Image

ഫേസ് ആപ്പ് (കഥ : സുജീഷ് പിലിക്കോട് )

സുജീഷ് പിലിക്കോട് Published on 29 June, 2020
ഫേസ് ആപ്പ് (കഥ : സുജീഷ് പിലിക്കോട് )
ഉറക്കം കടന്നു വരാന്‍ മടിച്ച ഏതോ രാത്രിയിലായിരിക്കണം ഞാന്‍ അവന്റെ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. അന്നും അവള്‍ ഒന്നും മിണ്ടാതെ തൊട്ടടുത്ത്, നേരത്തെ കിടക്കുകയും അപ്പോള്‍ തന്നെ ഉറക്കത്തിലേക്ക് പോവുകയും ചെയ്തിരുന്നു. പതിവുപോലെ ഒന്നും സംസാരിക്കാതെയാണ് അവള്‍ കിടക്കയിലേക്ക് ചാഞ്ഞത്. അങ്ങനെ ഞങ്ങള്‍ കൂടുതലായി സംസാരിക്കാതിരിക്കാന്‍ തുടങ്ങിയിട്ട് തന്നെ കുറച്ച് വര്‍ഷങ്ങളായി. കൃത്യമായി പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം ഡോക്ടറെ കണ്ട് മടങ്ങിയ അന്ന്.

സ്‌പേം പരിശോധിച്ച് എനിക്ക് കുട്ടികളുണ്ടാവില്ല എന്ന് ഡോക്ടര്‍ അസന്നിഗ്ദ്ധമായി വിധി പ്രസ്താവിച്ച അന്ന്, പുറത്ത് മഴ തിമിര്‍ത്തു പെയ്ത ആ വൈകുന്നേരത്തെ മടങ്ങിവരവിലാണ് അവള്‍ എന്നോട് സംസാരിക്കാന്‍ മടി കാണിക്കാന്‍ തുടങ്ങിയത്.

ആ മഴയ്ക്ക് ശേഷം,
രണ്ട് പ്രളയം കണ്‍മുന്നിലൂടെ ഒലിച്ചുപോയി. 

വാക്കുകള്‍ കയറി വരാന്‍ മടിക്കുന്ന ഒരു മാന്ത്രിക കുന്ന് പോലെ വീട് എന്റെ മുന്നില്‍ എപ്പോഴും നിവര്‍ന്നു നിന്നു.അലമാരകളും മേശകളും മനുഷ്യ ശബ്ദത്തിനായ് കാത് കൂര്‍പ്പിച്ചിരുന്നു..

'കാണാറേ ഇല്ലല്ലോ....?' മെസഞ്ചറില്‍ അവന്റെ മെസേജ് തുള്ളിത്തെറിച്ചു വീണു.

'തിരക്കിലായിരുന്നു ' ഞാന്‍ മറുപടി നല്‍കി. 

എന്റെ എല്ലാ ഫോട്ടോസിനും പോസ്റ്റിനും അവന്‍ ഉപേക്ഷ കൂടാതെ കമന്റിടുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.എന്റെ അതേ പ്രായമുള്ള ഒരു സുഹൃത്ത്.പലപ്പോഴും പറയാതെ ഒരു പാട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്ന ആത്മ സുഹുത്തുക്കളെ പോലെ ആയിരുന്നു നാം. 

അവന്റെ ജോലി എന്താണെന്നോ വീട് എവിടെയാന്നെന്നോ അറിയില്ല. ഞാനും അവനും രണ്ട് പുരുഷന്മാര്‍ ആയിരുന്നു എന്നത് മാത്രമാണ് സത്യം. വീടിനകത്ത് പൊട്ടി മുളക്കാത്ത വാക്കുകള്‍ നമ്മള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ആവോളം വിതയ്ക്കുകയും കായ്ക്കുകയും ചെയ്തു. ഒരിക്കല്‍ പോലും നേരിട്ട് കാണണം തോന്നിയില്ല എന്നത് എന്നെ അത്ഭുതപ്പെടുത്തി. അവന് അങ്ങനെ തോന്നിയോ എന്നറിയില്ല. എങ്കിലും അവന്‍ ഒരിക്കലും നേരിട്ട് കാണണം എന്ന് പറഞ്ഞിട്ടില്ല.

'സ്വന്തം കുഞ്ഞിന് ഉമ്മ കൊടുക്കാന്‍ കഴിയാതെ മരിക്കണം എന്നായിരിക്കും എന്റെ വിധി. ' നട്ടുച്ചയിലെ വെയില് പോലെ അവളുടെ വാക്കുകള്‍ ശരം പോലെ വന്നു തറച്ചു കൊണ്ടിരുന്നു.ഒന്നും പറയാന്‍ എന്നിലില്ല എന്ന് എനിക്കറിയാം. എന്റെതെന്ന് പറഞ്ഞ് നീക്കിവെക്കാന്‍ ഒന്നുമില്ലാതിരിക്കുന്ന ഞാന്‍ എന്താണ് അവളോട് പറയേണ്ടത്.

മെസഞ്ചറില്‍ നീലവെളിച്ചം കത്തി. 
അവന്‍ ഒരു ഫോട്ടോ അയച്ചിരിക്കുന്നു.തുറന്നപ്പോള്‍ പുഞ്ചിരിക്കുന്ന ഒരു യുവതി...! എവിടെയോ കണ്ട് മറന്ന മുഖം. അതീവ സുന്ദരി..!

ഓര്‍ത്തെടുക്കാന്‍ നന്നേ പണിപ്പെട്ടു. 
എങ്കിലും ആ മുഖത്ത് നോക്കി കുറേ നേരമിരുന്നു. ജീവിതത്തിന്റെ പാതി വഴിയില്‍ ഇറങ്ങിപ്പോയ ഒരു സുഗന്ധം പതിയെ കാറ്റില്‍ ലയിച്ചത് പോലെ തോന്നി. ഏതാണ് ആ ഗന്ധം ...? ആരുടേതായിരുന്നു ആ ഗന്ധം...?

ഓര്‍മ്മകള്‍ ആ സുഗന്ധില്‍ പൊതിഞ്ഞു.

കോളേജ് വരാന്തയിലെ അങ്ങേ അറ്റത്ത് തൂണ് ചാരി അവള്‍ നില്‍പ്പുണ്ടായിരുന്നു.കയ്യില്‍ എന്തോ ഒരു പൊതിയുണ്ട്.

അവള്‍ ചിരിച്ചു കൊണ്ട് അത് നീട്ടി.
ഏറ്റുവാങ്ങിയപ്പോള്‍ പടിഞ്ഞാറ് നിന്നും ഒരു കാറ്റ് വരികയും മുല്ലപ്പൂവിന്റെ ഗന്ധം അന്തരീക്ഷത്തില്‍ തെളിക്കുകയും ചെയ്തു.

വെളുത്ത മുല്ലപ്പൂക്കള്‍,
ഇപ്പോള്‍ പറിച്ചെടുത്ത ഹൃദയം പോലെ എന്റെ കൈവെള്ളയില്‍ കിടന്ന് പിടച്ചു. ആ മുല്ലപ്പൂ ഗന്ധത്തിന് വേണ്ടി മാത്രം ഞാന്‍ കോളേജിലേക്ക് പോയി.കണ്‍മുന്നില്‍ ആരെയും കണ്ടില്ല. അവളെയും..!

മുല്ലപ്പൂവിന്റെ മണം ഒരു ലഹരി പോലെ എന്നെ മത്തു പിടിപ്പിച്ചിരുന്നു. ആ മണത്തിനായ് എനിക്ക് സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്തു.

ഒരിക്കല്‍, വരാന്തയില്‍ ചതഞ്ഞരഞ്ഞ മുല്ലപ്പുക്കള്‍ കണ്ട ആ നശിച്ച ദിവസത്തിന് ശേഷം അവളെ കണ്ടില്ല.മുല്ലപ്പൂ മണത്തില്ല.

തടിച്ച കണക്ക് പുസ്തകങ്ങള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചപ്പോള്‍ എനിക്ക് മുല്ലപ്പൂമണത്തു..! പിന്നീട് കുറെ കാലത്തേക്ക് ഒരു മണവും തിരിച്ചറിയാത്തവനെ പോലെ ആയിരുന്നു ഞാന്‍.

അരികത്ത് കിടന്നുറങ്ങുന്നവള്‍ മുല്ലപ്പൂ ചൂടി കതിര്‍ മണ്ഡപത്തിലേക്ക് മന്ദം നടന്ന് വലം വെച്ചപ്പോള്‍ ആരോ മണ്ണെണ്ണ വിളക്ക് കത്തിച്ചത് പോലെ ഒരു മണം എന്നെ ചൂഴ്ന്ന് നിന്നു.

ഞാന്‍ മെസഞ്ചറിലെ ഫോട്ടോയിലേക്ക് നോക്കി കുറേ നേരമിരുന്നു. അപ്പോള്‍ പുറത്ത്  എവിടെയോ മുല്ല പൂത്തു...! 

'ഇത് ഞാന്‍ തന്നെ... ' അവന്റെ അടുത്ത മെസേജ് ഒരു പൂച്ചക്കുട്ടിയെ പോലെ അവന്‍ അയച്ച ഫോട്ടോയ്ക്ക് താഴെ വന്ന് വാല് ചുരുട്ടിയിരുന്നു. ഞാന്‍ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു.

അവന്‍ അയച്ച അക്ഷരങ്ങളില്‍ മുല്ലപ്പൂ മണത്തു.ഉള്ളിലെവിടെയോ നിറഞ്ഞു കവിയുമ്പോലെ തോന്നി.ഉല്‍ക്കടമായ എന്തോ തിരിച്ചറിയാനാകാത്ത ഒരാഗ്രഹം എന്നില്‍ അലയടിക്കുന്നതായി തോന്നി.

ഒരു സ്‌മൈലി തിരിച്ചയച്ചു.

വീണ്ടും മറ്റൊരു ഫോട്ടോ മുന്നില്‍ വന്ന് നാണം കുണുങ്ങിയത് പോലെ ഒന്ന് വട്ടം കറങ്ങി തെളിഞ്ഞു നിന്നു. അതില്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. മുല്ലപ്പൂവിന്റെ മണം എന്നെ ഉന്മത്തനാക്കുന്നത് പോലെ തോന്നി. 

'എങ്ങനെയുണ്ട്...? ഫേസ് ആപ്പാണ് ' 

ഒരു ഫോട്ടോ അയച്ചു തന്നാല്‍ ഇത് പോലെ ആക്കി അയച്ചു തരാം.

'വേണ്ട' എന്ന് ഞാന്‍ മറുപടി നല്‍കി. 

നെറ്റ് ഓഫ് ചെയ്ത് കിടന്നു. 
അവള്‍ മനസ്സില്‍ നിന്നും ചിരി നിര്‍ത്തുന്നില്ല. 
അവളെ കാണണമെന്ന അതിയായ മോഹം. വീണ്ടും മൊബൈല്‍ എടുത്ത് L എന്ന് വരച്ചപ്പോള്‍ സ്‌ക്രീന്‍ തെളിഞ്ഞു. മൊബൈലിന്റെ പ്രകാശത്തെ നേരിടാന്‍ കണ്ണൊന്ന് മടിച്ചു. എങ്കിലും മെസഞ്ചറില്‍ പോയി അവന്‍ അയച്ച ഫോട്ടോ നോക്കി കുറച്ച് നേരം കൂടിയിരുന്നു. 

പുറത്ത് മുല്ല പൂത്തു എന്ന് തോന്നി.
മുല്ലപ്പൂവിന്റെ മണം ആ രാത്രിയെ വീണ്ടും തരളിതമാക്കി.

'ഒരു ഫോട്ടോ കൂടി അയക്കൂ ' എന്ന് മെസേജ് അയച്ച് ഞാന്‍ കിടന്നു. 

മണ്ണെണ്ണയുടെ മണമായിരുന്നു രാവിലെ എന്നെ എതിരേറ്റത്. ഇറയത്ത് കിടന്നിരുന്ന ഏതോ ഇഴ ജന്തുവിനെ അവള്‍ മണ്ണെണ്ണ ഒഴിച്ച് കൊല്ലുകയായിരുന്നു. 

നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ മെസഞ്ചറില്‍ നീല വെളിച്ചം കത്തി. അവന്‍ ഫോട്ടോ അയച്ചിരിക്കുന്നു. ഞാന്‍ ആര്‍ത്തിയോടെ തുറന്ന് നോക്കിയപ്പോള്‍ അവന്റെ യഥാര്‍ത്ഥ ഫോട്ടോ..!

'മണ്ണെണ്ണയൊഴിച്ച് ഈ വീടിന് തീയിടണം. എങ്കിലേ ഇവറ്റകള്‍ ചാവൂ' അവള്‍ വീണ്ടും മണ്ണെണ്ണ ഒഴിക്കുകയാണ്..

അവന്റെ ഫോട്ടോ നോക്കിയിരുന്നപ്പോള്‍ അവള്‍ ഇഴ ജന്തുവിന് മേല്‍ തീ കത്തിച്ചെറിഞ്ഞിരുന്നു. അവ പുലരിയില്‍ മണ്ണെണ്ണയിലും തിയിലും കിടന്നു വെന്തു. 

ഞാന്‍ അവന്റെ ഫോട്ടോ ഡിലിറ്റ് ചെയ്തു.
ഇന്നലെ അയച്ച, അവന്റെ - അവളുടെ ഫോട്ടോ നോക്കിയിരുന്നു. 

'സുന്ദരിയായിരിക്കുന്നു' ഞാന്‍ ഒരു മെസേജ് കൂടി അയച്ചതിന് ശേഷം നെറ്റ് ഓഫ് ചെയ്തു.

പിണങ്ങിപ്പോയ മകനെ പോലെ പ്രഭാതം മടിച്ച് മടിച്ച് മുറ്റത്ത് കാല് കുത്തി.

മനസ്സിന് ഒരു കനം വെച്ചത് പോലെ.
രണ്ട് ദിവസത്തേക്ക് ലീവിന് അപേക്ഷിച്ച് വീണ്ടും കട്ടിലില്‍ പോയി കിടന്നു.

'ഞാന്‍ ഇന്ന് വീട്ടിലേക്ക് പോകുന്നു, അവിടെ ഇന്ന് സ്വത്ത് അളന്ന് ഭാഗം വെക്കുകയാ... നേരത്തെ ചെല്ലണം ' അവള്‍ പോയി. 

ഭാഗം വെച്ച് കൊടുക്കാന്‍ തനിക്ക് ആരുമില്ല.
കുറച്ച് നേരം കൂടി അതേ കിടപ്പ് കിടന്നു.

മുല്ല പൂത്തത് പോലെ വീട് മുല്ലപ്പൂ മണം കൊണ്ട് നിറഞ്ഞിരിക്കുന്നു. എങ്ങും കളിയും ചിരിയും. കുട്ടികള്‍ ഓടിക്കളിക്കുന്നു. ഞാന്‍ മണിയറയില്‍ ഇരിക്കുകയായിരുന്നു. കിടക്കയില്‍ മുല്ലപ്പൂ വിതറിയിരിക്കുന്നു. അവള്‍ മുല്ലപ്പൂവും ചൂടി വാതില്‍ തുറന്ന് അകത്ത് വന്നു. മെസഞ്ചറില്‍ കണ്ട ഫോട്ടോയിലെതിനെക്കാള്‍ സുന്ദരിയായിരിക്കുന്നു.അവള്‍ അടുത്ത് വന്നിരുന്നപ്പോള്‍ കോളേജ് വരാന്തയിലെ ആ ചതഞ്ഞരഞ്ഞ മുല്ലപ്പൂക്കള്‍ക്കെയും ജീവന്‍ വെക്കുകയും അവ ആകാശത്തില്‍ വന്ന് നമ്മളിലേക്ക് വര്‍ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. അവ നില്‍ക്കാതെ പെയ്ത് കൊണ്ടിരുന്നു.പ്രളയം ജലം പോലെ മുല്ലപ്പൂക്കള്‍ മുറിയില്‍ നിറഞ്ഞു. കഴുത്തോളം മുല്ലപ്പൂക്കള്‍ നിറഞ്ഞിരിക്കുന്നു. അവ വര്‍ഷിച്ചു കൊണ്ടേയിരുന്നു.

ഞാന്‍ അതില്‍ മുങ്ങി താണുപോയി.

അകത്ത് നിന്നും ആരും പോയി തുറക്കാനില്ലാതെ ആ കതകിന്  പുറത്ത് വീട്ടിലേക്ക് പോയവള്‍ മടങ്ങി വന്ന് ശക്തിയായി മുട്ടിക്കൊണ്ടിരുന്നു.


സുജീഷ് പിലിക്കോട്  

കാസറഗോഡ് ജില്ലയിലെ പിലിക്കോട് കോതോളി സ്വദേശി .

'പ്രളയാനന്തരം ' എന്ന ചെറുകഥാ സമാഹാരം ,തൃശൂര്‍ കറന്റ് ബുക്‌സിന്റെ പ്രസാധനത്തില്‍ കഴിഞ്ഞ ഡിസംബറില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.കൂടാതെ, 'ഈന്തപ്പനകളുടെ നാട്ടില്‍ നാലു നാള്‍ ' എന്ന യാത്രാ വിവരണവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുണി മണി ഫിനാല്‍ഷ്യല്‍ സര്‍വീസസില്‍ (പഴയ യു.എ.ഇ.എക്‌സ്‌ചേഞ്ച്) കാ സറഗോഡ് ബ്രാഞ്ച് മാനാജരായി ജോലി ചെയ്യുന്നു.


ഭാര്യ പ്രജിഷ, മുള്ളേരിയ ഫാമിലി ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് നര്‍സ്.

മക്കള്‍: മേധ (3rd class, KV 1, കാസറഗോഡ്) 
സിദ്ധാര്‍ത്ഥ്.
ഇപ്പോള്‍ കാസറഗോഡ് താമസിക്കുന്നു.

സുജീഷ് പിലിക്കോട് .
പി.ഒ. പിലിക്കോട് ,കാസറഗോഡ്.


ഫേസ് ആപ്പ് (കഥ : സുജീഷ് പിലിക്കോട് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക