Image

ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തി ഏഴാം ഓര്‍മപ്പെരുന്നാള്‍

Published on 19 July, 2020
ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തി ഏഴാം ഓര്‍മപ്പെരുന്നാള്‍

ലണ്ടന്‍ : സീറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആര്‍ച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ അറുപത്തി ഏഴാം ഓര്‍മപ്പെരുന്നാള്‍ ജൂലൈ 19 നു (ഞായര്‍) യുകെയിലെ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ സമുചിതമായി ആചരിക്കുന്നു.

കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ സഭയുടെയും രാഷ്ട്രത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.

ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മിഷന്‍ കേന്ദ്രത്തില്‍ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ 10.30 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്‍സന്‍ മനയില്‍, ഫാ. ജോണ്‍ അലക്‌സ് പുത്തന്‍വീട്ടില്‍, ഫാ. മാത്യു നെരിയാറ്റില്‍ വിവിധ മിഷന്‍ കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും
.
1953 ജൂലൈ 15 നാണ് ദൈവദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബര്‍ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. മലങ്കര കാതോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി 1953 വരെ ശുശ്രൂഷ ചെയ്തു. 2007 ജൂലൈ 14 നു ദൈവദാസന്‍ എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള നാമകരണ നടപടികള്‍ പുരോഗമിച്ചു വരുന്നു.

കര്‍ദിനാള്‍ മോറന്‍ മോര്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവാ നേതൃത്വം നല്‍കുന്ന മലങ്കര കത്തോലിക്കാ സഭാ സമൂഹം പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ദിനങ്ങള്‍ ആചരിക്കുന്നു. 1932 - ല്‍ ദൈവദാസന്‍ മാര്‍ ഇവാനിയോസ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. ലണ്ടനിലും ബിര്‍മിംഗ്ഹാമിലുമാണ് അന്നു പ്രത്യേക സന്ദര്‍ശനം നടത്തിയത്. യുകെയിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് ഇത് ഏറെ സന്തോഷവും അഭിമാനവും പകര്‍ന്നു നല്‍കുന്ന വസ്തുതയാണ്. ദൈവദാസന്റെ ഛായാചിത്രം എല്ലാ ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്നതിനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനും അറുപത്തിയേഴാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് തുടക്കം കുറിക്കും.

റിപ്പോര്‍ട്ട്: അലക്‌സ് വര്‍ഗീസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക