Image

ലഹരി ( കവിത : ജിഷ വേണുഗോപാൽ)

Published on 09 July, 2020
ലഹരി ( കവിത : ജിഷ വേണുഗോപാൽ)
നേരറ്റ നാളിന്റെ ഉയിരറ്റ പാതയിൽ
നീറുന്നിതെൻ മനം
തേങ്ങുന്നു മൂകമായ്
ഉയിരറ്റ കണ്ണുമായലയുന്ന മക്കളെ
കാണുവാനാവാതെ
പൊത്തുന്നു കണ്ണുകൾ.
ഒരു ചില്ലുഗ്ലാസിലെ
നുരയുന്ന ലഹരിയിൽ
ആടിത്തകർക്കുന്നു
ജീവിത നാടകം.
പുകയുന്നൊരിലയുടെ
ഉന്മാദ ഗന്ധത്തിൽ
കാലിടറിത്തെറിക്കുന്നു
മധുരമാം യൗവനം .
കെട്ടിയ പെണ്ണിന്റെ
താലിയെ ഷാപ്പിലെ
നാണയത്തുട്ടാക്കി
മാറ്റുന്നു ലഹരി.
ഒന്നിച്ചിരുന്നിട്ടൊരു പിടി വറ്റുണ്ണാൻ
പാതിരാ നേരത്തും കാത്തൊരു പെണ്ണിന്റെ
മോന്തയിലേറായ് പതിക്കുന്നു ലഹരി.
പോറ്റിവളർത്തിയ തങ്കക്കുടത്തിനെ
പോറ്റുമെന്നാശിച്ചു കൈപിടിച്ചേൽപ്പിച്ച
ദു:ഖവും പേറിയുരുകിയൊലിയ്ക്കുന്നൊ-
രച്ഛന്റെ തീരാത്ത നോവാണു ലഹരി.
'മക്കളേ'യെന്നൊരു വിളിയൊന്നു കേൾക്കുവാൻ
സ്നേഹവായ്പാലെയൊരു മുത്തം നുകരുവാൻ
കാത്തു മടുത്തേറെയൊടുവിലായെപ്പോഴോ
തളർന്നുറങ്ങീടുന്നൊരു കുഞ്ഞു കനവാണു ലഹരി.
പെറ്റമ്മയെപ്പോലെ  കരുതുന്നൊരബലതൻ
നെടുവീർപ്പിലുയരുന്ന തീച്ചൂളയിൽ വെന്തു
തന്നിടനെഞ്ചുപൊട്ടിത്തകരുന്ന പോലവെ
പിടയുന്നൊരമ്മതൻ വിങ്ങലും ലഹരി.
ഉദരത്തിലുയിരാർന്ന നാൾതൊട്ട് തന്നിലെ
ജീവന്റെ കാവലായ് മാറിയ തായയെ
ജീവിതകയ്പിനെ തെല്ലുമേ പകരാതെ
ആശിച്ചതെല്ലാമെ നൽകിയ താതനെ
ആഢംബരത്തിന്റെ വെള്ളിവെളിച്ചത്തിൽ
വൃദ്ധസദനത്തിൻ കൂട്ടിലടച്ചതും
ഒരായുസ്സിൻ സമ്പാദ്യം തട്ടിയെടുക്കാനായ്
തുണ്ടമായ് വെട്ടി നുറുപ്പതും ലഹരി.
തന്നിൽ കുരുത്തൊരു ജീവനെ നിർദയം
ആഴക്കടലിലേക്കാഞ്ഞൊന്നെറിഞ്ഞിട്
ട്
അമ്മയെന്നുള്ളൊരു ദിവ്യമാമനുഭൂതി
സുഖഭോഗതൃഷ്ണയിൽ ത്യജിച്ചതും ലഹരി.
അറിവിന്റെ മാധുര്യം നുണയുവാനെത്തുമാ
കുരുന്നിന്റെ ചൈതന്യമൂറ്റിക്കുടിക്കുവാൻ
പൊതിയായി പുസ്തകക്കെട്ടിന്നിടയിലെ
ഭയമാർന്ന 'ധവളിമ 'ലഹരി.
അരികത്തിരിക്കുന്ന തോഴനെ കേൾക്കാതെ
അകലേയ്ക്കുതിരുന്ന 'ചാറ്റിങ്ങു 'ലഹരി
ഒഴുകുന്ന ചോരയിൽ പിടയുന്ന ജീവനെയൊരു
മിന്നൽപ്പിണരിലൊതുപ്പതും ലഹരി.
നാടൻകളികളെ പാടെ മറന്നിട്ട്
'തോക്കെട് വാളെടെ'ന്നാർത്തു വിളിപ്പതും
ജീവിതം പോലുമഭിനയമാക്കിയ
'ടിക്ടോക്കി'ൻ കോപ്രായം ലഹരി.
കൗമാര തീരത്തടുക്കുന്ന മക്കളെ
യെങ്ങനെ
നന്മതൻ പാതയിലേറ്റുമെന്നറിയാ-
തുരുകുമെൻ മനസ്സിൽ നിന്നുയരുന്നൊ
രഗ്നിയായെന്നിൽ പടരുന്നു ലഹരി.
ലഹരി ( കവിത : ജിഷ വേണുഗോപാൽ)
Join WhatsApp News
രാജു തോമസ് 2020-07-10 09:31:19
കവനത്തിലുള്ള കൗതുകവും പഠിത്തവും പടുത്വവും ചാരുതയുമൊക്കെ ഇതിലുണ്ട് . അഭിനന്ദനങ്ങൾ.
വിധു varghese 2022-10-21 09:14:05
ഓഡിയോ പ്ലസ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക