Image

ഉഷാദേവി മേഡം, സല്യൂട്ട് യു മേഡം (ഷിബു ഗോപാലകൃഷ്ണൻ)

Published on 21 July, 2020
ഉഷാദേവി മേഡം, സല്യൂട്ട് യു മേഡം (ഷിബു ഗോപാലകൃഷ്ണൻ)
24 ചാനലിലെ  ചർച്ചയാണ്, സൂക്ഷിച്ചു നോക്കിയാൽ കൂട്ടംതെറ്റിയ ഒരു കുഞ്ഞാടിനെ കാണാം, പി. ഉഷാദേവി. ഇതുവരെ ഇങ്ങനെയൊരാളെ ഒരു ചാനൽ ചർച്ചയിലും കണ്ടിട്ടില്ല, ഇനി കാണുമോ എന്നുമറിയില്ല.
എന്നിട്ടും അവർ വന്നത് മാതൃകാപരമായി മാസ്ക് ധരിച്ചുകൊണ്ട്, അറിയാവുന്നവർക്കു പോലും ആളെ തിരിച്ചറിയാൻ കഴിയാത്തവിധം കൃത്യമായിരുന്നു മാസ്കിന്റെ സ്ഥാനം. എങ്ങനെയാണു മാസ്ക് നിത്യജീവിതത്തിൽ സ്വാഭാവികമായൊരു ആവരണമായി മാറുന്നതെന്നു അസ്കിതകളൊന്നുമില്ലാതെ അവർ കാണിച്ചു തന്നു. തനിക്കു പറയാനുള്ളത് തട്ടും തടയുമില്ലാതെ ആശയവ്യക്തതയോടെ അവതരിപ്പിക്കുന്നതിനു മാസ്ക് ഒരു അസ്വസ്ഥതയോ അസ്വാഭാവികതയോ ആയി മാറിയതേയില്ല.

പാനലിസ്റ്റുകളായ ബാക്കി എല്ലാവരും ചർച്ചാവേദികളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്, മാസ്ക് ധരിച്ചില്ലെങ്കിൽ പോലും ഒരുപക്ഷേ തിരിച്ചറിയാൻ കഴിയുന്ന സുപരിചിതർ. അവർ മാസ്ക് ധരിക്കാത്തതിനു കാരണങ്ങൾ ഉണ്ടാകാം, അവർ മാതൃകയാവാത്തതിനും കാരണങ്ങൾ ഉണ്ടാവാം, എന്നാൽ ഇനിയുമവർ വൈകരുത്. നാളെ ഒരാൾക്ക് മാസ്ക് പിടിച്ചു താഴേക്കുവലിച്ചു കൊച്ചുമുതലാളിയാവാൻ തോന്നുമ്പോൾ, ഇപ്പോഴെന്തിനാണ് മാസ്കെന്നു കരുതി വേണ്ടെന്നു വയ്ക്കുമ്പോൾ, ഒരു ഓർമപ്പെടുത്തലോ ഉത്തമവിശ്വാസമോ ആയി നിങ്ങൾ മാറിയേക്കാം. അതുമൊരു ക്യാമ്പയിനാണ്, ഒരുപക്ഷെ നിങ്ങൾ ഒരായിരംവട്ടം എഴുതിക്കാണിക്കുന്നതിനേക്കാൾ വലിയ അക്ഷരങ്ങളിൽ എഴുതിയ ക്യാമ്പയിൻ.

ഉഷാദേവി മേഡം, നിങ്ങൾ ഒരു നഴ്സാണെന്നാണ് മനസിലാക്കുന്നത്. നിങ്ങളുടെ മുഖം ഞങ്ങൾ കണ്ടിട്ടില്ല, നാളെ ഒരുപക്ഷേ എവിടെയെങ്കിലും വച്ചുകണ്ടാൽ തിരിച്ചറിഞ്ഞു എന്നുപോലും വരില്ല; എന്നിട്ടും കിട്ടിയ ഒരു അവസരത്തിൽ നിങ്ങൾ നൽകിയ ഈ സന്ദേശമുണ്ടല്ലോ, മാതൃകാപുരുഷോത്തന്മാരുടെ മുന്നിലേക്ക് മാസ്കുമിട്ടു വന്നിരിക്കാൻ കാണിച്ച ഈ നിശ്ചയം, സല്യൂട്ട് യു മേഡം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക