Image

അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 04 July, 2020
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
ലോകത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യം ഇന്ത്യയാണ്. അമേരിക്കയും ചൈനയും തൊട്ടു പിന്നില്‍. ഗുജറാത്തില്‍ വര്‍ഗീസ് കുര്യന്‍ എന്ന മലയാളി  തിരികൊളുത്തിയ അമുല്‍ ജ്വാല രാജ്യമാകെ പടര്‍ന്നു പിടിച്ചു. കേരളത്തിലും ക്ഷീര കര്‍ഷകരുടെ  മില്‍ക്ക് സൊസൈറ്റികള്‍ രൂപം കൊണ്ടു. മില്‍മ എന്ന വടവൃക്ഷത്തിനു കീഴില്‍ നാലു ലക്ഷത്തോളം ക്ഷീരകര്‍കരാണ് സംഘടിച്ചിട്ടുള്ളത്.

പാലും പശുപരിപാലനവും  ഇന്ത്യയുടെ ആത്മാഭിമാനമായതില്‍ അല്‍ഭുതമില്ല.  ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ ഗോപാലകരുടെ യാദവ വംശത്തില്‍ ജനിച്ച് രാധ ഉള്‍പ്പെടെ പതിനാറായിരത്തെട്ടു ആരാധികമാരോത്ത് ജീവിച്ചു കുരുക്ഷേത്രയുദ്ധത്തില്‍ അര്‍ജുനന്റെ തേരാളിയായെന്നാണല്ലോ മഹാഭാരത ഇതിഹാസം.  

''ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി വനമാലീ...വിശക്കുന്ന നേരം പശുവിന്‍  അകിട്ടിലെ പാല്‍ മുത്തിക്കുടിച്ചു കൈതവശാലി  'എന്ന  യൂസഫലി കേച്ചേരിയുടെ  വരികള്‍ക്ക് യേശുദാസും ചിത്രയുമാണ് ആന്ദോളനം എന്ന ചിത്രത്തില്‍ സ്വര്‍ഗീയ നാദം നല്‍കിയത്. സന്ദര്‍ഭവശാല്‍ ഗ്രാമീണ കേരളത്തിലെ നഷ്ടഭാഗ്യത്തിന്റെ   പ്രതീകമായി  ഇന്നും അത്  മലയാളി മനസില്‍ അനുരണനം ചെയ്യുന്നു.   

എങ്കിലും കേരളത്തില്‍ പശു പരിപാലനം കൊണ്ട് ജീവിക്കുന്നവരുടെ എണ്ണം ക്രമേണ ഇ ടിഞ്ഞുകൊണ്ടിരിക്കുക
യാണെന്നാണ് അര നൂറ്റാണ്ടായി ഈ രംഗത്ത് അനുഭവപരിജ്ഞാനമുള്ള ഒരു പാല്‍ സഹകരണ സംഘം അധ്യക്ഷന്‍ വിജയകുമാര്‍  വെളിപ്പെടുത്തുന്നത്. പഴയ തലമുറക്കാര്‍ തകര്‍ന്നതോടെ മക്കള്‍ മറ്റു മേച്ചില്‍ സ്ഥലങ്ങള്‍ തേടി.  

യേശുദാസും സുജാതയും പാടിയ എസ് രമേശന്‍ നായരുടെ വരികള്‍ 'അമ്പാടി പയ്യുകള്‍ മേയും കാണാതീരത്ത് അനുരാഗം മൂളും തത്തമ്മേ' യുമായി ലാല്‍ ജോസിന്റെ 'ചന്ദ്രനുദിക്കുന്ന  ദിക്കില്‍' കേരളത്തില്‍ നിറഞ്ഞാടിയിട്ടു രണ്ടു പതിറ്റാണ്ടായി. പശുപരിപാലകരുടെ കഥയാണത്.

കാല്‍ നൂറ്റാണ്ടു പിന്നില്‍  ഗുജറാത്തിലെ  ക്ഷീരകര്‍ഷകരെപ്പറ്റി ശ്യാം ബെനിഗള്‍ സംവിധാനം ചെയ്തു ഗിരീഷ് കര്‍ണാര്‍ഡും സ്മിതാ പാട്ടിലും അഭിനയിച്ച 'മന്ധന്‍' എന്ന ചിത്രത്തിന്റെ  പ്രമേയവും ക്ഷീരകര്‍ഷകരെ ദുഷ്ടമൂര്‍ത്തികള്‍ വഞ്ചിക്കുന്നത്തായിരുന്നു. പാലോ തൈരോ കടഞ്ഞെടുക്കുന്ന പ്രക്രിയയാണ് 'മന്ധന്‍' .

അഞ്ചും പത്തും രൂപയുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് നാല്‍പതും അമ്പതും അറുപതും രൂപയായി ഒരു ലിറ്റര്‍ പാലിന് വില ഉയര്‍ന്നിട്ടും കേരളത്തില്‍ ക്ഷീരകര്‍ഷകര്‍ ഗതിപിടിക്കാത്തതു എന്താണ്?  'ഇവിടമാണ് സ്വര്‍ഗം' എന്ന് പറയാന്‍ ചിത്രത്തിലെ ഡയറി ഉടമ മോഹന്‍ലാലിനേ  സാധിക്കൂ.

ആകാശ ചുംബികളായ ഫ്‌ളാറ്റുകളിലും വില്ലകളിലും താമസിക്കുന്ന മലയാളികളില്‍ പലര്‍ക്കും അമ്മ കറന്നു നല്‍കിയ പാല്‍ ഒഴിച്ച ചായയോടും കാച്ചിയ മോരിനോടും  വെണ്ണയോടുമുള്ള നൊസ്റ്റാള്‍ജിയ ഇനിയും നശിച്ചിട്ടില്ലെന്നത് ആശ്വാസം.  

അതുകൊണ്ടാണ് നടന്‍ ജയറാം പെരിയാര്‍ തീരത്ത് ആനന്ദ് ഡയറിനടത്തുന്നതും യേശുദാസ് വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്നതും പിജെജോസഫ് രാഷ്ട്രീയം മറന്നു തന്റെ തൊഴുത്തില്‍ തിന്നു മദിച്ചു  നില്‍ക്കുന്ന പശുക്കളെ പേരു ചൊല്ലി വിളിക്കുന്നതും പാട്ടുപാടി കൊടുക്കുന്നതും.

കേരളത്തില്‍  എട്ടു ലക്ഷത്തോളം ക്ഷീര കര്‍ഷകര്‍ ഉണ്ടെങ്കിലും മില്‍മ ബ്രാന്‍ഡ് അവതരിപ്പിച്ച കേരള കോഓപ്പ
റേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ കീഴില്‍ 3337 മില്‍ക്ക് സൊസൈറ്റികളിലായി 3.92 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നു ഡയറി ഡവലപ്‌മെന്റ് വകുപ്പ് ഡയറക്ടര്‍ മിനി രവീന്ദ്രദാസ് ഇമെയിലില്‍ അറിയിച്ചു.

ഇവിടെ നാലു ലക്ഷം ക്ഷീരകര്‍ഷകര്‍ അങ്ങനെ സഹകരണ സംഘങ്ങള്‍ക്ക് പുറത്ത് പാല്‍ ഉല്‍പാദിപ്പിച്ച് കഴിഞ്ഞു കൂടുന്നു എന്നര്‍ത്ഥം. സംസ്ഥാനത്ത് ഇന്ന് മൊത്തത്തില്‍  ഒരുവര്‍ഷം 25.49 ലക്ഷം ടണ്‍  പാല്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും 6.79 ലക്ഷം ടണ്‍ മാത്രമാണ് മില്‍ക്ക് സൊസൈറ്റികള്‍ വഴി ശേഖരിക്കുന്നത്.

അഞ്ചു മുതല്‍ അമ്പതും നൂറും അതിലേറെയും പശുക്കളെ വളര്‍ത്തുന്നവര്‍ ഈ ഭൂരിപക്ഷത്തില്‍ ഉള്‍പ്പെടുന്നു. വാണിജ്യാടിസ്ഥാനത്തില്‍ 20 മുതല്‍ 50 വരെ പശുക്കളെ വളര്‍ത്തുന്നവര്‍ 784 വരും. അമ്പതിലേറെ പശുക്കള്‍ ഉള്ളവര്‍ 152 പേരുണ്ട്. നൂറിലേറെയുള്ളവര്‍ 41 എന്നാണ് സര്‍ക്കാരിന്റെ പക്കലുള്ള കണക്ക്. അങ്ങനെ സ്വതന്ത്ര ഡയറി ഫാമുകള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നു.  

വിദ്യാസമ്പന്നരും ഗള്‍ഫില്‍ നിന്ന് മടങ്ങിയവരും ഇക്കൂട്ടത്തില്‍ വരും.  ചുരുക്കം ചിലരെങ്കിലും ഗുജറാത്തിലും പഞ്ചാബിലും ഹരിയാനയിലും കര്‍ണാകത്തിലും വിജയകരമായി  നടത്തുന്ന ഡയറികള്‍ പോയി കണ്ടു പഠിച്ചവരാണ്.  യൂറോപ്പിലെ ഹൈടെക് ഡയറികള്‍ പോയി കണ്ടവരും  ഇല്ലാതില്ല. പലരും മക്കളെ ഡയറി സയന്‍സ് പഠിക്കാന്‍ അയക്കുന്നു.  

കോട്ടയം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയിലെ വാഗമണ്ണില്‍ 12  വര്‍ഷമായി മില്‍ക്ക് സൊസൈറ്റി പ്രസിഡണ്ട് ആയ വിജയകുമാറിന്റെ അനുഭവം നേരെ തിരിച്ചാണ്. ചെറുകിട പാല്‍ ഉത്പാദകരുടെ എണ്ണം കുറയുന്നു എന്നാണ്അദ്ദേഹത്തിന്റെ പക്ഷം.

കോട്ടയംകാരനായ പൂവപ്പാടത്ത് പിപി പുരുഷോത്തമന്‍ പിള്ള  63  വര്‍ഷം മുമ്പ് 1957ല്‍  വാഗമണ്ണില്‍ ഒരു സഹകരണ മില്‍ക്ക് സൊസൈറ്റി ആരംഭിക്കുമ്പോള്‍ അത് നാട്ടിലെ ആദ്യത്തെ സംരംഭം ആയിരുന്നു. അഞ്ചു
വര്‍ഷം കഴിഞ്ഞാണ് കേരളത്തില്‍ ഡയറി ഡിപ്പാര്‍ട്‌മെന്റ് ആരംഭിക്കുന്നതു തന്നെ. അന്ന് വാഗമണ്‍ കോട്ടയം  ജില്ലയിലാണ്. ഏലപ്പാറ, ഉപ്പുതറ, തീക്കോയി പഞ്ചായത്തുകളായിരുന്നു പ്രവര്‍ത്തന  മേഖല. ഇന്ന് ഈ പഞ്ചായത്തുകളില്‍  16 സൊസൈറ്റികളിലായി 1500 അംഗങ്ങള്‍ ഉണ്ട്.

'വാഗമണ്ണിലെ അന്നത്തെ സൊസൈറ്റിയുടെ കീഴില്‍ ഇന്നു 165 മെമ്പര്‍മാര്‍ ഉണ്ട്. പക്ഷെ പശുക്കറവകൊണ്ടു മാത്രം ജീവിക്കുന്നവരുടെ എണ്ണം പേരിനു മാത്രം--കഷ്ടിച്ചു മുപ്പത്. രാപകല്‍ അത്യദ്ധ്വാനം ചെയ്തു തൊഴുത്തില്‍ ജീവിതം ഹോമിക്കുന്നതിനു മതിയായ പ്രതിഫലം ലഭിക്കുന്നില്ല എന്നാണ് പരാതി.  ഈമേഖലയില്‍ കൂണുപോലെ മുളച്ച് പൊങ്ങുന്ന ടൂറിസ്റ്റ് റിസോര്‍ട്ടുകളില്‍ പണി കിട്ടിയതോടെ ക്ഷീരകര്‍ഷകര്‍ കളം മാറ്റിച്ചവിട്ടി,' വിജയകുമാര്‍ പറയുന്നു.

വാഗമണ്‍ മില്‍ക്ക് സൊസൈറ്റി സ്ഥാപിച്ച് മൂന്നു പതിറ്റാണ്ടോളം സെക്രട്ടറിയായി സേവനം ചെയ്ത പുരുഷോ
ത്തമന്‍ പിള്ള സ്വന്തമായി മുപ്പതോളം പശുക്കളെ വളര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ പൈതൃകം ലഭിച്ചി
രിക്കുന്നത് മകന്‍ അഡ്വ. പ്രകാശ് പിള്ളക്കാണ്--പതിനഞ്ചോളം പശുക്കള്‍.

നാടന്‍ പശുക്കളില്‍ നല്ലയിനങ്ങളുടെ ബീജം കുത്തിവച്ചുണ്ടാകുന്ന ക്രോസ്സ് പശുക്കളാണ് നാടിനു പറ്റിയതെന്നാണ്  നാടനെയും എച്എഫിനെയും ഗിറിനെയും വളര്‍ത്തി പരിചയ സമ്പന്നനായ പ്രകാശിന്റെ അഭിപ്രായം. ഇപ്പോള്‍ ഒരു വെച്ചൂര്‍  പശുവുമുണ്ട്.

ആശ്രമത്തിനു തൊട്ടെതിര്‍വശത്തെ നസ്രത് ഹില്ലില്‍ മനോഹരമായ ഫാം ഹൗസില്‍ റിട്ടയര്‍ ചെയ്തു ജീവിക്കുന്ന  കോളേജ്  അധ്യാപക ദമ്പതിമാരെ അറിയാം--ടോമിയും മേഴ്‌സിയും. കുരിശുമല താഴ്വരയില്‍ സ്വന്തമായുള്ള തേയില തോട്ടം ശാസ്ത്രീയമായി  നന്നാക്കിയെടുക്കാന്‍ കുന്നൂരില്‍ ടീബോര്‍ഡ് ആസ്ഥാനത്തു പഠിക്കാന്‍ പോയി.

എംജി യൂണിവേഴ്‌സിറ്റിയില്‍ ജൈവകൃഷിയെക്കുറിച്ചുള്ള കോഴ്‌സ് അറ്റന്‍ഡ് ചെയ്തു. ജൈവ വളത്തിനായി  പശുക്കളെ വളര്‍ത്തി. ജര്‍മനിയിലും സ്വിട്‌സര്‍ലന്‍ഡിലുമുള്ള ഡയറിഫാമുകള്‍സന്ദര്‍ശിച്ചു. ഓര്‍ഗാനിക് രീതിയില്‍ വളര്‍ത്തിയ കൊളുന്തുമായി പതിവായി കുട്ടിക്കാനത്തെ യൂറോപ്യന്‍ യൂണിയന്‍ ഫാക്ടറിയില്‍ ബൊലേറോ വണ്ടി ഓടിച്ചു പോയി.

ഒടുവില്‍ എല്ലാം മതിയാക്കി  ഫാം ഹൗസിനു ചുറ്റിനും ഒരുക്കൂട്ടിയ പഴത്തോട്ടവുമായി കഴിയുന്നു.  ഓണ്‍ലൈ
നില്‍ മാര്‍ക്കറ്റിങ്. 'അനുഭവങ്ങള്‍ ചീത്തയുമുണ്ട്. ഒന്നിനെയും കൊള്ളാനും തള്ളാനും  ശ്രമിക്കാതെ ഓര്‍മ്മച്ചെപ്പുമായി  കഴിയുന്നു  ഈ ദമ്പതികള്‍.  

മറുവശത്ത് വാഗമണ്ണിനടുത്ത് കുരിശുമലയില്‍ അരനൂറ്റാണ്ടിലേറെയായി നടക്കുന്ന ഒരു ഡയറിയുടെ കഥ നോക്കാം. ബെല്‍ജിയംകാരനായ ഫാ. ഫ്രാന്‍സിസും ഇംഗ്ലീഷ്‌കാരനായ ഫാ. ബീഡ്  ഗ്രിഫിത്സും കൂടി 1958 ല്‍ ആരംഭിച്ച ആശ്രമത്തിലെ  ഡയറി ഫാം ഇന്നും നന്നായി നടക്കുന്നു. കേരളത്തിന്റെ തന്നെ ഡയറിഫാമിംഗ് ചരിത്രത്തില്‍ ഈ ഫാമിന് പ്രത്യേക സ്ഥാനമുണ്ട്. നാട്ടിലെ പാല്‍ വിപ്ലവത്തിനു വഴിത്താരയിട്ട ഇന്‍ഡോ-സ്വിസ് പ്രോജക്ള്‍റ്റിന്റെ സഹകരണത്തോടെയായിരുന്നു തുടക്കം.

ആശ്രമത്തില്‍ ഇന്ന് എച്എഫ് എന്ന ഹോള്‍സ്‌റ്റൈന്‍ ഫ്രീഷ്യന്‍സ് ഇനത്തില്‍ പെട്ട  ഇരുനൂറോളം പശുക്കള്‍ ഉണ്ട്. ദിനംപ്രതി കുറഞ്ഞത് 40  ലിറ്റര്‍ പാല്‍ നല്‍കുന്ന ഇനമാണ് എച്എഫ്.   കുരിശുമല ഡയറി പ്രതിദിനം  5000 ലിറ്റര്‍ പാല്‍ ശേഖരിച്ച് പാസ്ച്വറൈസ് ചെയ്തു വിപണനം ചെയ്യുന്നു. സ്വന്തം പാല്‍ പോരാതെ വരുന്നതിനാല്‍ പുറത്തെ കര്‍ഷകരില്‍ നിന്ന്  ശേഖരിക്കും.  അടുത്തുള്ള സര്‍ക്കാര്‍ വക  ഫാം 500 ലിറ്റര്‍ നല്‍കും.

കൃഷിക്കാര്‍ക്ക് പശുക്കളും പുല്‍മേടുകളും  സൗജ്യന്യമായി നല്‍കിക്കൊണ്ടായിരുന്നു ആശ്രമത്തിന്റെ തുടക്കം. ഗ്രാമങ്ങളില്‍ നിന്ന് പാല്‍ പ്പാത്രങ്ങളുമായി രാവിലെയും വൈകുന്നേരങ്ങളിലും  ആശ്രമത്തിലേക്കു പോകുന്ന ഗോപാലകരുടെയും ഗോപാലികമാരുടെയും  നീണ്ട നിര നാല്‍പതു വര്‍ഷം മുമ്പ് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അവര്‍ക്കു വിലകുറച്ച് നല്ല കാലിത്തീറ്റയും നല്‍കി വന്നു. 

ഇറ്റലിയില്‍ ജനറലേറ്റ് ഉള്ള  സിസ്റ്റെഴ്സിയന്‍ എന്ന ആഗോള സന്യാസ സമൂഹത്തിന്റെ കണ്ണി ആണ് കുരിശുമല ആശ്രമം. മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല രൂപതയുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. ആശ്രമാധിപന്മാരെ ആബട് എന്ന് വിളിക്കും.

ആദ്യത്തെ ആശ്രമാധിപന്‍ ആചാര്യ ഫ്രാന്‍സിസ് അന്തരിച്ചു. ഫാ. യേശുദാസ് തെള്ളിയില്‍, ഫാ. ഈശാനന്ദ് മച്ചിയാനിക്കല്‍  എന്നിവര്‍ പിന്‍ഗാമികള്‍ ആയി. അരുണാചലില്‍ മിയാവൊ  രൂപതയുടെ വികാര്‍  ജനറല്‍ ആയിരുന്ന കണ്ണൂര്‍ കിളിയന്തറ  സ്വദേശി ഫാ. കുര്യന്‍ ജോസഫ് എന്ന ഫാ. സേവാനന്ദ് എണ്ണംപ്രായില്‍ (65) ആണ് പുതിയ ആബട്.

ചുറ്റുവട്ടത്ത് കഴിയുന്ന  അരഡസന്‍ ആളുകള്‍--ജോസ്, ചെല്ലകണ്ണ്, രാജന്‍, സ്റ്റീഫന്‍,  തിരുമലക്കനി, സെബാസ്റ്റി
യന്‍, റോയ് വര്‍ഗീസ് -- മാത്രമേ ഇപ്പോള്‍  ആശ്രമത്തില്‍ നേരിട്ട് പാല്‍ നല്‍കുന്നുള്ളു. ബാക്കി ഈരാറ്റുപേട്ട-പാലാ റൂട്ടിലുള്ള കര്‍ഷകരില്‍ നിന്ന് ശേഖരിക്കും. ചുറ്റുവട്ടത്തെ കര്‍ഷകര്‍ കറന്നെടുക്കുന്ന ശരാശരി നൂറു ലിറ്റര്‍ പാല്‍ അലുമിനിയം കാനുകളില്‍ രാവിലെയും വൈകിട്ടും അയല്‍ക്കാരനായ ബാബു ഓട്ടോറിക്ഷയില്‍  എത്തിക്കും.

തോട്ടത്തില്‍ ജോസ് (66) മുപ്പത്തഞ്ചു വര്‍ഷമായി അങ്ങനെ ജീവിക്കുന്നു. അഞ്ചു വര്‍ഷം  ആശ്രമത്തില്‍  പശു പരിപാലകനായി കൂടി. തുടര്‍ന്ന് നാട്ടുകാരി അച്ചാമ്മയെ  വിവാഹം ചെയ്തു സ്വന്തമായി പശുക്കളെ വാങ്ങി ജീവിതം തുടങ്ങി. ഇപ്പോള്‍ ഏഴു പശുക്കളുണ്ട്. കറവയുള്ളത് മൂന്ന്. ഒരു  എച്എഫും രണ്ടു നാടനും. ഒരു ദിവസം 25--35 ലിറ്റര്‍ പാല്‍ കിട്ടും.

ഒരേക്കര്‍ ഭൂമിയുണ്ട്. പട്ടയം ഇല്ലെങ്കിലും കൈവശരേഖയുണ്ട്. രാവിലെയും വൈകിട്ടും പശുക്കളെ  കുളിപ്പിക്കണം, കറക്കണം. തൊഴുത്ത് വൃത്തിയാക്കണം. ബാക്കി സമയം പുല്ലു വെട്ടാന്‍ പോകും. മൂന്നു മക്കളില്‍ ബിന്ദുവിനെ വിവാഹം ചെയ്തു വിട്ടു. ആണ്മക്കള്‍ ബിനുവും ബിജോയും സൗദിയിലാണ്.  

എറണാകുളം ജില്ലയിലെ തിരുമാറാടിയില്‍ 60 എച്എഫ് പശുക്കളുമായി ഫാം നടത്തുന്ന സിനു ജോര്‍ജ് ആര്‍ക്കും  പ്രചോദനം നല്‍കുന്ന ഒരു വനിതാസംരംഭകയാണ്. എം എ എക്കണോമിക്സ്  എടുത്ത് അദ്ധ്യാപികയായി സേവനം ചെയ്ത ശേഷമാണ് ഡയറിയിങ്ങിലേക്കു  മാറിയത്. പ്രൈവറ്റ് ബാങ്കുടമയായ  ഭര്‍ത്താവ് വെട്ടുവഴി പുത്തന്‍പുരയില്‍ ജോര്‍ജ് തോമസ് പിന്തുണ നല്‍കി.
 
മെഡിസിന് പഠിക്കുന്ന നേഹാ മരിയ, ക്രിസ്റ്റാ മരിയ എന്നീ പെണ്മക്കളുടെ അമ്മയാണ് സിനു.  വീടിനു 25 കി.മീ. അകലെ പേങ്ങാടുള്ള സ്വന്തം വീട്ടിലെ പുരയിടത്തിലാണ്  ഫാം.പണിയെടുക്കാന്‍ രണ്ടു കുടുംബങ്ങളെ അവിടെ താമസിപ്പിച്ചിരിക്കുന്നു. ചാണകം ഉണക്കി പൊടിക്കാനുള്ള ഇറ്റാലിയന്‍ മെഷിനുമുണ്ട്.

കറവയുള്ള പശുക്കള്‍ 35. പ്രതിദിനം കിട്ടുന്ന 500 ലിറ്റര്‍ പാല്‍  കൊഴുപ്പു മാറ്റാതെ ലിറ്ററിന് 60 രൂപയ്ക്കു എറണാകുളത്ത് മരടിലും പള്ളുരുത്തിയിലും തോപ്പുംപടിയിലും വില്‍പന നടത്തുന്നു. നല്ല ഡിമാന്‍ഡ് ഉണ്ട്. ഉണക്കി പൊടിച്ച ചാണകം കിലോക്ക് പത്തു രൂപ. ടെറസുകളില്‍ ഗ്രോ ബാഗുകളിലും മറ്റും പച്ചക്കറി കൃഷി   ചെയ്യുന്ന വീട്ടമ്മമാര്‍ക്ക് ഏറെ  സൗകര്യം.
 
അഞ്ഞൂറ് അംഗങ്ങള്‍ ഉള്ള തിരുമാറാടി ക്ഷീരകര്‍ഷക സൊസൈറ്റിയുടെ പ്രസിഡണ്ട് കൂടിയായ സിനു ശാസ്ത്രീയമാണ്  പശുക്കളെ വളര്‍ത്തുന്നത്. പുല്ലും പൈനാപ്പിള്‍ പോള അരിഞ്ഞതുമാണ് ഭക്ഷണം. വേനല്‍
ക്കാലത്ത് തൊഴുത്തിന്റെ മേല്‍പ്പുരയില്‍ നിന്ന് പിവിസി പൈപ്പിന്റെ സുഷിരങ്ങള്‍ വഴി കൃത്രിമമായി മഴ പെയ്യിക്കും. ശരീരം തണുത്താലേ പശുക്കള്‍ കൂടുതല്‍ പാല്‍ നല്‍കൂ.

സ്വര്‍ണവള പണയം വച്ച് ഒരു പശുവുമായി ഡയറി ഫാം തുടങ്ങി ഏറ്റവും മികച്ച ക്ഷീര കര്‍ഷകക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ എറണാകുളം രായമംഗലത്തെ മിനി രാജുവിനെ കൂടി പരിചയപ്പെടാം.
ഇപ്പോള്‍ എച്എഫ്, ജേഴ്‌സി, ഗിര്‍ ഇനങ്ങളില്‍ പെട്ട 16 പശുക്കള്‍ ഉണ്ട്.  ദിവസേന കിട്ടുന്ന 130 ലിറ്റര്‍ പാല്‍ പുല്ലുവഴിയിലെ മില്‍ക്ക് സൊസൈറ്റിക്ക് നല്‍കും.

വീടിനോട് ചേര്‍ന്ന 15 സെന്റിലാണ്  തൊഴുത്ത്. തൊട്ടു ചേര്‍ന്ന 60 സെന്ററിലും പാട്ടത്തിനെടുത്ത രണ്ടര ഏക്കറിലും പുല്ലു വളര്‍ത്തുന്നു. പൈനാപ്പിള്‍ പോളയും അരിഞ്ഞു കൊടുക്കും. ഭര്‍ത്താവ് രാജുവാണ് എല്ലാറ്റിനും സഹായി. പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ എന്നതാണ് ഏറ്റവും വലിയ അഭിമാനം.




 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
എറണാകുളം ജില്ലയില്‍ തിരുമാറാടി ക്ഷീര കര്‍ഷക സൊസൈറ്റി പ്രസിഡണ്ടും ഡയറി ഉടമയുമായ സിനു ജോര്ജും കുടുംബവും
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
കുട്ടനാട്ടിലെ ക്ഷീരകര്‍ഷകന്‍ പാലുമായി സൊസൈറ്റിയിലേക്ക്
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
ഏയ്ഞ്ചല്‍സ് ട്രംപറ്റ്-- കുരിശുമല ആശ്രമ സ്ഥാപകന്‍ അന്തരിച്ച ആചാര്യ ഫ്രാന്‍സിസ്
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
പശുക്കളുമായിഅരനൂറ്റാണ്ടിന്റെ ബന്ധം--കുരിശുമലയിലെ ജോസും കുടുംബവും
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
തലസ്ഥാനത്ത് ക്ഷീരസംഗമം--മന്ത്രി കെ രാജു, വകുപ്പു മേധാവി മിനി രവീന്ദ്രദാസ്, മില്‍മ അധ്യക്ഷന്‍ ബാലന്‍ മാസ്റ്റര്‍
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
പെരിയാര്‍ തീരത്തു ആനന്ദ് ഡയറി നടത്തുന്ന നടന്‍ ജയറാം
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
ലോകത്തിലെ ഏറ്റം ചെറിയ വെച്ചൂര്‍ പശുവിനെ താലോലിക്കുന്ന ഗായകന്‍ യേശുദാസ്
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
പൈതൃകം--പുരുഷോത്തമന്‍ പിള്ളയുടെ മകന്‍ പ്രകാശും കുടുംബവും;സൊസൈറ്റിയുടെ ഇന്നത്തെ അധ്യക്ഷന്‍ വിജയകുമാര്‍.
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
ആശ്രമം ഡയറിയില്‍ പാലും പത്രവും എത്തിക്കുന്ന ജോസും ഭാര്യ ഡെയ്‌സിലിയും
 അമ്പാടി പയ്യുകള്‍ മേയും തീരത്ത് ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും...കരഞ്ഞും    (കുര്യന്‍ പാമ്പാടി)
സംസ്ഥാന അവാര്‍ഡ് നേടിയ ക്ഷീര കര്‍ഷക മിനി രാജു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക