Image

കെന്നഡിയുടെ സഹോദരി ജീന്‍ കെന്നഡി സ്മിത്ത് നിര്യാതയായി

അജു വാരിക്കാട് Published on 18 June, 2020
കെന്നഡിയുടെ സഹോദരി  ജീന്‍ കെന്നഡി സ്മിത്ത് നിര്യാതയായി
ന്യു യോര്‍ക്ക്: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ സഹോദരിയും അയര്‍ലണ്ടിലെ മുന്‍ അംബാസഡറുമായ ജീന്‍ കെന്നഡി സ്മിത്ത് മൻഹാട്ടനിലെ   സ്വന്തം വീട്ടില്‍ അന്തരിച്ചു, 92 വയസ്സായിരുന്നു.

ജോസഫ് പി, റോസ് കെന്നഡി ദമ്പതികള്‍ക്ക് ജനിച്ച ഒന്‍പത് മക്കളില്‍ എട്ടാമത്തെതായിരുന്നു ജീന്‍ സ്മിത്ത്.മൂത്ത സഹോദരന്‍ ജോസഫ് കെന്നഡി ജൂനിയര്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ കൊല്ലപ്പെട്ടു; കാത്ലീന്‍ 'കിക്ക് കെന്നഡി, 1948 ലെ വിമാനാപകടത്തില്‍ മരിച്ചു; ജോണ്‍ എഫ്. കെന്നഡി 1963 ല്‍ കൊല്ലപ്പെട്ടു, 1968 ല്‍ സെനറ്റര്‍ റോബര്‍ട്ട് എഫ്. കെന്നഡിയും കൊല്ലപ്പെട്ടു. കെന്നഡി സഹോദരങ്ങളില്‍ ഏറ്റവും ഇളയവനായ സെനറ്റര്‍ എഡ്വേര്‍ഡ് കെന്നഡി 2009 ഓഗസ്റ്റില്‍ മസ്തിഷ്‌ക അര്‍ബുദം ബാധിച്ച് മരിച്ചു. അതെ മാസം തന്നെസഹോദരി യൂനിസ് കെന്നഡി ഷ്രൈവറും മരിച്ചു.

ജീന്‍ കെന്നഡി 1956 ല്‍ കെന്നഡി കുടുംബ സാമ്പത്തിക ഉപദേഷ്ടാവായസ്റ്റീഫന്‍ എഡ്വേര്‍ഡ് സ്മിത്തിനെ വിവാഹം കഴിച്ചു. പിന്നീടദ്ദേഹം വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് ആയി. ജീന്‍ കെന്നഡി ഒരു ശാന്തസ്വഭാവക്കാരിയായാണ് അറിയപ്പെട്ടത്. 2016 ല്‍ പ്രസിദ്ധീകരിച്ച 'ദി നയന്‍ ഓഫ് അസ് ' എന്ന ഓര്‍മ്മക്കുറിപ്പില്‍, തന്റെ കുട്ടിക്കാലം വളരെ'സാധാരണമാണെന്ന്' രേഖപ്പെടുത്തിയിട്ടുണ്ട്.

'അമേരിക്കന്‍പ്രസിഡന്റ് ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ പരമോന്നത പദവികള്‍ വഹിക്കുന്ന സഹോദരന്മാരുമായാണ് ഞാന്‍ വളര്‍ന്നതെന്ന് എനിക്ക് വിശ്വസിക്കുവാന്‍ പ്രയാസമാണ്,' സ്മിത്ത് എഴുതി. 'അക്കാലത്ത്, അവര്‍ എന്റെ കളികൂട്ടുകാര്‍ മാത്രമായിരുന്നു. ഇപ്പോള്‍ അവര്‍ രാജ്യത്തിന്റെ പരമോന്നത പദവികള്‍ വഹിക്കുന്നവര്‍.

പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ 1990കളില്‍ ജീന്‍ കെന്നഡി സ്മിത്തിനെ അയര്‍ലണ്ടിലെ അംബാസഡറായി നിയമിച്ചു. അംബാസഡര്‍ എന്ന നിലയില്‍ വടക്കന്‍ അയര്‍ലന്‍ഡ് സമാധാന പ്രക്രിയയില്‍ അവര്‍ ഒരു പങ്കുവഹിച്ചു. 1994 ല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി-ലിങ്ക്ഡ് സിന്‍ ഫെയ്ന്‍ പാര്‍ട്ടിയുടെ തലവന്‍ ജെറി ആഡംസിന് വിവാദമായ വിസ നല്‍കാന്‍ ക്ലിന്റനെ പ്രേരിപ്പിക്കാന്‍ അവര്‍ സഹായിച്ചു. 1998 ല്‍ അംബാസഡറായി സ്ഥാനമൊഴിഞ്ഞപ്പോള്‍, 'രാജ്യത്തിന് വിശിഷ്ടമായ സേവനത്തിന്' ഐറിഷ് പൗരത്വം ലഭിച്ചു.

മരുമകള്‍ കരോലിന്‍ കെന്നഡി ഒബാമയുടെഭരണകാലത്ത് ജപ്പാനിലെ അംബാസഡറായി സേവനമനുഷ്ഠിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക