Image

ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷന്‍ ദേശീയ അവാര്‍ഡ്

Published on 04 July, 2020
ഷീജ മാത്യൂസിന് സ്വിങ്ങ് എജ്യുക്കേഷന്‍ ദേശീയ അവാര്‍ഡ്


ന്യു ജെഴ്‌സി: വേറിട്ട അദ്ധ്യാപന ശൈലി കാഴ്ചവയ്ക്കുന്ന മൂന്ന് അദ്ധ്യാപകരെ 'സ്വിങ്ങ് എജ്യുക്കേഷന്‍' ദേശീയ തലത്തില്‍ ആദരിച്ചപ്പോള്‍ അവരിലൊരാള്‍ ന്യു ജെഴ്‌സി വുഡ് റിഡ്ജില്‍ താമസിക്കുന്ന് ഷീജ മാത്യുസ്.

പ്രതിഭാധനരായ അദ്ധ്യാപകരെ ഉന്നതനിലവാരമുള്ള സ്‌കൂളുകളുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമാണ് 'സ്വിങ്ങ് എജ്യുക്കേഷന്‍.' ഈ അധ്യയന വര്‍ഷത്തിലാണ് ഷീജ സ്വിങ്ങിന്റെ ഭാഗമായത്. അഞ്ച് മില്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 2500 ല്‍ അധികം സ്‌കൂളുകളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വിജ്ഞാനം എത്തുന്നു എന്നതാണ് സ്വിങ്ങിന്റെ സവിശേഷത.

പ്രചോദനാത്മകമായ മികവ് പുലര്‍ത്തി വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരാന്‍ കാരണമായ അദ്ധ്യാപകരുടെ പേരുകള്‍ ദേശീയ തലത്തില്‍ ക്ഷണിച്ചിരുന്നു.അവയില്‍ നാമനിര്‍ദേശംചെയ്യപ്പെട്ടവരില്‍ നിന്നാണു ഷീജ മാത്യൂസ് തിരഞ്ഞെടുക്കപ്പെട്ടത്.

അവര്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകരും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് നാമനിര്‍ദ്ദേശം നല്‍കിയത്. ബി എഡ് ബിരുദത്തിനുപുറമേ അക്കൗണ്ടന്‍സിയില്‍ മാസ്റ്റേഴ്‌സ് ചെയ്ത ഷീജ ന്യൂ ജേഴ്സി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം 2017 ലാണ് അമേരിക്കയില്‍ അദ്ധ്യാപികയായത്. നാല് ഭാഷകള്‍ വഴങ്ങുമെങ്കിലും അഞ്ചാമതൊന്നു കൂടി പഠിച്ചുകൊണ്ടിരിക്കുന്ന ഷീജയിലെ സ്ഥിരോത്സാഹി,അറിയപ്പെടുന്നകലാകാരിയുമാണ്.

പെയിന്റിങ്ങ്, ശില്പകല, പാട്ട് അഭിനയം എന്നിവയിലാണ് അഭി രുചി. പി. ടി. ചാക്കോ മലേഷ്യ സ്ഥാപിച്ച ഫൈന്‍ ആര്‍ട്‌സ് മലയാളവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച് മികച്ചൊരു അഭിനേത്രിയായി പേരെടുത്തതിനു പുറമേ വസ്ത്രാലങ്കാരത്തിലെ കഴിവിനും പ്രശംസ നേടി.

ക്യാഷ് അവാര്‍ഡും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം ഷീജ സമര്‍പ്പിക്കുന്നത് ചെങ്ങന്നൂരില്‍ റിട്ടയേര്‍ഡ് ജീവിതം നയിക്കുന്ന മാതാപിതാക്കള്‍ക്കാണ്. പിതാവ് കെ. പി. ഉമ്മന്‍പോര്‍ട്ടില്‍ ഡെപ്യൂട്ടി മാനേജരും അമ്മ എലിസബത്ത് ഉമ്മന്‍ ബയോളജി അദ്ധ്യാപികയും ആയിരുന്നു. മള്‍ട്ടി നാഷണല്‍ കമ്പനിയില്‍ എസ് എ പി സ്‌പെഷ്യലിസ്റ്റ് ആയ ഭര്‍ത്താവ് മാത്യൂസ് എബ്രഹാമിന്റെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കളുടെയും പിന്തുണയും ഏറെ വലുതാണ്.

'ഓര്‍മ്മവച്ച കാലം മുതല്‍ ഇളം മനസ്സുകളില്‍ മാതൃകാപരമായ സ്വാധീനം ചെലുത്തുന്ന അദ്ധ്യാപിക ആകണമെന്ന് തന്നെയായിരുന്നു ആഗ്രഹം. പത്ത് വര്‍ഷത്തെ അദ്ധ്യാപന സപര്യയില്‍ സാംസ്‌കാരികമായി തികച്ചും വ്യത്യസ്തരായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. പട്ടുനൂല്‍പ്പുഴുവില്‍ നിന്ന് മിഴിവോടെ പറന്നുയരുന്ന ചിത്രശലഭത്തെ വിവിധ ഘട്ടങ്ങളില്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന മനസ്സാണ് അദ്ധ്യാപകര്‍ക്ക്. അവര്‍ക്ക് മുന്നിലൂടെയാണ് വിദ്യാര്‍ത്ഥിയുടെ വളര്‍ച്ച. ഒന്നും അറിയാതെ തന്റെ അടുത്തെത്തുന്ന കുരുന്നിലേക്ക് അറിവ് നിറച്ച് പറക്കാന്‍ പ്രാപ്തനാക്കുന്നതില്‍ കവിഞ്ഞ് സാര്‍ത്ഥകമായി മറ്റെന്തുണ്ട്? 'ഷീജ മാത്യൂസ് എന്ന അധ്യാപികയുടെ വാക്കുകളില്‍ ധന്യത നിറയുന്നു.

സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ്മാ ചര്‍ച്ച് അംഗമായ ഷീജ മാര്‍ത്തോമ്മ്മ്മാ യുവജന സഖ്യം സൗത്ത് ഈസ്റ്റ് റീജിയന്‍ സെന്റർ-എ സെക്രട്ടറിയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക