Image

ടെക്‌സസിലും രോഗബാധിതർ 10,000 കടന്നു; യു.എം. എം.സി.സിയില്‍ സ്റ്റെം സെല്‍ തെറപ്പിയും (റൗണ്ട് അപ്പ്)

അജു വാരിക്കാട് Published on 08 July, 2020
ടെക്‌സസിലും രോഗബാധിതർ  10,000 കടന്നു; യു.എം. എം.സി.സിയില്‍ സ്റ്റെം സെല്‍ തെറപ്പിയും (റൗണ്ട് അപ്പ്)
ടെക്‌സസില്‍ ആദ്യമായി ഒറ്റദിവസം 10,000-ല്‍ പരം പുതിയ കൊറോണ വൈറസ് ബാധിതര്‍. ഇന്നലെ 10,028 പേര്‍ക്ക് രോഗബാധ കണ്ടെത്തി.

ന്യൂയോര്‍ക്കും ഫ്‌ലോറിഡയും മാത്രമാണ് ഒരു ദിവസം പതിനായിരത്തിലധികം പുതിയ കേസുകള്‍ രേഖപ്പെടുത്തിയ മറ്റു സംസ്ഥാനങ്ങള്‍.

ജൂലൈ ഫോര്‍ത്ത് വാരാന്ത്യത്തില്‍ ടെക്‌സില്‍ 8,000 ആളുകളായിരുന്നു ആശുപത്രികളില്‍. ഇത് കഴിഞ്ഞ മാസത്തെക്കാള്‍ നാലിരട്ടി. ഇന്നലെ ആശുപത്രിയില്‍ ഉള്ളവര്‍ 9,000 കവിഞ്ഞു. ഇന്നലെ 85 മരണം. ടെക്‌സസില്‍ ഒരു ദിവസത്തെ ഏറ്റവും കൂടിയ മരണം ആണിത്

ഹ്യുസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്റര്‍ (യുഎംഎംസി) നടത്തുന്ന ചികിത്സ രീതി വളരെ ഫലപ്രദമെന്നു യുഎംഎംസി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് വാരോണ്‍. വാക്സിന്റെ ഗവേഷണം ആഗോളതലത്തില്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ ഓരോ ആശുപത്രികള്‍ അവരുടേതായ ചികിത്സാരീതി പരീക്ഷിക്കുന്നു.

കഴിയുന്നത്ര രോഗികളെ വെന്റിലേറ്ററുകളില്‍ എത്തിക്കുന്നത് ഒഴിവാക്കുക എന്നതാണ് യുഎംഎംസി യുടെ ലക്ഷ്യം. കോവിഡ് രോഗികള്‍ക്ക് യുഎംഎംസിയില്‍ നല്‍കിയ ചികിത്സയെപ്പറ്റി ഡോ. വരോണിന്, വളരെ ശുഭാപ്തി വിശ്വാസമാണ്.

യുഎംഎംസി നടത്തിവരുന്നത് 'മാത്ത് + പ്രോട്ടോക്കോള്‍ എന്ന ചികിത്സാരീതിയാണ്. 'ഈ ചികിത്സാരീതി ഫലപ്രദമെന്നു ഞങ്ങള്‍ കരുതുന്നതിനാല്‍ മാത്ത് + കഴിയുന്നത്ര ആളുകളെ പഠിപ്പിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു,-ഡോ. വരോണ്‍ തുര്‍ന്നു. 100ലധികം ദിനരാത്രങ്ങള്‍ കോവിഡ് രോഗികളെ ചികിത്സിച്ചതില്‍ ഒരു നഴ്‌സസിനു മാത്രമാണ് രോഗ ലക്ഷണം കണ്ടത്. അവരെ ചികിത്സിക്കുന്നതിനായി സ്റ്റെം സെല്‍ തെറാപ്പി എന്ന ഒരു നൂതന പരീക്ഷണമാണ് നടത്തിയത്.

വിരളമായി ചിലയിടങ്ങളില്‍ മാത്രമാണ് കോവിഡിനു സ്റ്റെം സെല്‍ തെറാപ്പി പരീക്ഷണവിധേയമാക്കിയിട്ടുള്ളത്. 'സ്റ്റെം സെല്ലുകള്‍ ശരീരത്തിന്റെ രോഗമുള്ള ഭാഗത്തേക്ക് പോകുന്നു, കോവിഡ്-19ന്റെ കാര്യത്തില്‍ അത് ശ്വാസകോശത്തിലേക്ക് പോകും. അവിടെ അവ ശ്വാസകോശത്തെ പുനരുജ്ജീവിപ്പിക്കുന്നു,' ഡോ. വരോണ്‍ വിശദീകരിച്ചു.

ന്യൂയോര്‍ക്ക്

മൂന്നു സ്റ്റേറ്റുകളിന്‍ നിന്ന് വരുന്നവര്‍ക്ക് കൂടി ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ 14 ദിവസത്തെ സ്വയം ക്വാറന്റയിന്‍ ഏര്‍പ്പെടുത്തി. ഡെലവെയര്‍, കന്‍സാസ്, ഒക്ലഹോമ എന്നിവ കൂടി ഉള്‍പ്പെടുത്തിയതോടെ 19 സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ ക്വറന്റയിനില്‍ പോകണം.

മറ്റ് സംസ്ഥാനങ്ങള്‍: അലബാമ, അര്‍ക്കന്‍സാ, അരിസോണ, കാലിഫോര്‍ണിയ, ഫ്‌ലോറിഡ, ജോര്‍ജിയ, അയോവ, ഐഡഹോ, ലൂസിയാന, മിസിസിപ്പി, നോര്‍ത്ത് കരോലിന, നെവാഡ, സൗത്ത് കരോലിന, ടെക്‌സസ്, യൂട്ടാ

ന്യൂയോര്‍ക്കില്‍ തിങ്കളാഴ്ച ടെസ്റ്റ് നടത്തിയ 56,736 പേരില്‍ 588 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. 1.04 ശതമാനം. 

ആശുപത്രിയില്‍ പ്രവേശിക്കുവരുടെ എണ്ണം കുറവാണ്. ഇപ്പോള്‍ ആകെ 836 പേരാണു ആശുപത്രികളില്‍. 10 പേര്‍ മരിച്ചു.

സ്‌കൂള്‍ തുറക്കണമെന്നു വൈറ്റ് ഹൗസ്

ഫാള്‍ സീസണില്‍ പൊതുവിദ്യാലയങ്ങള്‍ വീണ്ടും തുറക്കാന്‍ ഗവര്‍ണര്‍മാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രസിഡന്റ് ട്രമ്പ് ചൊവ്വാഴ്ച പറഞ്ഞു.

പല സ്റ്റേറ്റുകളിലും സ്‌കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്. പകരം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. കുട്ടികള്‍ വഴി രോഗം മുതിര്‍ന്നവരിലേക്കും ബാധിക്കുമെന്ന ഭീതിയാണ് സ്‌കൂള്‍ അടച്ചിടാന്‍ ഗവര്‍ണര്‍മാരെ പേരിപ്പിക്കുന്നത്. എന്നാല്‍ സ്‌കൂളും ബിസിനസും എല്ലാം പതിവ് പോലെ തുറക്കണമെന്ന നിലപാടിലാണു വൈറ്റ് ഹൗസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക