Image

ഇടവേള (കവിത: ഇസ്മയിൽ മേലടി)

Published on 05 July, 2020
ഇടവേള (കവിത: ഇസ്മയിൽ മേലടി)
ശൂന്യമാ മാങ്കോസ്റ്റൈൻ
മരച്ചോട്ടിലിന്നും
തണൽ വിരിച്ചു നിൽപ്പൂ
സുൽത്താൻ

മലയാള മനസ്സിലിന്നും
കുരുവായ്പ്പൊട്ടുന്നു
പ്രണയമായ് നിറയുന്നു
സുഹറയും മജീദും

മുറ്റത്തെ സ്റ്റൂളിലെ
സ്വനഗ്രാഹിയിൽ നിന്നും
സൈഗാൾ,  സ്നേഹത്തിൻ
ഗസലായ് ഒഴുകുന്നു

അണ്ഡകടാഹങ്ങളിലിന്നും
സുൽത്താന്റെ വായ്ത്താരി
ദൈവത്തിന്റെ ഖജനാവിലെ
അനന്തമാം സമയമായ് മിടിക്കുന്നു

ക്രൂരമായ് വീണ്ടും വീണ്ടും
എത്ര ചവിട്ടിയരച്ചിട്ടും
ചെമ്പരത്തിപ്പൂ
ചുവന്നേയിരിക്കുന്നു

ചോരപ്പാടുകളേറെ വീണ,
ഇലകൾ തല്ലിക്കൊഴിച്ച,
ഭൂമിയു, ടാവകാശികളെല്ലാം
അനാഥമായ് കേഴുന്നു

ശബ്ദങ്ങൾ പാഴ് വിലാപമാകുന്നു
നിലയ്ക്കാത്ത രോദനമായ്
മൃതമാകുമാശകളായ്
നോവിന്റെയിരുട്ടിലൊടുങ്ങുന്നു

സൂഫിയിന്നും യാത്രികനായ്
ഉത്തരേന്ത്യൻ ഗർത്തങ്ങളിൽ
ഗർവ്വിന്റെ കുന്നുകളിൽ
മാറാപ്പുമായലയുന്നു

വൈക്കത്തിനും വൈലാലിനു-
മിടയി, ലോടിയോടിത്തളർന്ന്
ഗാന്ധിത്തൊപ്പിയൊടുവിൽ
ഉപ്പിലലിഞ്ഞുപോയ്‌

ഇനിയിപ്പോ, ഴെന്റുപ്പാപ്പാക്കൊരു
മനസ്സുണ്ടായിരുന്നെന്ന്
കൊച്ചുകുഞ്ഞിനോടോതി
നിർവൃതിയിലലിഞ്ഞിടാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക