Image

യുക്മ ലൈവ് ടാലന്റ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ജൂലൈ 7 ന്

Published on 06 July, 2020
 യുക്മ ലൈവ് ടാലന്റ് ഷോ 'ലെറ്റസ് ബ്രേക്ക് ഇറ്റ് ടുഗതര്‍' ജൂലൈ 7 ന്


ലണ്ടന്‍: യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ചുകൊണ്ട് ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' യു കെയിലേയും ലോകമെമ്പാടുമുള്ള ജനമനസുകളില്‍ ഇടം നേടി ഉജ്ജ്വലമായി മുന്നേറ്റം തുടരുകയാണ്.

യുക്മ പേജിലൂടെ പ്രക്ഷേപണം ചെയ്യുന്ന 'Let's Break it Together' ല്‍ ജൂലൈ 7 നു (ചൊവ്വ) വൈകുന്നേരം 5 ന് (ഇന്ത്യന്‍ സമയം രാത്രി 9.30) പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് വയലിനിലും ഗിറ്റാറിലും പിയാനോയിലും സംഗീതത്തിന്റെ മാന്ത്രികത തീര്‍ക്കുന്ന സ്റ്റോക് ഓണ്‍ ട്രെന്‍ഡില്‍ നിന്നുള്ള അന്‍സല്‍ സൈജു, സാം ആന്റണി, ജോഷ്വാ ആഷ് ലി എന്നീ മൂവര്‍ സംഘമാണ്. യുക്മയിലെ കരുത്തുറ്റ റീജണായ മിഡ് ലാന്‍ഡ്‌സിലെ ഏറ്റവും കരുത്തുറ്റ അംഗ അസോസിയേഷനുകളില്‍ ഒന്നായ എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡിന്റെ അരുമകളാണ് ഈ മൂന്നു കൗമാര താരങ്ങള്‍.

സ്റ്റോക്കിലെ സെന്റ് ജോസഫ് കോളജിലെ ഇയര്‍ 8 വിദ്യാര്‍ഥിയായ ഈ 13 കാരന്‍ കോളജിലെ സീനിയര്‍ ഓര്‍ക്കസ്ട്രയിലെ അംഗമാണ്. സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് സിറ്റി മ്യൂസിക് സര്‍വീസ് അംഗമായ അന്‍സല്‍ ഇതിനോടകം യുക്മ കലാമേള, എസ്എംഎ പ്രോഗ്രാമുകള്‍, ബൈബിള്‍ കലോത്സവം തുടങ്ങി നിരവധി വേദികളില്‍ തന്റെ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു.

ബൈബിള്‍ കലോത്സവം വയലിന്‍ വിഭാഗത്തില്‍ വിജയിയായ അന്‍സല്‍ തന്റെ 9-ാം വയസില്‍ കരാട്ടെ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കി കായിക രംഗത്തും തന്റെ മികവു തെളിയിച്ചിട്ടുണ്ട്. എസ്എംഎയുടെ സജീവാംഗങ്ങളായ സൈജു ജോസഫ് - ജയമോള്‍ സൈജു ദമ്പതികളുടെ മകനാണ് അന്‍സല്‍.

കലാ കായികരംഗങ്ങളില്‍ മിന്നിത്തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് 14 കാരനായ സാം ആന്റണി. സ്റ്റോക്കിലെ സെന്റ് ജോസഫ് കോളജിലെ ഇയര്‍ 9 വിദ്യാര്‍ഥിയായ സാം ഗിറ്റാറിലൂടെ തന്റെ സംഗീതാഭിമുഖ്യം വെളിപ്പെടുത്തുമ്പോള്‍ തന്നെ നൃത്തം, ബാസ്‌കറ്റ് ബോള്‍, ക്രിക്കറ്റ്, ബാഡ്മിന്റണ്‍, കരാട്ടെ എന്നിങ്ങനെ നിരവധി ഇനങ്ങളില്‍ പരിശീലനം തുടരുകയാണ്. ചെറു പ്രായത്തില്‍ തന്നെ ഗിത്താര്‍ പരിശീലനം തുടങ്ങി സാം നിരവധി വേദികളില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സയന്‍സ് അവാര്‍ഡ് കരസ്ഥമാക്കിയിട്ടുള്ള ഈ മിടുക്കന്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടീമിലും അംഗമാണ്. ആന്റോ ജോസിന്റേയും എസ്എംഎ യുടെ സെക്രട്ടറിയും യുക്മ പ്രതിനിധിയുമായ സിനി ആന്റോയുടെയും മകനാണ് സാം.

പിയാനോയില്‍ സ്വര വിസ്മയം തീര്‍ക്കുന്ന ജോഷ്വാ ആഷ് ലി സംഗീതം തന്റെ ഹൃദയത്തോട് ചേര്‍ത്തുവച്ചിരിക്കുന്ന ഒരു കൊച്ച് കലാകാരനാണ്. പിയാനോ ഗ്രേഡ് 4 ല്‍ പരിശീലനം തുടരുന്ന ജോഷ്വാ സ്റ്റോക്കിലെ സെന്റ് തോമസ് മൂര്‍ കാത്തലിക് അക്കാഡമിയിലെ ഇയര്‍ 9 വിദ്യാര്‍ഥിയാണ്. ചെറിയ പ്രായത്തില്‍ തന്നെ പിയാനോയില്‍ പരിശീലനം തുടങ്ങിയ ജോഷ്വാ ഇതിനോടകം നിരവധി വേദികളില്‍ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. കരാട്ടെയില്‍ ബ്‌ളാക്ക് ബെല്‍റ്റ് കരസ്ഥമാക്കിയ ഈ 14 കാരന്‍ പിയാനോയോടൊപ്പം കരാട്ടെയിലും പരിശീലനം തുടരുകയാണ്. എസ്എംഎ യുടെ സജീവാംഗങ്ങളായ ആഷ് ലി കുര്യന്‍ - ബെറ്റി കുരിയാക്കോസ് ദമ്പതികളുടെ മകനാണ് ജോഷ്വാ.

എട്ടു വയസുമുതല്‍ 21 വയസു വരെ പ്രായമുള്ള യു കെ യിലെ വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഹാസ്യാത്മകമായ പരിപാടികള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്നതും ആകര്‍ഷണങ്ങളുമായ മറ്റു കലാപരിപാടികള്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ് യുകെയുടെ റെക്‌സ് ജോസും ജെ ജെ ഓഡിയോസിന്റെ ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്കുവേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുവേണ്ട മിനിമം സമയം 20 മിനിറ്റ് ആണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന എട്ടു മുതല്‍ ഇരുപത്തിയൊന്ന് വയസുവരെ പ്രായപരിധിയിലുള്ള കലാ പ്രതിഭകള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന പരിപാടിയുടെ, കുറഞ്ഞത് അഞ്ച് മിനിറ്റ് ദൈര്‍ഘ്യം ഉള്ള വീഡിയോ ക്ലിപ്പ് 07846747602 എന്ന് വാട്‌സ്ആപ്പ് നമ്പറില്‍ അയച്ചു തരേണ്ടതാണ് . ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് പരിപാടികള്‍ അവതരിപ്പിക്കേണ്ടവരെ മുന്‍കൂട്ടി അറിയിക്കുന്നതുമായിരിക്കും.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് എബി സെബാസ്‌റ്യന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു.

വിവരങ്ങള്‍ക്ക്: സി.എ. ജോസഫ് 07846747602, യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് 07877348602.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക