Image

വന്ദേ ഭാരത് മിഷന്‍ മൂന്നാംഘട്ടം: ലണ്ടന്‍-കൊച്ചി വിമാനം ജൂണ്‍ 21ന്

Published on 02 June, 2020
വന്ദേ ഭാരത് മിഷന്‍ മൂന്നാംഘട്ടം: ലണ്ടന്‍-കൊച്ചി വിമാനം ജൂണ്‍ 21ന്
ലണ്ടന്‍ : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ബ്രിട്ടനില്‍ നിന്നും, കൊച്ചിയിലേക്ക് ഉള്‍പ്പെടെ അഞ്ചു നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ പ്രത്യേക സര്‍വീസ് നടത്തും. ജൂണ്‍ 21നാണ് ലണ്ടന്‍ ഹിത്രൂ വിമാനത്താവളത്തില്‍നിന്നും മുംബൈ വഴി കൊച്ചിയിലേക്കുള്ള വിമാനം. 21ന് രാത്രി പത്തിന് ഹീത്രിവില്‍നിന്നും പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 11.20ന് മുംബൈയിലെത്തും. അവിടെനിന്നും 12.50 പുറപ്പെട്ട് 2.50ന് കൊച്ചിയില്‍ ഇറങ്ങും.

വന്ദേഭാരത് മിഷനില്‍ ബ്രിട്ടനില്‍നിന്നും കേരളത്തിലേക്ക് ലഭിക്കുന്ന രണ്ടാമത്തെ വിമാനമാണിത്. മിഷന്റെ രണ്ടാംഘട്ടത്തില്‍, മേയ് 19ന് വിജയവാഡയിലേക്ക് പോയ വിമാനം കൊച്ചി വഴിയായിരുന്നു യാത്ര ചെയ്തിരുന്നെങ്കിലും കഷ്ടിച്ച് നൂറിലേറെ മലയാളികള്‍ക്ക് മാത്രമാണ് അതില്‍ ടിക്കറ്റ് ലഭിച്ചത്. മൂന്നാം ഘട്ടത്തിലെ വിമാനം കൊച്ചിയിലേക്ക് മാത്രമായതിനാല്‍ മുന്നൂറിലേറെ യാത്രക്കാര്‍ക്ക് അവസരം ലഭിക്കും.

കൊച്ചിയ്ക്കു പുറമെ 18ന് ഡല്‍ഹി വഴി ബാംഗ്ലൂര്‍ക്കും, 19ന് ഡല്‍ഹിവഴി വിജയവാഡയ്ക്കും 20ന് ഡല്‍ഹി വഴി കൊല്‍ക്കത്തയ്ക്കും, 22ന് മുംബൈ വഴി അഹമ്മദാബാദിനുമാണ് ബ്രിട്ടനില്‍നിന്നുള്ള മറ്റ് സര്‍വീസുകള്‍. ഇതിനോടകം വന്ദേഭാരത് മിഷന്റെ രണ്ടുഘട്ടങ്ങളിലെ 11 വിമാനങ്ങളിലായി മൂവായിരത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനില്‍നിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്.

ഇന്ത്യന്‍ ഹൈക്കമ്മിഷന്റെ വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്തവരില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാകും ഇത്തവണയും എയര്‍ ഇന്ത്യയില്‍നിന്നും ബന്ധപ്പെട്ട് ടിക്കറ്റുകള്‍ നല്‍കുക. ഒസിഐ കാര്‍ഡുള്ളവരില്‍നിനിന്നും പ്രത്യേക യാത്രാനുമതി ലഭിച്ചിട്ടുള്ളവര്‍ക്കും ഇക്കുറി അവസരം ഉണ്ടാകും. രോഗികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, വീസാ കലാവധി അവസാനിച്ചവര്‍, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടവര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന. വിവിധ രാജ്യങ്ങളിനിന്നും നൂറിലേറെ വിമാനസര്‍വീസുകളാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക