Image

പരിസ്ഥിതിക്കിണങ്ങുന്ന ജൈവ കൃഷിപാഠവുമായി ഫോമാ സൺഷൈൻ റീജിയൺ

അനിൽ പെണ്ണുക്കര Published on 05 June, 2020
പരിസ്ഥിതിക്കിണങ്ങുന്ന ജൈവ കൃഷിപാഠവുമായി ഫോമാ സൺഷൈൻ റീജിയൺ
“ഒരു പുല്‍ക്കൊടിക്ക് വസന്തത്തിന്റെ ജനനത്തിനും
ശരത്തിന്റെ മരണത്തിനും
എന്ത് അര്‍ഥം നല്‍കാനാവും
ജീവിതം സന്തോഷകരമാണെന്നും
മരണം വ്യസനമാണെന്നും
ആളുകള്‍ കരുതുന്നു
എന്നാല്‍ മണ്ണില്‍ വീണ്
വസന്തത്തില്‍ മുളച്ചുയര്‍ന്ന്
പിന്നെ തണ്ടും ഓലയും അഴുകുന്ന
ഈ നെല്‍ച്ചെടി മരണത്തിലും
വിത്തിന്റെ സൂക്ഷമ ഹൃദയത്തില്‍
ഈ ആനന്ദം ന,ഷ്ടപ്പെടുന്നില്ല
ക്ഷണികമായ ഒരു കടന്നു പോകല്‍
മാത്രമാണ് മരണം
ജീവിതത്തിന്റെ നിറഞ്ഞ നിര്‍വൃതി
കാത്തു സൂക്ഷിക്കുന്നു എന്നതിനാല്‍ ഈ നെന്മണി മരണത്തിന്റെ വ്യസനമറിയുന്നില്ല”

ലോക പ്രശസ്ത കൃഷി ശാസ്ത്രജ്ഞൻ ഫുക്കുവോക്കയുടെ വാക്കുകൾ ആണിത്. മനുഷ്യന് ഏതു പ്രതിസന്ധിയിലും പ്രകൃതിയിലേക്ക് മടങ്ങാം എന്ന് ഉദ്ബോധിപ്പിക്കുന്ന വാക്കുകൾ. ഈവാക്കുകൾ നെഞ്ചേറ്റിയ അമേരിക്കൻ മലയാളി സംഘടനയാണ് ഫോമാ.  ഫോമാ സൺഷൈൻ റീജിയന്റെ നേതൃത്വത്തിൽ ഒരു വലിയ കാർഷിക കൂട്ടായ്‍മയ്ക്ക് വേദിയാവുകയാണ് ഫ്ലോറിഡ. സ്വയം പര്യാപ്തമാകേണ്ട ഒരു കാലം മുന്നിൽ കണ്ടുകൊണ്ട് മലയാളിയുടെ ജീവിതത്തിന്റെ തന്നെ അടിത്തറയായ കാർഷിക സമൃദ്ധിയിലേക്ക് തിരിച്ചുവിടാൻ, അവനവന്റെ വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുവാൻ വേണ്ട നിർദേശങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുന്ന സമഗ്രമായ ഒരു കൃഷിപാഠത്തിനാണ് ഫോമാ സൺഷൈൻ റീജിയൻ തുടക്കം കുറിച്ചിരിക്കുന്നത് .

ലോകത്തിന്റെ പരിസ്ഥിതി തന്നെ മാറിമറിയുന്ന കാലഘട്ടത്തിൽ എല്ലാ തിങ്കളാഴ്ചയും റീജിയനിൽ പെട്ട കർഷകർ  കോൺഫറൻസ് കോളിൽ ഒത്തുകൂടുന്നു. കൊറോണ ലോകത്തിനു മീതെ പിടി മുറുക്കിയപ്പോൾ കൊറോണയെ പ്രതിരോധിക്കുവാനും ജൈവ വിളവുകളിലൂടെ ആരോഗ്യ രംഗത്തും മാറ്റം ഉണ്ടാക്കുക എന്ന ലക്‌ഷ്യം കൂടി ഈ കൃഷിപാഠം പ്രോജക്ടിന് ഉണ്ടെന്ന്  എന്ന് ഫോമാ സൺഷൈൻ റീജിയൻ ആർ.വി .പി ബിജു തോണക്കടവിൽ E-മലയാളിയോട് പറഞ്ഞു .

ഇതൊരു വലിയ കൂട്ടായ്‌മയാണ്‌, എല്ലാ തിരക്കുകളിൽ നിന്നും ഒഴിയുമ്പോൾ അല്പം സമയം അവനവനായി ഒരു അടുക്കള തോട്ടം ഉണ്ടാക്കുക. ശുദ്ധമായ പച്ചക്കറികൾ കഴിക്കാം എന്ന് മാത്രമല്ല അതോടൊപ്പം കുറച്ച് സാമ്പത്തിക ലാഭവും നമുക്ക് സാധിക്കും, കൂടാതെ കുറച്ചു വ്യായാമവും കുടുംബങ്ങൾക്ക് ഉണ്ടാക്കുക എന്ന ലക്ഷ്യവും ഉണ്ടായിരുന്നു. ഏതൊരു മലയാളിയുടെയും വേരന്വേഷിച്ചു പോയാൽ  ഒരു കാർഷിക കുടുംബത്തലേക്ക് ആയിരിക്കും നാം ചെല്ലുക. അപ്പോൾ മലയാളിയുടെ രക്തത്തിൽ തന്നെ കാർഷിക വൃത്തി അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന് പറയാം.

ഈ കൊറോണക്കലത്ത് ഉണ്ടായ മാനസികമായ പിരിമുറുക്കം ഇല്ലാതാക്കുവാനും ഞങ്ങളുടെ കൃഷിപാഠം കൊണ്ട് സാധിച്ചു എന്നതാണ് സത്യം-ബിജു തോണിക്കടവിൽ കൂട്ടിച്ചേർത്തു. സ്വന്തം കൃഷിരീതിലൂടെ ഇതിനോടകം തന്നെ ശ്രദ്ധേയനായ ഷെൻസി മാണിയുടെ നേതൃത്വത്തിലാണ് കൃഷിപാഠം ക്‌ളാസുകൾ എല്ലാ തികളാഴ്ച്ചയും നടക്കുക. വൈകിട്ട് എട്ടു മുപ്പതിന് റീജിയനിലുള്ള കർഷകർ ഒത്തു കൂടുമ്പോൾ ഒരാഴ്ചയിലെ തങ്ങളുടെ കൃഷി അനുഭവങ്ങൾ എല്ലാവരും പരസ്പരം പങ്കുവയ്ക്കും. നമ്മുടെ കേരളത്തിന്റെ പഴയ കാർഷിക സംസ്കാരത്തിന്റെ നന്മകളിലേക്ക് കടന്നു ചെല്ലുകയാണ് ഒരുപറ്റം കർഷകർ  അപ്പോൾ. ഏതാണ്ട് പത്തുമണി വരെ നീളുന്ന കാർഷിക ചർച്ചയിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുവരെ കർഷകർ പങ്കെടുക്കുന്നു എന്നത് വലിയ സന്തോഷമാണ് നൽകുന്നത് .

കൃഷിപാഠം ക്ലാസ്സിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് വീടുകളിൽ നിന്ന് കൃഷി പൊതു ഇടങ്ങളിലേക്കും തുടങ്ങുകയുണ്ടായി. റ്റാമ്പായിലെ എം എ സി എഫ് ആസ്ഥാനത്തു (കേരള സെന്റർ) തുടക്കമെന്നോണം കൂട്ടായി കൃഷി ആരംഭിക്കുകയും വിത്തുകൾ വിതരണം ചെയ്യുകയും ചെയ്തു. കപ്പ, വാഴ, പപ്പായ, കാച്ചിൽ തുടങ്ങിയവയൊക്കെ നട്ടുകൊണ്ടായിരുന്നു എം എ സി എഫ് കൃഷിക്ക് തുടക്കമിട്ടത് . ഇത് പോലെ റീജിയണിലെ പതിനൊന്നു അസോസിയേഷനുകളും സജീവമായി ഈ കാർഷിക സമൃദ്ധിക്കൊപ്പം ഉണ്ട്.

ഓരോ ആഴ്ചയും ഫോമാ സൺഷൈൻ നടത്തുന്ന ഈ കൃഷിപാഠം ക്ലാസ് ജനങ്ങൾ ഏറ്റെടുത്തതിന് പിന്നിലെ പ്രേരക ശക്തി ക്ളാസുകൾ നയിക്കുന്ന ഷെൻസി മാണി തന്നെയാണ്. ഓരോ ആഴ്ച കഴിയും തോറും  ക്‌ളാസ് കൂടുതൽ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തുന്നതിൽ അതിയായ സന്തോഷം ഉണ്ടെന്ന് റീജിയൻ  കോ ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ പറഞ്ഞു  .

മനുഷ്യന്റെ ആരോഗ്യ-സാംസ്‌കാരിക, രാഷ്ട്രീയ പാരിസ്ഥിതിക രംഗത്തെ ഉള്‍ക്കാഴ്ച്ചകൾക്ക് വലിയ മാറ്റം തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് ലോകത്ത് ഇത്തരം പ്രകൃതിയിലധിഷ്ഠിതമായ കൃഷിയും കൃഷിയുമായി ബന്ധപ്പെട്ട കൂട്ടായ്മകളും വലിയ പ്രബോധനമായി  രൂപാന്തരപ്പെടുമെന്ന കാര്യത്തിൽ സംശയമില്ലന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ പറഞ്ഞു . ഫോമയുടെ അഭിമാന നിമിഷം കൂടിയാണിത്. മനുഷ്യൻ മാനസികമായി തകർന്നിരിക്കുന്നു ഒരു കാലത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ട് എങ്ങനെ മാനസികമായി ഒന്നിക്കുവാനും, അതുവഴി കുടുംബബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും സാധിച്ചു. മണ്ണിലേക്കും മനുഷ്യനിലേക്കും തിരിച്ചുവരാനുള്ള ഒരു വഴിയായി കൃഷിയെന്നു  നമ്മുടെ സമൂഹത്തിനു കാട്ടിക്കൊടുക്കുവാനും ഫോമയുടെ പേരിൽ സംഘടിപ്പിച്ച ഈ കാർഷിക കൂട്ടായ്മയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

സമ്പൂർണ്ണ ജനപങ്കാളിത്തമാണ് ഈ കൃഷിപാഠത്തിന്റെ പ്രത്യേകത. ഓരോ ആഴ്ചയിലും  നൂറിലധികം കുടുംബങ്ങളാണ് കൃഷി ചർച്ചകളിൽ സജീവമാകുന്നത് . അനുഭവങ്ങൾ പങ്കുവയ്ക്കുന്നത്.
ഈ കോവിഡ് കാലത്ത് അമേരിക്കൻ മലയാളികൾക്ക് മാതൃകയാകുവാനും മാനസികമായ ഒരു പരിധിവരെ ആശ്വാസം കണ്ടെത്താനും ഈ കാർഷിക കൂട്ടായ്‍മയ്ക്ക് സാധിച്ചു എന്നത് ഈ പരിസ്ഥിതി  ദിനത്തിൽ അഭിനന്ദനം അർഹിക്കുന്നു .

ജനപങ്കാളിത്തത്തോടെ നടത്തുന്ന സൺഷൈൻ റീജിയൻ ആർ വി പി ബിജു തോണിക്കടവിൽ, കോർഡിനേറ്റർ ടി ഉണ്ണികൃഷ്ണൻ, നാഷണൽ കമ്മിറ്റി മെമ്പർമാർ ആയ നോയൽ മാത്യു താഴത്തുപറമ്പിൽ, പൗലോസ് കുയിലാടൻ, 
സുനിൽ വർഗീസ്, റീജിയൻ സെക്രട്ടറി സോണി തോമസ് കണ്ണോട്ടുതറ, ഡോ. ജഗതി നായർ, അനു ഉല്ലാസ്,  റീജിയൻ അംഗ സംഘടനകൾ, മെമ്പർമാർ, കൃഷിയെ സ്നേഹക്കുന്ന നിരവധി വ്യക്തികൾ   എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിപാഠം ഓരോ ആഴ്ച്ചയും സജീവമാകുന്നത് .


പരിസ്ഥിതിക്കിണങ്ങുന്ന ജൈവ കൃഷിപാഠവുമായി ഫോമാ സൺഷൈൻ റീജിയൺപരിസ്ഥിതിക്കിണങ്ങുന്ന ജൈവ കൃഷിപാഠവുമായി ഫോമാ സൺഷൈൻ റീജിയൺ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക