Image

കുട്ടികളുടെ ലൈവ് ടാലന്റ് ഷോ 'Let's Break it Together' ലോക ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു

Published on 12 June, 2020
 കുട്ടികളുടെ ലൈവ് ടാലന്റ് ഷോ 'Let's Break it Together' ലോക ശ്രദ്ധയാകര്‍ഷിച്ചു മുന്നേറുന്നു

ലണ്ടന്‍: തകര്‍പ്പന്‍ പ്രകടനവുമായി ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുക്മ സാംസ്‌കാരിക വേദിയുടെ 'LET'S BREAK IT TOGETHER' ല്‍ നടത്തിയ കലാ സായാഹ്നത്തിന് ലോകമെമ്പാടുമുള്ള കലാസ്വാദകരില്‍ നിന്നും നിലയ്ക്കാത്ത അഭിനന്ദന പ്രവാഹം.

കോവിഡ് 19 എന്ന മഹാമാരിക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുന്ന ലോക ജനതയ്ക്ക് വേണ്ടി തങ്ങളുടെ ജീവന്‍ പോലും ത്യജിക്കാന്‍ തയാറായി സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മുന്‍നിര പ്രവര്‍ത്തകര്‍ക്ക് ആദരവും പിന്തുണയും അറിയിച്ച് കൊണ്ടുള്ള യുക്മ സാംസ്‌കാരിക വേദിയുടെ ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍ അവിസ്മരണീയ പ്രകടനം കാഴ്ച വച്ച് ലിറ്റില്‍ ഏയ്ഞ്ചല്‍സ് യു കെ യ്ക്ക് പ്രേക്ഷകരുടെ മനം കവര്‍ന്നു.

യുകെയിലെ സുപ്രസിദ്ധ മ്യൂസിക് ബാന്റായ ലിറ്റില്‍ ഏയ്ഞ്ചല്‍സിന്റെ തകര്‍പ്പന്‍ പ്രകടനം പതിനായിരക്കണക്കിന് പ്രേക്ഷകരാണ് ഇതിനോടകം ആസ്വദിച്ചത്. ജെന്‍ പിപ്പ്‌സ് തങ്കത്തോണി, ജെം പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ സഹോദരിമാര്‍ ചേര്‍ന്ന് നടത്തിയ ലൈവ് ഷോ തുടക്കം മുതല്‍ അവസാനം വരെ അതി മനോഹരമായിരുന്നു.

വയലിന്‍, കീ ബോര്‍ഡ്, കീറ്റാര്‍, ഡ്രംസ്, തബല എന്നിങ്ങനെ നിരവധി സംഗീതോപകരണങ്ങളുടെ സഹായത്തോടെ ലിറ്റില്‍ ഏയ്ഞ്ചല്‍സ് പാടിയ വിവിധ ഭാഷകളിലെ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ നിറഞ്ഞ മനസോടെ കാണികള്‍ ഏറ്റെടുത്തതിന്റെ തെളിവായിരുന്നു ലൈവില്‍ വന്ന നൂറ് കണക്കിന് അനുമോദന കമന്റുകള്‍.

യുകെയില്‍ അങ്ങോളമിങ്ങോളം നൂറു കണക്കിന് വേദികളില്‍ നിറഞ്ഞാടിയിട്ടുള്ള ലിറ്റില്‍ ഏയ്ഞ്ചല്‍സ് യുകെ 'LET'S BREAK IT TOGETHER' ന്റെ പ്രേക്ഷകരെ തങ്ങളുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ആനന്ദ സാഗരത്തിലാറാടിച്ചു. പഠനത്തിനും സംഗീതത്തിനും നൃത്തത്തിനും ഒരേ പ്രാധാന്യം നല്‍കി മുന്നോട്ട് പോകുന്ന ഈ കൌമാര പ്രതിഭകളുടെ ഒരു മണിക്കൂറിലേറെ നീണ്ട് നിന്ന കലാവിരുന്ന് 'LET'S BREAK IT TOGETHER' ഷോയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചുവെന്ന് നിസ്സംശയം പറയാം.

സമാപന ഗാനത്തിനു മുന്‍പായി ലൈവില്‍ എത്തിയ മാതാപിതാക്കള്‍ ഡോ. പിപ്പ്‌സ് ജോസഫ് തങ്കത്തോണിയും ജിജി പിപ്പ്‌സും ലിറ്റില്‍ ഏയ്ഞ്ചല്‍സിന് ഇങ്ങനെയൊരു അവസരം ഒരുക്കിയ യുക്മയ്ക്കും യുക്മ സാംസ്‌കാരിക വേദിക്കും നന്ദി പറഞ്ഞു.

എല്ലാ സ്റ്റേജ് ഷോകളിലും പിന്‍ നിരയില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഉപകരണ സംഗീത വിഭാഗത്തിന്, അതും കുട്ടികള്‍ക്കായി ഇതുപോലൊരു ലൈവ് ഷോ സംഘടിപ്പിച്ചതിന് യുക്മ സാംസ്‌കാരിക വേദിക്ക് ഡോ. പിപ്പ്‌സ് ജോസഫ് പ്രത്യേകം അഭിനന്ദനങ്ങള്‍ അറിയിച്ചു. യുക്മ മിഡ് ലാന്‍ഡ്‌സ് റീജണിലെ ബെര്‍മിംഗ്ഹാമിലാണ് ഈ കുടുംബം താമസിക്കുന്നത്.

റിപ്പോര്‍ട്ട്: കുര്യന്‍ ജോര്‍ജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക