Image

കുവൈറ്റില്‍ കുട്ടികളുടെ താമസരേഖ മാറ്റുന്നതിനു നിരോധനം

Published on 01 August, 2020
 കുവൈറ്റില്‍ കുട്ടികളുടെ താമസരേഖ മാറ്റുന്നതിനു നിരോധനം


കുവൈറ്റ് സിറ്റി : കുട്ടികളുടെ താമസ രേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു കുവൈറ്റ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. സ്‌പോണ്‍സറായ പിതാവ് രാജ്യം വിട്ടുപോകുകയോ, നാട്ടിലായിരിക്കെ താമസ രേഖ അവസാനിക്കുകയോ അല്ലെങ്കില്‍ മരണമടയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുടെ താമസ രേഖ മാതാവിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്ക് മാറ്റുന്നതിനു നേരത്തെ അനുമതി നല്‍കിയിരുന്നു. ഇത്തരത്തിലുള്ള അപേക്ഷകള്‍ ഇനി മുതല്‍ സ്വീകരിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസ് വ്യാപനത്തിനു മുന്പ്  സന്ദര്‍ശക വിസയില്‍ രാജ്യത്ത് എത്തിയ കുട്ടികളുടെ താമസ രേഖ കുടുംബ വീസയിലേക്ക് മാറ്റുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഇത് അനുവദനീയമായിരുന്നു. ആറ് ഗവര്‍ണറേറ്റുകളിലെ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡയറക്ടര്‍മാര്‍ക്ക് ഇതിന്റെ ഉത്തരവ് കൈമാറിയതായും രാജ്യത്ത് താമസിക്കുന്ന അമ്മമാരുടെ സ്പോണ്‍സര്‍ഷിപ്പില്‍ കുട്ടികളുടെ റസിഡന്‍സി കൈമാറുന്നതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തരുതെന്നും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തിലെ അധ്യാപികമാര്‍ , ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജോലി ചെയ്യുന്ന വനിതാ മെഡിക്കല്‍ ,നഴ്‌സിംഗ് ജീവനക്കാര്‍,ആഭ്യന്തര മന്ത്രാലയത്തിലെ കുറ്റകൃത്യ തെളിവ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന വനിതാ ഡോക്ടര്‍മാരെയും പുതിയ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക