Image

കുവൈത്ത് സാധാരണ ജീവതത്തിലേക്ക്; സൂപ്പര്‍ മാര്‍ക്കറ്റിലും എക്‌സ്‌ചേഞ്ച്കളിലും വലിയ തിരക്ക്

Published on 05 June, 2020
 കുവൈത്ത് സാധാരണ ജീവതത്തിലേക്ക്; സൂപ്പര്‍ മാര്‍ക്കറ്റിലും എക്‌സ്‌ചേഞ്ച്കളിലും വലിയ തിരക്ക്

കുവൈത്ത് സിറ്റി : കൊവിഡ് നിയന്ത്രണ വിധേയമായി വരുന്ന രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് നേരിയ ഇളവ് വന്നതോടെ ഭാഗിക കര്‍ഫ്യൂ പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലായി തുടങ്ങി. സാധാരണ ജീവിതത്തിലേക്ക് കരുതലുകളോടെയാണ് രാജ്യം പോകുന്നത്. മാസ്‌കും കൈയുറകളും ധരിച്ചു നടക്കുന്നവര്‍ എവിടെയും സ്ഥിരം കാഴ്ചകളാണ്.

റോഡുകളില്‍ കര്‍ഫ്യൂ ഇളവ് സമയത്തില്‍ തിരക്കേറി. ശൂന്യമായിക്കിടന്നിരുന്ന പാര്‍ക്കിംഗ് ഏരിയകളില്‍ വാഹനങ്ങളുടെ ഇരമ്പലും എണ്ണവും പെരുകിത്തുടങ്ങിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുള്‍പ്പെടെ കൂടുതല്‍ സ്ഥാപനങ്ങള്‍ തുറന്നു. പൊതുഗതാഗതം, ബാര്‍ബര്‍ഷോപ്പുകള്‍, മാളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം എന്നിവ ഒഴിച്ചാല്‍ പ്രധാനമാര്‍ക്കറ്റുകളും വ്യാപാര സ്ഥാപനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി. കടകളുടെ പ്രവര്‍ത്തന സമയം രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ്. ബാങ്കുകളും ഭാഗികമായി പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ ഒമ്പത് മുതല്‍ ഒരുമണി വരെയാണ് പ്രവര്‍ത്തന സമയം. ലോക്കല്‍ മണി ട്രാന്‍സ്ഫര്‍, ഇന്റര്‍നാഷനല്‍ ട്രാന്‍സ്ഫര്‍, എടിഎം മെഷീന്‍ തുടങ്ങി ബാങ്കിംഗ് സേവനങ്ങളും ഓണ്‍ലൈന്‍ ഇടപാടുകളും ബ്രാഞ്ചുകളില്‍ ലഭ്യമാകും.

മണി എക്‌സ്‌ചേഞ്ച് കന്പനികളുടെ മുന്നിലും നീണ്ട ക്യൂവുകളായിരുന്നു. കര്‍ശനമായ ആരോഗ്യ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ഉപഭോക്താക്കള്‍ നീണ്ട നിരയില്‍ കാത്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കുന്നതോടൊപ്പം താപ നിലയും പരിശോധിക്കുന്നുണ്ട്. അതിനിടെ രാജ്യത്തെ പണമയയ്ക്കല്‍ 90 ശതമാനം വരെ വര്‍ധിച്ചതായി ബാങ്കിംഗ് വൃത്തങ്ങള്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ ഏരിയകളിലെ 908 പള്ളികള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറന്ന് കൊടുക്കും. പ്രാര്‍ഥനക്ക് വരുന്ന വിശ്വാസികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. പള്ളികളില്‍ നമസ്‌കാര സമയത്ത് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. രോഗികള്‍, കുട്ടികള്‍, വയോധികര്‍ എന്നിവരെ പ്രവേശിപ്പിക്കില്ല.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക