Image

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്

Published on 12 June, 2020
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കോടതിയലക്ഷ്യ നോട്ടീസ്


റിയാദ്: കോവിഡ് കാലത്തെ നിര്‍ബന്ധിത സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ട് ഇന്ത്യയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന സാമ്പത്തികശേഷിയില്ലാത്ത ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടുപയോഗിച്ച് (ICWF) മടക്കയാത്രക്കുള്ള ചെലവുകള്‍ എംബസി നല്‍കണമെന്ന വിധി നടപ്പിലാക്കാന്‍ മടി കാണിക്കുന്ന അംബാസഡര്‍ക്ക് വക്കീല്‍ നോട്ടീസ്.

നാട്ടിലേക്ക് മടങ്ങാന്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാധിച്ച ഷിബു മുഹമ്മദിന്റെ അപേക്ഷ പരിഗണിക്കാത്ത സാഹചര്യത്തിലാണ് കേസിന് നേതൃത്വം നല്‍കിയ അഡ്വ. ചന്ദ്രശേഖര്‍, സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചതെന്ന് കേസിലെ ഒരു കക്ഷിയായ ഇടം സാംസ്‌കാരിക വേദി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ഗള്‍ഫ് നാടുകളില്‍ നിന്നും തിരിച്ചു വരുന്നവരില്‍ സ്വന്തമായി വിമാനടിക്കറ്റ് എടുക്കാന്‍ സാമ്പത്തികശേഷി ഇല്ലാത്ത എല്ലാ ഇന്ത്യക്കാര്‍ക്കും എംബസി/കോണ്‍സുലേറ്റ് ക്ഷേമനിധിയില്‍ നിന്നും (ICWF) ടിക്കറ്റിനുള്ള സഹായം കൊടുക്കാമെന്ന സുപ്രധാന വിധി മേയ് 27 നാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ദുരിതത്തിലാവുകയും നാട്ടില്‍ വരാന്‍ വിമാന ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്തവരുമായ യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലുമുള്ള തങ്ങളുടെ ഭര്‍ത്താക്കന്മാരെ നാട്ടിലെത്തിക്കുന്നതിന് എംബസിയുടെ ക്ഷേമനിധിയില്‍ നിന്നും തുക അനുവദിക്കണമെന്നാവിശ്യപ്പെട്ട് പ്രവാസികളുടെ ഭാര്യമാരാണ് കോടതിയെ സമീപിച്ചത്.

കോടതിയെ സമീപിച്ച അപേക്ഷകരില്‍ യുഎഇയില്‍നിന്നും അപേക്ഷ നല്‍കിയ എ.പി. പ്രജിത്ത് ഇതിനകം ക്ഷേമനിധി ഉപയോഗിച്ചു നാടണഞ്ഞു. എന്നാല്‍ റിയാദില്‍നിന്നും അപേക്ഷ നല്‍കിയ ഷിബു മുഹമ്മദിന് നാളിതുവരെ ടിക്കറ്റ് നല്‍കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി തയാറായിരുന്നില്ല. ജോലി നഷ്ടപ്പെട്ട ഷിബുവിന് സൗദിയില്‍ തുടരാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ടിക്കറ്റ് നല്‍കാന്‍ എംബസി തയാറാകണമെന്നാണ് നോട്ടീസിലൂടെ ആവശ്യപെട്ടത്. ഷിബുവിന് ടിക്കറ്റ് ലഭ്യമാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക