ് നിലത്തു വീണ ലങ്കാലക്ഷ്മി ഹനുമാനോടു പറഞ്ഞു, ഇതു ബ്രഹ്മാവ് പറഞ്ഞിട്ടുള്ളതാണ്. ലങ്കയുടെ പതനം ആരംഭിച്ചിരിക്കുന്നു. ഞാൻ തടയുന്നില്ല. നിനക്ക് ലങ്കയിൽ കടക്കാം.

ഹനുമാൻ ലങ്കയെന്ന അത്ഭുതലോകത്തിലേക്കു കടന്നു.ദേവലോകസമമായ അവിടെ എവിടേയും സീതയെ കണ്ടെത്താനായില്ല. അന്തഃപുരത്തിലെ അനേകശതം നാരിമാരിലും സീതയെ കണ്ടത്താനാകാതെ, ഹനുമാൻ അശോകവനികയിൽ പ്രവേശിച്ചു. അവിടെ ഒരു വലിയ അശോകമരത്തിനു കീഴിൽ മലിന വസ്ത്രത്തോടെ ഉപവാസത്താൽ തളർന്നവളും ശോകത്താൽ മൃതപ്രായയെന്നു തോന്നുന്നവളുമായ സീതയെ ഹനുമാൻ തിരിച്ചറിഞ്ഞു. രാക്ഷസികളാൽ ചുറ്റപ്പെട്ട സീതയുടെ മുന്നിലേക്ക് ഉടൻ പ്രത്യക്ഷപ്പെടാൻ മടിച്ച് പിറ്റേന്നു പുലരുവാൻ ആ മരത്തിൽ ഒളിച്ചിരുന്നു. പിറ്റേന്നു രാവിലെ തന്നെ രാവണൻ നൂറുതോഴിമാരുമൊത്ത് അവിടെത്തി.പ്രലോഭനങ്ങൾക്കു വശംവദയാകാത്ത പക്ഷം രണ്ടു മാസങ്ങൾക്കൂടി കാത്ത ശേഷം പാചകക്കാർക്കു പ്രാതലൊരുക്കാൻ നിർദ്ദേശം നൽകുമെന്നും ഭീഷണിപ്പെടുത്തി അവൻ മടങ്ങി.

സീതക്കു ചുറ്റുമിരുന്ന അരക്കികൾ, ഇനിയും കാത്തിരിക്കേണ്ടതില്ല ഇപ്പോൾ തന്നെ കൊന്നു തിന്നാമിവളെ എന്ന നിലയിൽ സീതയെ ഭർത്സിച്ചു. എന്നാൽ പെട്ടന്ന് ത്രിജട എന്ന വൃദ്ധയായ രാക്ഷസി മറ്റു രാക്ഷസിമാരെ ചീത്ത പറഞ്ഞു കൊണ്ട് ഇപ്രകാരം പറഞ്ഞു "ലങ്കക്ക് ആപത്ത് അടുത്തിരിക്കുന്നു. സീതയെ അപഹരിച്ചതോടെ ലങ്ക മുടിഞ്ഞു.രാമൻ സീതയെ നേടും രാവണനെ കൊല്ലും."

അരക്കികളുടെ ഭർത്സനവും രാവണൻ്റെ കാമ ചിന്തയിലും തളർന്ന് ഇതിലും ഭേദം പ്രാണ ത്യാഗം തന്നെയെന്നു സീതയും ചിന്തിച്ചു തുടങ്ങി.അവൾ രാമനെ ഓർത്തു. പൊടുന്നനെ ചില ശുഭ ശകുനങ്ങൾ കണ്ടുതുടങ്ങി.സീതയുടെ ഇടം കണ്ണു തുടിച്ചു, ഇടം കൈ തുടിച്ചു, ശുഭസൂചന നൽകി.
ഇത്രയുമായപ്പോൾ ഹനുമാൻ ഇനിയും വൈകിക്കാതെ സീതയെ രാമവൃത്താന്തമറിയിക്കുവാൻ നിശ്ചയിച്ചു.

അസാധ്യമെന്ന ഒന്ന് സാധ്യമാക്കുന്ന മാരുതിയാണ് ഇരുപതാം ദിവസത്തെ ജ്വലിപ്പിക്കുന്നത്. ഇടയ്ക്കുണ്ടാകുന്ന തടസങ്ങൾ നിഷ്പ്രഭങ്ങളാകുന്നു. ഒന്നറിയാം. ജീവിതം ഒരു സമുദ്രതരണം പോലെ ഏറെ വെല്ലുവിളി നിറഞ്ഞതാണ്.അതു മറികടക്കേണ്ടത് സ്വന്തം ആത്മവിശ്വാസത്തിലൂന്നിയാണ്.അതായത് ഹനുമാൻ മുന്നോട്ടു കുതിക്കുമ്പോൾ സ്വന്തം ശക്തിയിലെ വിശ്വാസം മാത്രമാണ് അതിനു തുണയാകുന്നത്.

ഇരുപതാം ദിനം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക