Image

ജര്‍മനിയില്‍ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാന്‍സലര്‍ മെര്‍ക്കല്‍

Published on 30 May, 2020
 ജര്‍മനിയില്‍ കൊറോണവൈറസ് നിയന്ത്രണ വിധേയം: ചാന്‍സലര്‍ മെര്‍ക്കല്‍

ബര്‍ലിന്‍: ജര്‍മനിയില്‍ കൊറോണവൈറസ് വ്യാപനം നിയന്ത്രണ വിധേയമായിക്കഴിഞ്ഞെന്ന് ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍. രോഗവ്യാപനം കുറയുന്നുവെന്ന കണക്കുകള്‍ ആശ്വാസകരമാണെങ്കിലും മഹാമാരിയുടെ തുടക്കം മാത്രമാണ് ഇപ്പോഴുള്ളതെന്നും അവര്‍ മുന്നറിയിപ്പും നല്‍കി. പുറത്തിറങ്ങുന്‌പോള്‍ മാസ്‌ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതും തുടരണമെന്നും മെര്‍ക്കല്‍ കൂട്ടിച്ചേര്‍ത്തു.

യൂറോപ്പിലെ പ്രമുഖ വൈറോളജി ലാബായ ബര്‍ലിനിലെ റോബര്‍ട്ട് കോഹ് ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന വിവരം അനുസരിച്ച് നിലവില്‍ അണുബാധ നിരക്ക് 0.78 എന്ന അനുപാതത്തില്‍ എത്തി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ പുതിയ അണുബാധകളുടെ എണ്ണം ശരാശരി കണക്കാക്കിയാണ് പുതിയ ആര്‍ വേരിയന്റ് കണക്കാക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജര്‍മനിയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് 600 ഓളം പേര്‍ക്ക് മാത്രമാണ്.ഇതുവരെ ജര്‍മനിയിലെ കോവിഡ് ബാധിതര്‍ 1,82,452 പേരാണ്. ആകെ മരണം 8,570. നാളിതുവരെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1,64,100 ആണ്. ആക്ടീവ് കേസുകളുടെ എണ്ണം 10,000 ല്‍ (9782) ഉം സീരിയസ് കേസുകള്‍ 744 ഉം, ടെസ്റ്റുകള്‍ക്ക് വിധേയമായവരുടെ എണ്ണം 39,52,971 ഉം ആണ്. വെസ്റ്റ്ഫാളിയ, ബവേറിയ, ബാഡന്‍വുര്‍ട്ടെംബര്‍ഗ് എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഹോട്ട്‌സ്‌പോട്ടുകളുള്ളത്.

ഇതിനിടെ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് നിയന്ത്രണങ്ങള്‍ ജൂലൈ അഞ്ച് വരെ നീട്ടിയതായി ജര്‍മന്‍ ഫെഡറല്‍ സര്‍ക്കാര്‍ അറിയിച്ചു.

വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ എതിര്‍പ്പ് അവഗണിച്ചാണ് ഫെഡറല്‍ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഇതു പ്രകാരം പൊതു സ്ഥലങ്ങളില്‍ ആളുകള്‍ പരസ്പരം ഒന്നര മീറ്റര്‍ അകലം പാലിക്കണം. വിവിധ ഇടങ്ങളില്‍ മാസ്‌ക് ഉപയോഗം നിര്‍ബന്ധിതമാക്കിയിട്ടുള്ള നിര്‍ദേശവും തുടരും. പൊതു സ്ഥലങ്ങളില്‍ പത്തു പേര്‍ക്കു വരെയേ ഒരുമിച്ചു കൂടാന്‍ അനുവാദമുണ്ടാകൂ. രണ്ടു കുടുംബങ്ങള്‍ക്കു വരെ ഒത്തുചേരാനും അനുമതി തുടരും. എന്നാല്‍ 16 സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഉചിതമെന്നു തോന്നുന്ന സുരക്ഷാ ഇളവുകള്‍ പ്രാദേശികമായി തീരുമാനിക്കാമെന്നും ചാന്‍സലര്‍ മെര്‍ക്കല്‍ അറിയിച്ചിട്ടുണ്ട്.

രോഗബാധയുടെ നിരക്ക് കൂടുന്നതില്‍ ആശങ്കയില്ല: ജര്‍മന്‍ വിദഗ്ധര്‍

ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച ശേഷം കൊറോണവൈറസ് ബാധയുടെ നിരക്ക് വര്‍ധിച്ചത് ആശങ്കപ്പെടാന്‍ മാത്രമില്ലെന്ന് വിദഗ്ധര്‍. വൈറസിന്റെ പ്രത്യുത്പാദന നിരക്ക് (ആര്‍ റേറ്റ്) തുടരെ മൂന്നു ദിവസങ്ങളില്‍ ഒന്നിനു മുകളിലെത്തിയതാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്കു കാരണമായത്. നിരക്ക് ഒന്നിനു മുകളിലെത്തുക എന്നാല്‍, രോഗബാധിതനായ ഒരാള്‍ ശരാശരി ഒന്നിലധികം പേര്‍ക്ക് രോഗം പടര്‍ത്തുന്നു എന്നാണ് അര്‍ഥം. എന്നാല്‍, 1.2-1.3 നിരക്കിലുള്ള രോഗവ്യാപനം ഒറ്റപ്പെട്ട ദിവസങ്ങളില്‍ സംഭവിക്കുന്നത് ആശങ്കപ്പെടാനുള്ള സ്ഥിതിവിശേഷമല്ലെന്നും നിരന്തരം ഈ നിരക്ക് ഉയരുന്ന പ്രവണതയുണ്ടായാല്‍ മാത്രമേ ആശങ്കയ്ക്ക് അടിസ്ഥാനമുള്ളൂ എന്നുമാണ് സര്‍ക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാക്കള്‍ പറയുന്നത്.

ജര്‍മനിയില്‍ ഐകിയ കാര്‍ പാര്‍ക്ക് ഈദ് നമസ്‌കാരത്തിനു വിട്ടുനല്‍കി


ഫ്രാങ്ക്ഫര്‍ട്ടിലുള്ള ഐകിയ സ്റ്റോറിന്റെ കാര്‍ പാര്‍ക്ക് ഈദ് നമസ്‌കാരത്തിനായി വിശ്വാസികള്‍ക്കു വിട്ടു നല്‍കി.സമീപത്തുള്ള മോസ്‌കില്‍ സാമൂഹിക അകലം പാലിച്ച് എല്ലാ വിശ്വാസികള്‍ക്കും നിസ്‌കരിക്കാനുള്ള സൗകര്യമില്ലാത്തതിനാലാണ് കാര്‍ പാര്‍ക്കിംഗ് ഏരിയ കൂടി ഉപയോഗിക്കാന്‍ നല്‍കിയത്. എണ്ണൂറോളം വിശ്വാസികള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തു.ജര്‍മനിയില്‍ ആരാധനാലയങ്ങള്‍ വീണ്ടും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും സാമൂഹിക അകലം കര്‍ക്കശമായി പാലിച്ചിരിക്കണമെന്നാണ് നിബന്ധന.

മാസങ്ങള്‍ നീണ്ട പോരാട്ടത്തില്‍ കോവിഡിനെ കീഴടക്കി എഴുപത്തൊന്നുകാരി


മാഡ്രിഡ്(സ്‌പെയിന്‍): കൊറോണവൈറസ് ബാധയ്‌ക്കെതിരേ മാര്‍ച്ച് ആദ്യം ആരംഭിച്ച പോരാട്ടം എഴുപത്തൊന്നുകാരി രണ്ടര മാസത്തിനുശേഷം വിജയകരമായി പൂര്‍ത്തിയാക്കി.

റോസ മരിയ ഫെര്‍ണാണ്ടസ് എന്ന സ്‌പെയിന്‍കാരി ഇപ്പോള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്‌പോള്‍ പലവട്ടമാണ് മരണം മുഖാമുഖം വന്നത്. ആഴ്ചകളോളം വെന്റിലേറ്ററിലായിരുന്നു.

സ്‌പെയിനില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ട 2,35,000 പേരില്‍ ഒരാളായിരുന്നു റോസയും. ഓരോ തവണ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്‌പോഴും മരിക്കുകയാണെന്നു തന്നെ ഉറപ്പിച്ചു. ഒരാളോട് പോലും എന്റെ അവസ്ഥയെ കുറിച്ച് പറയാന്‍ പറ്റിയില്ല. ഭയാനകമായ ആ ദിനങ്ങള്‍ കടന്നുപോയിരിക്കുന്നു. മരണത്തിന്‍ മാലാഖ എന്നെ വിട്ടുപോയി. ദൈവം എനിക്ക് കുറച്ചുകൂടി സമയം നല്‍കിയിരിക്കുന്നു'', അവര്‍ പറയുന്നു.

എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കാന്‍ പദ്ധതിയുമായി സ്‌പെയ്ന്‍

മാഡ്രിഡ്: കോവിഡില്‍ തകര്‍ന്ന കുടുംബങ്ങളെ രക്ഷിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്പാനിഷ് സര്‍ക്കാര്‍ മൂന്നു ബില്യണ്‍ യൂറോയുടെ പദ്ധതി പ്രഖ്യാപിച്ചു. ദാരിദ്യ്രം ലഘൂകരിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. പത്തു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകുമെന്നാണ് വിലയിരുത്തല്‍. ജൂലൈ മുതല്‍ രാജ്യത്തെ ടൂറിസം മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനും അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ രാജ്യത്തെ മുന്തിയ ഉയര്‍ന്ന ഹോട്ടല്‍ ശൃംഖലയായ പാരഡോര്‍ ഹോട്ടലുകള്‍ ജൂണ്‍ 25 ന് വീണ്ടും തുറക്കും. സ്‌പെയിനിനുള്ളില്‍ ടൂറിസം ത്വരിതമാക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ നീക്കം കാണപ്പെടുന്നത്.

ഫ്രാന്‍സിലെ ആരോഗ്യരംഗം പുനഃസംഘടിപ്പിക്കാന്‍ പദ്ധതി


പാരീസ്: ഫ്രാന്‍സിലെ ആരോഗ്യ രംഗത്ത് സമൂല പരിഷ്‌കരണങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഗണ്യമായ ശന്പള വര്‍ധനയുണ്ടാകുമെന്നും പദ്ധതി അവതരിപ്പിക്കവെ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ് വ്യക്തമാക്കി.

ആരോഗ്യ മേഖലയുടെ രീതികളല്ല, വേഗമാണ് വര്‍ധിപ്പിക്കേണ്ടത് എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പരിഷ്‌കരണങ്ങള്‍. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി രണ്ടു മാസമായി നടത്തിവരുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇതിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നത്.

മാസ്‌ക് വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഫ്രാന്‍സ് പിഴ ചുമത്തുന്നു

പാരീസ്: ഉപയോഗിച്ച മാസ്‌കുകള്‍ അലക്ഷ്യമായി റോഡിലോ മറ്റു പൊതു സ്ഥലങ്ങളിലോ വലിച്ചെറിയുന്നവര്‍ക്ക് മുന്നൂറു യൂറോ വീതം പിഴ ചുമത്താനുള്ള നിര്‍ദേശം ഫ്രഞ്ച് സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍.

കൊറോണവൈറസ് ബാധ കാരണം രാജ്യത്ത് മാസ്‌ക് ഉപയോഗം വലിയ തോതില്‍ വര്‍ധിച്ച സാഹചര്യത്തില്‍ നിരത്തുകളിലും പൊതുസ്ഥലങ്ങളിലും ഉപേക്ഷിക്കപ്പെട്ട മാസ്‌കുകളും ധാരാളമായി കാണപ്പെടുന്നുണ്ട്. സര്‍ജിക്കല്‍ മാസ്‌കുകളും ഇത്തരത്തില്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നത് പതിവായി.പുതിയ തരത്തിലുള്ള ഈ മലിനീകരണം പരിസ്ഥിതിക്ക് പുതിയ തരം ഭീഷണിയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം

ഇറ്റലിയില്‍ പ്രദേശിക മുന്നറിപ്പു ശക്തമാവുന്നു


റോം: വടക്കന്‍ ഇറ്റാലിയന്‍ പ്രദേശങ്ങളായ ലോംബാര്‍ഡി, ലിഗുറിയ, പീഡ്‌മോണ്ട് എന്നിവ ജൂണ്‍ 3 ന് യാത്രാ നിയന്ത്രണങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യാന്‍ തയാറല്ലെന്ന് ഇറ്റലിയിലെ ഗ്രൂപ്പ് ഫോര്‍ എവിഡന്‍സ് ബേസ്ഡ് മെഡിസിന്‍ ജിംബി നടത്തിയ പുതിയ പഠനത്തില്‍ പറയുന്നു.അതേ സമയം, ഈ പ്രദേശങ്ങളില്‍ പുതിയ കേസുകളില്‍ ഏറ്റവും വലിയ വര്‍ധനവുമുണ്ട്, കൂടാതെ ഡയഗ്‌നോസ്റ്റിക് പരിശോധനകള്‍ നടത്താനുള്ള പരിമിതമായ സാഹചര്യവുമാണ്.

ജൂണ്‍ ആദ്യം ഇറ്റലിയിലേക്കും പുറത്തേക്കും യാത്ര പുനരാരംഭിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനത്തിന് മുന്നോടിയായി ഇറ്റലിയിലെ ഉന്നത ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐഎസ്എസില്‍ നിന്നുള്ള വിവരങ്ങള്‍ വിലയിരുത്താന്‍ ഇറ്റലി ആരോഗ്യമന്ത്രി റോബര്‍ട്ടോ സ്‌പെറാന്‍സ തയാറായപ്പോഴാണ് പ്രാദേശിക മുന്നറിയിപ്പ്.

എന്നാല്‍ ജൂണ്‍ 3 മുതല്‍ പ്രദേശങ്ങള്‍ക്കിടയിലുള്ള യാത്രകള്‍ വീണ്ടും അനുവദിക്കുന്നതിനുള്ള ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ താല്‍ക്കാലിക പദ്ധതിക്കും ചില അന്താരാഷ്ട്ര യാത്രകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

മേയ് മാസത്തിലുടനീളം മറ്റു മിക്ക നിയമങ്ങളും ഒഴിവാക്കി രാജ്യത്തെ ലോക്ക്ഡൗണില്‍ നിന്ന് പുറത്തുകൊണ്ടുവരുന്നതിന്റെ അടുത്ത ഘട്ടമാണിത്.

ഇറ്റലി അടക്കം കൊറോണബാധിതമായ പ്രദേശങ്ങളിലേക്ക് ജൂലൈ ഒന്നിന് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് റിയാന്‍എയര്‍ അറിയിച്ചു. സ്‌പെയ്ന്‍, ഗ്രീസ്, സൈപ്രസ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും പുനരാരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്.
അയര്‍ലന്‍ഡ്, ബെല്‍ജിയം, ജര്‍മനി, നെതര്‍ലന്‍ഡ്‌സ്, യുകെ എന്നിവിടങ്ങളില്‍ നിന്ന് അതേ ദിവസം വിമാനങ്ങള്‍ പുറപ്പെടും. യൂറോപ്പിലെ ചെലവു കുറഞ്ഞ എയര്‍ലൈനുകളില്‍ ഏറ്റവും വലുതാണ് റിയാന്‍എയര്‍.

കൊറോണ പാന്‍ഡെമിക് മൂലം ഇറ്റലിയിലേക്കുള്ള അതിര്‍ത്തി തുറക്കലിനെ ഓസ്ട്രിയയിലെ ആരോഗ്യമന്ത്രി റുഡോള്‍ഫ് അന്‍ഷോബര്‍ എതിര്‍ത്തു. ഇറ്റലി ഇപ്പോഴും ഒരു ഹോട്ട്‌സ്‌പോട്ടാണെന്ന് അദ്ദേഹം ആരോപിച്ചു.

സ്വിറ്റ്‌സര്‍ലന്‍ഡ് ജൂണില്‍ ലോക്ക്ഡൗണ്‍ ഏറെക്കുറെ പൂര്‍ണമായി പിന്‍വലിക്കും


സൂറിച്ച്: ജൂണില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെക്കുറെ പൂര്‍ണമായി പിന്‍വലിക്കുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി അലെയ്ന്‍ ബെര്‍സെറ്റാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്വിറ്റ്‌സര്‍ലന്‍ഡ് പുനര്‍ജനിച്ചിരിക്കുകയാണെന്നും വൈറസിനെ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് നമുക്കിപ്പോള്‍ ബോധ്യമുണ്ടെ ന്നും സ്വിസ് പ്രസിഡന്റ് സിമോണെറ്റ സോമാരുഗ. ഇപ്പോള്‍ ആഴ്ചകളായി പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണം കുറഞ്ഞ നിരക്കില്‍ തുടരുകയാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

മാര്‍ച്ച് 16 മുതല്‍ തുടരുന്ന അടിയന്തരാവസ്ഥയുടെ ഏറ്റവും പുതിയ കാലാവധി ജൂണ്‍ 19ന് അവസാനിക്കുകയാണ്. അതു നീട്ടാന്‍ സാധ്യതയില്ലെന്ന് ബെര്‍സെറ്റ് സൂചന നല്‍കി. അതേസമയം, സാധ്യമായ സ്ഥാപനങ്ങളെല്ലാം വര്‍ക്ക് ഫ്രം ഹോം സന്പ്രദായം തുടരണം എന്നാണ് സര്‍ക്കാര്‍ അനൗപചാരികമായി നല്‍കിയിരിക്കുന്ന ഉപദേശം. യാത്രകള്‍ ഒഴിവാക്കാന്‍ സാധിക്കാത്തവര്‍ തിരക്കുള്ള സമയം ഒഴിവാക്കി യാത്ര ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ, രാജ്യത്തു തളര്‍ച്ചയിലായ ടൂറിസം വ്യവസായത്തെ കരകയറ്റാന്‍ നവീനമായൊരു നിര്‍ദേശം നാഷണല്‍ കൗണ്‍സിലിനു മുന്നില്‍ വന്നിട്ടുണ്ട്. രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരം നടത്തുന്നതിന് 200 ഫ്രാങ്കിന്റെ വൗച്ചറുകള്‍ നല്‍കുക എന്നതാണിത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക