Image

ബിരുദാനന്തര ബിരുദധാരികളും തൊഴിലുറപ്പിന്; യു.പിയില്‍ തൊഴിലില്ലായ്മ രൂക്ഷം

Published on 06 June, 2020
ബിരുദാനന്തര ബിരുദധാരികളും തൊഴിലുറപ്പിന്; യു.പിയില്‍ തൊഴിലില്ലായ്മ രൂക്ഷം
ലഖ്‌നോ: രാജ്യത്തെ തൊഴിലില്ലായ്മയുടെ ആഴം വ്യക്തമാക്കി യു.പിയില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശിലെ വിവിധ ഗ്രാമങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ വരെ തൊഴിലുറപ്പ് ജോലിക്കെത്തുന്നുവെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കമ്പനി ലീവില്‍ പോകാന്‍ പറഞ്ഞുവെന്ന് തൊഴിലുറപ്പ് ജോലിക്കെത്തിയ യു.പിയിലെ എം.എ ബിരുദധാരിയായ റോഷന്‍ കുമാര്‍ പറയുന്നു. ഇതോടെ വീണ്ടും ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്നു. മറ്റ് ജോലികളൊന്നും ലഭിക്കാതായതോടെയാണ് തൊഴിലുറപ്പ് പദ്ധതിക്ക് പോകേണ്ടി വന്നത്‌റോഷന്‍ പറഞ്ഞു. തൊഴില്‍ ലഭിക്കാതായതോടെയാണ് ബി.ബി.എ ബിരുദധാരിയായ സത്യേന്ദ്ര കുമാര്‍ ഗ്രാമമുഖ്യന്‍െറ സഹായത്തോടെയാണ് തൊഴിലുറപ്പ് ജോലിയില്‍ പ്രവേശിച്ചത്.

എം.എയും ബി.എഡുമുള്ള സുര്‍ജിത് കുമാറിന്‍േറയും സ്ഥിതി വ്യത്യസ്തമല്ല. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം തൊഴില്‍ തേടുന്നതിനിടെയാണ് ലോക്ഡൗണ്‍ എത്തിയത്. ഇതോടെ മാര്‍ഗങ്ങളെല്ലാം അടഞ്ഞു. കുടുംബത്തിന്‍െറ ചെലവുകള്‍ നടത്താന്‍ വഴിയില്ലാതായതോടെയാണ് തൊഴിലുറപ്പ് പദ്ധതിക്കിറങ്ങിയതെന്ന് സുര്‍ജിത് കുമാറും പറയുന്നു.

നേരത്തെ ശരാശരി 20 പേരാണ് തൊഴിലുറപ്പ് പദ്ധതിക്കെത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് 100 ആയി ഉയര്‍ന്നിട്ടുണ്ട്. ഏപ്രിലില്‍ മാത്രം രാജ്യത്ത് 30 ലക്ഷം പേരാണ് തൊഴിലുറപ്പ് പദ്ധതിക്കായി രജിസ്റ്റര്‍ ചെയ്തത്. ഏകദേശം 14 കോടി പേര്‍ക്കാണ് തൊഴിലുറപ്പ് കാര്‍ഡുകളുള്ളത്. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയുടെ ഗുണഫലം ലഭ്യമാക്കണമെന്നാണ് സാമ്പത്തികവിദഗ്ധര്‍ ആവശ്യപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക