Image

റിയാദ് കെ എം സി സി സുരക്ഷാ പദ്ധതി: അരക്കോടിയുടെ ധന സഹായം കൈമാറി

Published on 08 July, 2020
റിയാദ് കെ എം സി സി സുരക്ഷാ പദ്ധതി: അരക്കോടിയുടെ ധന സഹായം കൈമാറി


റിയാദ് : കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയില്‍ അംഗമായിരിക്കെ മരണമടഞ്ഞ അഞ്ചു പേരുടെ കുടുംബങ്ങള്‍ക്കുള്ള പദ്ധതി വിഹിതമായ 50 ലക്ഷം രൂപയുടെ ചെക്ക് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മൊയ്തീന്‍കോയ കല്ലമ്പാറ കൈമാറി.

പ്രവാസ ജീവിതത്തിനിടയില്‍ പൊലിഞ്ഞു പോയ സഹോദരങ്ങളുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഈ സഹായം അവരുടെ കുടുംബത്തിന് ഏറെ ആശ്വാസം പകരുന്നതാണെന്നും സേവന രംഗത്ത് ഇനിയും ശ്ലാഖനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കെഎംസിസിക്ക് കഴിയട്ടെയെന്നും തങ്ങള്‍ പറഞ്ഞു. ഈ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയിപ്പിക്കണമെന്ന് തങ്ങള്‍ ആഹ്വനം ചെയ്തു.

അഞ്ച് കുടുംബങ്ങള്‍ക്കായി10 ലക്ഷം രൂപ വീതമാണ് പദ്ധതി വഴി നല്‍കിയത്. കഴിഞ്ഞ വര്‍ഷമാണ് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് പദ്ധതി വിപുലപ്പെടുത്തുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ ചടങ്ങില്‍ അറിയിച്ചു.

മുസ് ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ രംഗത്ത് വേറിട്ട അനുഭവമാണ് റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയെന്ന് പി.കെ. കുഞ്ഞാലികുട്ടി പറഞ്ഞു. കെഎംസിസി സേവനം നിലക്കാത്ത പ്രവാഹമാണെന്ന് സയിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.

ദേശിയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ്, എം.കെ. മുനീര്‍, കെഎംസിസി സൗദി നാഷണല്‍ പ്രസഡന്റ് കെ.പി മുഹമ്മദ് കുട്ടി, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ യു.പി. മുസ്തഫ, ശിഹാബ് പള്ളിക്കര, ഹാരിസ് തലാപ്പില്‍, എ.കെ. ബാവ താനൂര്‍, കുന്നുമ്മല്‍ കോയ, സമദ് പെരുമുഖം, നൗഫല്‍ തിരൂര്‍, നാസര്‍ തങ്ങള്‍, ബഷീര്‍ ചേറ്റുവ, ഷംസു തിരൂര്‍, കെ.ടി. ഹുസൈന്‍ മക്കരപറമ്പ്, അസിസ് കട്ടിലശേരി എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക