Image

സാമ്പത്തികപ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികള്‍ക്ക് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു

Published on 01 August, 2020
സാമ്പത്തികപ്രതിസന്ധിയിലായതോടെ ദുരിതത്തിലായ കമ്പനി തൊഴിലാളികള്‍ക്ക് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു
അല്‍കോബാര്‍:  തുഗ്ബയില്‍ ഒരു കമ്പനിയുടെ ക്യാമ്പില്‍ ഭക്ഷണമില്ലാതെ ദുരിതത്തില്‍ കഴിഞ്ഞിരുന്ന ഇരുന്നൂറോളം തൊഴിലാളികള്‍ക്ക്, കിഴക്കന്‍ പ്രവിശ്യ നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തു.

അല്‍കോബാര്‍ കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഒരു ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്റ്റിങ് കമ്പനിയിലെ തൊഴിലാളികളാണ്, കഴിഞ്ഞ രണ്ടു മാസമായി ജോലിയോ, ശമ്പളമോ ഇല്ലാതെ കമ്പനിയുടെ ക്യാമ്പില്‍ ദുരിതത്തില്‍ കഴിഞ്ഞിരുന്നത്. കൂടുതലും ഇന്ത്യക്കാരായിരുന്നു തൊഴിലാളികള്‍. ബംഗ്ലാദേശ്, പാകിസ്ഥാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഉള്ളവരും ഉണ്ട്.

കൊറോണ വന്നതോടെ ലോക്ക്‌ഡൌണ്‍ തുടങ്ങിയതോടെ സാമ്പത്തികപ്രതിസന്ധിയിലായ കമ്പനി, ലോക്ക്‌ഡൌണ്‍ അവസാനിച്ചിട്ടും, തൊഴിലാളികള്‍ക്ക് ജോലിയോ ശമ്പളമോ ഭക്ഷണത്തിനുള്ള അലവന്‍സോ നല്‍കിയില്ല. തൊഴിലാളികള്‍ക്ക് എക്‌സിറ്റും, ടിക്കറ്റും,   ശമ്പളകുടിശ്ശികയും, സര്‍വീസ് ആനുകൂല്യങ്ങളും നല്‍കി നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് കമ്പനി വാഗ്ദാനം ചെയ്‌തെങ്കിലും, ഇതുവരെ അതും ചെയ്തിട്ടില്ല

കൈയിലുള്ള പണം മുഴുവന്‍ ചിലവഴിച്ചും, കടം വാങ്ങിയും ഇതുവരെ പിടിച്ചു നിന്ന തൊഴിലാളികള്‍, രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്കിനെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചത്. തുടര്‍ന്ന് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് വോളന്റീര്‍മാര്‍, ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുമായി ക്യാമ്പില്‍ എത്തി തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു. നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഭാരവാഹികളായ പവനന്‍ മൂലയ്ക്കല്‍, സുനില്‍ മുഹമ്മദ്, ഷഫീക്ക്, വിമല്‍,  രത്‌നാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൊറോണ കാരണം സാമ്പത്തികപ്രതിസന്ധിയിലായ കിഴക്കന്‍ പ്രവിശ്യയിലെ മലയാളി പ്രവാസികളെ സഹായിക്കാനായി, നാല് മാസം മുന്‍പാണ് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ദമ്മാം കേന്ദ്രീകരിച്ചു രൂപീകരിയ്ക്കപ്പെട്ടു പ്രവര്‍ത്തിച്ചു വരുന്നത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് നോര്‍ക്ക ഹെല്‍പ്പ്‌ഡെസ്‌ക്ക് ഇതുവരെ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക