Image

അബുദാബിയില്‍ തട്ടിപ്പു നടത്തിയശേഷം മുംബൈ സ്വദേശി വന്ദേ ഭാരത് വിമാനത്തില്‍ കടന്നുകളഞ്ഞു

Published on 31 May, 2020
 അബുദാബിയില്‍ തട്ടിപ്പു നടത്തിയശേഷം മുംബൈ സ്വദേശി വന്ദേ ഭാരത് വിമാനത്തില്‍ കടന്നുകളഞ്ഞു


ദുബായ് : നിരവധി വ്യാപാര സ്ഥാപനങ്ങള്‍ക്ക് 6 മില്യണ്‍ ദിര്‍ഹത്തോളം വരുന്ന വണ്ടിച്ചെക്കുകള്‍ നല്‍കി കബളിപ്പിച്ച മുംബൈ സ്വദേശി അബുദാബിയില്‍ നിന്നും ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ കടന്നുകളഞ്ഞതായി പരാതി ഉയര്‍ന്നു.

റോയല്‍ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമ യോഗേഷ് അശോക് വാരിയാവ യാണ് നിരവധിയാളുകളെ കബളിപ്പിച്ച് നാട്ടിലേക്കു കടന്നിരിക്കുന്നത് .വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മേയ് 11 നു പുറപ്പെട്ട വിമാനത്തിലാണ് യോഗേഷ് കടന്നുകളഞ്ഞതെന്ന് പരാതിക്കാര്‍ അറിയിച്ചു . ഇന്ത്യയിലും യുഎഇയിലും കോടതികളില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ട കച്ചവടക്കാര്‍.

ഫേസ് മാസ്‌ക് ,സാനിറ്റൈസര്‍ ,ഗ്ലൗസ് തുടങ്ങി അരി ,പിസ്താ ,കുങ്കുമം ,ചീസ് , ഫ്രോസണ്‍ ബീഫ് എന്നിങ്ങനെയുള്ള സാധനങ്ങള്‍ വിതരണം ചെയ്യുന്ന കച്ചവട സ്ഥാപനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ദിര്‍ഹത്തിന് വാങ്ങിയ സാധനങ്ങള്‍ക്ക് നല്‍കിയ ചെക്കുകളാണ് ബാങ്കില്‍ നിന്നും ആവശ്യമായ തുക ഇല്ലെന്ന കാരണത്താല്‍ മടങ്ങിയത്.

കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കി കച്ചവടക്കാര്‍ റോയല്‍ ലക്ക് കമ്പനിയുടെ ഓഫിസില്‍ എത്തിയപ്പോള്‍ അടച്ചിട്ട ഓഫീസും വെയര്‍ ഹൌസുമാണ് കണ്ടത് . ഓഫീസില്‍ പ്രവര്‍ത്തിച്ചിരുന്ന 18 ജീവനക്കാരെക്കുറിച്ചും വിവരങ്ങളില്ല . തുടര്‍ന്ന് ദുബായിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ എത്തി കോണ്‍സല്‍ ജനറല്‍ വിപുലുമായി ചര്‍ച്ച നടത്തി. ബര്‍ ദുബായ് പോലീസ് സ്റ്റേഷനില്‍ മടങ്ങിയ ചെക്കുകള്‍ ഹാജരാക്കി പരാതി നല്‍കുകയും ചെയ്തു.

അഞ്ചര ലക്ഷം ദിര്‍ഹത്തിന്റെ മാസ്‌ക്ക് ,സാനിറ്റൈസെര്‍ ,ഗ്ലൗസ് , രണ്ടു ലക്ഷത്തിന്റെ ഫ്രോസണ്‍ മീറ്റ് , ഏഴര ലക്ഷം ദിര്‍ഹത്തിന്റെ പാചക എണ്ണയും ഈന്തപ്പഴവും രണ്ടര ലക്ഷത്തിന്റെ പാല്‍ ഉത്പന്നങ്ങള്‍ ,മൂന്നര ലക്ഷം ദിര്ഹത്തിന്റെ പഴവര്‍ഗങ്ങള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ വാങ്ങി കൂട്ടിയ ശേഷം കുറഞ്ഞ വിലക്ക് മറിച്ചു വിറ്റാണ് ഇയാള്‍ കടന്നു കളഞ്ഞതെന്ന് കച്ചവടക്കാര്‍ പറയുന്നു. കൊറോണ മൂലം കച്ചവടം നഷ്ടത്തിലായ വ്യാപാരികള്‍ തങ്ങള്‍ കബളിപ്പിക്കപ്പെട്ടു എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാനാവാത്ത സ്ഥിതിയിലാണ് .

ഗര്‍ഭിണികള്‍ക്കും രോഗികള്‍ക്കും നാട്ടില്‍ ചികിത്സ തേടുന്നവര്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വിമാനത്തില്‍ ഇത്തരക്കാര്‍ക്ക് എങ്ങനെ സീറ്റ് ലഭിച്ചു എന്നത് ദുരൂഹമാണ് . നിയമനടപടികള്‍ നേരിടുന്ന എന്‍എംസി ഗ്രൂപ്പിന്റെ സാമ്പത്തിക വിഭാഗം മേധാവിയും കുടുംബവും ഇതേപോലെ യുഎഇ വിട്ടത് ഏറെ വിവാദം സൃഷ്ട്ടിച്ചിരുന്നു .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക