Image

ഇത്തിരി വെട്ടമോലുന്നവർ (കവിത- മാർഗരറ്റ് ജോസഫ്)

Published on 21 July, 2020
ഇത്തിരി വെട്ടമോലുന്നവർ (കവിത- മാർഗരറ്റ് ജോസഫ്)
മാനത്തിൻ മുറ്റത്തു നിന്ന്
നക്ഷത്രക്കുഞ്ഞുങ്ങളെന്തേ,
നേത്രങ്ങൾ ചിമ്മിത്തുറന്ന്
താഴത്തേയ്ക്കു നോക്കുന്നു?
 രാവിൻ കരിമ്പടം മൂടി
പാരിടം നിദ്ര കൊള്ളുമ്പോൾ
പായുന്ന ദീപങ്ങളായി
പാറിപ്പറക്കുന്നതാര്..?
സർവചരങ്ങൾക്കിടയിൽ
സ്വർണ്ണപ്പതക്കങ്ങൾ ചൂടി
ഇരുട്ടിൽ വഴി കാട്ടുന്ന
വിസ്മയ സൃഷ്ടികളാര് ?

മിന്നൽ വേഗത്തിലിടയ്ക്ക്,
മിന്നിത്തിളങ്ങിയങ്ങിങ്ങ്
മങ്ങിപ്പൊലിഞ്ഞു പോകുന്ന
മിന്നാമിനുങ്ങുകൾ നിങ്ങൾ
ഇത്തിരി വെട്ടമോലുന്ന
ചൂടറ്റ തീപ്പൊരിക്കൂട്ടം
ജന്മം പ്രഭാമയമാക്കും
മുത്തുകളന്ധകാരത്തിൽ!
ശൈശവ ബാല്യ ദശകൾ
കൺ കരൾ കുളിരണിയിച്ച
മണ്ണിന്നരുമകൾ, വാഴ് വിൽ 
വശ്യ ദൃശ്യങ്ങളായാർക്കും;
വിസ്മരിക്കാൻ കഴിയാത്ത
ഉയിരാർന്ന ചിത്രങ്ങളായി
വായു കുടീരത്തിലൂടെ
പൂത്തിരി കത്തിച്ചിടുന്നോ ?
കാല പ്രവാഹത്തിൽ മുങ്ങി
നീന്തിത്തുടിക്കുന്ന ഭൂവിൽ
നാശത്തിരകളുയർന്ന്
ലാഭങ്ങൾ നഷ്ടങ്ങളാകാം
കാടുകൾ നാടുകളാകാം
ഗ്രാമങ്ങൾ പട്ടണമാകാം
 എത്രയോ ജീവികളിന്ന്,
എന്നേയ്ക്കുമോർമ്മകൾ മാത്രം.
രാത്രിക്കലങ്കാരമായി
പൊന്നിൻ കണങ്ങൾ പൊഴിച്ച്
നൽക്കണിയേകിയതാര്?
               
കീടങ്ങളല്ലേ?
ഭൂവിന്നവകാശികളേ,
കാണാമറയത്തൊളിച്ചോ?
ആവാസ രീതികൾ മാറി
ദൂരേയ്ക്കു പോകല്ലേ നിങ്ങൾ
പൊള്ളിച്ചിടാത്തവരെന്തേ?
എന്നുള്ളം പൊള്ളിച്ചിടുന്നോ?
തുള്ളി വെളിച്ചമായ് നിത്യം
തള്ളിക്കളിക്കണേ, നീളേ ..
സ്നേഹത്തിരികൾ കൊളുത്തി
സാന്ത്വന വെട്ടം പരത്തി,
കാരുണ്യ മൂർത്തികളായ
ജീവവിളക്കുകളൊപ്പം...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക