Image

അക്രമം നിയന്ത്രിച്ചില്ലെങ്കില്‍ പട്ടാളത്തെ അയക്കുമെന്നു പ്രസിഡന്റ് ട്രമ്പ്; ന്യു യോര്‍ക്കില്‍ കര്‍ഫ്യൂ

Published on 01 June, 2020
അക്രമം നിയന്ത്രിച്ചില്ലെങ്കില്‍ പട്ടാളത്തെ അയക്കുമെന്നു പ്രസിഡന്റ് ട്രമ്പ്; ന്യു യോര്‍ക്കില്‍ കര്‍ഫ്യൂ
വാഷിംഗ്ടണ്‍, ഡി.സി: ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലയെത്തുടര്‍ന്ന് നടക്കുന്ന അക്രമവും കൊള്ളയും സ്റ്റേറ്റുകളും സിറ്റിയും ശക്തമായി തടഞ്ഞില്ലെങ്കില്‍ താന്‍ സൈന്യത്തെഅയച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി.സ്റ്റേറ്റുകളിലെ നാഷണല്‍ ഗാര്‍ഡിനെ തയ്യാറാക്കി നിര്‍ത്താനും പ്രസിഡന്റ് എല്ലാ ഗവര്‍ണര്‍മാര്‍ക്കും നിര്‍ദേശവും നല്‍കി.

താന്‍ നിയമ വാഴ്ചയുടെ പ്രസിഡന്റാണെന്നു ട്രമ്പ് പ്രഖ്യാപിച്ചു. ഗവര്‍ണര്‍മാര്‍ അവരുടെ ജോലി ചെയ്തില്ലെങ്കില്‍ ആയിരക്കണക്കിന് പട്ടാളക്കാരെ താന്‍ അങ്ങോട്ടയക്കും.

പ്രസിഡന്റ് പ്രസംഗിച്ചു കൊണ്ടിരിക്കെ വൈറ്റ് ഹൗസിനു സമീപത്തെ പ്രതിഷേധക്കാരെ നാഷണല്‍ ഗാര്‍ഡ് ഒഴിപ്പിച്ചു.

ഏതു നിയമമനുസരിച്ചാണു സൈന്യത്തെ അയക്കുക എന്നു വ്യക്തമല്ല. ആഭ്യന്തര കാര്യത്തിന് സൈന്യത്തെ നിയോഗിക്കാന്‍ പാടില്ലെന്ന് സിവില്‍ വാര്‍ കാലത്തേ നിയമമുണ്ട്. അതേസമയം,നിയമവാഴ്ച തകര്‍ന്നാല്‍ നടപടി എടുക്കാന്‍ മറ്റൊരു നിയമം പ്രസിഡന്റിനു അനുമതി നല്‍കുന്നു.

അതേസമയം കോവിഡ് ബാധ കുറയുമ്പോള്‍പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം അക്രമത്തിലേക്കും കൊള്ളയിലേക്കും നീങ്ങിയ സാഹചര്യത്തില്‍ ന്യു യോര്‍ക്ക് സിറ്റിയില്‍ രാത്രി 11 മുതല്‍ രാവിലെ 5 വരെ ഗവര്‍ണര്‍ ആന്‍ഡ്രു കോമോ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

മേയര്‍ ബില്‍ ഡിബ്ലാസിയോയോട് സംസാരിച്ചശേഷമാണ് ഈ തീരുമാനമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മിനയാപോലീസില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധത്തെ താനും അനുകൂലിക്കുന്നു. എന്നാല്‍ ആത് അക്രമവും കൊള്ളയും ആയി മാറുന്നത് അംഗീകരിക്കാനാവില്ല.

സിറ്റിയില്‍ രാത്രി 4000 പോലീസുകാര്‍ പട്രോള്‍ നടത്തിയ സ്ഥാനത് 8000 പേര് രംഗത്തിറങ്ങും. അക്രമം കൂടുതല്‍ നടന്ന ലോവര്‍ മന്‍ഹാട്ടനിലും ബ്രൂക്ലിനിലും കനത്ത പോലീസ് സന്നാഹമുണ്ടാകും.

ചിക്കാഗോ, ലോസ് ഏഞ്ചലസ് തുടങ്ങിയ വന്‍ നഗരങ്ങളിലും നിരവധി ചെറിയ നഗരങ്ങളിലും നേരത്തെ തന്നെ കര്‍ഫ്യു ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതിഷേധക്കാര്‍ റോഡ് നിറഞ്ഞൊഴുകുന്നത് കോവിഡ്വ്യാപനം കൂട്ടുമെന്ന് ഭീതിയും ഉയര്‍ന്നിട്ടുണ്ട്. ആളുകളോട് മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും കോമോ അഭ്യര്‍ഥിച്ചു

ഞായറാഴ്ച സ്റ്റേറ്റില്‍ വൈറസ് ടെസ്റ്റ് ചെയ്ത അര ലക്ഷം പേരില്‍ 941 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ കണ്ടെത്തിയത്. അത് പോലെ മരണം 54 മാത്രം. മാര്‍ച്ചില്‍ കോവിഡ്ശക്തിപ്പെട്ട ശേഷം മരണ സംഖ്യ ഇത്രയും കുറയുന്നത് ശനിയാഴ്ചയും ഞായറാഴ്ചയുമാണ്.

സ്റ്റേറ്റിലെ വെസ്റ്റേണ്‍ റീജിയനില്‍തുറക്കല്‍ രണ്ടാം ഘട്ടം ചൊവ്വാഴ്ച തുടങ്ങും. കാപിറ്റല്‍ റീജിയനില്‍ ബുധനാഴ്ചയും.

ന്യു ജേഴ്‌സിയില്‍ ഞായറാഴ്ച 27 പേരാണു മരിച്ചത്‌ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക