Image

ഒരു ജീവിതങ്ങളും വ്യർത്ഥങ്ങളല്ല (ഷക്കീല സൈനു കളരിക്കൽ)

Published on 02 July, 2020
ഒരു ജീവിതങ്ങളും വ്യർത്ഥങ്ങളല്ല (ഷക്കീല സൈനു കളരിക്കൽ)
നമ്മുടെ ജീവിതം നമുക്ക് ഇഷ്ടമാകാനും ഇഷ്ടമാകാതിരിക്കാനും നൂറു കാരണങ്ങളുണ്ടാകാം.
എന്തിനു ഇഷ്ടപ്പെടാതിരിക്കണം.?
ഇഷ്ടപ്പെടുന്നതു തന്നെയാണ് നല്ലത്.
ഒന്നു പുറകിലേക്കു പോയി നോക്കാം.
സൂഷ്മമായി ഒന്നവലോകനം ചെയ്യാം.
എന്തൊരഭിമാനമാണ് തോന്നേണ്ടത്!
ഈ മനോഹര ഭൂമിയിൽ ജനിച്ചതിൽ സന്തോഷമില്ലേ?
ഇത്രയേറെ സന്തോഷക്കാഴ്ചകൾ കണ്ടില്ലേ?
വസന്തം വന്നത്,
പൂക്കൾ വിരിഞ്ഞത്,
മരങ്ങൾ പൂത്തത്,
കായ് നിറഞ്ഞത്,
കിളികൾ കൂടു വെച്ചത് ,
മുട്ടയിട്ടത്,
വിരിഞ്ഞത്,
പറന്നത്,
ചെടി നട്ടത്,
മൊട്ടിട്ടത്,
പൂ വിരിഞ്ഞത്,
പുഴയൊഴുകിയത്,
നീരൊഴുക്ക്,
മീൻ കുഞ്ഞുങ്ങൾ,
തോർത്തിൽ കോരിയത്,
കുപ്പിയിലിട്ടത്,
ചത്തപ്പോൾ കരഞ്ഞത്,
ഊത്തപിടിച്ചത്,
നീന്തിത്തുടിച്ചത്,
വസന്തവും ഹേമന്തവും, ശിശിരവും വർഷവും, തന്ന ഹർഷോന്മാദങ്ങൾ.
എങ്ങനെ നമ്മുടെ ജീവിതം വ്യർത്ഥമാകും?
ബാല്യത്തിൽ നിങ്ങൾ അച്ഛനമ്മമാർക്ക് സന്തോഷം കൊടുത്തില്ലേ?
ചെറിയ പ്രായത്തിൽ നിങ്ങളാലാകുന്ന കൊച്ചു കൊച്ചു സഹായങ്ങൾ ചെയ്തില്ലേ?
ബാല്യകൗമാരങ്ങൾ സന്തോഷമാക്കിയില്ലേ?
പിന്നെന്തിനു നമ്മുടെ ജീവിതം
 നമുക്കിഷ്ടപ്പെടാതിരിക്കണം?
നമ്മളെ ഇഷ്ടമുള്ളമുള്ളവർ,
നമുക്കിഷ്ടപ്പെട്ടവർ.
അതുമൊരു സന്തോഷമായിരുന്നില്ലേ?
ഇണയ്ക്കു നമ്മൾ തുണയായില്ലേ?
മക്കളെ നമ്മൾ വളർത്തിയില്ലേ?
വിഷമാവസ്ഥകളെ തരണം ചെയ്തില്ലേ? ഇപ്പോഴും നമ്മൾ നമ്മളായിരിക്കുന്നില്ലേ?
കുടുംബം നടത്തുന്നില്ലേ?
ഇണയെ സന്തോഷിപ്പിക്കുന്നില്ലേ?
മക്കൾക്കു നമ്മൾ സന്തോഷമാകുന്നില്ലേ?
പിന്നെന്തിനീ വിഷമം?
എത്രയെത്ര സൗഹൃദങ്ങൾ?
വായിച്ച കഥകൾ, കവിതകൾ.
കേട്ട പാട്ടുകൾ,
കണ്ട സിനിമകൾ,
എത്ര സുന്ദരന്മാർ, സുന്ദരികൾ,
സൗന്ദര്യം കണ്ടു രമിച്ചില്ലേ?
പങ്കാളിക്കു വേണ്ടി, മക്കൾക്കു വേണ്ടി,
നമ്മൾ ചെയ്തതൊക്കെയും നമ്മുടെ സന്തോഷത്തിനും കൂടി ആയിരുന്നില്ലേ?
അറിയാതെ സംഭവിച്ചതൊക്കെ
തന്റേതല്ലാത്ത കാരണങ്ങളാലല്ലേ ?
പിന്നെങ്ങനെ നമ്മുടെ ജീവിതം വ്യർത്ഥമാകും?
നമ്മൾ മറ്റുള്ളവരെ എപ്പോഴെങ്കിലുമൊക്കെ സഹായിച്ചില്ലേ?
നമ്മൾ ചെയ്തതിൽ അവരും അപ്പോൾ സന്തോഷിച്ചിട്ടുണ്ടാവില്ലേ?
നമ്മൾ നല്ലവരാണെന്നന്ന് ചിലപ്പോഴെങ്കിലും
ചില മനസ്സുകളിൽ തോന്നിയിട്ടുണ്ടാവില്ലേ?
കടൽ ,പ്രളയം,മഴ , വെള്ളച്ചാട്ടം, കാടുകൾ, മലകൾ, ആകാശം, ഭൂമി. അങ്ങനെ എത്രയെത്ര കാഴ്ചകൾ,  എത്രയെത്ര മനോഹര ചിത്രങ്ങൾ, ഉൽസവങ്ങൾ,
ഓണം, ഊഞ്ഞാലു്,വിഷു, ക്രിസ്തുമസ്, കരോൾ, പെരുന്നാൾ, പുത്തൻ കോടികൾ.'
ഇനിയും ജീവിച്ചിരുന്നാൽ കാണാൻ കഴിയുന്ന അപൂർവ്വ കാഴ്ചകൾ.
ഇതൊക്കെ നമുക്കു സന്തോഷദായകങ്ങളായിരിക്കുമ്പോൾ ഇന്നിനെ ഓർത്തു ജീവിക്കാം.
നാളെ നമുക്കു സ്വന്തമല്ലാത്തതിനാൽ അതിനെ മാറ്റിവെക്കാം.
ഒരു ജീവിതങ്ങളും വ്യർത്ഥങ്ങളല്ല. ജീവിതങ്ങൾക്കൊക്കെയുംഅതിന്റേതായ കടമകളും കർത്തവ്യങ്ങളുമുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക