Image

ഒസ്യത്ത് ( കവിത: പുഷ്പമ്മ ചാണ്ടി )

Published on 26 July, 2020
ഒസ്യത്ത് ( കവിത: പുഷ്പമ്മ ചാണ്ടി )
നിഗൂഢത നിറയുമൊരു  നിമിഷത്തിൽ
മരണത്തിന്റെ കൈയ്യും  പിടിച്ചകലേക്കു 
ഞാനൊരു യാത്രപോകും 
എല്ലാരും പോകുന്നൊരിടത്തിലേക്ക്

മൃത്യുവെന്ന സത്യമൊപ്പം 
കൂട്ടിട്ടു പോകുവാനെന്നെ -
ത്തുമെന്നുറപ്പില്ല, 
പക്ഷേ സത്യമായും 
വരുമെന്നുറപ്പുളള കാര്യം

" പിരിയില്ലൊരു നാളും"
വാഗ്ദാനമെല്ലാം 
പ്രകൃതി നിയമം കയ്യടക്കി വാഴും

ദേഹം വെടിഞ്ഞു ഞാൻ  പോകുന്ന നേരത്തു 
തണുത്തുറയും
ശവമുറിയിലടച്ചു
വയ്ക്കരുതേയെന്നെ
ആത്മാവു 
ശ്വാസം കിട്ടാതെ പിടയും..

വെളുത്ത കാലുറയും  കൈയ്യുറയും
കിരീടവും വേണ്ട
എനിക്കു ചേരാത്ത വേഷങ്ങളവയെല്ലാ - 
മെന്നെ അണിയിക്കല്ലേ.. 
നാസികാദ്വാരത്തിൽ 
പഞ്ഞിവെക്കാതിരുന്നൂടെ ?

കരുതിവച്ചിട്ടുളള 
ചുവന്ന പട്ടിൽ
എന്നെ പൊതിയണേ...
നെറ്റിയിൽ ചുവന്ന സിന്ദൂരം ചാർത്തണേ.. 
തറയിൽ വെറും പായിൽ  
കിടത്തണേ..
അന്ത്യചുബനക്കണ്ണീരാ-
ലെന്നെ പൊതിയരുതേ..
എനിക്കായൊരശ്രുകണമാരും 
പൊഴിക്കരുതേ..
അതുകണ്ടു വേദനിച്ചാലോയെന്നാത്മാവ്... 

സ്‌നേഹം പങ്കിട്ടതു തിരികെ വാങ്ങിയവർ
വാത്സല്യം, ഞാനായി പകർന്നു കൊടുത്തവർ
പാതിവഴിയിൽ വിട്ടേച്ചു പോയവർ 

ഒരുനാളിൽ തേടിവരുമെന്നു
ചൊന്നവർ 
അവർ മാത്രമെന്നെയന്ത്യയാത്രയാക്കാൻ വേണ്ട ..!
ഒരു കടമായി ബാക്കി  നിൽക്കട്ടെ,  
ഇനിയൊരു ജന്മമുണ്ടെങ്കിലന്നേക്കും 
കിട്ടാകടങ്ങളായ്...ചിലതൊക്കെ ...

ഇടുങ്ങിയ കല്ലറയുടെ 
നാലുചുമരിന്നകമേ
തളക്കല്ലേ   
കാടുപിടിച്ച ശവക്കോട്ടയിൽ, തഴച്ചുവളരും
കള്ളിമുൾച്ചെടികൾക്കു നടുവിൽ, 
പായൽ പിടിച്ചോരോർമ 
ശിലയായി 
എന്തിനു വെറുതെ ?....

അഗ്നിയെന്നെ വിഴുങ്ങട്ടെ...
ഭസ്‌മമാകട്ടെ ഞാൻ.
കടലെന്നെയേറ്റു വാങ്ങട്ടെ ..
ഞാനീ  പ്രപഞ്ചത്തിലലിഞ്ഞു 
ചേരട്ടെ, 
തിരമാലകൾക്കൊപ്പം 
കരയെ പുണരട്ടെ 
മഴയത്തും
വെയിലത്തും കാറ്റിൽ 
അലയട്ടെ  
സ്നേഹിച്ചവർക്കുളളിലെ
കുളിരോർമ്മയാവട്ടെ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക