Image

വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുക : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അബുദാബി

Published on 07 June, 2020
വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തുക : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അബുദാബി


അബുദാബി :വന്ദേ ഭാരത് മിഷന്റെ ഭാഗമായി കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുവാനുള്ള സംവിധാനം കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അതിനുവേണ്ടി കേരള സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് വി.പി. കൃഷ്ണകുമാറും ജനറല്‍ സെക്രട്ടറി ലൈന മുഹമ്മദും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ജൂണ്‍ 9 മുതല്‍ ജൂലൈ 2 വരെയുള്ള വന്ദേ ഭാരത് മിഷന്‍ പട്ടികയില്‍ യു. എ ഇ യില്‍ നിന്നും കേരളത്തിലേക്ക് 10 വിമാനങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് അപര്യാപ്തമാണ് . ജൂണ്‍ മാസത്തില്‍ ദിവസേനെ 12 വിമാനങ്ങള്‍ വീതം കേരളത്തിലെത്താന്‍ അനുമതികൊടുത്തിട്ടുണ്ട് എന്ന പ്രസ്താവനയില്‍ നിന്നും വ്യത്യസ്തമായി തുലോം കുറഞ്ഞ രീതിയിലുള്ള വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത് ഈ വിധമാണ് കാര്യങ്ങളെങ്കില്‍ ഇനിയും എത്രയോ മാസങ്ങള്‍ എടുത്താല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും നാടണയാന്‍ സാധിക്കുകയുള്ളൂ.

ഉപരി പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതുവാനും , ഹൗസര്‍ജന്‍സി പോലെ നാട്ടില്‍ പുനരാരംഭിച്ച ക്ളാസില്‍ പങ്കെടുക്കാന്‍ എത്രയും പെട്ടെന്ന് തന്നെ നാട്ടില്‍ എത്തേണ്ടുന്ന ആവശ്യകതയുമുണ്ട്. അവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി യാത്രാനുമതി നല്‍കണം . ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യുവാന്‍ കേന്ദ്ര കേരള സര്‍ക്കാരുകള്‍ അനുഭാവപൂര്‍വം ഇടപെടണമെന്ന് ഇരുവരും കൂട്ടിച്ചേര്‍ത്തു .

റിപ്പോര്‍ട്ട്: അനില്‍ സി ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക