Image

നര (കവിത: ശ്രുതി വയലത്തൂർ)

Published on 05 July, 2020
നര (കവിത: ശ്രുതി വയലത്തൂർ)
തല നരച്ചവന്റെ
വൃത്തങ്ങൾ
അവന്റെ
ജീവിതത്തിൽ നിന്നും
പുറത്തേക്ക് കടന്ന്
നീണ്ട തലമുറയെ നോക്കി
പെരുവഴിയിലങ്ങനെ
മലർന്നു കിടക്കും ...
ചെറുതും
ആഴത്തിലുള്ളതുമായ
ലഘു വൃത്തങ്ങൾ
പുതിയ മനുഷ്യർ
പരന്ന വലിയ
വട്ടങ്ങൾ
ശരീരത്തിൽ
ചിഹ്നങ്ങളായി
കൊണ്ടു നടക്കുമ്പോൾ
അറിയാതെ
വീഴാതിരിക്കാൻ
അവർ ഇടയ്ക്കിടെ
ശ്രദ്ധിക്കും ...
കയറി പോരാനറിയാത്ത
ജീവിത വൃത്തങ്ങളെ
വച്ച് ,വീമ്പടിക്കുകയും
ആഴങ്ങളെ
മണ്ണിട്ടു മൂടണ
മെന്ന് ,നവോത്ഥാനം
പ്രസംഗിക്കുകയും
ചെയ്യും ...
ആഴമുള്ള
വട്ടങ്ങളിലെ
തെളിനീര്
നീണ്ടു വരുന്ന
കൈകുമ്പിളിനെ
സ്വപ്നം കാണും
വരണ്ട കിണറുകൾ
എന്നു പോലും
വിളിക്കാനാകാതെ
മനുഷ്യനു കീഴിൽ
വെറുതെ
അപ്പോഴും, കുറേ
വൃത്തങ്ങൾ
രൂപം കൊള്ളും
ഓർക്കുക ;
കൊഴിഞ്ഞു പോകുന്ന
ഓരോ ഇലകൾക്കും
നിർമിതികളിൽ
അലിഞ്ഞു
ചേരാനായിട്ടുണ്ട്
ഓരോ കൈകുമ്പിൾ
ജലവും
ജലാശയങ്ങളുടെ
കഥകൾ പറയും
തല നരച്ചവരുടെ
വൃത്തങ്ങൾക്കു
മുകളിലൂടെ
മാത്രമേ
നിങ്ങൾക്കെന്തും
വരയ്ക്കാനാകൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക