Image

അതിഥി ( കഥ: സുജാത. കെ.പിള്ള)

Published on 06 June, 2020
അതിഥി ( കഥ: സുജാത. കെ.പിള്ള)


പണ്ട്, 
നക്ഷത്രങ്ങളെ നോക്കി കിടക്കുമ്പോഴായിരുന്നു അയാൾക്ക്‌ ഓരോരോ വെളിപാടുകൾ ഉണ്ടായിക്കൊണ്ടിരുന്നത്.

ഇന്ന്, 
നോക്കികിടക്കാൻ നക്ഷത്രങ്ങൾ ഇല്ല. 
ഈ ശതാനുകോടി നക്ഷത്രങ്ങൾ എവിടെപ്പോയി മറഞ്ഞു? 
ഓരോ നുറുങ്ങ് ഓർമ്മകളും,
കരിന്തിരി കത്തുന്ന ചന്ദ്രന്റെ രൂപഭേദങ്ങളും, 
കാണാത്ത ദൂരത്തു മറയുന്ന സൂര്യനും, 
അടർന്നു വീഴുന്ന സൂര്യകാന്തി പ്പൂക്കളും, 
ഏറെ അലഞ്ഞു നടന്നിട്ടും എങ്ങും അഭയം കിട്ടാതുഴലുന്ന ഇളം കാറ്റും, പുഴയ്ക്ക് മാത്രമറിയാവുന്ന അതീവ രഹസ്യങ്ങൾ മറച്ചു പിടിച്ചൊഴുകുന്ന പുഴയും... ഇന്നും ഓർമ്മകൾക്ക് ധാരാളിത്തമാണ്.

വീടിനും, ഓഫീസിനും ഇടയ്ക്കു ചതഞ്ഞരഞ്ഞുപോയ ജീവിതം ഇനി ഒരിക്കലും തിരിച്ചു പിടിക്കാനാവാതെ...

എണ്ണിയാലൊടുങ്ങാത്ത വ്യഥകളും, വേവലാതികളുമായി.. 
ഭൂമിയിൽ വേരറ്റു വീഴുന്നതിനു മുൻപ് വേണം.. എനിക്കുമൊരു ജീവിതം.. അയാൾ പുനർജനിക്കാൻ അതിയായി ആഗ്രഹിച്ചു. അല്ലെങ്കിൽ പുനർജീവിക്കണം.. ചെയ്തുപോയ എല്ലാ തെറ്റുകളും തിരുത്തി, ജീവിതത്തിന്റെ ഓരോ തിരിവിലും എടുത്ത ശരിയല്ലാത്ത തീരുമാനങ്ങൾ, ചെയ്തുപോയ ചില നിരാസങ്ങൾ.., 
മനസ്സിന്റെയും ശരീരത്തിന്റെയും വെറും ഉത്തേജനത്തിനായി തേടിയ തെറ്റായ വഴികൾ, 
അങ്ങനെ.. അങ്ങനെ.. പലതും....

എവിടെ തുടങ്ങണമെന്നറിയാതെ അയാൾ കുഴങ്ങി. 
ഭാര്യയോട് നീതി പുലർത്താത്ത ഭർത്താവ്..., കുട്ടികളോട് ഒരിക്കലും വാത്സല്യം കാണിക്കാത്ത അച്ഛൻ...
മാതാപിതാക്കളെ വേണ്ടപോലെ പരിഗണിക്കാതിരുന്ന മകൻ, സൗഹൃദത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാതിരുന്ന സുഹൃത്ത്, ദൈവസ്നേഹത്തിൽ ഒരിക്കലും വിശ്വാസമില്ലത്തവൻ.., അയാൾ  കൂടുതൽ.. കൂടുതൽ ചിന്തിച്ചുകൂട്ടി. ഓർമകളുടെ പ്രവാഹത്തിൽ അയാളുലഞ്ഞു.

നീതിമാനായ ഭർത്താവിന്റെ വേഷത്തിൽ നിന്നു തുടങ്ങാൻ അയാൾ തീരുമാനിച്ചു. 
ഇന്നല വരെ താനാരായിരുന്നോ.. അതിനു നേരെ വിപരീത ദിശയിലൂടെ സഞ്ചാരം തുടങ്ങണം... എതോ  ഇന്ദ്രീയാതീതമായ ഒരു ഉത്തേജനം പെട്ടെന്നയാളിലേക്കു വന്നതായി അയാൾക്ക്‌ തോന്നി.. 
ഇത്രയും നേരം ചിന്തിച്ചു കിടന്ന മണൽപ്പരപ്പിലേക്കു ഒന്നുകൂടി നോക്കി പ്രകാശം പരത്തുന്ന ഒരു ചെറു പുഞ്ചിരിയുമായി അയാളെഴുന്നേറ്റു....
കൃത്യസമയത്തു വീട്ടിലെത്തണം, 
അവിടെ തുടങ്ങാം... ഓഫീസിൽ നിന്നിറങ്ങിയാൽ.. എവിടെയും പോകാതിരുന്നാൽ കൃത്യം അഞ്ചരക്ക് വീട്ടിലെത്താം. അയാൾ കാർ സ്റ്റാർട്ടാക്കി വീട്ടിലേക്കുതന്നെ തിരിച്ചു. വീട്ടിലെത്തിയപ്പോൾ ആരുമില്ലാത്ത നിശ്ശബ്ദത.. ഡോർ ബെല്ലടിച്ചിട്ടും ആരും ഇറങ്ങി വന്നില്ല. പെട്ടന്നയാളുടെ ആഹ്ലാദം കെട്ടടങ്ങി. 
ഭാര്യയും മക്കളുമൊക്കെ എവിടെ? 
കാളിങ്  ബെല്ലടിച്ചത്. കനത്ത നിശ്ശബ്ദതയിൽ തട്ടി പ്രതിഫലിച്ചതല്ലാതെ ആരും കതകു തുറന്നില്ല,
 അതയാളെ അസ്വസ്ഥനാക്കി..
 സിറ്റൗട്ടിലെ കസേരയിലേക്കമരുമ്പോൾ വീണ്ടും ചിന്തകൾ അയാളെ വട്ടമിട്ടു പറന്നു. 
കുട്ടികൾക്ക് ഒരു പക്ഷെ ട്യൂഷൻ കാണും.. 
പക്ഷെ ഭാര്യ എവിടെ? 
താഴെ കിടക്കുന്ന പത്രമെടുത്തു അയാൾ നിവർത്തി. 
രാവിലെ ഹെഡിങ് മാത്രമേ നോക്കു, 
സമയം കളയാൻ അയാൾ  പത്രത്താളുകളിലേക്കിറങ്ങി. സമയം പോയപ്പോൾ അയാളൊരു മയക്കത്തിലേക്ക് വഴുതി വീണു. 
ഏകാന്തതയുടെ താഴ്വരയിലൂടെ സഞ്ചരിക്കുന്നതായി അയാൾ സ്വപ്നം കണ്ടു.

ഗേറ്റിലൊരു ഓട്ടോ വന്നു നിന്ന ശബ്ദം അയാളെ ഉണർത്തി. ഇരുട്ടു വീണു തുടങ്ങിയിരുന്നു. ഭാര്യ ഓട്ടോയിൽ നിന്ന് എന്തൊക്കെയോ സാധനങ്ങ എടുത്തിറക്കുന്നു.. 
പള്ളിയിലെ അൾത്താരയിൽനിന്നു ഞാൻ താലി കെട്ടുമ്പോൾ സുന്ദരമായ കണ്ണുകളും, നനുത്ത ചുവന്ന ചുണ്ടുകളും, ആരെയും ആകർഷിക്കുന്ന വശ്യ സൗന്ദര്യവും ഉണ്ടായിരുന്ന പെൺകുട്ടിയെ അയാളോർത്തു. 
ഇപ്പോൾ ക്ഷീണിച്ചു തളർന്ന കണ്ണുകളും ആകെ വശ്യത നശിച്ച സൗന്ദ്യര്യവുമുള്ള സ്ത്രീ.. ആ പെൺകുട്ടിത്തന്നെയോ? 
സിറ്റൗട്ടിലെ ലൈറ്റ് ഇട്ടപ്പോൾ അവിചാരിതമായി ഭർത്താവിനെ കണ്ടവൾ ഞെട്ടി. 
"ഇച്ചായൻ നേരത്തെ എത്തിയോ? 
ഞാൻ സൂപ്പർ മാർക്കറ്റിൽ പോയിരുന്നു. നാളെ കുട്ടികൾക്ക് പരീക്ഷ തുടങ്ങുവാ.. "
താൻ നേരത്തെ വന്നതിൽ അമിതാഹ്ലാദം ഒന്നും ഭാര്യ പ്രകടിപ്പിക്കാത്തതിൽ അയാൾക്കല്പം ജാള്യത തോന്നി. 
താനെത്തുമ്പോൾ കതകു തുറന്നു അത്യാഹ്ലാദത്തോടെയും അത്ഭുതത്തോടെയും തന്നെ സ്വീകരിക്കുന്ന ഭാര്യയെ സ്വപ്നം കണ്ടാണ് അയാളെത്തിയത്. അതുണ്ടായില്ലെന്നു മാത്രമല്ല ഭാര്യ അവളുടെ പണികൾ നോക്കി പോകുകയും ചെയ്തു. 
ട്യൂഷൻകഴിഞ്ഞു കുട്ടികൾ വന്നത് വീണ്ടും വൈകിയാണ്. അച്ഛനെ കണ്ടിട്ട് അവരും അയാൾ പ്രതീക്ഷിച്ചത്ര അത്ഭുതമോ ആഹ്ലാദമോ കാട്ടിയില്ല. 
ദിവസങ്ങൾ കഴിയും തോറും അയാൾക്കൊരു കാര്യം വ്യക്തമായി താനില്ലാതെ തന്നെ ഇവിടുത്തെ ഓരോ കാര്യങ്ങളും നിർവഹിക്കാൻ പ്രാപ്‌തരായിരിക്കുന്നു തന്റെ ഭാര്യയും മക്കളും. വർഷങ്ങളോളം താൻ നിർവഹിക്കാത്ത കടമകളൊന്നും ഇപ്പോൾ അവരെ അലട്ടുന്നില്ല. താനില്ലെങ്കിലും ഈ വീട് ഇതേ പോലെ മുന്നോട്ടു പോകും. അതയാൾക്കു വീണ്ടും പുനർ ചിന്തനത്തിനു വഴിമരുന്നിട്ടു. 
താൻ നല്ലവനായ ഭർത്താവും പിതാവും മകനും സുഹൃത്തും ഒന്നുമാവാൻ ആരും കാത്തിരുപ്പില്ല എന്ന ചിന്ത അയാളെ നിർവികാരനാക്കി... കാർ സ്റ്റാർട്ട്‌ ചെയ്തു എവിടേക്കെന്നറിയാതെ.. അയാൾ യാത്ര തുടർന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക