Image

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് അഭിമാന മുഹൂര്‍ത്തം

Published on 18 June, 2020
 ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന് അഭിമാന മുഹൂര്‍ത്തം


ലണ്ടന്‍: കേരള ജനതയെ പിടിച്ചുലച്ച 2018ലെ പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട് നിരവധി ആളുകളാണ് നമ്മുടെ നാട്ടില്‍ കഴിഞ്ഞിരുന്നത്. എല്ലാവര്‍ക്കും സഹായം എത്തിക്കാന്‍ സാധിക്കില്ലെങ്കിലും തങ്ങളാല്‍ കഴിയുന്ന സഹായം എത്തിക്കാനാണ് യുകെയിലെ പ്രമുഖ മലയാളി സംഘടനയായ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്‍ ശ്രമിച്ചത്.


ഇതിനായി വിനോദ് മാണി, ജില്‍സ് പോള്‍, വിന്‍സന്റ് എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കമ്മിറ്റി രൂപീകരിച്ച് ഫണ്ട് സ്വരൂപിക്കാന്‍ ആരംഭിച്ചു. ഗ്ലോസ്റ്റര്‍ഷെയറിലുള്ള എല്ലാ കുടുംബങ്ങളും സഹകരിച്ച് ഏകദേശം 10000 പൗണ്ട് സ്വരൂപിച്ചു. അതിനുവേണ്ടി എല്ലാ വര്‍ഷവും നടത്താറുള്ള ഓണാഘോഷം പോലും മാറ്റി വച്ചു. ഈ തുക തീര്‍ത്തും അപര്യാപ്തമാകയാല്‍ അസോസിയേഷനിലെ അംഗങ്ങള്‍ അവരവരുടെ ജോലി സ്ഥലങ്ങളില്‍ സ്‌നാക്ക്, കേക്ക് ഫെസ്റ്റിവലുകള്‍ നടത്തി സംഭാവനകള്‍ സ്വീകരിച്ചും ക്രിസ്ത്യന്‍ പള്ളിയില്‍ നിന്നും മുസ് ലിം പള്ളിയില്‍ നിന്നും ക്രിക്കറ്റ് ക്ലബ്, ഹിന്ദു സംഘടന, കടകള്‍, സ്ഥാപനങ്ങള്‍ എന്നു വേണ്ട കഴിയുന്ന സ്ഥലങ്ങളില്‍ നിന്നും സഹായം സ്വീകരിച്ചു. തുടര്‍ന്നു ഗ്ലോസ്റ്റര്‍, ചെല്‍റ്റന്‍ഹാം കൗണ്‍സിലിന്റെ അനുമതിയോടെ പൊതുജനങ്ങളില്‍നിന്നും പിരിവു നടത്തി 40000 പൗണ്ടില്‍ കൂടുതല്‍ സംഖ്യ സ്വരൂപിച്ചു.

തുടര്‍ന്നു കേരളത്തിലെ 5 നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു നിര്‍മിച്ചു നല്‍കാന്‍ തീരുമാനിച്ചു. ഇതിനായി ഒരു ബില്‍ഡിംഗ് കമ്മിറ്റിയും രൂപീകരിച്ചു. ലോറന്‍സ് പെല്ലിശേരി, സുനില്‍ കാസിം, തോമസ് ചാക്കോ, ഡോ. ബിജു പെരിങ്ങത്തറ (യുക്മ നാഷണല്‍ കമ്മിറ്റി മെംബര്‍) എന്നിവരായിരുന്നു അംഗങ്ങള്‍. നുറുകണക്കിനു അപേക്ഷകളില്‍നിന്നാണ് 5 പേരെ തിരഞ്ഞെടുത്തത്.

ആദ്യ വീട് ചെങ്ങന്നൂരിനടുത്തുള്ള പുലിയൂരില്‍ കൂലി പണിക്കാരനായ സജിക്കും രോഗികളായ കുടുംബത്തിനും കൈമാറി. രണ്ടാമത്തെ വീട് ആലപ്പുഴ ജില്ലയിലെ സ്ത്രീകള്‍ മാത്രമുള്ള കുടുംബത്തിനു നല്‍കി. രണ്ടു വീടിന്റേയും കാര്യങ്ങള്‍ കോഓര്‍ഡിനേറ്റ് ചെയ്തത് തോമസ് ചാക്കോയാണ്. മൂന്നാമത്തെ വീട് പാലക്കാട്ടാണ് പണിതത്. ഇതിനു ചുക്കാന്‍ പിടിച്ചത് ജിഎംഎ അംഗം മനോജ് വേണുഗോപാലിന്റെ സഹോദരിയാണ്. നാലാമത്തെ വീട് വടയാറില്‍ നിര്‍മിച്ചു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ബെന്നിയാണ്. അഞ്ചാമത്തെ ഭവനം സ്‌പോണ്‍സര്‍ ചെയ്തത് ഡോ. ബീന ജ്യോതിഷാണ്. തൃശൂര്‍ ജില്ലയിലെ കനോലി കനാലിന് ചേര്‍ന്നു കിടക്കുന്ന പെരിഞ്ഞനത്തു നിര്‍മിച്ച വീട് ദിവസകൂലിക്കാരനായ ശിവരാമനും കുടുംബത്തിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും നല്‍കി. അഞ്ചാമത്തെ വീട് 2020 ജൂണ്‍ 20നു കൈമാറി.

ഈ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരമോന്നത അംഗീകാരമായാണ് ജിഎംഎക്ക് കഴിഞ്ഞ വര്‍ഷം ബക്കിംഗ്ഹാം കൊട്ടാരത്തില്‍നിന്നും ചായ സല്‍ക്കാരത്തിനു ക്ഷണം ലഭിച്ചത്. പ്രസിഡന്റ് വിനോദ് മാണിയും സെക്രട്ടി ജില്‍സ് പോളും പ്രതിനിധികളായി പങ്കെടുത്തു.

റിപ്പോര്‍ട്ട്: പി.എ. ബിജു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക