Image

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (ഷിബു ഗോപാലകൃഷ്ണൻ)

Published on 23 June, 2020
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി (ഷിബു ഗോപാലകൃഷ്ണൻ)
നൂറാം വാർഷികത്തിനു തൊട്ടുമുൻപിൽ നിൽക്കുമ്പോഴും ആ ചോദ്യം അവസാനിച്ചിട്ടില്ല. മലബാർ കലാപം ഒരു കാർഷികകലാപം ആയിരുന്നുവോ, അതോ സ്വാതന്ത്ര്യസമരം ആയിരുന്നുവോ, അതോ വർഗീയലഹള ആയിരുന്നുവോ. ഈ ചോദ്യം ഇപ്പോഴും നിലനിൽക്കുന്നെങ്കിൽ, അതിനെ വർഗീയലഹളയായി ചിത്രീകരിക്കാനും അടിച്ചമർത്താനും ചരിത്രം ചമയ്ക്കാനും ശ്രമിച്ച ബ്രിട്ടീഷുകാരും അവരുടെ സിൽബന്തികളും ഇപ്പോഴും വിജയിച്ചുകൊണ്ടിരിക്കുന്നു എന്നർത്ഥം.

ഒരു ഘട്ടത്തിൽ അല്ല, പല ഘട്ടങ്ങളിലും കോൺഗ്രസ്സും മലബാർ കലാപത്തെ തള്ളിപ്പറയുന്നുണ്ട്. അതിലെ ബ്രിട്ടീഷ് വിരുദ്ധ ചെറുത്തുനില്പിനെ അംഗീകരിക്കാതെ അവഗണിക്കുന്നുണ്ട്. ഒരു നാടിന്റെ സ്വാതന്ത്ര്യദാഹത്തെ, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഉൾപ്പടെയുള്ള രക്തസാക്ഷികളെ തമസ്കരിക്കുന്നുണ്ട്. കലാപാനന്തരം ഏതാണ്ട് 25 വർഷക്കാലം കൊടിയ മൗനത്തിന്റെ ആയിരുന്നു. കിംവദന്തികളുടെയും ഊഹാപോഹങ്ങളുടെയും കുപ്രചാരണങ്ങളുടെയും 25 വർഷങ്ങൾ. ഒരിടത്തും പരാമർശിക്കപ്പെടാതെ, ഒരാളാലും ഏറ്റെടുക്കപ്പെടാതെ, ആരാലും അംഗീകരിക്കപ്പെടാതെ, അപ്പോഴും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദേശസ്നേഹി രക്തംവാർന്നു വർഗീയവാദിയായി ചരിത്രത്തിൽ മരിച്ചുകിടന്നു.

1946 ലാണ് അതിനു രാഷ്ട്രീയമായൊരു വീണ്ടെടുപ്പ് ഉണ്ടാകുന്നത്, മാറാലപിടിച്ചു കിടന്ന ദേശാഭിമാനത്തിന്റെ ഏടുകൾ കേരളസമൂഹത്തിന്റെ രാഷ്ട്രീയ പരിഗണനയിലേക്കു കടന്നുവരുന്നത്. ഇഎംഎസിന്റെ "ആഹ്വാനവും താക്കീതും" എന്ന ദേശാഭിമാനി ലേഖനമായിരുന്നു അതിനു കാരണമായത്. മലബാറിലെ മാപ്പിളമാരുടെ സായുധസമരത്തിന്റെ അന്തഃസത്ത ചർച്ചചെയ്യുന്ന ഈ ലേഖനത്തെ തുടർന്ന് ദേശാഭിമാനി നിരോധിച്ചു, ഇഎംഎസ് അറസ്റ്റു ചെയ്യപ്പെട്ടു. ഇതിനെതിരെ എകെജി പെരിന്തൽമണ്ണയിൽ പ്രസംഗിച്ചു, പ്രസംഗിക്കാൻ പാടില്ലെന്ന് പട്ടാളം ആവശ്യപ്പെട്ടു. പക്ഷേ, പ്രസംഗം നടന്നു.

"രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി, പോലീസിന്റെയും ജന്മിമാരുടെയും അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു വേണ്ടി ആ ധീരന്മാർ നടത്തിയ സമരമായിരുന്നു യഥാർത്ഥത്തിൽ ശരിയായ സമരം. അതിന്റെ സ്മരണ നാം നിലനിർത്തുക. ഇതുഞാൻ പലവട്ടം പറയും, നൂറുവട്ടം പറയും. അതിന്റെ പേരിൽ തൂക്കിലേറ്റിയാലും നമ്മൾ പറഞ്ഞുകൊണ്ടിരിക്കണം. ദേശാഭിമാനികൾ എന്നുവിളിക്കപ്പെടാൻ ആർക്കെങ്കിലും അർഹതയുണ്ടെങ്കിൽ, ആരെങ്കിലും യഥാർത്ഥ യുദ്ധം ചെയ്തിട്ടുണ്ടെങ്കിൽ, അസാമാന്യമായ ധൈര്യത്തോടെ ഈ രാജ്യത്തിനുവേണ്ടി ആരെങ്കിലും യുദ്ധം ചെയ്തിട്ടുണ്ടെങ്കിൽ, ആ ദേശാഭിമാനികൾ നമ്മളുടെ മാപ്പിള സഹോദരന്മാരാണ്."

ഇതിനുശേഷം എകെജി അറസ്റ്റ് ചെയ്യപ്പെട്ടു, പ്രസംഗം കണ്ടുകെട്ടി. പിന്നീട് 71 ലാണ് അച്യുതമേനോൻ സർക്കാർ മലബാർ കലാപത്തെ സ്വാതന്ത്ര്യസമരമായി അംഗീകരിക്കുന്നത്, അതുവരെ തഴയപ്പെട്ടുകിടന്ന ഏറനാടിന്റെ സ്വാതന്ത്ര്യവാജ്ഞയെ, ധീരോദാത്തമായ ചെറുത്തുനില്പിനെ, നിസംശയം അംഗീകരിക്കുന്നത്. കിംവദന്തികളിൽ നിന്നും ഊഹാപോഹങ്ങളിൽ നിന്നും ദുരാരോപണങ്ങളിൽ നിന്നും വീണ്ടെടുക്കുന്നത്. അതിൽ പങ്കെടുത്തവർക്കു സ്വാതന്ത്ര്യസമരപെൻഷൻ പ്രഖ്യാപിക്കപ്പെട്ടു.

തഴയപ്പെട്ടിട്ടും നിശബ്ദമാക്കപ്പെട്ടിട്ടും വർഗീയലഹളക്കാരനായി മുദ്രകുത്തപ്പെട്ടിട്ടും മണ്ണെടുത്തുപോകാതെ പിന്നെയും ഉയിർത്തെഴുന്നേറ്റുവരുന്ന ധീരദേശാഭിമാനത്തിന്റെ ഏറനാടൻ പെരുമയാണ് വാരിയംകുന്നൻ. ചരിത്രത്തിന്റെ എഴുതപ്പെടാത്ത താളുകളിൽ ചോരയുണങ്ങാതെ ഉണർന്നിരിക്കുന്ന സ്വാതന്ത്ര്യസമര രക്തസാക്ഷ്യം. ജീവൻ കൈവിടുമ്പോഴും ആത്മാഭിമാനം കൈവിടാതെ മണ്ണിൽച്ചവിട്ടിനിന്ന ദേശാഭിമാനബോധം. ജനിച്ചനാടിനെ കണ്ണുതുറന്നു കണ്ടുകൊണ്ട്, ചുണ്ടുവിടർത്തി ചുംബിച്ചുകൊണ്ട്, ഇരുകൈകൾനീട്ടി പുണർന്നുകൊണ്ട്, തോൽക്കുമ്പോഴും ജയിച്ചുവീണ, തോക്കിൻമുനമ്പിലും തോൽക്കാതെ നിന്ന ഏറനാടൻ ഏട്.

ചരിത്രം അങ്ങനെയാണ്, അതിനെ നിങ്ങൾക്ക് വളച്ചൊടിക്കാം, കുഴിച്ചുമൂടാം, പക്ഷേ ഒരുനാൾ, ഒരുനാൾ അത് മുളച്ചുപൊന്തുക തന്നെചെയ്യും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക