Image

ഗാല്‍വാന്‍ താഴ്‌വര അശാന്തമാണ്, ഇന്‍ഡ്യയും (ദല്‍ഹികത്ത്: പി.വി. തോമസ് )

പി.വി. തോമസ് Published on 20 June, 2020
 ഗാല്‍വാന്‍ താഴ്‌വര അശാന്തമാണ്, ഇന്‍ഡ്യയും (ദല്‍ഹികത്ത്: പി.വി. തോമസ് )
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വര അശാന്തമാണ്. ഒപ്പം ഇന്‍ഡ്യയും. 20 ഇന്‍ഡ്യന്‍ സൈനീകരെ ആണ് 17000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന, മൈനസ് 20 ഡിഗ്രി അന്തരീക്ഷ താപനിലയുള്ള ആ ശീത മരുപ്രദേശത്ത് ചൈനയുടെ ഭടന്മാര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിഷ്ഠൂരമായി വധിച്ചത്. സായുധര്‍ ആയിരുന്നെങ്കിലും ഇന്‍ഡ്യന്‍ ഭടന്മാര്‍ ആയുധം ഉപയോഗിച്ചില്ല. ഏതോ ഉടമ്പടികള്‍ മൂലം എന്ന് പറയുന്നു. ഒന്നും വ്യക്തമല്ല. അതുപോലെ തന്നെ ചൈനയുടെ പക്ഷത്ത് 42 സൈനികര്‍ മരിച്ചുവെന്ന് പറയപ്പെടുന്നു. ഔദ്യോഗിക സ്ഥിരീകരണം എന്തുകൊണ്ടു ഇല്ല. ഒന്നും വ്യക്തമല്ല. പക്ഷേ, സ്ഥിരീകരിക്കപ്പെട്ടത് ഇവ മാത്രം ആണ്. 20 ഇന്‍ഡ്യന്‍ സൈനികരെ ചൈനീസ് സേന മൃഗീയമായി കൊന്നു. അതില്‍ 16 ബീഹാര്‍ റെജിമെന്റിന്റെ കമാന്റിംങ്ങ് ഓഫീസറും തെലങ്കാനക്കാരനും ആയ കേണല്‍ സന്തോഷ് ബാബുവും ഉണ്ടായിരുന്നു. മറ്റഅ 19 പേരും വീരമൃത്യു വരിച്ചു. ജൂണ്‍ 15-16 രാത്രിയില്‍ ആയിരുന്നു സംഭവം. ഇന്‍ഡ്യന്‍ സേനാംഗങ്ങളെ, ഏകദേശം 10,  ചൈന തടവിലാക്കുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്തു. എന്തുകൊണ്ട് ഇവയൊക്കെ സംഭവിച്ചു? എന്തുകൊണ്ട് ഗാല്‍വാന്‍ താഴ് വര?എന്തുകൊണ്ട് പുല്‍വാമ? എന്തുകൊണ്ട് ബാലകോട്ട് ? എന്തു നേടി? ഇവയുടെ ചരിത്രത്തിലേക്ക് വരുന്നതിന് മുമ്പ്.

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തേക്ക് ശബ്ദിച്ചില്ല. അതിനുശേഷം പറഞ്ഞത് എന്താണ്?' നമ്മുടെ  രക്തസാക്ഷികളുടെ ബലിദാനം ഒരിക്കലും പാഴായി പോവുകയില്ല.'
ഭരണ- പട്ടാള മേധാവികളുടെ കൃത്യ വിലോപത കൊണ്ടും ചരിത്രപരമായ തെറ്റുകൊണ്ടും അതിര്‍ത്തിയില്‍ പാവം  സൈനികര്‍ വീരമൃത്യു പ്രാപിച്ചാല്‍ ഇതുപോലെ ചോരക്കായിട്ടുള്ള വെല്ലുവിളി പതിവാണ് അത് പിന്നെയും വീരമൃത്യുകളില്‍ തന്നെ അവസാനിക്കും. ആര്‍ക്ക് എന്ത് ചേദം? മോദിക്കും അദ്ദേഹത്തിന്റെ ചൈനീസ് കൗണ്ടര്‍ പാര്‍ട്ട് ഷിജിന്‍ പിങ്ങിനും വ്യക്തിപരമായി ഒന്നും സംഭവിക്കുകയില്ല. പക്ഷേ, ഈ വീരമൃത്യുകള്‍ ഒഴിവാക്കുന്നവരാണ് യഥാര്‍ത്ഥ ഭരണാധികാരി. വീരമൃത്യു പരസപരം എന്നു തന്നെ പറയേണ്ട വരും വരുവാന്‍ പോകുന്ന സംഭവഗതികള്‍ നിരീക്ഷിച്ചാല്‍. 16 ബീഹാര്‍ റെജിമെന്റിലെയും  സൈനീകരുടെ അപമൃത്യു എന്തുകൊണ്ട് സംഭവിച്ചു? ഗാല്‍വാനും പുല്‍വാമയും ഇന്‍ഡ്യന്‍ ഭരണാധികാരികളുടെയും പട്ടാള മേധാവികളുടെയും നോട്ടപ്പിഴയും സുരക്ഷാവീഴ്ചയും ആയിരുന്നു. അതിന് മറുപടി രാഷ്ട്രത്തിന് നല്‍കാതെ പോര്‍വിളി നടത്തി കൂടുതല്‍ വീരമൃത്യുവിലേക്ക് നയിച്ചിട്ട് കാര്യം ഉണ്ടോ? ഉത്തരവാദിത്വം ഇല്ലാത്ത ചാനല്‍ തലവാചകളുടെ അര്‍്ത്ഥശൂന്യതയേ ഇവക്കുള്ളൂ. ഉദാഹരണമായി ചില ഇംഗ്ലീഷ് ദേശീയ ടെലിവിഷന്‍ ചാനലുകളുടെ തലക്കെട്ടുകള്‍ ശ്രദ്ധിക്കുക! ഭീരു ചൈനക്ക് ബലവാന്‍ ഭാരതത്തെ കീഴടക്കുവാന്‍ സാധിക്കുകയില്ല, ലോകം ഇന്‍ഡ്യയുടെ ധീരതയെ പുകഴ്ത്തുന്നു; തുടങ്ങിയവ, 1962-ലെ യുദ്ധത്തിനു ശേഷം ചില കവികള്‍ പാടിയതുപോലെ 'ചീനക്കാരാ ചീമ്പ്രകണ്ണാ നിന്നെ പിന്നെ കണ്ടോളാം'  എന്നതുപോലെ നിരര്‍ത്ഥകമാണ് ഈ ചാനല്‍ വീരമൃത്യു!
ഇവിടെ വിഷയം വേറെ ആണ്. 2014 ല്‍ അധികാരത്തില്‍ വന്ന് ആറുവര്‍ഷം ഭരിച്ച മോദിയും 1998 മുതല്‍ 2004 വരെ ഭരിച്ച വാജ്‌പേയിയും(ആറുവര്‍ഷം) ഇന്‍ഡ്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതില്‍ എന്തു ചെയ്തു? എന്ത് നേടി. ഇവിടെ തല്‍ക്കാലം വാജ്‌പേയ്യെ വിടാം. മോദിയാണ് ഇപ്പോള്‍ ഇന്‍ഡ്യ ഭരിക്കുന്നത്. ചൈനയും പാക്കിസ്ഥാനും നേപ്പാളും ആയിട്ടുള്ള ബന്ധം മോദിയുടെ ഭരണത്തില്‍ തകര്‍ന്നു. നേപ്പാള്‍ ഇന്‍ഡ്യയുടെ മൂന്ന് പ്രവശ്യകള്‍ ആണ് പിടിച്ചെടുത്ത് അതിര്‍ത്തി ഭൂപടം തിരുത്തി പാര്‍ലിമെന്റിന്റെ അംഗീകാരം നേടി ഭരണഘടന തിരുത്തിയത്. ഇതേ കാലയളവില്‍ തന്നെ. ആദ്യമായി ഇന്‍ഡ്യന്‍ ഭടന്മാര്‍ നേപ്പാള്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെടുകയും ചെയ്തു. അതുപോലെ തന്നെ ഇന്‍ഡ്യ-ചൈന അതിര്‍ത്തിയില്‍ ഇന്‍ഡ്യന്‍ ഭടന്മാര്‍ കൊല്ലപ്പെടുന്നത് നാലര പതിറ്റാണഅടുകള്‍ക്ക് ശേഷം ആണ്. ഇതാണ് മോദിയുടെ ഭരണത്തിന്റെ നേട്ടം.
മോദി അധികാരത്തില്‍ വന്നപ്പോള്‍ (2004) അയല്‍രാജ്യങ്ങളുമായിട്ടുള്ള ബന്ധം നന്നാക്കുവാനായുള്ള മുദ്രാവാക്യം ആണ് ആദ്യം മുഴക്കിയത്. അത് പരിപൂര്‍ണ്ണ പരാജയം ആയിരുന്നുവെന്നാണ് ഗാല്‍വാന്‍ താഴ്  വരയും പുല്‍വാമയും(കാശ്മീര്‍) കാലാപാനിയും (നേപ്പാളും) തെളിയിക്കുന്നത്. പൊള്ളയായ മുദ്രാവാക്യങ്ങള്‍ സ്വന്തം രാജ്യത്ത് വിറ്റഴിഞ്ഞേക്കാം. പക്ഷേ പുറത്ത് അവ വിലപ്പോവുകയില്ല. അമേരിക്കയും ചൈനയും പാക്കിസ്ഥാനും നേപ്പാളും മോദിയുടെ വന്‍ നയതന്ത്രപരാജയങ്ങള്‍ ആണ്.

ഗാല്‍വാന്‍ താഴ് വര(ലഡാക്ക്) ആണ് ഇപ്പോഴത്തെ പ്രശ്‌നം. അവിടെ നിന്നും ഇനിയും ത്രിവര്‍ണ്ണപതാകയില്‍ പൊതിഞ്ഞ ശവപ്പെട്ടിയുള്ള ഇന്‍ഡ്യയുടെ നാനാഭാഗത്തേക്കും വരുമോ? രക്തച്ചൊരിച്ചല്‍ അല്ല ഇതിനുള്ള മറുപടി. എവിടെ മോദിയുടെ നയതന്ത്രം? അമേരിക്ക  ഇടപെടാമെന്ന് പ്രസിഡന്റ് ട്രമ്പ് പറഞ്ഞു. പക്ഷേ, അതില്‍ ഇന്‍ഡ്യക്ക് വിശ്വാസം ഇല്ല. അതും ഇന്‍ഡ്യന്‍ പാര്‍ലിമെന്റ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്.
ജൂണ്‍ അവസാനത്തിലെ റഷ്യ-ചൈന-ഇന്‍ഡ്യ ഉച്ചകോടി നിശ്ചയിച്ചതുപോലെ നടന്നാല്‍ അവിടെ ഇന്‍ഡ്യ എന്ത് ചെയ്യും? യുദ്ധം അല്ലല്ലോ ഒന്നിന്റെയും സമാധാനം. ഇന്‍ഡ്യയിലെ ജനങ്ങള്‍ മോദിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് തന്ത്രപരമായ നയതന്ത്രം ആണ്. കൂടുതല്‍ വീരമൃത്യുവും രക്തസാക്ഷിത്വവും അല്ല. ചൈന-പാക്കിസ്ഥാന്‍- നേപ്പാള്‍ അച്ചുതണ്ട് സ്ഥാപിക്കുവാന്‍ ഇട നല്‍കിയതാണ് മോദിയുടെ ഏറ്റവും വലിയ ഏഷ്യന്‍ പരാജയം.
ഗാല്‍വാനില്‍ ചൈന നുഴഞ്ഞു കയറിയപ്പോള്‍ മോദി സര്‍ക്കാര്‍ രാഷ്ട്രത്തെ തെറ്റിദ്ധരിപ്പിച്ചു. എന്തുകൊണ്ടായിരുന്നു അത് ? ഗാല്‍വാന്‍ കൂട്ടക്കൊലക്ക് ശേഷം പത്തിലേറെ ഇന്‍ഡ്യന്‍ സൈനികരെ ചൈന തടവുകാരിക്കിയതും ഗവണ്‍മെന്റ് മറച്ചു വച്ചു. എന്തിന്? പുല്‍വാമക്ക് ശേഷം ബാലകോട്ട്(സര്‍ജിക്കല്‍ സ്‌ട്രെക്ക്) നടന്നപ്പോള്‍ മോദി ഘേഷണം നടത്തി: വേണ്ടി വന്നാല്‍ വീട്ടില്‍ കയറി ആക്രമിക്കും. ശരി തന്നെ. പക്ഷേ, ഗാല്‍വാനില്‍ എന്ത് സംഭവിച്ചു. ചൈന അതിര്‍ത്തി കടന്നു വന്ന്(ലൈന്‍ ഓഫ് ആക്ട്വല്‍ കണ്‍ട്രോള്‍) അടിച്ചില്ലേ? കൊന്നില്ലേ?  അമിത് ഷായുടെ കൂടെക്കൂടെയുള്ള വെല്ലുവിളികള്‍- പാക്കിസ്ഥാന്‍ അധീന കാശ്മീര്‍, ചൈന നിയന്ത്രിത അക്‌സാക്ചിന്‍ പിടിച്ചൈടുക്കും- എന്നതിന് നയതന്ത്ര നിഘണ്ടുവില്‍ എന്താണ് സ്ഥാനം ഉള്ളത്? വീരവാദങ്ങള്‍ അന്താരാഷ്ട്രീയ നയതന്ത്രത്തില്‍ വിപരീത ഫലമേ ചെയ്യുകയുള്ളൂ. പാക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കുക എന്നത് നരസിംഹറാവു ഗവണ്‍മെന്റിന്റെ കാലത്ത് ഇന്‍ഡ്യന്‍ പാര്‍ലിമെന്‍് പാസാക്കിയതാണ്. അതിനു ശേഷം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞു? എത്ര ഗവണ്‍മെന്റുകള്‍ വന്നുപോയി? എന്ത് സംഭവിച്ചു.?

ലഡാക്കും ഗാല്‍വാന്‍ താഴ് വരയും ഒരു പഴയ അതിര്‍ത്തി തര്‍ക്കം ആണ്. ഇന്‍ഡ്യക്കും ചൈനക്കും അത് ഇതുവരെയും പരിഹരിക്കുവാന്‍ സാധിച്ചിട്ടില്ല. ചൈനക്കാരെ വഞ്ചകരെന്ന് പറഞ്ഞ് പരിഹസിച്ചിട്ട് കാര്യമില്ല. ഇന്‍ഡ്യയുടെ അതിര്‍ത്തിയുടെ സുരക്ഷിതത്വവും ഇന്‍ഡ്യന്‍ സൈനികരുടെ രക്ഷയും ഉറപ്പ് വരുത്തേണ്ടത് ഭരണാധികരികളുടെയും പട്ടാളമേധാവികളുടെയും ഉത്തരവാദിത്വം ആണ്. ഗാല്‍വാന്‍ താഴ് വരയില്‍ അവര്‍ ദയനീയമായി പരാജയപ്പെട്ടു. അത് മറച്ചു വയ്ക്കുവാന്‍ കൂടുതല്‍ വീരമൃത്യുക്കള്‍ വാഗ്ദാനം ചെയ്യേണ്ട.

ഗാല്‍വാന്‍ താഴ് വര ഒരു പഴയ കഥയാണ്. ഗുലാം റസൂള്‍ ഗാല്‍വാന്‍ എന്ന ഒരു കാശ്മീര്‍ സാഹസീക സഞ്ചാരിയുടെ പേരില്‍ അറിയപ്പെടുന്നതാണ് ഗാല്‍വാന്‍ താഴ് വരയും നദിയും. ചൈന അത് അവരുടേത് ആണെന്ന് അവകാശപ്പെടുന്നു. ഇന്‍ഡ്യമറിച്ചും. ഇരു കൂട്ടര്‍ക്കും ഈ ലൈന്‍ ഓഫ് ആക്ട്വല്‍ കണ്‍ട്രോളില്‍ ഇടം ഉണ്ട്. പക്ഷേ, ചൈന ഇന്‍ഡ്യന്‍ പോസ്റ്റുകളിലേക്ക് കടന്നുകയറി. ഗവണ്‍മെന്റ് അത് നിരാകരിച്ചുകൊണ്ടേയിരുന്നു. അവസാനം ഈ കൂട്ടക്കൊല സംഭവിച്ചു.

ഇനി അല്പം ചരിത്രം. 1960 ഏപ്രിലില്‍ ഇന്‍ഡ്യയുടെയും ചൈനയുടെയും പ്രധാനമന്ത്രിമാരായ ജവഹര്‍ ലാല്‍ നെഹ്‌റുവും ചൗ എന്‍ലായിയും ഒരു സമ്മിറ്റ് നടത്തി ഈ പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമിച്ചു. നെഹ്‌റു ആണ് മുന്‍കൈ എടുത്തത്.  ചൈനയുടെ ചെയര്‍മാന്‍ മാവോയുടെ പിന്തുണ ഉണ്ടായിരുന്നു ചൗ എന്‍ ലായിക്ക്. ഇതായിരുന്നു അവര്‍ വച്ച ഫോര്‍മുല. ചൈന അരുണാചല്‍ പ്രദേശിനു മുകളിലുള്ള ഇന്‍ഡ്യയുടെ അവകാശം അംഗീകരിക്കും. പക്ഷേ, ഇന്‍ഡ്യ അക്‌സായ് ചിന്നിനു മുകളിലുള്ള ചൈനയുടെ അവകാശം അംഗീകരിക്കണം. നെഹ്‌റു ഇത് അംഗീകരിച്ചില്ല. നെഹ്‌റു വളരെ വികാരാധീനനായി പ്രഖ്യാപിച്ചു: 'അക്‌സായ്ചിന്‍ ചൈനക്ക് കൊടുത്താല്‍ താന്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആയിരിക്കുകയില്ല.' അത് കൊടുത്തില്ല. 1962-ലെ യുദ്ധം  ഇതിന്റെയൊക്കെ ഫലം ആയിരുന്നു. ഇന്‍ഡ്യക്ക് കിട്ടിയത് ഒട്ടേറെ വീരമൃതുക്കളും നഷ്ടപ്പെട്ടത് 40000 ചതുരശ്ര മൈല്‍ ഭൂമിയും.

സമാധാനപരമായ സംഭാഷണങ്ങളിലൂടെ യുദ്ധം ഒഴിവാക്കുന്നതാണ് ആധുനീക ഭരണതന്ത്രം. കാരണം യുദ്ധം ഒന്നു നേടുന്നില്ല. ഒന്നും പരിഹരിക്കുന്നുമില്ല. ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ അത് ഒഴിവാക്കും. ഗാല്‍വാന്‍ താഴ് വരയും വീരമൃത്യുക്കളും ആവര്‍ത്തിക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക