Image

വലയിൽ കുരുങ്ങുമ്പോൾ (ഫൈസൽ കാങ്ങിലയിൽ, മാറഞ്ചേരി)

Published on 03 June, 2020
വലയിൽ കുരുങ്ങുമ്പോൾ (ഫൈസൽ കാങ്ങിലയിൽ, മാറഞ്ചേരി)
കോരിച്ചൊരിയുന്ന
മഴയത്ത് കൂരയിൽ
ചോരാത്ത മൂല
തിരയുന്നു ഞാൻ

മിഴിനീരിനാൽ
നനഞ്ഞതിനാലാവാം
മഴപെയ്ത് തോർന്നത്
അറിയാതെ പോയത്

വിളറിയ മുഖങ്ങളിൽ വായിച്ചെടുക്കുന്നു
നിന്നിൽ തെളിയാതെ
പോയ ഖണ്ഡകാവ്യങ്ങൾ

മുഖപടങ്ങൾ മറച്ചൊരു ഭംഗി തിരയുന്നില്ലാരുമേ
മുഖാവാരണം നീങ്ങുമ്പോൾ ഭയാക്രാന്തരാവുന്നു ലോകം

അക്കങ്ങൾ പെരുപ്പിക്കാൻ ഓടിയവരെല്ലാം
അകം തണുപ്പിക്കാനാവാത്ത
നെട്ടോട്ടമോടുന്നു ജീവനായ്

കൊല്ലും കൊലയും തൊഴിലാക്കിയവർ പോലും
ഒളിക്കുന്നു നിലവറയിൽ
ജീവന്റെ രക്ഷയും തേടി

അറിയുക മർത്ത്യ,   ആർത്തി കൊണ്ടല്ലോ നിൻ  അഹന്ത കൊണ്ടല്ലോ ലോകം ചുരുങ്ങി നിനക്കൊരു തടവറ തീർത്തു

പുഴയൊന്നു നിറയുന്ന
നേരത്ത് പിടയുന്നു
മീനിന്റെ ഉള്ളം

കാണുന്നു താഴേക്ക് പതിക്കുന്ന
വലയുടെ കണ്ണികൾ
കുരുക്കിട്ട് മേലോട്ട് പോവുന്ന ജീവന്റെ സ്പന്ദനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക