Image

കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുവാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ 'ഉയിര്‍'

Published on 28 July, 2020
 കോവിഡിന്റെ പശ്ചാത്തലത്തില്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ അഭിമുഖീകരിക്കുവാന്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ 'ഉയിര്‍'

ലണ്ടന്‍: കോവിഡ് - 19 സാധാരണ ജനജീവിതത്തെ മാറ്റിമറിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് ലോകം. ഏകാന്തതയും ഒറ്റപ്പെടലും ഒക്കെ യുകെ മലയാളികളെയും പലവിധത്തില്‍ വീര്‍പ്പുമുട്ടിച്ചു തുടങ്ങി. സാമൂഹ്യ അകലം പാലിക്കലും, വിനോദങ്ങള്‍ക്കായി പുറത്തുപോകുന്നത് നിറുത്തേണ്ടിവന്നതുമൊക്കെ കുടുംബത്തില്‍ മാതാപിതാക്കളുടെയും മക്കളുടേയുമെല്ലാം മാനസികാരോഗ്യത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്.

ഈ പ്രവണതയെ കാരുണ്യത്തോടെ സമീപിക്കുകയും സാന്ത്വനത്തോടെ കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് വളരെ അത്യന്താപേക്ഷിതമായിരിക്കുന്ന സാഹചര്യത്തില്‍, യുക്മയുടെ ചാരിറ്റി വിഭാഗമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളികള്‍ക്ക് മാനസികാരോഗ്യത്തില്‍ കൈത്താങ്ങായിക്കൊണ്ട് ഉയിര്‍ എന്നപേരില്‍ ഒരു സംരംഭവുമായി മുന്നോട്ടു വരികയാണ്. നമ്മുടെ അതിജീവന ശക്തി വര്‍ധിപ്പിക്കുക എന്ന അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തില്‍നിന്നാണ് ഉയിര്‍ എന്ന പേരിന് രൂപം നല്‍കിയിരിക്കുന്നത് (Uplift Your Inner Resilience - UYIR).

കൊറോണ ഉയര്‍ത്തിയിരിക്കുന്ന മാനസിക പ്രശ്‌നങ്ങള്‍ അറിഞ്ഞും അറിയാതെയും യുകെ മലയാളി കുടുംബങ്ങളിലും പ്രതിസന്ധികള്‍ ഉയര്‍ത്തുന്നുണ്ട് എന്ന തിരിച്ചറിവില്‍, മാനസികാരോഗ്യ രംഗങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ദ്ധരുടെ സഹകരണത്തോടെയാണ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വിഷാദ രോഗങ്ങളിലേക്കും മറ്റു മാനസികാരോഗ്യ പ്രശ്ങ്ങളിലേക്കും വഴിതെളിക്കുന്ന ഇത്തരം വിഷയങ്ങളില്‍ പരിശീലനം സിദ്ധിച്ച വ്യക്തികളുടെ ഇടപെടല്‍ തീര്‍ച്ചയായും ആവശ്യമായി വരുന്നു. സൈക്കാട്രി, യോഗ, ഫിസിക്കല്‍ ഫിറ്റ്‌നെസ് തുടങ്ങിയ വിഷയങ്ങളില്‍ പരിചയ സമ്പന്നരായ വ്യക്തികളുമായി സംസാരിക്കുവാന്‍ അവസരം ഒരുക്കുകയാണ് പ്രധാനമായും ചെയ്യുന്നത്.

ആഴ്ചയില്‍ രണ്ടു ദിവസം വൈകുന്നേരം ഒരു മണിക്കൂര്‍ വീതമാണ് ഇതിനായി ആദ്യ ഘട്ടത്തില്‍ നീക്കി വക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൂര്‍ണമായ വ്യക്തി സ്വകാര്യത പാലിക്കുന്നതായിരിക്കുമെന്ന് യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചുമതലയുള്ള ഷാജി തോമസ്, ടിറ്റോ തോമസ്, വര്‍ഗീസ് ഡാനിയേല്‍, ബൈജു തോമസ് എന്നിവര്‍ അറിയിച്ചു.

ഈ പരീക്ഷണ കാലഘട്ടത്തെ അതിജീവിക്കുവാന്‍ മറ്റെല്ലാ ജനസമൂഹങ്ങള്‍ക്കുമൊപ്പം യുകെ മലയാളി സമൂഹത്തിനും കഴിയണമെന്ന കാഴ്്ചപ്പാടോടെ യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ തുടങ്ങിവെക്കുന്ന ഉയിര്‍ ന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നതായി യുക്മ ദേശീയ കമ്മറ്റിക്ക്വേണ്ടി പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, സെക്രട്ടറി അലക്്‌സ് വര്‍ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക