Image

പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ: 89: ജയൻ വർഗീസ്)

Published on 05 June, 2020
പാടുന്നു പാഴ്‌മുളം തണ്ടു പോലെ! (അനുഭവക്കുറിപ്പുകൾ: 89: ജയൻ വർഗീസ്)
പിറ്റേന്ന് രാവിലെ എഴുന്നേറ്റു പള്ളിയിൽ പോയി. അമ്മയുടെ പേരിൽ  മരണാനന്തര പ്രാർത്ഥനകൾ സംബന്ധമായചില ചടങ്ങുകൾ ഉണ്ടായിരുന്നു. രാവിലെ ഒരു കട്ടൻ ചായയും, തലേ ദിവസം ബാക്കി വന്ന രണ്ടു പപ്സും  കഴിച്ചിരുന്നു. ഒരു മണിക്കൂർ കൊണ്ട് പള്ളിച്ചടങ്ങുകൾ തീർന്നു. ശവക്കോട്ടയിൽ അമ്മയുടെ തലയ്ക്കൽ ഏതാനുംമെഴുകുതിരികൾ കത്തിച്ചു. അവിടെ ഉറങ്ങുന്ന കുറച്ചു പ്രിയപ്പെട്ടവർ കൂടിയുണ്ട്. അകാലത്തിൽ കടന്നു പോയഅനീഷും, കുഞ്ഞമ്മയും. തൊട്ടു താഴെയുള്ള നിരയിൽ കൊച്ചപ്പനും, കൊച്ചമ്മയും. അതിനും താഴെ എനിക്ക്വേണ്ടി എന്നും തുടിച്ചിരുന്ന എന്റെ വല്യാമ്മ. എല്ലാവര്രുടെയും തലക്കൽ ഓരോ മെഴുകുതിരികൾ കത്തിച്ചു വച്ച്കൊണ്ട് മടങ്ങിപ്പോന്നു. ഉരുകിയുരുകി അവസാനിക്കുന്ന ഈ മെഴുകുതിരികൾ പോലെ മനുഷ്യ ജീവിതംഅവസാനിക്കുകയാണെന്നും, അതിനുള്ള ഊഴം കാക്കൽ മാത്രമാണ്  ജീവിതം എന്നും എനിക്ക് തോന്നി.

അര മൈൽ ദൂരമേയുള്ളൂ വീട്ടിലേക്ക് . പഴയ  പരിചയക്കാരെയും കണ്ട് നടന്നു പോകാം എന്ന് തീരുമാനിച്ചു. ( സാധാരണ ഗതിയിൽ പരിചയക്കാരെ അങ്ങോട്ട് ചെന്ന് കാണുന്നതാണ് എന്റെ രീതി. ) പള്ളിയിൽ നിന്ന്ഇറങ്ങിയതേയുള്ളു, നെഞ്ചിൽ ഒരു ഭാരം അനുഭവപ്പെട്ടു. ക്രമേണ അതൊരു വേദനയായി മാറുകയാണ്. ' പഴകിയഭക്ഷണം കഴിക്കരുത് ' എന്ന പ്രകൃതി ചികിത്സയുടെ പ്രാഥമിക നിയമം തെറ്റിച്ച് ഇന്നലത്തെ പപ്സ് കഴിച്ചത്കൊണ്ടുണ്ടായ ഗ്യാസ് ഫോർമേഷൻ ആവാം കാരണം എന്ന് സ്വയം വിലയിരുത്തുകയും, വാ തോരാതെ പ്രകൃതിചികിത്സയെക്കുറിച്ചു പ്രസംഗിക്കുന്ന ഞാൻ അത് ജീവിതത്തിൽ പ്രയോഗിക്കുന്ന കാര്യത്തിൽ തീരെ അലസനായിതീരുന്നത് ശരിയല്ല എന്ന സ്വയം വിമർശനം മനസ്സിൽ നടത്തുകയും ചെയ്‌തു. വർമ്മാജിയുടെ ശിഷ്യത്വംസ്വീകരിച്ചു പ്രകൃതി ചികിത്സ പഠിച്ചതിനു ശേഷം കഴിഞ്ഞ  മൂന്നു ദശകങ്ങളിലേറെയായി ഒരു തൈലനോൾപോലും കഴിച്ചിട്ടില്ലാത്ത ഞാൻ ഭാര്യയേയും, മക്കളെയും, വേണ്ടപ്പെട്ടവരെയും രാസ മരുന്നുകൾ കഴിക്കുന്നതിൽനിന്ന് വിലക്കുകയും, അത് മൂലം മനുഷ്യ ശരീരത്തിൽ പുത്തൻ രോഗങ്ങൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥയാണ്  ഉണ്ടാവുക എന്ന് സമർത്ഥിക്കുകയും  ചെയ്‌തിരുന്നു.

പ്രകൃതി ചികിത്സയുടെ കടുത്ത നിയന്ത്രണങ്ങൾ പാലിക്കുകയാണെങ്കിൽ മനുഷ്യ ശരീരത്തിന് രോഗം വരാതെസൂക്ഷിക്കാം എന്നല്ലാതെ ഏതു രോഗത്തിനും പ്രകൃതി ചികിത്സ പരിഹാരമല്ല എന്നായിരുന്നു മകന്റെ വാദം. ഇടക്കാലത്ത് ഭാര്യക്ക് പഞ്ചസാരയുടെ അളവ് കൂടുകയും, എന്റെ രീതികൾ കൊണ്ട് അത് നിയന്ത്രിക്കാനാവാതെവരികയും ചെയ്തപ്പോൾ അലോപ്പതി മരുന്നുകൾ തന്നെ കഴിച്ച് അത് നിയന്ത്രിക്കേണ്ടി വന്നതും അവൻചൂണ്ടിക്കാട്ടിയിരുന്നു. നിത്യ ജീവിതത്തിൽ പൂർണ്ണമായും പ്രകൃതി ചികിത്സയുടെ  രീതി പ്രയോഗിക്കുന്നത് വളരെവിഷമമാണെന്നും, അത് കൊണ്ട് രോഗമില്ലാത്തവർക്ക് കുറച്ചൊക്കെ നോക്കിയാൽ മതി എന്നൊരു തെറ്റായന്യായീകരണം ഞാനും പുലർത്തിത്തിയിരുന്നു എന്നതിനാലാണ് എന്റെ ഭക്ഷണ രീതി കുറച്ചൊക്കെ കുത്തഴിഞ്ഞുപോയത് എന്ന് സമ്മതിക്കുന്നു.

എങ്കിലും രോഗങ്ങളെ ഭയത്തോടെയല്ല സമീപിക്കേണ്ടത് എന്ന ഒരു വലിയ പാഠം ഉൾക്കൊള്ളുവാനും, അതിൽനിന്നുളവാകുന്ന ആത്മ വിശ്വാസത്തിന്റെ തണലിൽ സന്തോഷത്തോടെ ജീവിക്കുവാനും ഞങ്ങൾക്ക്കഴിഞ്ഞിരുന്നു. എക്കാലത്തും എനിക്കും എന്റെ കുടുംബത്തിലെ അംഗങ്ങൾക്കും യഥാർത്ഥ പ്രായത്തിൽ നിന്ന്പത്തോ, പതിനഞ്ചോ വയസ്സ് കുറച്ചേ തോന്നുമായിരുന്നുള്ളു എന്നത് പ്രകൃതി ചികിത്സാ രീതികൾ കുറച്ചെങ്കിലുംഅനുവർത്തിച്ചിരുന്നത് കൊണ്ട് ഉണ്ടായ നേട്ടമായിരുന്നു എന്ന സത്യം തുറന്നു പറഞ്ഞു കൊള്ളട്ടെ.

ഏതൊരു രോഗത്തിനോടും ' പോടാ പുല്ലേ ' എന്നതായിരുന്നു നിലപാട്. അത് കൊണ്ട് തന്നെ നെഞ്ചു വേദനയെഅവഗണിച്ചു കൊണ്ട് വീട്ടിലേക്കു നടന്നു. ഇടക്ക് കണ്ട ഏതാനും പേരോട് ഒരു ഹായ് മാത്രം പറഞ്ഞ് ഒഴിഞ്ഞുപൊന്നു. പകുതി വഴി എത്തുന്പോൾ ഒരു താൽക്കാലിക വെയിറ്റിങ് ഷെഡ്‌ഡുണ്ട്. വേദന അത്രചെറുതല്ലാത്തതിനാൽ ഒറ്റക്ക് അവിടെ കയറി ഇരുന്നു. ഭാര്യയും, പെങ്ങന്മാരും ഒക്കെ വീട്ടിലേക്ക് നടന്നുവരികയാണ്. എന്നെക്കണ്ട് ' പോരുന്നോ ' എന്ന് ചോദിച്ചു. ഇല്ലെന്ന് മറുപടി. ഒറ്റക്കും, ഏകാന്തമായുംനടക്കാനിഷ്ടപ്പെടുന്ന ഒരാളാണ് ഞാനെന്ന് നേരത്തേ അറിയാമായിരുന്നത് കൊണ്ട് അവർ മുന്നോട്ടു പോയി. എവിടെയെങ്കിലും പൂവും, പുൽക്കൊടിയും കണ്ടാൽ അവിടെയെല്ലാം വായും പൊളിച്ചു നോക്കി നിൽക്കാറുള്ളഎനിക്ക് നാട് കാണാൻ കിട്ടിയ ഈ അവസരം ശരിക്കും ഉപയോഗപ്പെടുത്തിക്കോട്ടെ എന്നാവും അവർചിന്തിച്ചിരിക്കുക.

വേദന അൽപ്പം കുറഞ്ഞതായി തോന്നിയപ്പോൾ വീണ്ടും നടന്നു. വീട്ടിൽ എത്തുന്പോഴേക്കും അത് പഴയ പടിവീണ്ടും കൂടി. എനിക്ക് അൽപ്പം നെഞ്ചു വേദനയുണ്ടെന്നും, ഗ്യാസിന്റെയാണെന്നും ഭാര്യയോട് പറഞ്ഞു. അൽപ്പംസോഡാ കുടിച്ചു നോക്കിയിട്ടും കുറയുന്നില്ല. ഭാര്യയെക്കൊണ്ട് അൽപ്പം നെഞ്ചു തടവിച്ചു. താഴെ വീട്ടിൽ നിന്നുംമേളിലെ വീട്ടിലേക്കു വന്ന മകൾ ഇത് കാണുന്നതോടെ പ്രശ്നം ഗുരുതരമാവുന്നു. നഴ്‌സായ അവൾക്ക്എന്തൊക്കെയോ ക്ലിക്കാവുന്നു. എല്ലാവരും ഓടിയെത്തുന്നു. ഉടൻ ആശുപത്രിയിൽ പോകണം എന്ന് തീരുമാനം. ഇതൊക്കെ അൽപ്പം കഴിയുന്പോൾ മാറിക്കൊള്ളും എന്ന എന്റെ വാദമൊക്കെ അവൾ കാറ്റിൽ പറത്തിക്കളഞ്ഞു. രണ്ടാമത്തെ പെങ്ങൾ മേരിയുടെ കുടുംബം വണ്ണപ്പുറത്തുള്ള അവരുടെ വീട്ടിലേക്കു പോകാൻ കാർ സ്റ്റാർട്ട് ചെയ്തുനിൽക്കുകയായിരുന്നു. അവളുടെ ഇളയ മകൻ ' കുഞ്ഞി ' എന്ന് ഞങ്ങൾ വിളിക്കുന്ന മരുമകൻ ആണ് ഡ്രൈവർ. ഞാൻ എന്ന വല്യച്ചാച്ചനെയും കൊണ്ട് മെയിൽ നഴ്‌സായ അവൻ പാഞ്ഞു. ആദ്യം പൈങ്ങോട്ടൂരിലെ ഒരുക്ലിനിക്കിൽ. അവിടെ സൗകര്യങ്ങളില്ല. ഒരു മരുന്ന് വിഴുങ്ങാൻ തന്നു. പിന്നെ മെച്ചപ്പെട്ട സൗകര്യങ്ങളുള്ളപോത്താനിക്കാട്ടെ ഒരു പ്രൈവറ്റ് ആശുപത്രിയിലേക്ക്. 

ഇതെല്ലാം വലിയ തമാശയായാണ് എനിക്ക് തോന്നിയത്. ഇത്രക്ക് പേടി ഒരു കാര്യത്തിനും പാടില്ല എന്ന് മകളെഉപദേശിക്കുകയാണ് ഞാൻ. അമ്മയുടെ മരണത്തിൽ മനം തകർന്നിരിക്കുന്ന അപ്പനെ ഇതെങ്ങനെ ബാധിക്കുംഎന്നായിരുന്നു എന്റെ വേവലാതി. പോത്താനിക്കാട്ട് എത്തിയതേ എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് അപ്പനോട്വിളിച്ചുപറയാൻ റോയിയെ ഏർപ്പാടാക്കി. അവിടുത്തെ ഇ. കെ. ജി. സംവിധാനത്തിൽ കിടന്നപ്പോളും എനിക്ക്തീരെ ഭയം തോന്നിയില്ല. ഉടൻ ആംബുലൻസ് വിളിച്ചു കോതമംഗലത്ത്  എത്തിക്കാൻ ഡോക്ടർ പറയുന്നത്ഞാൻ രഹസ്യമായി കേട്ടു.

ആംബുലൻസ് ഒന്നും വേണ്ടെന്നും, കുഞ്ഞിയുടെ കാറ് തന്നെ മതിയെന്നും ഞാൻ നിർദ്ദേശിച്ചു. എനിക്ക്ചെറിയൊരു വേദന വിടാതെ നിൽക്കുന്നുണ്ട് എന്നല്ലാതെ മറ്റൊരു കുഴപ്പവും തോന്നുന്നില്ലെന്ന് ഞാൻ പറഞ്ഞു. നല്ല വേഗതയിൽ തന്നെയാണ് കുഞ്ഞി കാർ ഓടിച്ചത്. വഴിയിൽ വച്ച് ചെറുതായി ഒന്ന് വിയർത്തു. കോതമംഗലത്തെ ധർമ്മഗിരി ആശുപത്രിയിൽ എത്തുന്പോൾ തയാറാക്കി നിർത്തിയ സ്‌ട്രെക്ച്ചറുമായി രണ്ട്ആശുപത്രി ജീവനക്കാർ കാത്തു നിൽക്കുകയാണ്. കാറിൽ നിന്നിറങ്ങി നടന്നു ചെന്ന് ഞാൻ സ്ട്രെക്ച്ചറിൽഇരുന്നു. ജീവനക്കാർ എന്നെ നേരേ  കിടത്തി. ഉടൻ ഒന്ന് ഛർദ്ദിക്കണമെന്നു തോന്നി. ആരോ നീട്ടിയപാത്രത്തിലേക്ക് ഒരു കവിൾ ഛർദ്ദിച്ചു. പാഞ്ഞു പോകുന്ന സ്ട്രെക്ച്ചറിന് പിൻപേ " പോകല്ലേ പപ്പേ, പോകല്ലേ പപ്പേ" എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് മകൾ ഓടി വരുന്നത് കാണുന്നുണ്ട്. അതാണ് ഓർമ്മയിൽ ഉള്ള അവസാനംകണ്ട കാഴ്ച.

എത്ര നേരം കഴിഞ്ഞിട്ടാണ് എന്നറിയില്ലാ, കണ്ണ് തുറക്കുന്പോൾ കുറെയേറെ കുഴലുകളുടെയും, കേബിളുകളുടെയും ഒക്കെ ചുറ്റലിന്നകത്ത് അഴിക്കൂട്ടിൽ അകപ്പെട്ട കിളിയെപ്പോലെ ഞാൻ കിടക്കുകയാണ്. ഞരന്പിലേക്ക് പോകാനായി ഇറ്റു വീഴുന്ന മരുന്ന് തുള്ളികൾ. നല്ല സുഖം തോന്നുന്നുണ്ട്. തീവ്ര പരിചരണവിഭാഗത്തിൽ ആണെന്ന് അവിടെയുള്ള സൈൻ ബോർഡുകളിൽ നിന്ന് മനസ്സിലായി. ഐ. സി. യു. വിന്റെ ചില്ലുകിളിവാതിലിൽ ദുഃഖം വാരിത്തേച്ച മുഖ ഭാവങ്ങളുമായി ഭാര്യയും, മകളും, അനുജനും മറ്റു വേണ്ടപ്പെട്ടവരും. ഞാൻചലിക്കുന്നുണ്ട് എന്ന് കണ്ടിട്ടാവണം, അവരുടെ ഭാവങ്ങളിൽ ആശ്വാസത്തിന്റെ നെടുവീർപ്പുകൾ ഉണരുന്നത്ഞാൻ കണ്ടു.

എനിക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടാവുകയായിരുന്നെന്നും, സ്ട്രെക്ച്ചറിൽ വച്ച് ബോധം പോയ സമയത്തേക്കാൾ രണ്ടുമിനിറ്റ് കൂടി താമസിച്ചിരുന്നെങ്കിൽ തലച്ചോറിലേക്കുള്ള ഓക്സിജൻ സപ്ലെ നിലച്ച് ഒന്നുകിൽ സാക്ഷാൽമരണമോ, അതല്ലെങ്കിൽ മസ്‌തിഷ്‌ക്ക മരണമോ സംഭവിച്ച്‌   കാട്ടു പൂവിനും, കാനനക്കാറ്റിനും കരൾ പകുത്തജയൻ വർഗീസ് ഒരു നിർജ്ജീവ പിണ്ഡമായി തീരുമായിരുന്നെന്ന് പിന്നീട്  മകൾ വിശദീകരിച്ചു തന്നു. ഇടത്ആർട്ടറിയിൽ തൊണ്ണൂറു ശതമാശനം ബ്ലോക്ക് ഉണ്ടായിരുന്നുവെന്നും, അവിടെ കൃത്രിമക്കുഴലായ ' സ്റ്റണ്ട് ' ഇട്ട്ശരിപ്പെടുത്തിയിട്ടുണ്ടെന്നും, വലതു ആർട്ടറിയിലും സമാന ബ്ലോക്ക് ഉള്ളതിന് സ്റ്റണ്ട് ഇടേണ്ടതാണെങ്കിക്കുംഎത്രയും വേഗം അമേരിക്കയിൽ തിരിച്ചെത്തിയിട്ട് ഇട്ടാൽ മതിയെന്ന് ഡോക്ടർ സമ്മതിച്ചുവെന്നും  മകൾപറഞ്ഞു.

ഈ സംഭവത്തിനും കൃത്യം ഒരു മാസം മുൻപ് വാർഷിക വൈദ്യ പരിശോധനയുടെ ഭാഗമായി ന്യൂ യോർക്കിലെ ഒരുപ്രമുഖ ഫെസിലിറ്റിയിൽ എന്നെ സ്‌ട്രെസ്സ് ടെസ്റ്റ് നടത്തി  നോക്കിയ ടെക്കികൾ,  അവരുടെ മെഷീനിൽ പരമാവധിവേഗതയിൽ ഞാൻ അനായാസം ഓടുന്നത്  കണ്ട് പറഞ്ഞതും, റിപ്പോർട്ട് തന്നതും എന്റെ ഹൃദയം പക്കാപെർഫെക്ട് ആണെന്നായിരുന്നു എന്ന വസ്തുത ഞാൻ ചൂണ്ടിക്കാട്ടിയപ്പോൾ അതൊക്കെ അങ്ങിനെ കിടക്കുംഎന്നായിരുന്നു മകളുടെ മറുപടി.

പതിനഞ്ചു വര്ഷം മുൻപ് നടന്ന മറ്റൊരു വാർഷിക വൈദ്യ പരിശോധനയിൽ എന്റെ കിഡ്‌നി ശരിയല്ല എന്നറിപ്പോർട്ട് കിട്ടിയതിനെ തുടർന്ന്‌ കുടുംബത്തിന്റെ നിരന്തര നിർബന്ധത്തിന് വഴങ്ങിയ ഞാൻ സ്കാനിങ്ങിന്വിധേയമാവുകയും, എന്റെ കിഡ്‌നികളിൽ ഒന്നിൽ ഒൻപത് സെന്റിമീറ്റർ വ്യാസമുള്ള സിസ്റ്റും, മറ്റേതിൽ മുന്ന്സെന്റിമീറ്റർ വ്യാസമുള്ള സിസ്റ്റും ഉണ്ടെന്നു കണ്ടെത്തിയതായി റിപ്പോർട്ട് കിട്ടുകയും ചെയ്തിരുന്നു. ( റിപ്പോർട്ട്സൂക്ഷിച്ചിട്ടുണ്ട് ) റിപ്പോർട്ട് കണ്ട ചൈനാക്കാരിയായ പ്രൈമറി ഡോക്ടർ എന്നെക്കാൾ കൂടുതലായി ഞെട്ടുകയും, അഞ്ചോ, ആറോ സ്പെഷ്യലിസ്റ്റുകളെ ഉടൻ കാണുവാനുള്ള പേപ്പറുകളും തന്ന് എന്നെ വിട്ടു. ഡോക്ടറെ കണ്ടുതിരിച്ചിറങ്ങിയ ഞാൻ ആ പേപ്പറുകളും പിടിച്ച് കാറിൽ കുറെ നേരം ഇരുന്നു.

പ്രകൃതി ചികിത്സാ പഠനത്തിന്റെ ഭാഗമായി മനുഷ്യ ശരീരത്തെ കുറിച്ച് കുറച്ചൊക്കെ മനസ്സിലാക്കിയിട്ടുള്ള ഞാൻസംഗതി ഒന്ന് റീ വൈൻഡ് ചെയ്‌തു നോക്കി. ഒരാളുടെ കൈവിരലുകൾ ചുരുട്ടിപ്പിടിച്ചാൽ കൈപ്പത്തിക്കുണ്ടാവുന്നവലിപ്പമായിരിക്കും സാധാരണ നിലയിൽ അയാളുടെ കിഡ്നിക്ക് ഉണ്ടാവുക. ഒൻപതു സെന്റിമീറ്റർ എന്ന്പറഞ്ഞാൽ മുഴുത്ത ഒരു ഓറഞ്ചിന്റെ വലിപ്പവും. ഈ രണ്ടു വലിപ്പവും ഏകദേശം തുല്യമായിരിക്കും എന്നതിനാൽകിഡ്‌നിയോളം  വലിപ്പമുള്ള മുഴ കിഡ്‌നിക്കുള്ളിൽ ഉണ്ടെങ്കിൽ എനിക്ക് വേദനയോ, അത്തരത്തിലുള്ളഎന്തെങ്കിലും അസ്വസ്ഥതയോ ഉണ്ടാവണമല്ലോ ? എനിക്കാണെങ്കിൽ അത്തരത്തിൽ ഒന്നും ഇതുവരെയുംതോന്നിയിട്ടുമില്ല. അപ്പോൾപ്പിന്നെ ഈ റിപ്പോർട്ടിന്റെ വിശ്വാസ്യതയെപ്പറ്റി എനിക്ക് സംശയമായി. വീട്ടിലെത്തിയാൽആ  നിമിഷം ഭാര്യയും, മക്കളും കൂടി എന്നെ ഏതെങ്കിലും ആശുപത്രിക്കിടക്കയിൽ എത്തിക്കും എന്ന്എനിക്കുറപ്പുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം ഞാൻ സ്തംഭിച്ചു പോയി.

പെട്ടെന്ന് എന്റെ ശരീരത്തിൽ ഒരു ചൂട് അനുഭവപ്പെട്ടു. ആവശ്യം വരുന്പോൾ എന്നിൽ വന്നു നിറയാറുള്ള ആഅജ്ഞാത ഊർജ്ജം എന്നിൽ വന്നു നിറഞ്ഞു. പിന്നെ താമസിച്ചില്ലാ, എല്ലാ നിയന്ത്രണങ്ങളെയും അതിലംഘിച്ച്കുറേ കട്ടത്തെറികൾ  പുറത്തേക്ക്  തെറിച്ചു. കലിയിളകിയ കാളയെപ്പോലെ മുക്രയിട്ടു കൊണ്ട് ആ കടലാസുകൾകടിച്ചും, വലിച്ചും ചറപറാ കീറി കാറ്റിൽ  പറത്തുന്പോൾ ഞാൻ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു. അൽപ്പംകഴഞ്ഞ്‌എല്ലാം ശാന്തമായി. വല്ലാത്ത ആശ്വാസവും സുഖവും തോന്നി. വീട്ടിലെത്തി വിവരം പറഞ്ഞപ്പോൾ ഭാര്യയുംമക്കളും കൂട്ടക്കരച്ചിൽ. ചത്തു പോയാലോ എന്ന് അവർക്കു പേടി. ചത്തെങ്കിൽ അങ്ങ് ചാവട്ടെ എന്ന് ഞാൻ. ഒന്നുംസംഭവിച്ചില്ല. ഇപ്പോൾ പതിനഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു.

എന്നാൽ ഇവിടെ എന്റെ ജീവനെ പിടിച്ചു നിർത്തിയ ഉപകരണങ്ങളാൽ ചുറ്റപ്പെട്ട് ഞാൻ കിടക്കുകയാണ്. മരണകരമായ എത്രയോ സാഹചര്യങ്ങളിൽ, പിന്നിൽ നിന്ന് വന്ന് എന്നെ കൈ പിടിച്ചുയർത്തി ജീവിതത്തിലേക്ക്കൊണ്ടുവന്ന  ദൈവ സാന്നിധ്യങ്ങളുടെ  ഒരു പരന്പര തന്നെ  ഒരു ചലച്ചിത്രത്തിലെന്ന പോലെ എന്റെമനസിലൂടെ ഒഴുകി നീങ്ങിയപ്പോൾ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും രണ്ടു ചെറു നീർച്ചാലുകൾ കണ്ണിൽ നിന്നുംഒഴുകിയിറങ്ങിപ്പോയി. ( ഈ വാർത്ത കേൾക്കുന്പോൾ ഭൂമിയുടെ മറുപുറത്തെ കൂട്ടിൽ ഒറ്റപ്പെട്ടു പോയ എന്റെമകന്റെയും കുടുംബത്തിന്റെയും ആധികളുടെ ആഴത്തെക്കുറിച്ചായിരുന്നു എന്റെ ആശങ്കകൾ. ഞാൻപ്രതീക്ഷിച്ചതു പോലെ തന്നെ കുറെ ദിവസത്തേക്ക് കഞ്ഞി വയ്‌പും, കുടിയുമൊന്നുമില്ലാതെ അവർഉറങ്ങാതിരിക്കുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു. )

ഡോക്ടർ മനോജ് തോമസ് എന്ന അതി വിദഗ്‌ധനായ കാർഡിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ സ്‌തുത്യർഹമായിപ്രവർത്തിച്ചിരുന്ന സെന്റ് ജോസഫ് ധർമ്മഗിരി ആശുപത്രിയിൽ നിന്നും രണ്ടു ലക്ഷത്തോളം ഇന്ത്യൻ രൂപാബില്ലടച്ച് ഞങ്ങൾ വീട്ടിലെത്തി. പ്രകൃതി ചികിത്സയുടെ ആരാധകനും, പ്രയോക്താവുമായിരുന്ന എനിക്ക് ഹൃദയസ്‌തംഭനം ഉണ്ടായി എന്നത് എന്റെ ബന്ധുക്കളിലും, എന്നെ അറിയാവുന്ന ആളുകളിലും അത്ഭുതം തന്നെഉണ്ടാക്കിയെങ്കിലും, അമ്മയുടെ മരണത്തിൽ ഒന്ന് പൊട്ടിക്കരയുക പോലും ചെയ്‌യാതെ അകത്തു അടക്കിനിർത്തിയ സംഘർഷമാണ് ഈ രൂപത്തിൽ പുറത്തു വന്നത് എന്നാണ് ഇന്നും എന്റെ നിഗമനം. രോഗമില്ലാത്തവർക്ക് പൂർണ്ണമായി പ്രകൃതി ജീവനം ആവശ്യമില്ലാ എന്ന എന്റെ സ്വന്തം ന്യായത്തോടെ പ്രകൃതിജീവനത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളിൽ കേവലമായ ഇരുപത്തി അഞ്ചു ശതമാനം മാത്രമേ ഞാൻഅനുവർത്തിച്ചിരുന്നുള്ളു എന്ന  കാര്യവും  കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

 ഈ സംഭവം വരെയുള്ള മൂന്നിലധികം ദശകങ്ങൾ യാതൊരു വിധ മരുന്നുകളും ഉപയോഗിക്കാതെയാണ് ഞാൻആരോഗ്യത്തോടെ ജീവിച്ചത് എന്നതും, ഇക്കാലമത്രയും എന്റെ കുടുംബത്തിന്റെ ചികിത്സാ ചെലവ് എന്നത് വെറുംവട്ടപ്പൂജ്യം ആയിരുന്നു എന്നതും ആദരവുകളോടെ തന്നെ പ്രകൃതി ചികിത്സയെ പുണരുവാൻ എന്നെപ്രേരിപ്പിക്കുന്നു. ജോലി സംബന്ധമായ വാർഷിക വൈദ്യ പരിശോധനകൾക്കിടയിൽ എന്റെ കൊളസ്‌ട്രോൾലെവൽ കൂടുതലാണെന്നു കണ്ട് ബഹുമാന്യനായ ഡോക്ടർ ശേഷാദ്രി ദാസ് പ്രസ്‌ക്രൈബ് ചെയ്ത പിൽസ്കുടുംബത്തെ ബോധ്യപ്പെടുത്താനായി ദിവസം രണ്ടെണ്ണം വീതം കൃത്യമായി ഗാർബേജിൽ എറിയുകയായിരുന്നുഞാൻ എന്ന സത്യം കൂടി ഇവിടെ സമ്മതിച്ചു കൊള്ളുന്നു. അത്രമേൽ ഇംഗ്ലീഷ് മരുന്നുകളെ വെറുത്തിരുന്ന ഞാൻമൂന്നു ഗുളികകൾ വീതം രാവിലെയും, വൈകിട്ടും കൃത്യമായി വിഴുങ്ങിക്കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്. ജീവിതത്തെക്കുറിച്ചുള്ള മനുഷ്യ സങ്കൽപ്പങ്ങളും, പഠനങ്ങളും അവ അപൂർണ്ണമായ മനുഷ്യൻരൂപപ്പെടുത്തിയതാണ് എന്നത് കൊണ്ട് തന്നെ  അപൂർണ്ണമായിരിക്കും എന്ന സത്യം ഇത്തരം അനുഭവങ്ങൾ  എന്നെന്നും മനുഷ്യ രാശിയെ ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

 തിരിച്ചു പോരാനുള്ള ദിവസങ്ങൾ അടുക്കുകയാണ്. അവധി തീർന്നതിനാൽ റോയി പോയിക്കഴിഞ്ഞു. ദീർഘമായആകാശ യാത്ര അത്ര നല്ലതല്ലെന്ന് ഡോക്ടർ പറഞ്ഞു. മകളുടെ അവധിയും തീരുകയാണ്  എന്നതിനാൽപോകാതെ നിവർത്തിയുമില്ല. കിടന്നു പോരാനുള്ള സൗകര്യം ഉദ്ദേശിച്ച് നാലിരട്ടിയോളം വിലയുള്ള ബിസ്സിനസ്ക്‌ളാസ് ടിക്കറ്റ് തന്നെ മകൻ ഏർപ്പാട് ചെയ്തു. മൂന്ന് ടിക്കറ്റുകൾക്കായി പതിനായിരത്തോളം ഡോളർ പൊടിഞ്ഞു. അങ്ങിനെ ഇരുന്നും, കിടന്നും, വിശ്രമിച്ചും ഒക്കെയായി, വീണ്ടും ഭൂമിയുടെ ഇങ്ങേപ്പുറത്തുള്ള സ്റ്റാറ്റൻ ഐലണ്ടിന്റെമദ്ധ്യ ഭാഗത്തുള്ള, സ്വപ്‌നങ്ങൾ വിരിയുന്ന ഞങ്ങളുടെ സ്വന്തം കൂട്ടിൽ തിരിച്ചെത്തി കുട്ടികളോട് ചേർന്നു. മക്കളുടെയും, പേരക്കുട്ടികളുടെയും ഇളം ചുണ്ടുകൾ സമ്മാനിച്ച ചക്കരയുമ്മകളുടെ മധുരത്തിൽ അലിഞ്ഞ്വീണ്ടും അമേരിക്കൻ ദിന രാത്രങ്ങളളുടെ സജീവ ചലനങ്ങളിൽ അമർന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക