വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും കരയിപ്പിച്ചുമെല്ലാം സുരാജ് 2019 ല്‍ തകര്‍ത്താടിയത് നാം കണ്ടതാണ്. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ഡ്രൈവിങ് ലൈസന്‍സ് എന്നീ സിനിമകളിലൂടെ തന്റെ റേഞ്ച് എത്രയെന്ന് പ്രേക്ഷകരെ അദ്ദേഹം അറിയിക്കുകയുമുണ്ടായി. ഇപ്പോഴിതാ തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുകയാണ് താരം
ഹാസ്യ കഥാപാത്രങ്ങളിലൂടെയെത്തി സ്വഭാവ നടനായി ഇപ്പോള്‍ നായക നിരയിലേക്ക് ഉയര്‍ന്നിരിക്കുന്ന താരമാണ് സുരാജ്. താരം നായകനാകുന്ന പുതിയ ചിത്രത്തിന് റോയ് എന്നാണ് പേരിട്ടിരിക്കുന്നത്. ചാപ്റ്റേഴ്സ്, അരികില്‍ ഒരാള്‍, വൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'റോയ്'. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സുരാജ് തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.
വെബ് സോണ്‍ മൂവീസ് ടീം ഒരുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജയേഷ് മോഹനാണ് നിര്‍വ്വഹിക്കുന്നത്. വിനായക് ശശിധരന്റെ വരികള്‍ക്ക് മുന്ന പി.ആര്. ആണ് സംഗീതം. പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായെത്തിയ 'ഡ്രൈവിംഗ് ലൈസന്‍സ്' ആണ് സുരാജിന്റേതായി ഏറ്റവും ഒടുവില്‍ തീയേറ്ററുകളിലെത്തിയ ചിത്രം. സിനിമയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കുരുവിള എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് താരം നടത്തിയിരുന്നത്. മാമാങ്കത്തിന് ശേഷം എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ആസിഫ് അലിയും, സുരാജ് വെഞ്ഞാറമൂടും മുഖ്യ കഥാപാത്രങ്ങളായെത്തുന്നുമുണ്ട്.