Image

റെസിഡന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു

Published on 28 June, 2020
റെസിഡന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി : ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് കൊണ്ട് റെസിഡന്‍സ്, ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് ചൊവ്വാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ വരെയാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. രാജ്യം കോവിഡ് പ്രതിരോധം ശക്തമാക്കിയതോടെ മരണനിരക്ക് കുറയുകയും രോഗമുക്തി കൂടുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടാം ഘട്ടത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങുന്നത്.

കോവിഡ് മുന്‍കരുതലുകള്‍ ഉറപ്പാക്കി എല്ലാ തരത്തിലുള്ള മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ പ്രതിരോധ ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും മന്ത്രാലയ ഓഫീസുകള്‍ സന്ദര്‍ശിക്കുമ്പോള്‍ മുഖംമൂടി ധരിച്ച് സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ഗര്‍ഭിണികള്‍, പ്രത്യേക പരിഗണന ആവശ്യമായ രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് ഇളവുകള്‍ അനുവദിക്കും. സന്ദര്‍ശനം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ www.moi.gov.kw വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി പ്രീ ബുക്കിംഗ് ചെയ്യണം. എല്ലാ സേവനങ്ങളും ഫോമുകളും ഓണ്‍ലൈനായി ലഭ്യമാണ്. ഗാര്‍ഹിക വിസയുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി എത്തിച്ചേര്‍ന്നവര്‍ക്കും വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്കും, നിലവിലെ സ്‌പോണ്‍സര്‍ മാറുവാനും വിസാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ളവര്‍ക്കും റെസിഡന്‍സ് ഓഫീസുകളില്‍ ഇടപാടുകള്‍ അനുവദിക്കും. 

ട്രാഫിക് ഡിപാര്‍ട്ട്‌മെന്റില്‍ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചവര്‍ക്ക് ലൈസന്‍സുകളും ലൈസന്‍സുകള്‍ പുതുക്കുവാനും സ്വദേശികള്‍ക്കും ഗാര്‍ഹിക വിസയില്‍ ഡ്രൈവറായി എത്തിയവര്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സിനുള്ള ഫോമുകളും വാഹനം പുതുക്കലും വാഹന ഉടമസ്ഥാവകാശ മാറ്റലും ട്രാഫിക് നിയമലംഘനങ്ങള്‍ അടക്കുവാനുള്ള സൌകര്യങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക