Image

സൗദി അറേബ്യയില്‍ നിന്നും പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിയ്ക്കുക; നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രാലയത്തിനും നിവേദനം നല്‍കി.

Published on 01 June, 2020
 സൗദി അറേബ്യയില്‍ നിന്നും പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിയ്ക്കുക; നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രാലയത്തിനും നിവേദനം നല്‍കി.
 ദമ്മാം: സൗദി അറേബ്യയില്‍ നിന്നും ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടു നവയുഗം സാംസ്‌ക്കാരികവേദി  ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്കും, കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനും നിവേദനം നല്‍കി.

കൊറോണരോഗബാധ വ്യാപകമായ വിദേശരാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരികെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന വന്ദേഭാരത് മിഷന്റെ ഭാഗമായി വളരെ കുറച്ചു എയര്‍ ഇന്ത്യ വിമാനങ്ങള്‍ മാത്രമാണ് സൗദി അറേബ്യയിലേയ്ക്ക് ഇതുവരെ സര്‍വ്വീസ് നടത്തിയത്. രണ്ടാം ഘട്ടത്തിലും വളരെ കുറച്ചു വിമാനങ്ങള്‍ മാത്രമാണ് സൗദിയില്‍ നിന്നും ചാര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. എണ്‍പതിനായിരത്തിലധികം ഇന്ത്യക്കാരാണ് നാട്ടിലേയ്ക്ക് മടങ്ങാനായി എംബസ്സിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിയ്ക്കുന്നത്. നിലവിലത്തെ  അവസ്ഥയില്‍ മാസങ്ങള്‍ കഴിഞ്ഞാലും ഇവര്‍ക്ക് ഇന്ത്യയിലേയ്ക്ക് മടങ്ങാന്‍ കഴിയില്ല. അതിനാല്‍ കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ സൗദി അറേബ്യയിലേക്ക് നടത്തിയേ മതിയാകൂ. എയര്‍ ഇന്ത്യയ്ക്ക് അത്രത്തോളം സര്‍വ്വീസ് നടത്താന്‍ കഴിവില്ലെങ്കില്‍, മറ്റു വിമാനകമ്പനികള്‍ക്കും അതിനുള്ള അനുമതി കേന്ദ്രസര്‍ക്കാര്‍ നല്‍കണം.

ഗര്‍ഭിണികളും, രോഗികളും, വൃദ്ധരും, ജോലി നഷ്ടമായവരും, വിസകാലവധി അവസാനിയ്ക്കാന്‍ പോകുന്നവരും അടക്കം സൗദി അറേബ്യയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹനും, ജനറല്‍ സെക്രട്ടറി എം.എ.വാഹിദും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു കേന്ദ്രസര്‍ക്കാരില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കേരളസര്‍ക്കാരും, എംപിമാരും, എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തയ്യാറാകണമെന്ന് നവയുഗം ആവശ്യപ്പെട്ടു. 

 സൗദി അറേബ്യയില്‍ നിന്നും പ്രവാസികളെ തിരികെ കൊണ്ടുപോകാന്‍ കൂടുതല്‍ വിമാനങ്ങള്‍ അനുവദിയ്ക്കുക; നവയുഗം പ്രധാനമന്ത്രിയ്ക്കും, വിദേശകാര്യമന്ത്രാലയത്തിനും നിവേദനം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക