Image

ശ്മശാനമണ്ണിന്റെ തിളക്കം (കഥ: കാരൂര്‍ സോമന്‍)

Published on 06 June, 2020
ശ്മശാനമണ്ണിന്റെ തിളക്കം (കഥ: കാരൂര്‍ സോമന്‍)
മലയടിവാരത്തില്‍ നിന്നും മരണമണിയുടെ മുഴക്കം ആകാശഗോപുരങ്ങളിലേക്കുയര്‍ന്നു. ആ മുഴക്കം ജീവനില്‍നിന്നുള്ള മരണത്തിന്റെ മണിമുഴക്കമായിരുന്നു. ഒരു പൊട്ടിക്കരച്ചിലോടെ മരമുകളിലിരുന്ന പക്ഷികള്‍ ഭയന്നു പറന്നു. അവരുടെ കണ്ണുകളില്‍ അജ്ഞാതമായ ഒരു ഭയം നിഴലിച്ചിരുന്നു. എന്നാല്‍ മരണമണികേട്ട് വന്‍ മരങ്ങളിലിരുന്ന പരുന്തിന് ഒരു കുലുക്കവുമുണ്ടായില്ല. അതിന്‍െറ ചുവന്നുരുണ്ട കണ്ണുകളോടിച്ച് ചുറ്റുപാടും ഒരു നിരീക്ഷണം നടത്തി. പള്ളിമേടയില്‍ നിന്നുയര്‍ന്ന മരണമണി ഒരു സംഗീതമായിട്ടാണ് പരുന്തിന് തോന്നിയത്. അതിന് വിശപ്പിന്റെ രാഗമായിരുന്നു.
   
വല്യവീട്ടില്‍ വറീതിന്‍െറ ഭാര്യ അമ്മിണിയുടെ ശവശരീരത്തില്‍ റീത്തുകള്‍ സമര്‍പ്പിക്കാനും അവസാനമായി ഒന്നുകാണുവാനും നാട്ടുകാരും ബന്ധുക്കളും എത്തിക്കൊണ്ടിരുന്നു. വീടിന് മുന്നിലെ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് പലരും വീട്ടിലേക്ക് വന്നു. വറീത് സ്ഥലത്തേ പ്രമുഖ പാര്‍ട്ടി പ്രവര്‍ത്തകനാകയാല്‍ സ്ഥലം എം.എല്‍.എ.യും പാര്‍ട്ടിക്കാരും ധാരാളമായി എത്തിക്കൊണ്ടിരുന്നു. എം.എല്‍.എ. അതിരാവിലെതന്നെ വീട്ടിലെത്തി തന്‍െറ സാന്നിധ്യമുറപ്പിച്ചു. വര്‍ക്കിയെ കെട്ടിപ്പിടിച്ച് സങ്കടം പങ്കുവച്ചു. വീട്ടില്‍ വന്നവരോടൊക്കെ സ്‌നേഹ ബഹുമാനത്തോടെ സംസാരിച്ചു. സത്യത്തില്‍ അയാള്‍ക്ക് സങ്കടമോ സ്‌നേഹമോ ഉള്ളതുകൊണ്ടല്ല മറിച്ച് അടുത്ത തെരെഞ്ഞെടുപ്പില്‍ സ്വന്തം പെട്ടിയില്‍ എത്രവോട്ടുകള്‍ വീഴ്ത്താം എന്ന ചിന്തയായിരുന്നു.  റോഡില്‍ നിന്ന് ഒരു വയസ്സന്‍ വടിയുംകുത്തി വേച്ച് വേച്ച് വരുന്നത് കണ്ട് എം.എല്‍.എ സഹായത്തിനെത്തി. ആള്‍ക്കൂട്ടം എം.എല്‍.എ.യെ വാനോളം പുകഴ്ത്തി.

മരണവീട്ടിലെ മരണപ്പന്തല്‍ ഒരു വിവാഹപന്തല്‍പോലെ തോന്നി. പണത്തിന്‍െറ ഹുങ്ക് എന്നൊരുകൂട്ടര്‍ ഉള്ളാലെ പറഞ്ഞു. ലോക്കല്‍ പത്രത്തിലും നല്ലൊരു തുക ചിലവഴിച്ചാണ് പടം കൊടുത്തിരിക്കുന്നത്. നാടിന്‍െറ മുക്കിലും മൂലയിലും ചുവരുകളിലും അമ്മിണിയുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. വര്‍ക്കിക്ക് രണ്ടു ആണ്‍മക്കളാണ്. മൂത്തവന്‍ ഏലിയാസ് അപ്പനൊപ്പം കൃഷിപ്പണിയാണ്. ഏലിയാസിന് രണ്ട് പെണ്‍കുട്ടികളാണ്. അവര്‍ ആറിലും എട്ടിലുമായി പഠിക്കുന്നു. ഇളയമകന്‍ ആന്റണി ഷാര്‍ജയില്‍ ബിസിനസാണ്. നാട്ടില്‍ നിന്നും വന്‍തുകവാങ്ങി ജോലിക്കാരെ കൊണ്ടുപോകാറുണ്ട്. ആന്റണിക്ക് ഒരാണും ഒരുപെണ്ണും അവര്‍ അവിടെ പഠിക്കുന്നു. ഭാര്യ ബീനാമ്മയ്ക്കും ബന്ധുക്കള്‍ക്കിടയില്‍ നല്ല മതിപ്പാണ്. ബിസിനസില്‍ മായം ചേര്‍ക്കാന്‍ ആന്റണി ഒരുക്കമല്ല. ഏത് ജോലിക്കായാലും ഒരുലക്ഷത്തില്‍ കുറഞ്ഞ തുക ആന്‍റണി വാങ്ങാറില്ല. പള്ളിക്കാരോടാണ് ആന്റണിക്ക് ഏറെ താല്പര്യം. ഒന്ന് പ്രശംസിച്ചാല്‍ മതി  ഏതൊരു പിരിവുകാരനും നല്ലൊരു തുക കിട്ടും എന്നുകരുതി ഭിഷക്കാരനും പാവെപ്പട്ടവനും അങ്ങനെ ഒരു ചിന്ത വേണ്ട. ആന്റണിയെ മറികടന്ന് വര്‍ക്കി ഒന്നും ചെയ്യാറില്ല. പള്ളീലച്ചനും അങ്ങനെയാണ്. പള്ളി പുതുക്കി പണിയാന്‍ നല്ലൊരു തുകയാണ് ആന്റണി സംഭാവനയായി കൊടുത്തത്. അമ്മ നീണ്ട വര്‍ഷങ്ങളായി രോഗിയായി കിടപ്പിലായിരുന്നു. എന്നാല്‍ പെട്ടെന്ന് വരാന്‍ കഴിയാത്തതിനാല്‍ ഭാര്യ ബീനാമ്മയെയും കുട്ടികളെയും ആന്റണി നാട്ടിലേക്കയച്ചു. ശവസംസ്കാരത്തിന്‍െറ തലേന്ന് മാത്രമേ ആന്റണിക്ക് വരാന്‍ കഴിഞ്ഞുള്ളൂ. അതിനിടയില്‍ അപ്പന്റെ ആഗ്രഹപ്രകാരം ഏലിയാസ് ഭദ്രാസന ബിഷപ്പിനെ കാണാന്‍ പോയി. വര്‍ക്കിക്ക് വലിയൊരു ആഗ്രഹമായിരുന്നു ഭാര്യയുടെ ശവസംസ്കാരചടങ്ങ് ബിഷപ്പ് നടത്തണമെന്ന്. തിരുമേനിയെ കാണാന്‍ ബസില്‍ പോകേണ്ട കാര്യമേയുള്ളുവെങ്കിലും കൂടെ പഠിച്ച കൂട്ടുകാരന്‍െറ ഓട്ടോയിലാണ് ഏലിയാസ് അരമനയിലെത്തിയത്. അരമന ഒരു കുന്നിന്‍മുകളിലാണ് ചുറ്റുപാടും ധാരാളം വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്നു. അരമനയുടെ മുറ്റത്ത് വിലകൂടിയ കാറുകള്‍. ഏലിയാസ് ചുറ്റുപാടുകള്‍ നോക്കിയിട്ട് അകത്തേക്കു പ്രവേശിച്ചു. ഫോണില്‍ ആരുമായോ തിരുമേനിയുടെ സെക്രട്ടറി അച്ഛന്‍ സംസാരിക്കുന്നു. അവര്‍ ബഹുമാനപുരസരം നിമിഷങ്ങള്‍ നിന്നു. അതിനുള്ളില്‍ നല്ല തണുപ്പ് തോന്നി. അതിന്റെ മറ്റൊരു ഭാഗത്ത് തിരുമേനി തന്‍െറ വെള്ളത്താടി തടവിക്കൊണ്ട് ചിലരുമായി ശീതളപാനിയങ്ങള്‍ കുടിക്കുന്നു. ടെലിഫോണ്‍ വച്ചിട്ട് അച്ഛന്‍ വന്നവരോട് കാര്യങ്ങള്‍ ആരാഞ്ഞു. ഏലിയാസ് തന്‍െറ ദുര്‍ബലശബ്ദത്തില്‍ വന്നതിന്‍െറ ഉദ്ദേശമറിയിച്ചു. അച്ഛന്‍െറ മുഖം സന്ദേഹത്താല്‍ നിറഞ്ഞു. പെട്ടെന്ന് ഡെയ്‌ലി ഡയറി മറിച്ചു നോക്കിയിട്ട് പറഞ്ഞു. സോറി. നിങ്ങള്‍ പറഞ്ഞ തീയതി തിരുമേനിക്ക് കോട്ടയത്ത് ഒരു പൊതുയോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ ബുദ്ധിമുട്ടാണ്. ഏലിയാസിന്‍െറ കണ്ണുകളില്‍ വിഷാദം പടര്‍ന്നു. ഇനിയും ഇവിടെ നിന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയ ഏലിയാസ് മറുത്തൊന്നും പറയാതെ തലകുനിച്ച് പുറത്തേക്കിറങ്ങി നടന്നു. അകത്ത് കയറുമ്പോള്‍ മുഖത്ത് നല്ല പ്രകാശമായിരുന്നു. പുറത്തിറങ്ങിയപ്പോള്‍ കണ്ണുകള്‍ക്ക് മന്ദത. മുറ്റമാകെ അളിഞ്ഞു കിടക്കുന്നതായി തോന്നി.
   
വര്‍ക്കിയുടെ നേരിയ ദുഃഖമകറ്റിയത് ഗള്‍ഫില്‍ നിന്നെത്തിയ മകന്‍ ആന്റണിയാണ്. അപ്പനെ“പ്രസാദിപ്പിക്കാന്‍ ഷാര്‍ജയിലുള്ള വികാരിയച്ചനെ മാത്രമല്ല ആന്റണിയില്‍ നിന്ന് കൈമടക്കും വായ്പയും വാങ്ങിയിട്ടുള്ള നാട്ടിലെ പല അച്ചന്‍മാരെയും ആന്റണി ഫോണില്‍ വിളിച്ച് തിരുമേനി പങ്കെടുക്കണമെന്നറിയിച്ചു. പണസഞ്ചി മാത്രം നോക്കുന്ന സഭാനേതൃത്വത്തിനെതിരെ നാഗങ്ങളെപ്പോലെ ചിലരോടെ ചീറ്റുകയും ചെയ്തു.
   
ചില അച്ചന്മാരുടെ നിര്‍ദ്ദേശപ്രകാരം ഒരു സമ്മാനപ്പൊതിയുമായി അടുത്തുള്ള സുഹൃത്തിന്‍െറ വിലകൂടിയ കാറില്‍ ആന്റണി അരമനയിലെത്തി. തിടുക്കത്തില്‍ അകത്തേക്കു ചെന്നു. സെക്രട്ടറിയച്ചന്‍ ആന്റണിയെ സൂക്ഷിച്ചൊന്നു നോക്കി. ആരെയും ആകര്‍ഷിക്കുന്ന വേഷവിതാനവും. കറുത്ത കൂളിംഗ് ഗ്ലാസ് മുഖത്തുനിന്ന് എടുക്കുമ്പോള്‍ കയ്യില്‍ പച്ച കുത്തിയത് കാണാം. പല അച്ചന്മാരും സഭയുടെ കുഞ്ഞാടിനെപ്പറ്റി ധാരാളമായി പറഞ്ഞിട്ടുണ്ട്. കസേരയില്‍ നിന്നുമെഴുന്നേറ്റ് ആന്റണിയെയും കൂട്ടുകാരനെയും സ്വീകരിച്ചു. കൈകളിലിരുന്ന സമ്മാനപ്പൊതിയും വെളുത്ത കവറും മേശപ്പുറത്ത് വച്ചു. ഒരു പരുങ്ങല്‍ അച്ചന്റെ മുഖത്തുണ്ട്. നിമിഷങ്ങള്‍ മൗനിയായി. സ്വന്തം സഹോദരന്‍ വന്നപ്പോള്‍ ഒന്നിരിക്കാന്‍പോലും പറയാഞ്ഞത് അത് പുറത്ത് മരച്ചില്ലകളെ കാറ്റുലക്കും പോലെ മനസ്സിനെയൊന്നുലച്ചു. അച്ചന്‍ കുശലാന്വേഷങ്ങള്‍ നടത്തിയിട്ട് മേശപ്പുറത്തിരുന്ന സമ്മാനപ്പൊതികളുമായി അകത്തേക്കു പോയി. തിരുമേനി ഉച്ചയൂണു കഴിഞ്ഞുള്ള വിശ്രമത്തിലാണ്.  ഇടവക അംഗങ്ങളില്‍ ചിലരെ കാര്യമായി ശ്രദ്ധിക്കേണ്ടത് സഭയുടെ ആവശ്യമാണ്. ആ തിരിച്ചറിയല്‍ അവരെ ആകര്‍ഷിക്കാനുള്ള സഭയുടെ പദ്ധതികള്‍ മാത്രമാണ്. ആന്‍റണി അകത്തേക്ക് കണ്ണും നട്ടിരുന്നു. മനസ് ശൂന്യമാണ്. തിരുമേനി തന്നെയും അവഗണിക്കുമോ? കസേരയില്‍ ഒന്നുകൂടി ഇളകിയിരുന്നു. അപ്പോഴേക്കും ഒരാള്‍ ശീതളപാനീയവുമായെത്തി. ജ്യൂസു കുടിക്കുന്നതിനേക്കാള്‍ മനസിനെ അലട്ടിയത് തിരുമേനി വരുമോ ഇല്ലയോ എന്നതാണ്.  സെക്രട്ടറിയച്ചന്‍ പുഞ്ചിരിയോടെ അടുത്തേക്ക് വന്നറിയിച്ചു. "തിരുമേനി വരാമെന്നേറ്റു. കോട്ടയത്തെ മീറ്റിംഗ് കഴിഞ്ഞ് ചാരുംമൂട്ടില്‍ എത്തേണ്ടതല്ലേ. മൂന്നുമണി എന്നത് നാലുമണിയിലേക്ക് നീട്ടാന്‍ തിരുമേനി പറഞ്ഞു. ആന്‍റണിയുടെ മുഖം വികസിച്ചു. മുന്നിലെ ദുഃസ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. അവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി.

    പള്ളിക്കുള്ളില്‍ തിരുമേനിയെ കണ്ട ഏലിയാസ് ആശ്ചര്യെപട്ടു. അനുജന്റെ സ്വാധീനം അവന്‍ മനസ്സിലാക്കി. അരമനയില്‍ നിന്ന് തന്നെ ആട്ടിയോടിച്ചത് വേദനയോടെ ഓര്‍ത്തു. പശുക്കളെ മേയിക്കുന്ന തന്‍െറ ഗന്ധം ഒരിക്കലും പെര്‍ഫ്യൂമിനെപ്പോലെ സുഗന്ധം പരത്തില്ല. അമ്മയുടെ വെള്ളപുതച്ച ശവശരീരത്തിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍നിറഞ്ഞു.

     karoorsoman@yahoo.com,
 www.karoorsoman.net
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക