Image

ബോളിവുഡ് നടന്മാരുടെ സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Published on 10 June, 2020
ബോളിവുഡ് നടന്മാരുടെ സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

മുംബൈ: പ്രമുഖ ബോളിവുഡ് നടന്മാരുടെ മാനേജരായി പ്രവര്‍ത്തിച്ചിട്ടുള്ള സെലിബ്രിറ്റി മാനേജര്‍ ദിഷാ സാലിയന്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍. നടന്മാരായ സുശാന്ത് സിംഗ് രജ്പുത്, ഭാരതി സിംഗ്, വരുണ്‍ ശര്‍മ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 


28 കാരിയായ ദിഷ മലാഡിലെ തന്റെ പ്രതിശ്രുത വരന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.


മാതാപിതാക്കള്‍ക്കൊപ്പം ദാദറിലായിരുന്നു ദിഷയുടെ താമസം. തിങ്കളാഴ്ച ദിഷ ചില സുഹൃത്തുക്കളോടൊപ്പം മലാദിലെത്തിയതായി പോലീസ് പറഞ്ഞു. മലാഡ് വെസ്റ്റിലെ ജങ്കല്യന്‍ നഗറിലെ നടന്‍ രോഹന്‍ റായിയുടെ ഫ്‌ളാറ്റിലാണ് എല്ലാവരും അത്താഴത്തിനായി ഒത്തുകൂടിയത്. അത്താഴത്തിന് ശേഷം അവര്‍ മദ്യപിച്ചിരുന്നു. 


ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ദിഷ അപ്പാര്‍ട്ട്‌മെന്റിന്റെ ജനാലയിലേക്ക് നടന്നതെന്നും മാല്‍വാനി പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ജഗദേവ് കലപാഡ് പറഞ്ഞു. പുലര്‍ച്ചെ 2.25 നാണ് സംഭവത്തെക്കുറിച്ച്‌ പോലീസിനെ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.


പോലീസ് എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന ദിഷയെയാണ് കണ്ടത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. 


തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കണ്ടിവാലിയിലെ ശതാബ്ദി ആശുപത്രിയിലേക്ക് അയച്ചു. കോവിഡ് പരിശോധനയ്ക്കായി ദിഷയുടെ സ്രവം ശേഖരിച്ച്‌ അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക