Image

പുതുമഴ (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 06 June, 2020
പുതുമഴ (കവിത: ദീപ ബിബീഷ് നായര്‍)
പമ്മിപ്പതുങ്ങി വന്നവള്‍ പതിവുപോല്‍
ചന്നം പിന്നം ചിതറി മെല്ലേ
കാണ്മതില്ലിന്നാരെയുമാ മതില്‍ കെട്ടിലും
ഒച്ചയുമില്ലാരവങ്ങളുമേ

ഒരു വേളയോര്‍മ്മകള്‍ പിന്നിലായ് ചാഞ്ഞതാ
കലപില കൂട്ടുന്ന കുരുന്നു പൂക്കള്‍
കരയുന്നവര്‍, ചിലര്‍ ചിരിക്കുന്നുണ്ടേ
ഓടിക്കളിക്കുന്നൊരു കുറുമ്പന്‍

അമ്മതന്‍സാരിത്തുമ്പില്‍ പിടിച്ചൊരു പൊന്നുമോള്‍
വിതുമ്പുന്നുതേങ്ങലോടൊരു കോണിലായ്
പുതുമഴ നനയുവാനൊരു പുത്തന്‍കുടയുമായ്, പുത്തനുടുപ്പുമായിന്നെവിടെ മക്കള്‍?

ആളൊഴിഞ്ഞ നിരത്തുകള്‍ ആരവമില്ലാത്ത വിദ്യാലയങ്ങള്‍
ഒരണുവിന്നാഗമനത്തിലകത്തളത്തിലെവിടെയോ വിതുമ്പുന്ന കുഞ്ഞു മനങ്ങള്‍

കുട്ടനിരിപ്പാണിന്നൊരുകോണിലായ്
പുത്തനുടുപ്പണിഞ്ഞൊരു ബാഗുമായ്
മുഖത്തില്ലൊരാനന്ദവുമതിശയവും
പഠനമിന്നോണ്‍ലൈനിലാണ് പോലും

പതിവായിക്കാണുമാ ചിത്രപടത്തിലിന്ന്
വരുമെന്നദ്ധ്യാപിക കഥ പറയാന്‍
കൂട്ടുകാരെവിടെ, കളിപ്പാട്ടങ്ങളും സംശയമേറെയുണ്ടാ വദനത്തിലും

മാറ്റമാണോ പുതിയൊരു തുടക്കമാണോ
മാരിക്കുമരിശമേറി വീണ്ടും
കാതടപ്പിക്കുമൊച്ചയിലവളതാ
ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി പിന്നെയും...



പുതുമഴ (കവിത: ദീപ ബിബീഷ് നായര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക