Image

ഇടവപ്പാതി മഴയിൽ ( കഥ സി.എസ് ജോർജ്ജ് കോടുകുളഞ്ഞി)

Published on 25 July, 2020
ഇടവപ്പാതി മഴയിൽ ( കഥ സി.എസ് ജോർജ്ജ് കോടുകുളഞ്ഞി)
തീരാത്ത മഴയുടെ കനത്ത പ്രഹരമേറ്റ പലരും പലതും പറഞ്ഞു തുടങ്ങി. "ഇങ്ങനെ മഴ തുടർന്നാൽ മൂന്നുദിവസത്തിനുള്ളിൽ ഇവിടെയെല്ലാം മുങ്ങും. അന്നേരം നാം ഇവിടുന്ന് മല കയറുകയേ അപ്പോൾ നിവൃത്തിയുള്ളു" അപ്പോഴും വള്ളങ്ങൾ പലതും വെള്ളം നിറഞ്ഞ് ആ കായൽ പരപ്പിൽ ആ വേലിയേറ്റത്തിൽ കിടന്ന് പിടഞ്ഞു .കുളങ്ങളിലെ പല വളർത്തു മൽസ്യങ്ങളും നിറഞ്ഞ ഒഴുക്കിൽ പെട്ട് പാടത്ത് കൂടി എവിടേക്കോ ഒഴുകി.

തീ വാള് വീശി കറുത്ത മാനം അപ്പോഴും തകൃതിയായി പെയ്തു കൊണ്ടേയിരുന്നു. കുളങ്ങളും തോടുകളും എല്ലാം കവിഞ്ഞ് ഒഴുകിത്തുടങ്ങിയിരുന്നു.
അപ്പോഴും ആ തോരാമഴയത്ത് തോമസ് കുട്ടി ഒരു തലേക്കെട്ടും മടക്കി കുത്തിയ കയിലിയും ഉടുത്ത് ധൃതിയിൽ വീട്ടുവളപ്പിന് ചുറ്റും ആ മഴയെ നേരിടാനുള്ള പണിയിൽ വ്യാപൃതനായിരുന്നു.ജന്മം കൊണ്ട് കഠിനാധ്വാനി .അതു പോലെ കുടിയേറ്റ കർഷകൻ. പൂർവികർ മധ്യതിരുവിതാംകൂറിൽ നിന്നും ഈ മലയോര പ്രദേശത്ത് പണ്ട് കുടിയേറിയവർ. കാട്ടുപന്നികളോടും മൂർഖൻ പാമ്പിനോടും മറ്റും മല്ലിട്ട് മണ്ണിൽ വിയർപ്പൊഴുക്കി പണിയെടുത്ത പൂർവികരുടെ ഒരു അനന്തരാവകാശി.

ഏക്കർ കണക്കിന് കുരുമുളകും ഏലവും അതിനൊപ്പം റബ്ബറും ഉള്ള ഒരു കർഷകൻ എപ്പോഴും മണ്ണിനോടു പടവെട്ടി ജീവിച്ചു വരുമ്പോൾ ഇതു സംഭവിച്ചു പതിവുപോലെ .

എല്ലാ അറിയിപ്പുകളെയും പ്രവചനങ്ങളെയും അവഗണിച്ച് തോമസുകുട്ടി അവിടെ നിലകൊണ്ടു.

തന്റെ വീട് ഒലിച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകൾ വീടിന് ചുറ്റും ചെയ്തു കൊണ്ട്.

പക്ഷേ, അന്നു രാത്രിയിൽ പേടിച്ചത് സംഭവിച്ചു. പലരും വിളിച്ചു പറയുന്നത് ചെവിയിൽ മുഴങ്ങി. അതിനൊപ്പം വലിയ ശബ്ദത്തോടെ തെക്കേമലമുകളിലെ പാറക്കൂട്ടങ്ങൾ പൊട്ടി മാറി. ആ ശബ്ദത്തിൽ ഭൂമി കുലുങ്ങി.അതിനൊപ്പം ഉരുൾപൊട്ടി.

ഉരുൾപൊട്ടിയെന്ന പലരുടെയും വിളിച്ചു കൂവൽ .ഓടിയ്ക്കോ ഓടിയ്ക്കോയെന്നു കൂടി അവർ പറയുന്നുണ്ടായിരുന്നു.
ഇനിയും ഈ ഇരുട്ടിൽ എവിടേയ്ക്ക് ഓടും.?

മാനം കറുത്ത് തീ വാള് വീശി തകൃതിയിൽ പെയ്യുമ്പോൾ തോമസ് കുട്ടി ഓർത്തു.
രണ്ടും കല്പിച്ച് വരാന്തയിൽ ഒരു ടോർച്ചുമായി വന്ന ചുറ്റുപാടും പരിശോധിക്കുമ്പോൾ കണ്ടു. വീടൊഴിച്ച് മുമ്പിലെ മുറ്റവും പറമ്പും എല്ലാം ഒലിച്ചുപോയിരിക്കുന്നു. അവിടെ കൂടെ ശക്തിയായി കുഴഞ്ഞ മണ്ണ് ഒഴുകിക്കൊണ്ടിരിക്കുന്നു.

ദൈവമേയെന്ന് വിളിച്ച് കുരിശു വരച്ച് എന്തു ചെയ്യണമെന്നറിയാതെ അവിടെ ആ വരാന്തയിൽ നിൽക്കുമ്പോൾ ഒരു വലിയ ഉരുളൻ കല്ല് ഒഴുകി വന്ന് അവിടെ ഇടിച്ച് എവിടേക്കോ ഒഴുകിപ്പോയി. അപ്പോഴും അകത്തെ മുറിയിൽ ഭാര്യയും മക്കളും നല്ല കൂർക്കം വലിച്ച് ഉറങ്ങുകയായിരുന്നു, ആടിക്കൊണ്ടിരിക്കുന്ന ആ വീടിനുള്ളിൽ 
തകൃതിയായി പെയ്യുന്ന ആ മഴയിൽ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക