Image

കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)

Published on 15 June, 2020
കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)
കൊറോണ എങ്ങനെയാണ് എന്നെ ബാധിച്ചത്? ഈ ചോദ്യം സ്വയം ചോദിക്കുമ്പോള്‍ കൊറോണ വന്നില്ലായിരുന്നെങ്കില്‍ കഴിഞ്ഞ നാല് മാസം എന്തൊക്കെ ചെയ്യും എന്നായിരുന്നു ചിന്തിച്ചത്. സ്വപ്നങ്ങളുടെ തിരക്കഥ പോലും മാറ്റി എഴുതപ്പെട്ടു എന്നു വേണം പറയാന്‍ . ജീവിതത്തിന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കി അണുവിട മാറാതെ അതുപോലെ നീങ്ങാന്‍ കഴിഞ്ഞവര്‍ ആരും തന്നെ ഉണ്ടാകില്ല. എങ്കിലും കോവിഡ് 19 ശരിക്ക് പിടിച്ചു കുലുക്കി. പ്രത്യേകിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവുമൊത്ത് താമസിക്കാന്‍ ആഗ്രഹിച്ചു വന്നിട്ട് ഭീതിയുടെ നിഴലില്‍ കഴിയുമ്പോള്‍...
സൗദി അറേബ്യയില്‍ ആണ് ഞങ്ങള്‍. മദീന പ്രവിശ്യയിലെ യാമ്പു എന്ന സ്ഥലത്ത്. ഞാന്‍ നാട്ടില്‍ ആയിരിക്കുമ്പോഴാണ് യാമ്പുവിലേക്ക് ഇക്കയ്ക്ക് ട്രാന്‍സ്ഫര്‍ ആകുന്നത്. മക്ക, റിയാദ് ,ദമ്മാം, ജിദ്ദ എന്നൊക്കെ അല്ലാതെ യാമ്പു എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് അതോടെയാണ്. അപ്പോള്‍ തന്നെ സ്ഥലത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഗൂഗിളില്‍ നോക്കി. പൂക്കളെ ഒരുപാട് സ്‌നേഹിക്കുന്ന എന്നെ ആകര്‍ഷിച്ചത് ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കുന്ന യാമ്പു പുഷ്പമേള (Yanbu Flower Festival) യാണ്. അടുത്ത തവണ ഒരുമിച്ച് അവിടെ പോകണം എന്ന് പ്ലാന്‍ ചെയ്തു. ഞാന്‍ സൗദിയില്‍ എത്തുന്നത് മഞ്ഞുകാലത്താണ്. ഗള്‍ഫ് രാജ്യങ്ങളെ കുറിച്ച് ചിന്തിക്കുമ്പോള്‍ വരുന്ന ചിത്രമേ ആയിരുന്നില്ല എനിക്കുണ്ടായ ഫസ്റ്റ് ഇംപ്രഷന്‍.
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോകുമ്പോള്‍ റോഡിനിരുവശവും കാണുന്ന പോലെ ഇവിടവും പൂച്ചെടികള്‍ കൊണ്ട് അലംകൃതമാണ്. പല നിറങ്ങളിലെ ബോഗണ്‍വില്ലകളും അരളികളും വിരിഞ്ഞു നില്‍ക്കുന്ന കാഴ്ച അതിമനോഹരമാണ്. ഇന്ന് കാണുന്ന ചെടികള്‍ ആയിരിക്കില്ല നാളെ എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. പൂക്കള്‍ കുറവുള്ള ചെടികള്‍ മാറ്റി പൂത്തുലഞ്ഞ സസ്യങ്ങള്‍ കൊണ്ടു വയ്ക്കുന്നതാണ് രീതി. എന്നും വസന്തം നിലനിര്‍ത്തി പോകുന്നതിന് ചെലവ് വഹിക്കുന്നത് യാമ്പു റോയല്‍ കമ്മീഷന്‍ ആണ്.
സൗദിയിലെ തന്നെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് തിരക്ക് കുറഞ്ഞ വൈകുന്നേരങ്ങളുമായി വളരെ വേഗം തന്നെ എനിക്ക് ഇണങ്ങാന്‍ കഴിഞ്ഞു. വാഹനങ്ങളുടെ ശല്യവും നന്നേ കുറവ്. മുരിങ്ങയും ആര്യവേപ്പും രാമതുളസിയുമൊക്കെ നട്ടുപിടിപ്പിച്ച പാതയിലൂടെ ശുദ്ധ വായു ശ്വസിച്ചു കൊണ്ടുള്ള നടത്തം ആസ്വാദ്യകരമായിരുന്നു.

എല്ലാവരെയും പോലെ തന്നെ പുതുവര്‍ഷത്തെ വരവേറ്റത് ഏറെ പ്രതീക്ഷയോടെയാണ്. ജിദ്ദയിലുള്ള സഹോദരിയുടെയും കുടുംബത്തിന്റെയും കൂടെ ത്വായിഫ് എന്ന 'സൗദിയിലെ ഊട്ടി' സന്ദര്‍ശിച്ചു. മക്ക - മദീന ( ഉംറ തീര്‍ത്ഥാടനം) മാര്‍ച്ചില്‍ പോകണം എന്നൊക്കെ പദ്ധതിയിട്ടു. ഫ്ളവര്‍ ഫെസ്റ്റിവല്‍ കൂടി കഴിയുമ്പോള്‍ ആ അനുഭവങ്ങളെല്ലാം എഴുതാനും ആഗ്രഹമുണ്ടായിരുന്നു. പാതിവഴി എത്തിയതുമാണ്. ഇതിനിടയില്‍ സൗദിയില്‍ ഒരാള്‍ക്ക് എന്തോ ഒരു പകര്‍ച്ചവ്യാധി വന്ന വാര്‍ത്ത കണ്ടെന്നും സൂക്ഷിക്കണമെന്നും വീട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞുു. വാട്‌സാപ്പില്‍ വരുന്നതൊക്കെ കണ്ട് വെറുതെ ടെന്‍ഷന്‍ ആകേണ്ട എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ 'കൊറോണ, കോവിഡ് 19' തുടങ്ങിയ പേരുകള്‍ പരിചിതമായി മാറി. ചെറിയ അളവില്‍ പേടിയും തുടങ്ങി.
യാമ്പു ഫ്‌ലവര്‍ ഫെസ്റ്റിവല്‍ ഈ വര്‍ഷം നടത്തുന്നില്ല എന്നതാണ് ആദ്യമുണ്ടായ സങ്കടം. ലോക് ഡൗണ്‍ പ്രഖ്യാപനത്തോടെയാണ് സംഗതിയുടെ ഗൗരവം പിടികിട്ടിയത്. മക്ക- മദീന ഉള്‍പ്പെടെയുള്ള വിശുദ്ധ ആരാധനാലയങ്ങള്‍ വരെ അടച്ചിടുന്നത് മാര്‍ച്ചിലാണ്. 'എല്ലാം ഞാന്‍ കാരണമാണ് - പുഷ്പമേള നടക്കാത്തതും, ഉംറ തീര്‍ത്ഥാടനം നിര്‍ത്തി വച്ചതും,' എല്ലാം ഞാന്‍ ആഗ്രഹിച്ചത് കൊണ്ടാണെന്നു കരുതി വേണമെങ്കില്‍ വെറുതെയിരുന്നു കരയാം. സാധാരണ എന്റെ ഒരു രീതി അങ്ങനെയാണ്. പക്ഷേ മനസ്സ് കുറച്ചുകൂടി ഒക്കെ പാകപ്പെട്ടു. നന്ദനം സിനിമയില്‍ ബാലാമണി ഗുരുവായൂര്‍ പോകാന്‍ ആഗ്രഹിച്ചപ്പോള്‍ വന്ന തടസ്സം ആണ് ഓര്‍മ്മ വന്നത്. 'ഞാന്‍ കൂടെയുണ്ട്. വന്നു കാണണമെന്നില്ല' എന്ന് പറയുന്നതുപോലെ...

അമേരിക്കപോലുള്ള രാജ്യങ്ങള്‍ക്ക് പോലും കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുന്നില്ല എന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ആശങ്കയിലായത്. ഉണരുമ്പോഴും ഉറങ്ങുമ്പോഴും കോവിഡ് കേസുകളുടെ കണക്കും മരണനിരക്കും മാത്രമായി ചിന്ത. ഏപ്രില്‍ മാസത്തില്‍ ഞാന്‍ പുറത്തിറങ്ങിയില്ല.

ബക്കാലകള്‍ എന്നറിയപ്പെടുന്ന ചെറിയ കടകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമായിരുന്നു. അതുകൊണ്ട് ഷോപ്പിംഗ് മോളുകള്‍ അടച്ചുപൂട്ടിയത് ഒന്നും കാര്യമായി ബാധിച്ചില്ല. രണ്ടാഴ്ച കാലത്തേക്ക് മുട്ടയ്ക്ക് മാത്രം ക്ഷാമം വന്നു. ലേബര്‍ ക്യാമ്പുകളിലേക്ക് മുട്ടയും ബ്രഡും കയറ്റി അയച്ചിരുന്നത് കൊണ്ടാണെന്ന് കേട്ടപ്പോള്‍ അവരുടെ സാഹചര്യം വച്ചുനോക്കുമ്പോള്‍ സഹിക്കാവുന്ന ബുദ്ധിമുട്ടല്ലേ എന്ന് ആശ്വസിച്ചു. കറിവേപ്പില മാത്രമാണ് നിലവില്‍ കിട്ടാത്തത്.
ഇതിനിടയില്‍ ആയിരുന്നു റമദാന്‍ വ്രതം. സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നതുകൊണ്ട് പലര്‍ക്കും വര്‍ക്ക് ഫ്രം ഹോം ആയിരുന്ന സമയവും ഇക്കയ്ക്ക് ഡ്യൂട്ടി ഉണ്ടായിരുന്നു്. ജീവനക്കാരുടെ ടെമ്പറേച്ചര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് കൊടുക്കുകയും അവരുടെ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ട് ആ സമയം കൂടുതല്‍ ജോലി വന്നു.

ഇങ്ങനെ ഒരവസരത്തില്‍ സ്വാര്‍ത്ഥമായി ചിന്തിക്കരുതെന്നു മനസിനെ പഠിപ്പിക്കുന്നതോടൊപ്പം ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ കൈ സോപ്പിട്ട് കഴുകുന്നതുള്‍പ്പെടെ ഒരു മാര്‍ഗനിര്‍ദേശങ്ങളും തെറ്റിക്കുന്നില്ലെന്നു ഉറപ്പുവരുത്തുന്ന വീട്ടിലെ സേഫ്റ്റി ഓഫിസറായി നിലകൊള്ളുകയും ചെയ്തു.

മൂന്നു നിലകളുള്ള ഒരു കെട്ടിടത്തിന് മുകളിലെ നിലയിലാണ് ഞങ്ങളുടെ താമസം. ഈ നിലയില്‍ മറ്റാളുകള്‍ ഒന്നുമില്ല. താഴെയുള്ള ഇരുനിലകളിലും സഹോദരങ്ങളായ അറബികളും അവരുടെ കുടുംബവും ആണ്.

കൊറോണയ്ക്ക് മുന്‍പുള്ള മാസങ്ങളില്‍ ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണ് അതിന്റെ തീവ്രത മനസ്സിലാക്കിയ ശേഷമുള്ള ദിവസങ്ങള്‍. വേനല്‍ക്കാലവും തുടങ്ങി. വായനയോടും എഴുത്തിനോടും എല്ലാം ഒരു തരം മടുപ്പ്. മറ്റു നിവൃത്തി ഇല്ലാത്തതുകൊണ്ട് ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയും ഒരര്‍ത്ഥമില്ലാതെ ദിവസങ്ങള്‍ തള്ളിനീങ്ങുന്ന പ്രതീതി. ബന്ധുക്കള്‍, സുഹൃത്തുക്കള്‍ അങ്ങനെ നമുക്ക് പരിചയമുള്ള പലര്‍ക്കും രോഗം വന്നതോടെ കരുതിയിരിക്കാം എന്ന് തന്നെ തീരുമാനിച്ചു. രോഗം വന്നവര്‍ അതിനെ നേരിട്ട വഴികള്‍ മനസ്സിലാക്കി. സൗദിയില്‍ ദിനംപ്രതി നാലായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. യാമ്പുവില്‍ മുപ്പതില്‍ താഴെ മാത്രം കേസുകളാണ് ഒരുദിവസത്തെ ശരാശരി.
മനസ് ഡൗണ്‍ ആകുമ്പോഴൊക്കെ പ്രിയപ്പെട്ടവരോട് സംസാരിക്കും. അവരുടെ വിഷമങ്ങളായാലും സന്തോഷങ്ങളായാലും നമുക്കൊപ്പം ചിലവിടാന്‍ സമയം ഉള്ള വ്യക്തികള്‍ ഉണ്ടെന്ന തിരിച്ചറിവ് മനസ്സിനൊരു കുളിരാണ്.

പുതുവസ്ത്രം അണിഞ്ഞ് ആഘോഷിക്കാന്‍ കഴിയാതിരുന്ന പെരുന്നാള്‍ ഒന്നും, ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികള്‍ക്കു മുന്‍പില്‍ ഒരു വിഷമം ആയി തോന്നിയില്ല. അപ്രതീക്ഷിതമായ ഒരു സന്തോഷം ഉണ്ടായതും പെരുന്നാളിന്റെയന്നു രാവിലെയാണ്. കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോ സ്വപ്നമായിരിക്കുമെന്നേ (ഇവിടെ അങ്ങനെ അതിഥികള്‍ വരുന്ന പതിവില്ലാത്തതു കൊണ്ട്) കരുതിയുള്ളൂ.
നല്ല ഉറക്കത്തിലായിരുന്നു. ഇക്കയാണ് വാതില്‍ തുറന്നു നോക്കിയത്. താഴെ താമസിക്കുന്ന അറബിയുടെ മകനായിരുന്നു വന്നത്. കയ്യില്‍ ഒരു ചാക്ക് ബിരിയാണി അരി. ചുറ്റുമുള്ളവര്‍ക്ക് അങ്ങനെ കൊടുക്കുന്ന പതിവുണ്ട്. അരി കിട്ടിയ സന്തോഷം അല്ല, നമ്മളെയും അവര്‍ പരിഗണിക്കുന്നല്ലോ എന്നത് വലിയൊരു ആശ്വാസമായി. ഒറ്റപ്പെടുക അത്രമാത്രം വലിയ വേദനയാണ്. പ്രത്യേകിച്ച് മറ്റൊരു നാട്ടില്‍. ഇത്തരം സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ സ്‌നേഹത്തോടെയുള്ള ഒരു വാക്കോ പ്രവൃത്തിയോ പകരുന്ന ധൈര്യം ചെറുതല്ല. അവയുടെ അഭാവത്തിലാണ് പ്രവാസി സ്വന്തം മണ്ണിലേക്ക് മടക്കയാത്ര ആഗ്രഹിക്കുന്നത്.

രോഗികള്‍, ഗര്‍ഭിണികള്‍, തുടര്‍ചികിത്സ വേണ്ടവര്‍ എന്നിങ്ങനെ തരംതിരിക്കാതെ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും അതിനുള്ള സാഹചര്യം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ജോലി നഷ്ടപ്പെടുന്നതു കൊണ്ടും മക്കളുടെ പഠനത്തെക്കുറിച്ച് ഓര്‍ത്തും ഇനിയെന്ത് എന്നതിന് ഉത്തരം ഇല്ലാതെ നില്‍ക്കുന്ന ഒരുപാട് പേരുണ്ട് ചുറ്റും. എല്ലാം ഇട്ടെറിഞ്ഞ് നാട്ടില്‍ വന്നാല്‍ കുടുംബത്തിലെ വരുമാനം നിലയ്ക്കുമെന്ന് ഓര്‍ത്തു മാത്രം മരണത്തെ പോലും വകവയ്ക്കാതെ തുടരുന്നവരും ഉണ്ട്. വര്‍ദ്ധിക്കുന്ന ആശങ്കയും വിഷാദരോഗവും പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതങ്ങള്‍ക്കും ആത്മഹത്യക്കും വഴിവെക്കുന്നുണ്ട്.

ഒരു വ്യക്തിയുടെ മുന്‍പില്‍ അയാളുടെ പ്രശ്‌നമാണ് ലോകത്തില്‍ ഏറ്റവും വലുത്. ഏതു പൗരനെയും മടങ്ങിവരവിന് സാഹചര്യമൊരുക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. അനേകം ശതകോടീശ്വരന്മാര്‍ ഉള്ള ഇന്ത്യയില്‍, അവരില്‍ പത്തുപേര്‍ വിചാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ നിലവിലുള്ളൂ. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള സംഭാവന പരിഗണന ക്രമത്തില്‍ പലരീതിയില്‍ വിനിയോഗിക്കപ്പെടാം. പ്രവാസികളെ സഹായിക്കാന്‍ തയ്യാറായവര്‍, ചാര്‍ട്ടേര്‍ഡ് ഫ്‌ലൈറ്റ് ഏര്‍പ്പാടാക്കുന്നതടക്കമുള്ള ചെലവുകള്‍ ഏറ്റെടുക്കുകയും സ്വയം മുന്നിട്ടിറങ്ങുകയും ചെയ്യുന്നതാവും ഉചിതം. വന്ദേഭാരത് മിഷന്‍ എന്ന പേര് നല്‍കി, ടിക്കറ്റിന്റെയും ക്വാറന്റൈനില്‍ കഴിയുന്നതിന്റെയും കഴിയുന്നതിനും കാശ് വാങ്ങുന്നത് ക്ഷമിക്കാം.

കോവിഡ് ടെസ്റ്റ് സ്വന്തം ചെലവില്‍ നടത്തിയിട്ട് റിസള്‍ടുമായി വന്നാല്‍ മതി എന്ന് പറയുമ്പോള്‍ പ്രവാസി സമൂഹത്തിന് സഹിക്കാവുന്നതിലും അപ്പുറമാണ്. വിദേശത്ത് തുടരാന്‍ സാധിക്കാത്തവരുടെ പ്രധാന പ്രശ്‌നം സാമ്പത്തികം ആണെന്ന് മറന്നുകൂടാ. എന്തു വില നല്‍കിയും സ്വന്തം മക്കളെ രക്ഷിക്കുന്നവരാണ് അമ്മമാര്‍. മറ്റു മക്കള്‍ക്ക് രോഗം വന്നേക്കുമെന്ന് കരുതി ഒരാളെ കൈവിടാന്‍ കഴിയുമോ? മാതൃരാജ്യത്തിന്റെ കരുതിനായി പ്രതീക്ഷയര്‍പ്പിക്കുന്ന ഒരു അപേക്ഷയും കേള്‍ക്കാതെ പോകരുത്. ഭരണഘടനാപരമായ എല്ലാ അവകാശങ്ങളും ഉള്ള പൗരന്മാര്‍ തന്നെയാണ് പ്രവാസികളും. മറ്റൊരു നാട്ടില്‍ പട്ടിണി കിടക്കാതെ ഉറ്റവരുമായി കഴിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴി വേണം. കേരളത്തില്‍ എത്തുന്നതോടെ സുരക്ഷിതര്‍ ആകും എന്നുള്ളത് അക്കരപ്പച്ചയാണ്. കോവിഡ് വന്നു മരിക്കുമോ എന്ന പേടി കൊണ്ട് നാട്ടിലേക്ക് ഓടി ഒളിക്കുന്നത് ശരിയല്ല. നമുക്കായി നിശ്ചയിച്ചിരിക്കുന്നത് എവിടെയായാലും സംഭവിക്കും. പൊരുത്തപ്പെടാവുന്ന ജീവിതസാഹചര്യങ്ങള്‍ ആണെങ്കില്‍ നിങ്ങള്‍ എവിടെയാണോ , അവിടെ തുടരുക.
കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)കൊറോണ മാറ്റിയെഴുതിയ തിരക്കഥ (സൗദി അറേബ്യയില്‍ നിന്ന് മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക