Image

സ്കൂളുകള്‍ തുറന്നില്ലെങ്കില്‍ ധനസഹായം തടയുമെന്ന് ട്രംപ്

Published on 08 July, 2020
സ്കൂളുകള്‍ തുറന്നില്ലെങ്കില്‍ ധനസഹായം തടയുമെന്ന് ട്രംപ്
വാഷിങ്ടണ്‍: യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും തലതിരിഞ്ഞ നിലപാടുകളുമായി പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചിട്ടിരിക്കുന്ന യു.എസിലെ സ്കൂളുകള്‍ ഉടന്‍ തുറക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം, സ്കൂളുകള്‍ക്കുള്ള ഫെഡറല്‍ ധനസഹായം തടയുമെന്നാണ് ട്രംപിന്‍റെ ഭീഷണി.

ജര്‍മനി, ഡെന്മാര്‍ക്, നോര്‍വേ, സ്വീഡന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ സ്കൂളുകള്‍ യാതൊരു കുഴപ്പവും കൂടാതെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ട്രംപ് ട്വീറ്റില്‍ പറഞ്ഞു. നവംബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പായി സ്കൂളുകള്‍ തുറന്നാല്‍ അത് തങ്ങളെ രാഷ്ട്രീയപരമായി മോശമായി ബാധിക്കുമെന്നാണ് ഡെമോക്രാറ്റുകള്‍ കരുതുന്നത്. എന്നാല്‍, കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും സ്കൂള്‍ തുറക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്കൂളുകള്‍ തുറന്നില്ലെങ്കില്‍ ധനസഹായം നല്‍കുന്നത് അവസാനിപ്പിക്കുമെന്നും ട്രംപ് ട്വീറ്റില്‍ പറഞ്ഞു.

യു.എസില്‍ കോവിഡ് ബാധിതരുടെ എണ്ണം 31.20 ലക്ഷം കടന്നിരിക്കുകയാണ്. 1.34 ലക്ഷം പേരാണ് മരിച്ചത്. ചൊവ്വാഴ്ച 55,442 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധിക്കുന്നതില്‍ അമേരിക്കന്‍ ഭരണകൂടം വന്‍ പരാജയമായി മാറിയെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക