Image

മാധ്യമ രംഗത്തെ നെല്ലും പതിരും (ജെയിംസ് കുടൽ)

Published on 14 June, 2020
മാധ്യമ രംഗത്തെ നെല്ലും പതിരും (ജെയിംസ് കുടൽ)
ലോകത്തെവിടെയായിരുന്നാലും മലയാളികളുടെ മുടക്കമില്ലാത്ത ശീലമാണ് പത്രവായന. ഇത് മലയാളിയുടെ നിത്യ ജീവിതവുമായി ഏറെ അലിഞ്ഞുചേര്‍ന്നു കിടക്കുന്നു. വര്‍ത്തമാന പത്രങ്ങളില്‍ നിന്ന് റേഡിയോയിലേക്കും ടെലിവിഷനിലേക്കും ഓണ്‍ലൈന്‍ സംരംഭങ്ങളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും എത്തിക്കൊണ്ട് ഇന്ന് വാര്‍ത്തകളുടെയും വിശേഷങ്ങളുടെയും വിസ്‌ഫോടനം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. വിരല്‍ത്തുമ്പിലേക്ക് ഇങ്ങനെ ലോകം ചുറ്റിച്ചുരുങ്ങിക്കറങ്ങുന്നതു മൂലം വാര്‍ത്തകള്‍ നമ്മുടെ വിളിപ്പുറത്തു തന്നെയുണ്ട്.

മനുഷ്യ സംസ്‌കാരത്തിന്റെ വിളനിലവും അറിവിന്റെ മേച്ചില്‍പ്പുറവും സമൂഹ വളര്‍ച്ചയുടെ നട്ടെല്ലുമാണ് മാധ്യമങ്ങള്‍. വ്യക്തിയുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും ജീവിത വീക്ഷണങ്ങളെത്തന്നെയും മാധ്യമങ്ങള്‍ വലിയതോതില്‍ സ്വാധീനം ചെലുത്തുന്നു. അടുത്ത നിമിഷം നാമെങ്ങനെയായിരിക്കണം എന്നു നിശ്ചയിക്കുന്നതു പോലും മാധ്യമങ്ങളാണ്. അതുകൊണ്ട് പ്രതിബദ്ധതയും മൗലികതയും ഉള്ള മാധ്യമ പ്രവര്‍ത്തകര്‍ എക്കാലവും ആദരിക്കപ്പെടുന്നവരായി മാറുന്നു.

ജനാധിപത്യത്തിന്റെ നാലാം തൂണായാണല്ലോ മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ സ്വാതന്ത്ര്യം നമ്മള്‍ ആവോളം അനുഭവിക്കുന്നതു തന്നെ മാധ്യമങ്ങളുടെ നിതാന്ത ജാഗ്രത കൊണ്ടാണ്. നിര്‍ഭയമായ മാധ്യമ പ്രവര്‍ത്തനത്തിനിടെ സ്വജീവന്‍ നഷ്ടപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ രക്ഷസാക്ഷിത്വ ചരിത്രം നമുക്ക് കലര്‍പ്പില്ലാത്ത മാധ്യമ സപര്യയുടെ വെളിച്ചമായി മാറുന്നു. യുദ്ധ രംഗങ്ങള്‍, പ്രകൃതി ക്ഷോഭങ്ങള്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, മഹാമാരികളുടെ ദുരന്ത മുഖങ്ങള്‍, രാഷ്ട്രീയ ഇടനാഴികള്‍, ഇരുള്‍മറവിലെ അരുതായ്കകള്‍ എന്നിങ്ങനെ ഭൂമിയുടെ സമസ്ത മേഖലകളിലും മാധ്യമ പ്രവര്‍ത്തകര്‍ രാപ്പകല്‍ ഭേദമെന്യേ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതു കാണാം.

കണ്ണും ചെവിയുമറിയാതെ കുഴിച്ചുമൂടപ്പെടുന്ന മനുഷ്യാവകാശ ധ്വസംസനങ്ങള്‍ സമൂഹത്തിന്റെ നേര്‍ക്കാഴ്ചയിലെത്തുന്നത് മാധ്യമ പ്രവര്‍ത്തകരിലൂടെ മാത്രമാണ്. അതേസമയം ഒരു ജനതയുടെ ഭാഷയ്ക്കും സംസ്‌ക്കാരത്തിനും ഊടും പാവും നെയ്യുന്നതും മാധ്യമങ്ങളാണ് എന്ന വസ്തുതയും വിസ്മരിക്കാനാവില്ല. കേരളത്തിന്റെ അതിസമ്പന്നമായ മാധ്യമ സംസ്‌കൃതിയുടെ ആള്‍രൂപങ്ങളായാണ് മലയാളികള്‍ വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്നത്. കുടിയേറ്റത്തിന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും ജീവിത ചുറ്റുപാടുകള്‍ മെച്ചപ്പെട്ട ഘട്ടത്തിലും മലയാളിക്ക് പത്രങ്ങള്‍ ഇല്ലാതെ ജീവിതം ബുദ്ധമുട്ടായിരുന്നു. ഒരുകാലത്ത് വിദൂര രാജ്യങ്ങളില്‍ ജീവിക്കുവാനുള്ള സാഹചര്യം ഒരുക്കുന്ന സമയത്ത് വേഴാമ്പലിനെ പോലെ വാര്‍ത്തകളറിയാന്‍ മാസങ്ങളോളം മലയാളികള്‍ കാത്തിരുന്നിട്ടുണ്ട്.

അമേരിക്കന്‍ മലയാളി സമൂഹത്തിനും പ്രൗഢോജ്വലമായ മാധ്യമ സംസ്‌കാരമുണ്ട്. ഇവിടെ 90 കളുടെ ആരംഭം മുതല്‍ മലയാള പ്രസിദ്ധീകരണങ്ങള്‍ ശക്തമായ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞിരുന്നു. അതിനു മുമ്പും നാട്ടില്‍ നിന്ന് ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ എത്തുന്ന പത്രങ്ങളായിരുന്നു വാര്‍ത്തകളറിയാനുള്ള ഏക ആശ്രയം. എന്നാല്‍ ഇന്ന് വിവിധ തരങ്ങളിലുള്ള മാധ്യമങ്ങളുടെ വലിയ നിര തന്നെയുണ്ട് അമേരിക്കന്‍ മലയാളി സമൂഹത്തില്‍. ഇതില്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവയും അല്ലാത്തവയുമുണ്ട്.
പത്രപ്രവര്‍ത്തനം എന്ന പേരില്‍ കൂണുകള്‍ പോലെ പൊട്ടിമുളയ്ക്കുകയും അകാലത്തില്‍ ചരമമടയുകയും ചെയ്യുന്ന ജീവനില്ലാത്ത ചില പ്രസിദ്ധീകരണങ്ങളെയും നമുക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ പ്രശസ്തമായ ഒന്നാംനിര പത്രങ്ങളില്‍ പ്രവര്‍ത്തിച്ച പരിചയസമ്പത്തുമായി അമേരിക്കയിലെത്തി മാധ്യമപ്രവര്‍ത്തനം ഭംഗിയായി, ജനകീയമായി നിര്‍വഹിക്കുന്ന വ്യക്തിത്വങ്ങളെ നമുക്ക് ഇവിടെ വേര്‍തിരിച്ചു കാണാനാവും. അതോടൊപ്പം കള്ളനാണയങ്ങളും ഉണ്ട്. അവര്‍ ഒളിയമ്പെയ്തുകൊണ്ട് മുഖ്യധാരയിലെത്താന്‍ ധൈര്യവും ശേഷിയുമില്ലാതെ വികലമായ മാധ്യമപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അല്പായുസ്സു മാത്രമേ ഉള്ളു എന്നതില്‍ തര്‍ക്കമില്ല.

അതേസമയം, യഥാര്‍ത്ഥ മാധ്യമ മുന്നേറ്റത്തിന്റെ ദീപശിഖയേന്തുന്നവര്‍ പ്രസ്ഥാനം നടത്തിക്കൊണ്ടു പോകാന്‍ കഴിയാത്ത വിധം സാമ്പത്തികമായ പ്രയാസം നേരിടുകയും ചെയ്യുന്നു. മലയാളി സമൂഹത്തിലേക്ക് ഒരു തരത്തിലുള്ള ഫീസും വാങ്ങാതെ കൃത്യമായ ഇടവേളകളില്‍ പതിവു തെറ്റിക്കാതെ വാര്‍ത്തകള്‍ എത്തിക്കുമ്പോള്‍ അതിനു പിന്നിലെ കഷ്ടനഷ്ടങ്ങള്‍ ഒരു പക്ഷേ വായനക്കാര്‍ അറിയണമെന്നില്ല. മാധ്യമ പ്രവര്‍ത്തനം ജീവിത സപര്യയായി ഏറ്റെടുത്തവര്‍ക്കും അത് തങ്ങളുടെ കടമയായി നിറവേറ്റുന്നവര്‍ക്കും ആ പ്രക്രിയ നിര്‍ബാധം തുടര്‍ന്നുകൊണ്ടു പോകാന്‍ സാമ്പത്തികമായ അടിത്തറ ഉണ്ടായേ തീരൂ.

'ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാനാവൂ...' എന്ന ചൊല്ല് ഇക്കാര്യത്തില്‍ വളരെ പ്രസക്തമാണ്. ഊര്‍ദ്ധ്വശ്വാസം വലിക്കുന്ന യഥാര്‍ത്ഥ മാധ്യമ സ്ഥാപനങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് നമ്മുടെ സമൂഹത്തിന്റെ സുപ്രധാന ആവശ്യങ്ങളിലൊന്നായി തന്നെ പരിഗണിക്കപ്പെടേണ്ടതുണ്ട്. അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്‌കാരിക-സാമുദായിക-സംഘടന പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയായി നിന്നുകൊണ്ട് അത് സമൂഹത്തിലേക്ക് പ്രതിഫലിപ്പിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ക്കും ഇത് അതിജീവനത്തിന്റെ കാലഘട്ടമാണിതി. അതോടൊപ്പം കോവിഡ് വൈറസിനെ തുരത്താന്‍ സാമൂഹിക അകലം പാലിക്കുകയും, മാസ്‌ക് ധരിക്കുകയും, അണുനാശിനി ഉപയോഗിക്കുകയും ചെയ്യുന്നതു പോലെ മാധ്യമരംഗത്തെ വ്യാജന്മാരെയും ഇല്ലായ്മ ചെയ്യാന്‍ 'ബഹിഷ്‌കരണ വാക്‌സിന്‍' പ്രയോഗിക്കേണ്ടിയിരിക്കുന്നു. അതോടെ നമ്മുടെ വാര്‍ത്താ അന്തരീക്ഷം മലിനമുക്തമാവും.

മാധ്യ മമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ എണ്ണത്തില്‍ കുറവാണെന്നത് സത്യം. എന്നാല്‍ വ്യാജ ലേബലുകാര്‍ ഒരുപാടുണ്ടുതാനും. ജാതി തിരിച്ചും, മതത്തിന്റെ അടിസ്ഥാനത്തിലും രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിലും മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ വേഗത്തില്‍ തിരിച്ചറിയാനാവും. ഇവര്‍ കാര്യങ്ങള്‍ വളച്ചൊടിക്കുകയും ജനകീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ തമസ്‌കരിക്കുകയും ചെയ്യുന്നു. വായനക്കാരുടെയോ, പ്രക്ഷകരുടെയോ മതവും ജാതിയും രാഷ്ട്രീയാഭിമുഖ്യവും ഒക്കെ നോക്കിയായിരിക്കും ഇത്തരക്കാരുടെ മാധ്യമ പ്രവര്‍ത്തനം. അവര്‍ക്കാകട്ടെ വിശാലമായ കാഴ്ചപ്പാടിനു പകരം ഒരേയൊരു പക്ഷം, അതായത് സ്വപക്ഷം മാത്രമേയുള്ളു. ചില തത്പര കക്ഷികള്‍ ഇവരുടെ ആജീവനാന്ത സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

മാധ്യമ പ്രവര്‍ത്തനം ഒരു ജീവിതമാര്‍ഗ്ഗം ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ആ മാര്‍ഗ്ഗത്തിന് അടിസ്ഥാനപരമായ ഒരു സത്യം ഉണ്ടായിരിക്കണം. ആ സത്യം മാധ്യമ സേവനത്തിലേക്കായിരിക്കും വഴി മാറുക. ഒരു സമൂഹത്തിന്റെ അറിയാനുള്ള, ആസ്വദിക്കാനുള്ള ആഗ്രഹത്തിന്റെ കാഴ്ചയിലേക്കും കേഴ്‌വിയിലേക്കും അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും പൊടിപ്പും തൊങ്ങലും ചേര്‍ത്ത് സെന്‍സേഷണലായി വിതരണം ചെയ്യുമ്പോള്‍ ഒരുനാള്‍ യാഥാര്‍ത്ഥ്യം വെളിച്ചം കാണുമെന്നോര്‍ക്കുക. അപ്പോള്‍ മാധ്യമ പ്രബുദ്ധതയുള്ളവരുടെ നടുവില്‍ അത്തരം വ്യാജപ്രചാരകര്‍ ഇളിഭ്യരാകും.

ഏതൊരു മേഖലയിലുമെന്നതുപോലെ മാധ്യമ രംഗവും സാങ്കേതിക തികവിന്റെ കൊടുമുടി കീഴടക്കിക്കൊണ്ടിരിക്കുന്ന കാലമാണിത്. സാങ്കേതിക മേന്മയോടൊപ്പം പ്രതിഭയുടെയും, ഉള്‍ക്കാഴ്ചയുടെയും, സേവനത്തിന്റെയും കണികകള്‍ ചേര്‍ക്കപ്പെടുമ്പോള്‍ മാധ്യമ പ്രവര്‍ത്തനം ജനകീയമാകും. മാധ്യമ പ്രവര്‍ത്തകര്‍ ആദരിക്കപ്പെടേണ്ടവരായി മാറും. അത് നാലാം തൂണിന്റെ പുതുചരിത്രപ്പിറവിക്ക് നാന്ദി കുറിക്കുകയും ചെയ്യും.
Join WhatsApp News
Good one 2020-06-15 22:21:41
വളരെ ശരിയായ നിരീക്ഷണങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക