Image

നീലച്ചിറകുള്ള മൂക്കുത്തികൾ 23 - സന റബ്സ്

Published on 26 July, 2020
നീലച്ചിറകുള്ള മൂക്കുത്തികൾ 23 - സന റബ്സ്
 
പിറ്റേന്ന് രാവിലെ ദാസിന്റെ ഹോട്ടൽ മുറി. 
ദാസും നിരഞ്ജനും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ കരോലിന്‍ ദാസിനെ ഫോണില്‍ വിളിച്ചു  മുറിയിലേക്ക് വന്നു. “മിസ്‌ കരോലിന്‍, ഇന്നലത്തെ പെര്‍ഫോമന്‍സ് അത്യുഗ്രന്‍ എന്നല്ല പറയേണ്ടത്. അതിഗംഭീരമായിരുന്നു! മീറ്റ്‌ മൈ ഫ്രണ്ട് മിസ്റ്റര്‍ നിരഞ്ജന്‍.” അയാള്‍ രണ്ട്പേരെയും പരിചയപ്പെടുത്തി.
 
കരോലിന്‍ സന്തോഷത്തോടെ ചിരിച്ചു. “ഇന്നലെ കാണണം എന്നോര്‍ത്തതാണ്. വന്നപ്പോള്‍ വളരെ ലേറ്റായി.”അവള്‍ പറഞ്ഞു.
 
“ഇറ്റ്സ് ഓക്കേ, ഇനിയെന്താണ് ഭാവിപരിപാടികള്‍?”
 
“അടുത്തത് സെമിഫൈനല്‍ അല്ലേ, അതിലേക്കുള്ള ഒരുക്കങ്ങള്‍. പിന്നെ അല്പം ബിസിനസ്, പഠനം...”
അല്പനേരത്തെ കുശലത്തിനുശേഷം  പോകാന്‍തുടങ്ങിയ കരോലിന്‍ തിരിഞ്ഞ് ദാസിനോടായി പറഞ്ഞു. “താങ്ക്സ് ഫോര്‍ യുവര്‍ ഫ്ലവേര്‍സ് സര്‍... ഞാനത് പ്രത്യേകം എടുത്ത് റൂമില്‍ കൊണ്ടുവന്നു. ഇപ്പോഴുമവ ഫ്രഷായിരിക്കുന്നു.”
 
ദാസ്‌ അവളെ നോക്കി പുഞ്ചിരിച്ചു. “ഓക്കേ, വെല്‍കം, ബട്ട്‌.... പ്രത്യേകിച്ച് ഏതു പൂക്കളെപ്പറ്റിയാണ്....?”
 
“അതെ റായ്സര്‍, ഇന്നലെ കൊടുത്തുവിട്ട പൂക്കളില്ലേ?  സ്റ്റാഫിന്റെ കൈവശം?”
 
“ഓഹ... ഓക്കേ.... ശരി ശരി..... ആവട്ടെ....” ചിലപ്പോള്‍ തനിക്കു വേണ്ടി തന്റെ കമ്പനി  ചെയ്തിരിക്കാം എന്ന അറിവില്‍ ദാസ്‌ കരോലിനെ യാത്രയാക്കി. കരോലിന്‍ പോയപ്പോള്‍ നിരഞ്ജന്‍ അയാളെ നോക്കി. “എന്താണ് പുതിയ പൂക്കളുടെ വിശേഷം?"
 
“ ഏയ്‌, ആ കുട്ടിയുടെ ഷോയ്ക്ക് വേണ്ടിയാണല്ലോ വന്നത് തന്നെ, മേ ബി നമ്മുടെ സ്റ്റാഫ് കൊടുത്തിരിക്കാം.”
 
 നേര്‍ത്തശബ്ദത്തോടെ  വാതിലിൽ മുട്ട് കേട്ടു. 
"തനൂജാ! “ഒഹ്, വരൂ....ഇന്നലെ തിരക്കില്‍ അധികം സംസാരിക്കാന്‍ കഴിഞ്ഞില്ല.. വരൂ, ഇരിക്കൂ...” ദാസ്‌ ആതിഥ്യമര്യാദയോടെത്തന്നെ തനൂജയ്ക്ക് ഇരിപ്പിടം ചൂണ്ടി.
 
“റായ്, നമ്മുടെ പ്രീമിയര്‍ ലീഗ്  മറന്ന മട്ടാണല്ലോ, കളി തുടങ്ങറായി.” കാലില്‍ കാല്‍ കയറ്റിവെച്ചു തനൂജ ഇരുന്നപ്പോള്‍ അല്പം മാത്രം ഇറക്കമുള്ള വസ്ത്രത്തിനപ്പുറമുള്ള കാലുകളുടെ നഗ്നത അനാവൃതമായി. നിരഞ്ജന്‍ ടീവീയിലേക്ക്  നോട്ടം മാറ്റി.
 
“ഇല്ലയില്ല, ഒരുക്കങ്ങള്‍ തുടങ്ങിക്കോളൂ, എന്നെ അറിയിച്ചാല്‍ മതി. എപ്പോള്‍ വേണമെങ്കിലും സമയം ഷെഡ്യൂള്‍ ചെയ്യാം.”
 
“ഓക്കേ, കരോലിൻ  ഇന്നലെ ഗംഭീരമാക്കി അല്ലെ?”
 
“അതെ, നിങ്ങളുടെ സിനിമാമോഡല്‍ രംഗത്തേക്ക്  ഒരു തൂവല്‍ക്കൂടി വരുന്നു. തനൂജയ്ക്ക് ഒരെതിരാളിയാണ്...” ദാസ്‌ തമാശയോടെ പറഞ്ഞപ്പോള്‍ തനൂജ ചിരിച്ചു.
 
“ഒരിക്കലുമല്ല റായ്, കരോലിന്‍ എനിക്കൊരു എതിരാളിയേ അല്ല. ഇത്രയും വലിയ സിനിമാലോകത്തേക്ക് അവളിപ്പോള്‍ കടക്കുന്നേയുള്ളൂ. എന്റെ എതിരാളികള്‍ ഇവിടെ മുന്നേ ഉണ്ടല്ലോ...”
 
“അതാരാണ് തനൂജാ തിവാരി എന്ന സൂപ്പര്‍നായികയുടെ എതിരാളി?” ചിരിയോടെ നിരഞ്ജന്‍ ചോദിച്ചു.
“ഹഹഹ... അതൊക്കെയുണ്ട്‌, അല്ലെ റായ്...”കൂര്‍ത്ത ഒരു  ചിരിയോടെ  തനൂജ എഴുന്നേറ്റു പോകാനായി തിരിഞ്ഞു.  “ശരി, സീ യൂ, അമ്മയോട് എന്‍റെ സ്നേഹം പറയണം കേട്ടോ....” വാതില്‍ കടക്കുംമുന്നേ തനൂജ ഓര്‍മ്മപ്പെടുത്തി.
 
“ഇവരുമായി താന്‍ അടുത്ത ബന്ധമാണോ?” തനൂജ പോയപ്പോള്‍ നിരഞ്ജന്‍ ചോദിച്ചു. ചോദ്യം കേട്ട ദാസ് അല്‍പനേരം മിണ്ടാതിരുന്നു. പിന്നീടു കാര്യങ്ങള്‍ ചുരുക്കി വിവരിച്ചു. “അപ്പോള്‍ ഈ സൂചിപ്പിച്ച എതിരാളി മിലാന്‍ ആണല്ലേ...ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകുന്നു. അമ്മ ഇവിടെയുള്ളത് തനൂജയ്ക്ക്  അറിയാമോ?”
 
“ചിലപ്പോള്‍ അറിയുമായിരിക്കും.  കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ അവള്‍ക്ക് പ്രത്യേക കഴിവ്തന്നെയുണ്ട്‌.”
സാമി ചില പ്രധാനപ്പെട്ട ഫയലുകളുമായി മുറിയിലേക്ക് വന്നു. ഒപ്പിട്ടുകൊണ്ടിരിക്കെ നിരഞ്ജന്‍ സാമിയോടു ചോദിച്ചു. “എവിടെനിന്നാണ്   നിങ്ങൾക്ക്   ദിവസങ്ങള്‍  കഴിഞ്ഞിട്ടും ഉണങ്ങാത്ത പൂക്കള്‍ കിട്ടിയത്? എനിക്കും വേണമല്ലോ കുറച്ച്. എന്‍റെ പ്രിയതമയ്ക്ക് ഇവിടുന്നേ പാഴ്സല്‍ അയച്ചേക്കാം.”
 
 “ഏതുതരം പൂക്കളാണ് ഉദ്ദേശിക്കുന്നത്?” സാമിയുടെ ചോദ്യം അതായിരുന്നു.
 
“സെയിം, ഇന്നലെ കരോലിനും കൂട്ടുകാര്‍ക്കും എത്തിച്ചില്ലേ, അത് തന്നെ...”  
 
സാമി കുറച്ച്നേരം ഒന്നും മിണ്ടിയില്ല. അയാള്‍ ദാസിനെ നോക്കി. ദാസ്‌ പുരികമുയര്‍ത്തി.  “ഒക്കെ സാബ്, ഞാനെത്തിക്കാം....” സാമി ഉടനെ പൂരിപ്പിച്ചു.
 
സാമി തന്‍റെ മുറിയില്‍ പോയി  ആരെങ്കിലും  കരോലിന് പൂക്കള്‍ എത്തിച്ചോ എന്നറിയാന്‍  പലരേയും വിളിച്ചു. പ്രഭാതഭക്ഷണം എല്ലാവരും ഒരുമിച്ച് കഴിക്കാനുള്ള  പ്ലാന്‍ ഉണ്ടായിരുന്നതിനാല്‍  അതിന്റെ ഒരുക്കങ്ങളിലേക്കയാള്‍ കടന്നു. ആഹാരം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ താരാദേവി മകനോട്‌ ചോദിച്ചു,”നീ വൈകിയാണോ വന്നത്? വളരെ വൈകിയാണല്ലോ ഇന്നലെ നീ ആഹാരം കഴിച്ചത്. ഇത്രേം വൈകരുത്.”
 
“ഏയ്, ഇന്നലെ ആ ഷോയില്‍ നിന്നുള്ള ഫുഡ്‌ അല്ലാതെ  മറ്റൊന്നും കഴിച്ചില്ല. ഇന്നലെ എല്ലാവരെയും ഒരുമിച്ചുകണ്ട സന്തോഷത്തില്‍ പിന്നെ സമയം കിട്ടിയതുമില്ല.”
 
“എന്താണ് വിദേത് ആഹാരത്തില്‍ ഒട്ടും  നിഷ്കര്‍ഷ പാലിക്കാത്തത്? നേരിട്ടാണോ ഹോട്ടലുകളില്‍ പോയാല്‍ ആഹാരം ഓര്‍ഡര്‍ ചെയ്യാറ്? അത് അപകടമാണ് എന്നറിയില്ലേ വിദേത്? സ്റ്റാഫ് വഴിയല്ലാതെ ഫുഡ്‌ കൊണ്ട് വരികയോ കഴിക്കുകയോ ചെയ്യരുത്. യു നോ, യു ആര്‍ എ വെരി ഇമ്പോര്ട്ടന്റ്റ് പേര്‍സണ്‍, ബി കെയര്‍ഫുള്‍...” നിരഞ്ജന്‍ ഒന്നുകൂടി ഊന്നിയാണ് പറഞ്ഞത്.
 
“അങ്ങനെത്തന്നെയാണ് ചെയ്യാറ്.”
 
“ഇന്നലെ വെയിറ്റര്‍ ഫുഡ്‌ ഇവിടെ വെച്ചിട്ട് പോകുന്നത് കണ്ടു. അതും അസമയത്ത്.”
 
ദാസിനത് മനസ്സിലായില്ല. പക്ഷെ അമ്മയുള്ളതിനാല്‍ അയാള്‍ വിശദീകരണം ചോദിച്ചില്ല. ഈ ഹോട്ടലില്‍ വന്നതിനു ശേഷം പുതിയ കാര്യങ്ങളാണ് സംഭവിച്ചതെന്ന വശം മറന്നുമില്ല.
 
“അന്നത്തെ റൂം ബോയ് വന്നിട്ടുണ്ട് സാബ്, അയാളെ വിളിക്കട്ടെ?” അമ്മ പോയപ്പോൾ സാമി സൂചിപ്പിച്ചു. 
കരോലിന് റൂം കാണിച്ചുകൊടുത്ത ലിഫിറ്റില്‍ ഉണ്ടായിരുന്ന ഹോട്ടല്‍ സ്റ്റാഫിനെ ദാസ്‌ ഒന്നുഴിഞ്ഞു നോക്കി. എന്തെങ്കിലും അങ്ങോട്ട്‌ ചോദിക്കും മുന്‍പേ അയാള്‍ ദാസിനോട് സംസാരിച്ചു. “സര്‍, ലിഫിറ്റില്‍ മേഡം കയറുമ്പോള്‍ ഞാനുണ്ടായിരുന്നു. രണ്ടാം നിലയില്‍ നിന്നും മറ്റൊരു സറ്റാഫ് കയറി. അയാള്‍ക്ക് ഞാന്‍ കീകാര്‍ഡ് കൈമാറി. അയാളാണ് മേഡത്തെ മുറിയില്‍ കൊണ്ടാക്കിയത്‌.”
 
“അതാരാണ്...? "
 
“സര്‍, ഞാനിവിടെ പുതിയ സ്റ്റാഫാണ്. മുഴുവന്‍ ആളുകളെയും പരിചയമായി വരുന്നതേയുള്ളൂ, കണ്ടാല്‍ അറിയാം സര്‍.”
 
“നിങ്ങളുടെ പേരെന്താണ്...?”
 
“ മനോഹര്‍, മുംബൈ ആണ് സര്‍ വീട്...” അയാള്‍ ഒന്ന് നിറുത്തി സാമിയെ നോക്കി. പിന്നെ  ദയനീയമായി ദാസിനെ നോക്കി തുടര്‍ന്നു. “സര്‍, മറ്റൊരു ജോലി നഷ്ടപ്പെട്ട് ഇപ്പോള്‍ കിട്ടിയ ജോലിയാണിത്. എന്തെങ്കിലും കംപ്ലൈന്റെ വന്നാല്‍ എന്റെ ജോലി പോകും സര്‍...”
 
ദാസിന്‍റെ കണ്ണുകള്‍ അയാളുടെ കണ്ണുകളുമായി ഏറ്റുമുട്ടുകയായിരുന്നു. തന്നെപ്പോലുള്ള ഒരാള്‍ ചോദ്യം ചെയ്യുമ്പോള്‍ കള്ളത്തരം ഉണ്ടെങ്കിലുള്ള പതര്‍ച്ച അയാളുടെ മുഖത്ത് ഉണ്ടായിരുന്നില്ല എന്നത് ദാസ്‌ കണ്ടു. ഒരുപക്ഷെ അയാള്‍ക്ക്‌ ഇതിലൊരു  പങ്കുമില്ലയിരിക്കാം, അതല്ലെങ്കില്‍ പഠിച്ച കള്ളനാവാനും പോസ്സിബിലിറ്റി ഉണ്ട്. എന്തായാലും അയാളെ പറഞ്ഞു വിടുമ്പോള്‍ ദാസ്‌ ചിന്താധീനനായിരുന്നു.
 
“എന്താണ് പ്രശ്നങ്ങള്‍?” കാര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന നിരഞ്ജന്‍  മൗനം ഭഞ്ജിച്ചു. ദാസ്‌ എഴുന്നേറ്റു കൈകള്‍ വിടര്‍ത്തി ഒന്ന് മൂരിനിവര്‍ന്നു . “ഇന്നലെ ആരാണിവിടെ ഫുഡ്‌ ട്രോളിയുമായി വന്നതെന്ന് കണ്ടാല്‍ തനിക്കറിയുമോ?”
 
നിരഞ്ജന്‍ തന്റെ മുകളിലേക്ക് ചീകിവെച്ച  മുടിയെ മുന്നിലേക്ക്‌ പറ്റെ താഴ്ത്തികൊണ്ടിരുന്നു. “അറിയുമെങ്കില്‍.....”
 
“എങ്കില്‍  നമുക്കയാളോട് ആരാണ് ഫുഡ്‌ ഓര്‍ഡര്‍ ചെയ്തതെന്ന് ചോദിക്കണം...”
 
“എന്തിനാണീ സില്ലി കാര്യങ്ങളില്‍ തല പുകയ്‌ക്കുന്നത് വിദേത്?” ഇത്രയും തിരക്കിനിടയില്‍.... ചിലപ്പോള്‍ റൂം മാറിയതാവാമല്ലോ...”
ദാസ്‌ വന്നു നിരന്ജന് അഭിമുഖമായി ഇരുന്നു. താനും കരോലിനും ഒരു മുറിയില്‍ ഉറങ്ങിയതടക്കമുള്ള കാര്യങ്ങള്‍ വിശദീകരിച്ചു. “ഇപ്പോള്‍ താന്‍ എന്ത് പറയുന്നു...?”
 
“എങ്കില്‍  നമ്മള്‍  ചെയ്യേണ്ടത് ഇന്നലെ തന്റെ മുറിയിലേക്ക് ഫുഡ്‌ ഓര്‍ഡര്‍ ചെയ്തത് ഏതു മുറിയില്‍ നിന്നാണെന് അറിയുകയാണ്.എന്തായിരുന്നു ആ ഫുഡ്‌ ഐറ്റം എന്നും നമുക്കറിയണം.”
 
സാമി  വെളിയിലേക്ക് പോയി. ഹോട്ടലില്‍ അനേഷിച്ചപ്പോള്‍ ഫോണില്‍ അങ്ങനെയൊരു ഓര്‍ഡര്‍ അവിടെ കിട്ടിയിട്ടില്ല എന്ന് മനസ്സിലായി. “ചിലപ്പോള്‍ റൂംബോയ്സ് നേരിട്ട് ഓര്‍ഡര്‍ എടുത്തിരിക്കാം, അത് നമ്മുടെ ടീം അല്ലെങ്കില്‍ മറ്റാരാണെന്ന് നോക്കണമല്ലോ. എന്തായാലും താന്‍ അന്നത്തെ വീഡിയോഫൂട്ടെജ് എനിക്കൊന്ന് മെയില്‍ ചെയ്യണം, ഞാനത് എന്റെ വൈഫിന് ഫോര്‍വേഡ് ചെയ്യാം, അവളുടെ ജേര്‍ണലിസ്റ്റ് ബുദ്ധിയില്‍ എന്തെങ്കിലും തടയുമോ എന്നറിയാം.” നിരഞ്ജന്‍ ഓര്‍മ്മിപ്പിച്ചു. “നമ്മള്‍ ഇന്നലെ ആഹാരം കൊണ്ടുവന്ന ആളെ അനേഷിച്ചു വീണ്ടും ചെന്നാല്‍ ഇവിടെ ഗുരുതരമായ എന്തോ നടന്നു എന്നത് ഹോട്ടല്‍ അധികൃതര്‍ കരുതും. അതുകൊണ്ട് രഹസ്യമായി ആ വെയിറ്ററെ കണ്ടെത്തണം.”
 
തലേന്ന് രാത്രിയിലെ വീഡിയോകള്‍ എടുക്കാന്‍ സാമി ശ്രമിക്കുന്നതിനിടയില്‍ മറ്റുള്ളവര്‍ പോകാനായി പാക്ക് ചെയ്യുകയായിരുന്നു. ദാസ് അമ്മയുടെ അടുത്തെത്തി. “അമ്മേ, മിത്ര  എന്താണ് വിവാഹത്തെക്കുറിച്ച് പറയുന്നത്? മേനകയെ പിന്നീടു കണ്ടോ?”
 
“അവര്‍ക്കൊന്നും എതിര്‍പ്പില്ല. നീ ഡേറ്റ് ഫിക്സ് ചെയ്തോളൂ, കാര്യങ്ങള്‍ നടക്കട്ടെ.”
 
“പ്രീമിയര്‍ ലീഗ് കഴിഞ്ഞിട്ട് മതി എന്നാണ് ഞാന്‍ കരുതുന്നത്.”
 
“നീയിത് മിലാനോടും കുടുംബത്തോടും പറയൂ, ചാന്‍സുകള്‍ കളയാതിരിക്കുന്നതാണ് ബുദ്ധി. ഇന്നുള്ള മാനസികാവസ്ഥയില്‍ ആകണമെന്നില്ല നാളെയുടെ പ്രതീക്ഷകളും സംഭവങ്ങളും.” താരാദേവി ദാസിന്റെ മുഖത്തേക്ക് നോക്കി.
 
“മിലാനോട് ഞാന്‍ പറഞ്ഞിട്ടുണ്ട് ഇതേപ്പറ്റി.”
 
“എങ്കില്‍ കുഴപ്പമില്ല, നിങ്ങള്‍ രണ്ട്പേരും കൂടി തീരുമാനിച്ചിട്ട് വിളിക്കൂ. വൈകാതിരുന്നാല്‍ നല്ലത്.”
 
തിരികെപോകും  മുന്‍പേ നാരായണസാമി ദാസിനെ വിളിച്ചു. “ സാബ്‌, ചില നിലകളിലെ യാതൊരു വീഡിയോയും  ഇവിടെ സിസിടിവി ക്യാമറയില്‍ ഇല്ല.  ഇന്നലത്തെ വീഡിയോസ് ഒട്ടുമില്ല;  സെര്‍വര്‍ തകരാറിലാണ് എന്നാണ് അറിഞ്ഞത്.”
 
“ഉം..” ദാസ്‌ അമര്‍ത്തിയൊന്ന് മൂളി.
 
പോകാന്‍ ഇറങ്ങും മുന്നേ തനൂജ ദാസിനെ ഫോണില്‍ വിളിച്ചു. “ഹായ് റായ്, എന്റെയൊരു  സമ്മാനമുണ്ട്, സ്വീകരിക്കുമോ?” ശാന്തമായിരുന്നു അവളുടെ സ്വരം. എന്താണ് എന്ന് ചോദിക്കാന്‍ നിരഞ്ജന്‍ ആണ്ഗ്യം കാണിച്ചു. “ റായ്, ഒരു ചെറിയ സമ്മാനം,  ഇന്നലെ ഷോപ്പിംഗ്‌ നടത്തിയപ്പോള്‍ വാങ്ങിയത്. എന്‍റെ സെക്രട്ടറിയുടെ കയ്യില്‍ കൊടുത്തുവിടാം.” മറുപടിക്ക് കാത്തുനില്‍ക്കാതെ തനൂജ ഫോണ്‍ വെച്ചു.
 
തനൂജയുടെ സെക്രട്ടറി ഒരു ഗിഫ്റ്റ്പാക്കറ്റ് മുറിയിലെത്തിച്ചു. നിരഞ്ജന്‍ അത് ഉടനെ തുറന്നു. ഒരു ജോഡി ഷൂസ്!
 
“താന്‍ ട്രൈ ചെയ്യൂ....”
 
“ഇപ്പോഴോ? ഞാന്‍ ഡ്രെസ് ചെയ്തു കഴിഞ്ഞു.” ദാസ്‌ വിസ്സമ്മതിച്ചു.
 
“ഒരു ഷൂ ധരിക്കാന്‍ എത്ര നേരം വേണം വിദേത്. യൂ ഷുഡ്‌ ട്രൈ . ഇപ്പോള്‍...”
 
തന്‍റെ ഷൂ ഊരി ദാസ്‌ തനൂജയുടെ ഷൂ ധരിച്ചു. വളരെ ക്ര്യത്യം! നല്ല മാര്‍ദ്ദവം!!
 
“തന്റെ കാലിന്‍റെ അളവൊക്കെ കണിശമായി അറിയാമല്ലോ അവള്‍ക്ക്. എന്തായാലും ഇത് എന്‍റെ കയ്യിലിരിക്കട്ടെ. ആവശ്യം വരും”
 
ദാസ്‌ അത്ഭുതത്തോടെ നിരന്ജനെ നോക്കി. “അതിന് തനിക്കിത് പാകമാകില്ലല്ലോ.”
 
“വേണ്ട, എങ്കിലും എനിക്കിത് വേണം....” അയാളത് സാമിയെ ഏല്‍പ്പിച്ചു ദാസിനെ നോക്കി ചിരിച്ചു. “ഇതിപ്പോള്‍ ആര് കൊണ്ടുപോയെന്ന് തനൂജ അറിയുമോ എന്ന് നമുക്ക് നോക്കാം, കിന്നരഗായകനെ തേടി യക്ഷിണി അലയട്ടെ...”
 
മൂവരും ഒരുമിച്ചാണ് മടങ്ങിയത്. നിരന്ജനെ എയര്‍പോര്‍ട്ടില്‍ ഇറക്കിവിട്ടതിന് ശേഷം ഡല്‍ഹിയിലെ വീട്ടിലേക്കായിരുന്നു ദാസ്‌ അമ്മയുടെകൂടെ പോയത്.
 
ആ കൂറ്റന്‍ ബംഗ്ലാവിന്‍റെ മുറ്റത്ത്‌ ഉലാത്തിക്കൊണ്ടിരുന്നപ്പോഴും ചിന്തകള്‍ ഹോട്ടലിലെ സംഭവങ്ങളില്‍ തന്നെയായിരുന്നു. തനൂജയെ സംശയിക്കാന്‍ മാത്രം യാതൊന്നും മുന്നിലില്ല. ബിസിനസ്സില്‍ ഒരുപാട് ശത്രുക്കള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാകാം. എവിടെനിന്ന് തുടങ്ങണം? അയാള്‍ ഫോണെടുത്ത് കരോലിനെ വിളിച്ചു. “ഇന്നലെ താരാഗ്രൂപ്പിന്‍റെ അഭിനന്ദനം അറിയിക്കാന്‍ വന്നത് ആരായിരുന്നു? സാമി നേരിട്ട് വന്നിരുന്നോ?”
 
കരോലിന്‍ കാര്യങ്ങള്‍ വിവരിച്ചുകൊടുത്തു. “നമ്മുടെ അന്നത്തെ രാത്രി  കോണ്‍ഫിഡന്ഷ്യലാണ്. മറന്നിട്ടില്ലല്ലോ..?”  ദാസ്‌ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ഗൗരവത്തോടെ കരോലിന്‍ പ്രതികരിച്ചു.
 
“തീര്‍ച്ചയായും റായ്സര്‍, ഞാന്‍ എന്റെതായ രീതിയില്‍ അതെങ്ങനെ സംഭവിച്ചു എന്നും അന്വേഷിക്കുന്നുണ്ട്.”
 
 രാത്രി മട്ടുപ്പാവിലെ നീളന്‍ കസേരയില്‍ ചാഞ്ഞിരുന്ന് അതിര്‍ത്തികളില്ലാത്ത ആകാശത്തെ കണ്മുനകളാല്‍ അളക്കുമ്പോഴും  പെന്‍ഡ്രൈവിലെ ദൃശ്യങ്ങളിലൂടെ മനസ്സോടിക്കൊണ്ടിരുന്നു.  വാതില്‍ തുറക്കുന്നത് കേട്ട് അയാള്‍ തിരിഞ്ഞുനോക്കി. അമ്മ!
 
“എന്താണ് വലിയ തിരക്കിലാണോ?” അവര്‍ ചോദിച്ചപ്പോള്‍ ദാസ്‌ ലാപ്ടോപ് അടച്ചു. “ഇല്ലയില്ല, എന്തെങ്കിലും പുതിയ ന്യൂസ്‌ ഉണ്ടോ?”
 
“ന്യൂസ്‌ ഉണ്ടെങ്കിലേ എനിക്ക് നിന്റെയടുത്തു വരാവൂ  എന്നുണ്ടോ? വര്‍ഷങ്ങളായി പൂക്കാത്ത മുറ്റത്തെ പവിഴമല്ലികള്‍ പൂവിട്ടിട്ടുണ്ട്.  അതാണ്‌ ഒരു വിശേഷം. ഗന്ധം ഇതാ ഇങ്ങോട്ടും കിട്ടുന്നില്ലേ...”
 
“ദാ, ഇതൊന്ന് പ്ലേ ചെയ്യൂ....”  കയ്യിലിരുന്ന  ചെറിയ പേന അയാള്‍ക്ക്‌ നീട്ടിക്കൊണ്ട് അവര്‍ കസേരയിലേക്ക് ഇരുന്നു. അതിന്‍റെ ക്യാപ്പിലൊരു ചിപ്പും പെന്‍ഡ്രൈവും ഉണ്ടായിരുന്നു.
 
“മിത്രയുടെ എന്തെങ്കിലും പ്രോഗ്രാം ആണോ? അല്ലെങ്കില്‍ മേനകയുടെ കവിതയോ?” അയാള്‍ തല തിരിച്ച് അമ്മയെ നോക്കി.
 
ഹോട്ടലിലെ കോറിഡോര്‍ മോണിറ്ററില്‍ തെളിഞ്ഞു. ദാസ്‌ ഞെട്ടിപ്പോയി!  ഒരു ട്രോളിയുമായി വരുന്ന വെയിറ്റര്‍, അയാള്‍ ആദ്യം തന്റെ അമ്മയോടും നിരന്ജനോടും സംസാരിക്കുന്നതും.....
 
ദാസ്‌  നടുക്കം മാറാതെ  താരാദേവിയെ നോക്കി. “ഇതെങ്ങനെ....? അമ്മ എങ്ങനെ ഇതൊക്കെയറിഞ്ഞു?”
 
“വെരി സിമ്പിള്‍, വര്‍ഷങ്ങളായി നിന്റെ ആഹാരരീതികളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും പുലര്‍ച്ചെ മൂന്നുമണിയോടടുപ്പിച്ചു നീ ആഹാരം കഴിക്കില്ല എന്ന ചെറിയൊരു കോമണ്‍സെന്‍സ്.... അത്രേയുള്ളൂ. മിലാനുമായി പോയപ്പോള്‍ എന്തെങ്കിലും പുറത്തുനിന്നും കഴിച്ചിരിക്കാം എന്നൊരു തോന്നല്‍....” 
 
അവര്‍ എഴുന്നേറ്റു അയാള്‍ക്കരികില്‍ വന്നു. “വിദേത്, നീ സൂക്ഷിക്കണം. ഞാന്‍ പറയാതെ നിനക്കതറിയാം; എങ്കിലും സ്നേഹമുള്ളവര്‍ പറയുമ്പോള്‍ അത് ഓര്‍മ്മയില്‍ നില്‍ക്കുമല്ലോ. ശത്രുക്കൾ ചുറ്റിലും ഉണ്ട്. സെക്യൂരിറ്റി ഇല്ലാതെ നീ ഒരു കാര്യവും ചെയ്യരുത്."
 
"പക്ഷെ ഈ ദൃശ്യങ്ങൾ എടുക്കാൻ നോക്കിയിട്ട് സാമി കണ്ടെത്തിയില്ല."
 
താരാദേവി ചിരിച്ചു. "ഇനിയാർക്കുമത് കിട്ടുകയില്ല."
 
അവര്‍ പോകാനായി തിരിഞ്ഞു. അല്പം നടന്നിട്ട് തിരികെ വന്നു. “സൂര്യനുദിച്ചാല്‍ മാത്രം, ആ പ്രകാശം കിട്ടിയാല്‍ മാത്രം പൂക്കുന്ന ചില ചെടികളും മരങ്ങളുമുണ്ട്  ഈ ഭൂമിയില്‍. സൂര്യനുണരുമ്പോള്‍ ആ ചെടികളും ഉണര്‍ന്നാലേ അത് സാധ്യമാകൂ; ഭൂമിക്കടിയിലേക്ക്  പ്രകാശത്തിന് എത്തുന്നതിന് ഒരു പരിധിയുണ്ട്. നീ ചിലപ്പോഴൊരു സൂര്യനാണ്. നിന്‍റെ ചൂടില്‍ പൂക്കാനും തളിര്‍ക്കാനും കൊതിക്കുന്നവര്‍ ധാരാളമുണ്ടാവാം. എന്നാല്‍ നിന്നിലേക്ക്‌ പ്രകാശമെത്തിക്കുന്ന നക്ഷത്രത്തിനെ നീ മറക്കരുത്. വെളിച്ചത്തിന്‍റെ തലോടലുകളെ പരിക്കേല്‍പ്പിക്കുന്ന കള്ളിമുള്‍ച്ചെടികളെയും നീ കാണാതെ പോകരുത്. “
 
അയാളുടെ നെറുകയിലൊന്നു തഴുകി താരാദേവി നടന്നുപോയി. 
                                                                                                             (തുടരും)
read more
നീലച്ചിറകുള്ള മൂക്കുത്തികൾ 23 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക