Image

കള്ളക്കടത്തിലെ പെണ്‍കെണികള്‍... (ജെയിംസ് കൂടല്‍)

Published on 12 July, 2020
കള്ളക്കടത്തിലെ പെണ്‍കെണികള്‍... (ജെയിംസ് കൂടല്‍)
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന ഗൗരവതരമായ മാനം കൈവരിച്ച സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ മുഖ്യ പ്രതികളെ പിടികൂടാന്‍ സാധിച്ചത് ദേശീയ അന്വേഷണ ഏജന്‍സിയെ (എന്‍.ഐ.എ) സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. സ്വര്‍ണ്ണ കടത്തിന്റെ നിഗൂഢമായ വഴികള്‍ ഭീകരവാദത്തിന്റെ മേച്ചില്‍പ്പുറങ്ങളിലേക്ക് എത്തുന്നു എന്ന വസ്തുനിഷ്ഠമായ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ കേസിലെ കുറ്റം ചാര്‍ത്തപ്പെട്ട പ്രതികള്‍ക്കെതിരെ യു.എ.പി.എ എന്ന 'നിയമ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം' ചുമത്തിയിരിക്കുന്നത്.

സ്വര്‍ണ്ണക്കടത്തുകേസില്‍ വിദേശ രാജ്യങ്ങളില്‍ പോയി അന്വേഷണം നടത്താന്‍ എന്‍.ഐ.എയ്ക്കു കഴിയുമെന്നതിനാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ലഭിക്കുമെന്നാണ് നിയമവാഴ്ചയെ ആദരിക്കുന്നവര്‍ വച്ചു പുലര്‍ത്തുന്ന ശുഭ പ്രതീക്ഷ. എന്‍.ഐ.എയ്ക്കു പുറമേ എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്, കസ്റ്റംസ് തുടങ്ങിയ ദേശീയ ഏജന്‍സികളും പിടി മുറുക്കിയിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ പ്രതികള്‍ക്ക് ഈ കേസിന്റെ മെരിറ്റില്‍ നിന്ന് വഴുതി മാറി പോകാനുമാവില്ല. മുഖ്യമന്ത്രി നേരിട്ട് നിയന്ത്രിക്കുന്ന ഐ.റ്റി വകുപ്പിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തില്‍ ഇടതു സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജനങ്ങളുടെ മുമ്പില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിക്കേണ്ടതുമുണ്ട്.

ഏതാണ്ട് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു സോളാര്‍ അഴിമതിക്കേസ്. അതിലെ വിവാദ നായിക സരിത എസ് നായര്‍ ഒട്ടേറെ പ്രമുഖരെ വെള്ളം കുടിപ്പിക്കുകയുണ്ടായി. സരിതയുടെ സ്ഥാനത്താണ് ഇപ്പോള്‍ സ്വപ്ന എത്തിയിരിക്കുന്നത്. 'സരിത-സോളാര്‍, സ്വപ്ന-സ്വര്‍ണ്ണം' എന്ന് വിശേഷിപ്പിക്കുന്ന രീതിയില്‍ ഇരു കേസിനും യാദൃശ്ചികമല്ലാത്ത സമാനതകളുണ്ട്. കാലാകാലങ്ങളില്‍ എവിടെ നിന്നോ പൊട്ടിമുളച്ചു വരുന്ന ഇത്തരം സ്ത്രീകള്‍ ജനാധിപത്യ സര്‍ക്കാരുകളുടെ പ്രതിഛായ തകര്‍ക്കുന്ന തരത്തില്‍ ബലമുള്ളവരാണ്. അവരുടെ പിന്നില്‍ വലിയ മാഫിയകള്‍ തന്നെ പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

തിരുവനന്തപുരം സ്വര്‍ണ്ണക്കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷ്, മുഖ്യമന്ത്രിയും മറ്റ് ദേശീയ-അന്തര്‍ദേശീയ തലത്തിലുള്ള പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ എങ്ങിനെ നിഷ്പ്രയാസം കയറിക്കൂടാന്‍ യോഗ്യത നേടി എന്ന് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ടതുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്വപ്ന വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റുമായാണ് ഐ.ടി വകുപ്പില്‍ ജോലി നേടിയത്. ഇത് ബന്ധപ്പെട്ട വകുപ്പിന്റെ കുറ്റകരമായ അനാസ്ഥയാണ്. വഴി വിട്ട മാര്‍ഗ്ഗങ്ങളിലൂടെ ജോലി സമ്പാദിച്ച സ്വപ്നയ്ക്കായി സര്‍ക്കാര്‍ ശമ്പളമായി പ്രതിമാസം നല്‍കിയത് 2,30,000 രൂപയാണ്. ഇത് ജനങ്ങളുടെ നികുതിപ്പണമാണ്.

അഭ്യസ്തവിദ്യരായ അനേക ലക്ഷം നിര്‍ധനരായ യുവതീയുവാക്കള്‍ ജീവിക്കാന്‍ വേണ്ടി ഒരു ജോലിക്കായി തപസ്സിരിക്കുന്ന അവസ്ഥയില്‍ ഇത്തരം സ്വപ്ന സുന്ദരികള്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വലിയ ശമ്പളെ പറ്റി വിലസുന്നത് ജനവിരുദ്ധമാണ്, അത് ജനാധിപത്യത്തിന് ഒരു തലത്തിലും യോജിച്ചതുമല്ല. സ്വപ്നയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്ക്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. 'സ്വപ്ന പ്രഭാ സുരേഷ്' എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര്.

നാട്ടില്‍ നിലവിലുള്ള വിദ്യാഭ്യാസം ലഭിക്കാന്‍ അവസരമില്ലാതെ പോയ കര്‍ഷകരും പാവപ്പെട്ട തൊഴിലാളികളും വ്യാപാരികളും കലാകാരന്മാരും രാഷ്ട്രീയ പ്രവര്‍ത്തകരും സാമൂഹിക സേവന തത്പരരും എല്ലാം നമ്മുടെ ഇടയില്‍ മാന്യമായി ജീവിക്കുന്നുണ്ട്. അവരുടെയൊക്കെ മുഖത്തേക്ക് കാര്‍ക്കിച്ചു തുപ്പിക്കൊണ്ടാണ് സ്വപ്ന സുരേഷുമാര്‍ ഈ നാട്ടില്‍ അഴിഞ്ഞാടുന്നത്. ഇത്തരം സ്ത്രീകളുടെ ചുറ്റും മദ്യത്തിനും മാംസത്തിനും മയക്കുമരുന്നിനുമൊക്കെയായി ദാഹിച്ച് ഉന്നതസ്ഥാനീയരായവര്‍ ഉപഗ്രഹങ്ങള്‍ പോലെ ചുറ്റിക്കറങ്ങുന്നു. 'പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍' എന്നു പറയും പോലെ പിടിക്കപ്പെടുമ്പോള്‍ പൊട്ടിത്തകര്‍ന്നു വീഴുന്നത് ഇവരുടെ മാന്യതയുടെ മുഖം മൂടിയാണ്.

ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും തകര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളെ മദയാനകളെ പോലെ തീറ്റി വളര്‍ത്താന്‍ വിമാനത്താവളങ്ങളിലൂടെ നടത്തുന്ന കള്ളക്കടത്തിന് അനേക വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തും ഹവാല ഇടപാടുകളും രാജ്യത്തിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരം കള്ളക്കടത്തു തടയുന്നതില്‍ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു എന്നാണ് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ സ്വപ്ന സുരേഷ് പ്രതിയായ ഈ സ്വര്‍ണ്ണ കള്ളക്കടത്തു കേസിന്റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തിലും ആശങ്കയുണ്ട്.

കള്ളക്കടത്തിലും അഴിമതിയിലും ചാര പ്രവര്‍ത്തനങ്ങളിലുമെല്ലാം മദാലസ മോഹിനികളായ സ്ത്രീകളുടെ സാന്നിധ്യം കാണാം. വാസ്തവത്തില്‍ ഇതൊരു പെണ്‍കെണിയാണ്. കള്ളക്കടത്തു ലോബി അതി സാമര്‍ഥ്യക്കാരികളായ സ്ത്രീകളെ അധികാരത്തിന്റെ മട്ടുപ്പാവുകളിലേക്ക് യഥേഷ്ടം ഇറക്കി വിടുകയാണ് പതിവ്. അവരാകട്ടെ തങ്ങളുടെ ലക്ഷ്യം നേടുന്നതിന് എന്തും ചെയ്യും. തിരുവനന്തപുരം കള്ളക്കടത്തു കേസിലെ സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, ഐ.റ്റി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. ശിവശങ്കര്‍ മാത്രമല്ല, പോലീസുകാര്‍ ഉള്‍പ്പെടെയുള്ള പലരും സ്വപ്നയുടെ കെണിയില്‍ വീണിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വന്ന ശേഷം സ്വപ്ന നഗരത്തില്‍ ഉണ്ടായിരുന്നല്ലോ. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കാലത്ത് ഒരു ഈച്ചയെ പോലും പുറത്തിറങ്ങാന്‍ പോലീസ് അനുവദിച്ചിരുന്നില്ല. ഈ കര്‍ശന ബന്തവസ്സില്‍ നിന്നാണ് സ്വപ്ന തിരുവനന്തപുരം വിട്ട് ബംഗ്‌ളൂരുവിലേക്ക് കുടുംബസമേതം ഒളിച്ചു പോയത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയാത്ത വിധം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കേരളം വിട്ട് തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ച് സ്വപ്നയും കൂട്ടരും ബംഗളൂരുവിലെത്തിയത്. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്കു പോകുവാന്‍ നിര്‍ബന്ധമായും പാസ് വേണ്ട സാഹചര്യത്തില്‍ സ്വപ്നയും മറ്റും റോക്കറ്റ് വേഗത്തില്‍ ബംഗളൂരുവില്‍ എങ്ങിനെയെത്തി എന്നത് ദുരൂഹമാണ്. അതിര്‍ത്തി കടക്കാന്‍ സ്വപ്ന തന്റെ ഉന്നതതല സ്വാധീനം ഉപയോഗിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

പെണ്‍കെണിക്ക് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കുവാനുണ്ട്. ദുബായില്‍ നിന്ന് 2019 മെയ് 13ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് 25 കിലോ സ്വര്‍ണ്ണം പിടികൂടിയ കേസില്‍ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് ഡയക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ്‌സ് കണ്ടെത്തിയിരുന്നു. കഴക്കൂട്ടത്തുകാരി സറീന ആയിരുന്നു ഈ കള്ളക്കടത്തിന്റെ മുഖ്യ കണ്ണി. സംഭവത്തിന്റെ സൂത്രധാരന്‍ അഡ്വ. ബിജു മോഹനന്റെ ഭാര്യയും കേസില്‍ ഉള്‍പ്പെട്ടിരുന്നു. സറീന ദുബായിലെ സ്വന്തം ബ്യൂട്ടി പാര്‍ലറില്‍ ജോലിക്കെന്ന വ്യാജേന യുവതികളെ കൊണ്ടുപോയി അവരിലൂടെയാണ് സ്വര്‍ണ്ണം കടത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്റലിജന്റ്‌സ് വിഭാഗം 2017 സെപ്റ്റംബറില്‍ രണ്ടരക്കോടി രൂപയോളം വിലവരുന്ന രത്‌നം പിടിച്ചെടുക്കുകയുണ്ടായി. ഈ കേസിലെയും മുഖ്യ പ്രതി മാധവി പൗസ് എന്ന യുവതിയായിരുന്നു. 2000ത്തില്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നടന്ന കോടിക്കണക്കിന് രൂപയുടെ ചൈനീസ് സില്‍ക്ക് വേട്ടക്കേസിലെ മുഖ്യകണ്ണി ഉസ്‌ബെക്കിസ്ഥാന്‍ സുന്ദരി വോള്‍ഗ കൊസിരേവ ആയിരുന്നു. 2000 ആഗസ്റ്റ് 28ന് ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലെ ഗ്രീന്‍ ചാനലില്‍ വച്ച് കസ്റ്റംസ് സംഘം പിടികൂടുമ്പോള്‍ വോള്‍ഗയുടെ കൈവശം 1.56 കോടി രൂപയുടെ ചൈനീസ് സില്‍ക്കുണ്ടായിരുന്നു. പത്തുമാസത്തിനിടെ ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് 68 പ്രാവശ്യം ഇന്ത്യയിലെത്തിയ വോള്‍ഗയ്ക്ക് ഡല്‍ഹി എയര്‍പോര്‍ട്ടിലെ ഉന്നതരുമായി അവിഹിത ബന്ധമുണ്ടായിരുന്നു.

സരിത ഉസര്‍ത്തിയ സോളാര്‍ കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പ്രതിക്കൂട്ടിലായത് അദ്ദേഹത്തിന്റെ പെഴ്‌സണല്‍ സ്റ്റാഫില്‍ പെട്ട ജോപ്പന്റെയും ജിക്കുമോന്റെയും ഗണ്‍മാന്‍ സലിം രാജിന്റെയും വഴിവിട്ട ബന്ധങ്ങളായിരുന്നു. സ്വപ്ന സുരേഷുമായുള്ള എം ശിവശങ്കറിന്റെ ബന്ധം ഇപ്പോള്‍ പിണറായി വിജയനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ ലൈംഗിക അരാജകത്വവും അധാര്‍മ്മിക ജീവിതവും ആശാവഹമല്ലാത്ത ബന്ധങ്ങളും അവരുടെ പദവിയുടെ ദുരുപയോഗവുമെല്ലാം ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും പ്രതിഛായയെ ആണ് ബാധിക്കുന്നത്. സ്വപ്ന സുരേഷിന്റെ ഐ.ടി വകുപ്പിലെ രഹസ്യ നിയമനമാണ് യഥാര്‍ത്ഥത്തില്‍ സര്‍ക്കാരിന് തലവേദനയുണ്ടാക്കിയിരിക്കുന്നത്.

ഔദ്യോഗിക നിയമനങ്ങളില്‍ ബന്ധപ്പെട്ടവര്‍ അതീവ ശ്രദ്ധയും ജാഗ്രതയും പാലിച്ചില്ലെങ്കില്‍ സര്‍ക്കാരിനെ മാനക്കേടിന്റെ പടുകുഴിയിലകപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കപ്പെടും. കൃത്യനിര്‍വഹണത്തിനുള്ള കഴിവിനോടൊപ്പം സ്വഭാവശുദ്ധിയും സാമ്പത്തിക സ്ഥിതിയും വ്യക്തിത്വവും കൂടി മാനദണ്ഡമാക്കിക്കൊണ്ടാവണം ആള്‍ക്കാരെ നിയമിക്കേണ്ടത്. അല്ലാത്ത പക്ഷം സ്വപ്നയുടെ കാര്യത്തില്‍ സംഭവിച്ചതു പോലെ രാജ്യസുരക്ഷയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തീവ്രവാദബന്ധമുള്‍പ്പെടെയുള്ള അഴിയാക്കുരുക്കുകളിലേക്ക് നമ്മള്‍ എത്തപ്പെട്ടു പോകും.

ഇതുവരെ നടന്നിട്ടുള്ള സ്വര്‍ണ്ണക്കള്ളക്കടത്തുകളുടെ വളരെ ചെറിയൊരംശം മാത്രമാണ് പിടിക്കപ്പെട്ടിട്ടുള്ളത്. ശ്രദ്ധയില്‍ പെടാത്ത ഒരുപാട് കള്ളക്കടത്തുകള്‍ പല കാലങ്ങളിലായി നടന്നിട്ടുമുണ്ട്. പതിറ്റാണ്ടുകളായി അനസ്യൂതം തുടരുന്ന സ്വര്‍ണ്ണ കള്ളക്കടത്തുകള്‍ക്കും ഹവാല ഇടപാടുകള്‍ക്കും അതിന്റെയൊക്കെ പിന്നാമ്പുറത്തെ ഇരുളിന്റെ മറവില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിനും അന്ത്യം കുറിക്കാന്‍ സ്വപ്നയുടെയും കൂട്ടരുടെയും അറസ്റ്റിനു കഴിയട്ടെ എന്നു മാത്രമേ ഇപ്പോള്‍ ആഗ്രഹിക്കാന്‍ നിവൃത്തിയുള്ളു.
കള്ളക്കടത്തിലെ പെണ്‍കെണികള്‍... (ജെയിംസ് കൂടല്‍)
Join WhatsApp News
പെണ്‍ നാക്ക് 2020-07-12 15:35:40
മൃഗങ്ങളിൽ വച്ച് വളരെ ശക്തിയേറിയതു ആണ് കടുവയുടെ നാക്ക് . ചിരവ നാക്കിന്റെ പല്ല് പോലെ അനേകം കൂർത്ത മുനകൾ കടുവയുടെ നാക്കിൽ ഉണ്ട്, ഇരയുടെ തൊലി കടുവ നക്കി കീറും. എന്നാൽ കടുവയുടെ നാക്കിനെക്കാൾ ശക്തിയുള്ള നാക്ക് ആണ് ചില പെണുങ്ങൾക്കു. വമ്പൻ എന്ന് കരുതുന്ന പലരെയും അവർ നക്കി കൊല്ലും. -സരസു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക